14 നിണസാക്ഷികള്‍ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക്

സ്പെയിനില്‍ രക്തസാക്ഷികളായ 14 സന്യാസിനികളെ ഇന്ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. അമലോത്ഭവത്തിന്‍റെ ഫ്രാന്‍സിസ്ക്കന്‍ സന്യാസിനീ സമൂഹാംഗമായ മരിയ കാര്‍മെന്‍ ലബാക അന്തീയയും 13 സഹസന്യാസിനികളുമാണ് സ്പെയിനിന്‍റെ തലസ്ഥാനമായ മാഡ്രിഡിലിലെ കത്തീദ്രലില്‍ വച്ച് സഭയില്‍ വാഴ്‍ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഔദ്യോഗികമായി ചേര്‍ക്കപ്പെടുക.

വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ ബെച്ചു, ഫ്രാന്‍സിസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. സ്പെയിനിലെ ആഭ്യന്തരകലാപ കാലത്ത് വധിക്കപ്പെട്ടവരാണ് ഈ പതിനാല് സന്യാസിനികളും. ഇവരില്‍ 10 പേര്‍ 1936 നവംബര്‍ 8-ന് മാഡ്രിഡിന്‍റെ പരിസരപ്രദേശത്തു വച്ച് വെടിവെച്ചു കൊല്ലപ്പെടുകയായിരുന്നു. അവരുടെ മൃതദേഹങ്ങള്‍ പിന്നീട് കണ്ടുകിട്ടിയിട്ടില്ല.