വിശുദ്ധ ഡോൺ ബോസ്‌കോയുടെ പ്രസക്തമായ 13 വാക്യങ്ങൾ 

ജീവിതത്തെ ദൈവം തന്നതിൽ വച്ച് ഏറ്റവും വലിയ ദാനമായി കണ്ട്, ശുദ്ധതയിലൂടെ അതിനെ മനോഹരമാക്കി, ദൈവത്തിനായി ജീവിച്ച വിശുദ്ധനായിരുന്നു ഡോൺ ബോസ്‌കോ. ‘എന്നും ജീവിക്കാനുള്ളവർ എന്ന മട്ടിൽ ജോലി ചെയ്യുക. എന്നും മരിക്കുവാനുള്ളവർ എന്ന രീതിയിൽ ജീവിക്കുക’ ഇതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. തന്റെ ജീവിതത്തിലുടനീളം അദ്ദേഹം, ശുദ്ധത കാത്തുപരിപാലിക്കുന്നതിനായി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തന്നെയുമല്ല, തന്റെ ഒപ്പമുള്ളവരെ അത് പരിശീലിപ്പിക്കുവാനും അദ്ദേഹം ശ്രമിച്ചിരുന്നു. ‘ശുദ്ധത’ എന്ന പുണ്യത്തിലൂടെ ദൈവവുമായി ഏറ്റവും അടുത്തുനിന്നിരുന്ന വ്യക്തിയായിരുന്നു ഡോൺ ബോസ്‌കോ.

ഡോൺ ബോസ്കോയുടെ ജീവിതം ചുരുക്കത്തിൽ ഒരു പാഠപുസ്തകമായിരുന്നു. മറ്റുള്ളവരോട് നന്ദിയും സ്നേഹവും മനസ്സിൽ സൂക്ഷിക്കുകയും സൗമ്യമായ പെരുമാറ്റത്തിലൂടെ അനേകരെ തെറ്റിൽ നിന്നും ശരിയായ ജീവിതത്തിലേയ്ക്കും അദ്ദേഹം നയിച്ചു. താൻ പറയുന്നതും പഠിപ്പിക്കുന്നതുമായ കാര്യങ്ങൾ തന്റെ ജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കാനും മാതൃകയായി നിലകൊള്ളുവാനും അദ്ദേഹം ശ്രമിച്ചിരുന്നു. കുട്ടികളോടൊപ്പം ആയിരുന്നുകൊണ്ട് അവരുടെ ജീവിതങ്ങളെ ക്രമപ്പെടുത്തുവാനും ചിട്ടയുള്ളതാക്കുവാനും അദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകളും, ആശയങ്ങളും നമ്മുടെ അനുദിന  ജീവിതത്തിലും കാര്യമായ സ്വാധീനം ചെലുത്തുവാൻ കെൽപ്പുള്ളവയാണ്. വി. ഡോൺ ബോസ്‌കോയുടെ പ്രധാനപ്പെട്ട പതിമൂന്ന് വാക്യങ്ങളാണ് താഴെച്ചേർക്കുന്നത്.

1. നിങ്ങൾ പാപത്തിൽ നിന്ന് അകന്നിരിക്കുകയാണെങ്കിൽ, നിങ്ങൾ  നിങ്ങളെത്തന്നെ സ്നേഹിക്കുക.

2. ആരോഗ്യം ദൈവത്തിന്റെ ദാനമാണ്. അത് പൂർണ്ണമായും ദൈവത്തിനായി ചിലവിടണം. നമ്മുടെ കണ്ണുകളിലൂടെ നാം ദൈവത്തെ കാണണം. നമ്മുടെ കാലുകൾ ദൈവത്തിനായി നടക്കണം. നമ്മുടെ കരങ്ങളിലൂടെ ദൈവത്തിനായി നാം വേല ചെയ്യണം. ചുരുക്കത്തിൽ നാം നമ്മുടെ ശരീരം കൊണ്ട് ദൈവത്തെ സേവിക്കണം. നമ്മുടെ അവസാന നാളുകളിൽ ദൈവം തന്നവയെ നാം ശരിയായി വിനിയോഗിച്ചില്ല എന്ന കുറ്റബോധം നമുക്ക് ഉണ്ടാകരുത്.

3. നിങ്ങളുടെ തെറ്റുകളെ ന്യായീകരിക്കരുത്. മറിച്ച്, തിരുത്തുവാൻ ശ്രമിക്കുക.

4. നിങ്ങൾ ഓടിക്കൊള്ളുക, ചാടിക്കൊള്ളുക, ഉച്ചത്തിൽ സംസാരിച്ചു കൊള്ളുക; എന്നാൽ പാപം ചെയ്യരുത്.

5. നിങ്ങൾ എന്തു ചെയ്താലും അതിലൂടെ ദൈവമഹത്വം ലക്ഷ്യം വയ്ക്കുക.

6. നല്ലവനായിരിക്കുക. അത് നിങ്ങളുടെ കാവൽമാലാഖയെ സന്തോഷിപ്പിക്കും. നിങ്ങൾക്ക് സന്തോഷമോ സങ്കടമോ ഉണ്ടായാൽ അത് നിങ്ങളുടെ കാവൽമാലാഖയോട് പറയുക. അവൻ നിങ്ങളുടെ സഹായത്തിനെത്തും.

7. നിങ്ങളുടെ എല്ലാ പ്രവർത്തികളിലും നിങ്ങളെ നിയന്ത്രിക്കുവാനും സഹായിക്കുവാനും പ്രാർത്ഥിക്കുക.

8. വിഷപ്പാമ്പിന്‍റെ കടിയിൽ നിന്നെന്ന പോലെ തെറ്റായ കൂട്ടുകെട്ടുകളിൽ നിന്ന് ഓടി അകലുക.

9. യുവജനങ്ങൾക്കായി സാത്താൻ ഒരുക്കുന്ന കെണിയാണ് യുക്തിചിന്തകൾ.

10. ദുഷ്ടന്മാരുടെ ശക്തി നന്മയുടെ ഭീരുത്വത്തിൽ ജീവിക്കുന്നു.

11. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിൽ തിടുക്കം കാട്ടരുത്.

12. നന്മ ചെയ്യുവാൻ നാളേയ്ക്കായി കാത്തിരിക്കരുത്. ഇന്നു തന്നെ ചെയ്യുക. നാളെ  അതിനുള്ള അവസരം കിട്ടണമെന്നില്ല.

13. സ്നേഹവും ആത്മവിശ്വാസവും കൂടാതെ ശരിയായ വിദ്യാഭ്യാസം ഇല്ല.

വിശുദ്ധന്റെ ഈ വാക്കുകൾ നമ്മുടെ ജീവിതത്തിലും മാർഗ്ഗനിർദ്ദേശങ്ങളായി സൂക്ഷിക്കാം. അങ്ങനെ ദൈവത്തിനായി വേല ചെയ്യുന്നവരായിത്തീരാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.