136-ാമത് ചങ്ങനാശേരി അതിരൂപതാദിനം മെയ് 20-ന്

നൂറ്റിമുപ്പത്തിയാറാമത് ചങ്ങനാശേരി അതിരൂപതാ ദിനാഘോഷം 2022 മെയ് 20 വെള്ളി രാവിലെ 9.30 മുതല്‍ 1.30 വരെ കോട്ടയം ലൂര്‍ദ്ദ് ഫൊറോനാ പള്ളിയിലെ നിധീരിക്കല്‍ മാണിക്കത്തനാര്‍ നഗറില്‍ നടക്കും. കോട്ടയം ഫൊറോന ആതിഥ്യമരുളുന്ന അതിരൂപതാ ദിനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരളത്തിലെ അഞ്ച് ജില്ലകളില്‍ മുന്നൂറോളം ഇടവകകളിലായി എണ്‍പതിനായിരം കുടുംബാംഗങ്ങളിലെ അഞ്ച് ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ പ്രതിനിധികളും വൈദികരും സന്യസ്തപ്രതിനിധികളും ഈ സംഗമത്തില്‍ പങ്കെടുക്കും.

അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം പാലക്കാട് രൂപതാ മെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ മെത്രാന്‍ ആമുഖപ്രസംഗം നടത്തും. ബ്രഹ്മോസ് എയ്‌റോ സ്‌പേയ്‌സ് മാനേജിങ്ങ് ഡയറക്ടര്‍ ഡോ. എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

അതിരൂപതാ ദിനത്തില്‍ നല്കുന്ന പരമോന്നത ബഹുമതിയായ എക്‌സലന്‍സ് അവാര്‍ഡ് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശ്രീ. ടി. ദേവപ്രസാദിന് മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ സമ്മാനിക്കും. സംസ്ഥാന ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച അതിരൂപതാംഗങ്ങളെ പ്രത്യേകമായി ആദരിക്കും. അവാര്‍ഡ് ജേതാക്കളെ പി.ആര്‍.ഒ അഡ്വ. ജോജി ചിറയില്‍ പരിചയപ്പെടുത്തും.

പരിപാടികളുടെ ആരംഭം കുറിച്ചുകൊണ്ട് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമിനിക് വഴീപ്പറമ്പില്‍ പതാക ഉയര്‍ത്തും. വികാരി ജനറാള്‍ വെരി. റവ. ഡോ. തോമസ് പാടിയത്ത് ഖുഥ് ആ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയും അതിരൂപതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്യും.

വികാരി ജനറാള്‍ വെരി. റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ അതിരൂപതാ ജീവകാരുണ്യ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. കോട്ടയം ഫൊറോനാ വികാരി വെരി. റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍ സമ്മേളന നഗറിനെ പരിചയപ്പെടുത്തും. റവ. സി. മേരി റോസിലി, കുമാരി ജാനറ്റ് മാത്യു, ശ്രീ. ടി. ദേവപ്രസാദ്, റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല തുടങ്ങിയവര്‍ പ്രസംഗിക്കും.

അതിരൂപതയെ സംബന്ധിക്കുന്ന വിവിധ പ്രഖ്യാപനങ്ങളും അന്നേ ദിവസം നടക്കും. പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട പത്രികാപാരായണം ചാന്‍സിലര്‍ വെരി. റവ. ഡോ. ഐസക്ക് ആലഞ്ചേരി നിര്‍വ്വഹിക്കും. അഭിവന്ദ്യ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ അവാര്‍ഡുകള്‍ നല്‍കുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്യും. പ്രളയാനന്തര നൂറു കോടി സഹായപദ്ധതി സുവനീര്‍ പ്രകാശനം, കരുതല്‍ 2022 ജീവകാരുണ്യ സംഭാവന സമാഹരണ റിപ്പോര്‍ട്ട് അവതരണം, അടുത്ത അതിരൂപതാ ദിനത്തിനുള്ള പതാക കൈമാറല്‍ എന്നിവയും നടക്കും.

പരിപാടികളുടെ ഭാഗമായി എക്‌സിബിഷനും കലാപരിപാടികളും സ്‌നേഹവിരുന്നും വിപുലമായ ഗായകസംഘവും ക്രമീകരിച്ചിട്ടുണ്ട്. കോട്ടയം ഫൊറോനയിലെ വിവിധ ഇടവക വികാരിമാരുടെയും അത്മായ നേതാക്കളുടെയും ചുമതലയില്‍ പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

പരിപാടികള്‍ക്ക് വികാരി ജനറാളന്മാരായ വെരി. റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, വെരി. റവ. ഡോ. തോമസ് പാടിയത്ത്, ചാന്‍സിലര്‍ വെരി. റവ. ഡോ. ഐസക്ക് ആലഞ്ചേരി, പ്രോക്യുറേറ്റര്‍ വെരി. റവ. ഫാ. ചെറിയാന്‍ കാരിക്കൊമ്പില്‍, കോട്ടയം ഫൊറോനാ വികാരി വെരി. റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപറമ്പില്‍, പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമിനിക് വഴീപ്പറമ്പില്‍ അസി. സെക്രട്ടറി ശ്രീ. ആന്റണി മലയില്‍, ജനറല്‍ കോഡിനേറ്റര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, കോഡിനേറ്റേഴ്‌സ് റവ. ഫാ. ജെന്നി കായംകുളത്തുശ്ശേരി, റവ. ഫാ. ഡോ. ആന്‍ഡ്രൂസ് പാണംപറമ്പില്‍, ശ്രീ. ജെയിംസ് പുന്നവേലി, ശ്രീ. ജോർജ് തറപ്പേല്‍, ശ്രീ. ബിജു പറമ്പില്‍, തുടങ്ങിയവര്‍ നേത്യത്വം നല്‍കും.

ഛായാചിത്ര-ദീപശിഖാ പ്രയാണങ്ങള്‍

136-മത് അതിരൂപതാദിനാഘോഷങ്ങളുടെ മുന്നോടിയായി 2022 മെയ് 19 വ്യാഴാഴ്ച വിളംരദിനമായി കൊണ്ടാടും. അന്നേ ദിവസം കുറവിലങ്ങാട് മര്‍ത്ത്മറിയം തീര്‍ത്ഥാടന കേന്ദ്രത്തിലെ നിധീരിക്കല്‍ മാണിക്കത്തനാരുടെ സ്മൃതിമണ്ഡപത്തില്‍ നിന്നും ഛായാചിത്ര പ്രയാണവും കോട്ടയം ക്‌നാനായ കത്തോലിക്കാ അതിരൂപതയിലെ ഇടയ്ക്കാട്ട് സെന്റ് ജോർജ് ഫൊറോനാ പള്ളിയിലെ ദൈവദാസന്‍ മാര്‍ മത്തായി മാക്കില്‍ മെത്രാന്റെ കറിടത്തില്‍ നിന്ന് ദീപശിഖാ പ്രയാണവും കോട്ടയം ലൂര്‍ദ്ദ് ഫൊറോനാ പള്ളിയിലേക്കു നടത്തും.

ഉച്ച കഴിഞ്ഞ് 3.00 മണിക്ക് നിധീരിക്കല്‍ മാണിക്കത്തനാരുടെ ഛായാചിത്രം, ആര്‍ച്ചുപ്രീസ്റ്റ് വെരി. റവ. ഡോ. അഗസ്റ്റിന്‍ കുട്ടിയാനില്‍ നിന്നും യുവദീപ്തി എസ്. എം. വൈ.എം അതിരൂപതാ പ്രസിഡന്റ് ഏറ്റുവാങ്ങും. 5.00 മണിക്ക് കോട്ടയം അതിരൂപതാ ചാന്‍സിലര്‍ വെരി. റവ. ഡോ. ജോണ്‍ ചേന്നാകുഴിയുടെ പക്കല്‍ നിന്നും മിഷന്‍ലീഗ് അതിരൂപതാ പ്രസിഡന്റ് ദീപശിഖ ഏറ്റുവാങ്ങും. യുവദീപ്തി എസ്.എം.വൈ.എം ന്റെയും മിഷന്‍ലീഗിന്റെയും നേത്യത്വത്തില്‍ വാഹനറാലിയുടെ അകമ്പടിയോടെ ദീപശിഖയും ഛായാചിത്രവും സമ്മേളന നഗറിലേയ്ക്ക് സംവഹിക്കും.

കോട്ടയം ലൂര്‍ദ്ദ് ഫൊറോനാ പള്ളിയില്‍ ഛായാചിത്ര-ദീപശിഖാ പ്രയാണങ്ങള്‍ക്ക് സ്വീകരണം നല്‍കുകയും മാര്‍ തോമസ് തറയില്‍ മെത്രാന്‍ അവ ഏറ്റുവാങ്ങുകയും സന്ദേശം നല്‍കുകയും ചെയ്യും. തുടര്‍ന്ന് ലൂര്‍ദ്ദ് ഫൊറോനാ പള്ളിയില്‍ നടത്തുന്ന സായാഹ്ന പ്രാര്‍ത്ഥനയക്ക് വെരി. റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ കാര്‍മ്മികനായിരിക്കും. തുടര്‍ന്ന് ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ അദ്ധ്യക്ഷതയില്‍ സഭൈക്യ കൂട്ടായ്മയും നടക്കും.

എക്‌സലന്‍സ് അവാര്‍ഡ് ടി. ദേവപ്രസാദിന്

അതിരൂപതാ ദിനത്തില്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ എക്‌സലന്‍സ് അവാര്‍ഡിന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി. ദേവപ്രസാദിനെ തെരെഞ്ഞെടുത്തതായി അതിരൂപതാ കേന്ദ്രത്തില്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ പ്രഖ്യാപിച്ചു. ചങ്ങനാശേരി അതിരൂപതയിലെ തിരുവനന്തപുരം ലൂര്‍ദ്ദ് ഫൊറോനാ പള്ളി ഇടവകാംഗമാണ് അദ്ദേഹം. നീണ്ട വര്‍ഷങ്ങളിലൂടെ പത്രമാധ്യമരംഗത്തും മാധ്യമ വിദ്യാഭ്യാസമേഖലയിലും ഗ്രന്ഥരചന-പുസ്തക വിവര്‍ത്തന മേഖലകളിലും നല്‍കിയ സംഭാവനകളും ഈ രംഗങ്ങളിലെ മൂല്യാധിഷ്ഠിത ഇടപെടലുകളുമാണ് അദ്ദേഹത്തെ എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹനാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.