കുരിശിന്റെ വഴി പ്രാർത്ഥിക്കുന്നവർക്ക് ലഭിക്കുന്ന 14 അനുഗ്രഹങ്ങൾ

നോമ്പുകാലത്ത് നാം ഏറെ ധ്യാനിക്കുന്ന ഒരു പ്രാർത്ഥനയാണ് കുരിശിന്റെ വഴി. ഈശോയുടെ പീഡാസഹന വഴികളിലൂടെ നാമും ത്യാഗപൂർവം കടന്നു പോകുന്ന സമയം. പ്രാർത്ഥനാപൂർവം നടത്തുന്ന കുരിശിന്റെ വഴി അനുഗ്രഹത്തിന്റെ നിമിഷങ്ങളാണ്.

തനിക്ക് ഏറ്റവും പ്രിയപ്പെട്ട പ്രാർത്ഥനയാണ് കുരിശിന്റെ വഴി എന്ന് ഫ്രാൻസിസ് പാപ്പാ പറയുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ തന്റെ ജീവിതത്തിൽ പ്രതിസന്ധികൾ നേരിടുമ്പോൾ കുരിശിന്റെ വഴി ചൊല്ലി പ്രാർത്ഥിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നു. കുരിശിന്റെ വഴി ചൊല്ലി പ്രാർത്ഥിക്കുമ്പോൾ വളരെയേറെ അനുഗ്രഹങ്ങൾ തങ്ങൾക്കു ലഭിച്ചിരുന്നതായി അനേകം വിശുദ്ധരും വെളിപ്പെടുത്തുന്നുണ്ട്. ഈശോയുടെ പീഡാസഹങ്ങളെ ധ്യാനിച്ച് കൊണ്ടുള്ള ഈ പ്രാർത്ഥന ഏറ്റവും ഭക്തിയോടെ അർപ്പിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ദൈവം അത്ഭുതകരമായി ഇടപെടുന്നുണ്ട്. കുരിശിന്റെ വഴി ചൊല്ലി പ്രാർത്ഥിക്കുന്നവർക്ക് ലഭിക്കുന്ന ഏതാനും അനുഗ്രഹങ്ങളെ കുറിച്ച് ഈശോ സ്പെയിൻകാരനായ ബ്രദർ സ്റ്റാനിസ്ലാവോസിനു വെളിപ്പെടുത്തി കൊടുത്തിരുന്നു. അത് ഏവയെന്നു നമുക്കൊന്ന് നോക്കാം…

1. കുരിശിന്റെ വഴി ചൊല്ലിക്കൊണ്ട് വിശ്വാസപൂർവം യാചിക്കുന്ന ഏതൊരനുഗ്രഹവും ഞാൻ നിങ്ങൾക്ക് നൽകും.

2. കൂടെ കൂടെ കുരിശിന്റെ വഴി ചൊല്ലി പ്രാർത്ഥിക്കുന്നവർക്ക് നിത്യരക്ഷ ഞാൻ നൽകും.

3. കുരിശിന്റെ വഴി വിശ്വാസപൂർവം ചൊല്ലുന്നവർക്കൊപ്പം ഞാൻ ഉണ്ടാവുകയും മരണ സമയത്ത് അവരെ സഹായിക്കുകയും ചെയ്യും.

4. ഒരു വ്യക്‌തിയുടെ പാപം എത്ര അധികമായിരുന്നാലും കുരിശിന്റെ വഴി ചൊല്ലി പ്രാർത്ഥിക്കുന്നതിലൂടെ അവർക്കു കരുണ ലഭിക്കും.

5. കുരിശിന്റെ വഴി നിരന്തരം ചൊല്ലുന്നവർക്ക് സ്വർഗ്ഗത്തിൽ പ്രത്യേക മഹത്വം ഉണ്ടായിരിക്കും.

6. ഈ ഭക്തി അനുഷ്ഠിക്കുന്നവർ ശുദ്ധീകരണ സ്ഥലത്തുനിന്നും വേഗത്തിൽ മോചിപ്പിക്കും.

7. കുരിശിന്റെ വഴിയുടെ ഓരോ സ്ഥലത്തും ഞാൻ അവരെ അനുഗ്രഹിക്കുകയും എന്റെ അനുഗ്രഹം നിത്യത വരെ അവരെ പിന്തുടരുകയും ചെയ്യും.

8. മരണ സമയത്ത് പിശാചിന്റെ പ്രലോഭനങ്ങളിൽ നിന്ന് ഞാൻ അവരെ രക്ഷിക്കുകയും സാത്താന്റെ ശക്തിയെ നിർവീര്യമാക്കുകയും ചെയ്യും.

9. സ്നേഹപൂർവം ഈ പ്രാർത്ഥന ചൊല്ലുന്നവരെ എന്റെ കൃപയാൽ നിറച്ച് ജീവിക്കുന്ന സക്രാരിയാക്കി മാറ്റും.

10.  കുരിശിന്റെ വഴി നിരന്തരം ചൊല്ലുന്നവരുടെ മേൽ എന്റെ ദൃഷ്ടി നിരന്തരം ഞാൻ ഉറപ്പിക്കും. എന്റെ കാര്യങ്ങൾ അവരെ സംരക്ഷിക്കാൻ എപ്പോഴും ഞാൻ അവരുടെ കൂടെ ഉണ്ടായിരിക്കുകയും ചെയ്യും.

11. ഞാൻ ആണികളാൽ കുരിശിനോട് ചേർന്ന് ഇരിക്കുന്നത് പോലെ കുരിശിന്റെ വഴി നിരന്തരം നടത്തി എന്നെ ആദരിക്കുന്നവരോട് ഞാനും ചേർന്നിരിക്കും.

12. എന്നിൽ നിന്ന് അകന്നു പോകാൻ ഇടയാകാതിരിക്കുവാനും യാതൊരു മാരക പാപവും ചെയ്യാതിരിക്കാനും ഉള്ള കൃപ ഞാൻ അവർക്കു കൊടുക്കും.

13. മരണ നേരത്ത് എന്റെ സാന്നിധ്യത്താൽ ഞാൻ അവരെ ആശ്വസിപ്പിക്കുകയും അവരെ സ്വർഗ്ഗത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്യും. മരണം അവർക്കു മാധുര്യമേറിയ ഒരു അനുഭവമായിരിക്കും.

14. അവരുടെ ആവശ്യ സമയത്ത് എന്റെ ആത്മാവ് അവർക്കു സംരക്ഷണം നൽകുന്ന ഒരു കവചവും സാഹായകവും ആയിരിക്കും.

ഇങ്ങനെ 14 അനുഗ്രഹങ്ങളാണ് കുരിശിന്റെ വഴി ചൊല്ലുന്നവരെ കാത്തിരിക്കുന്നത്.