
നിങ്ങൾക്ക് സന്തോഷമായിരിക്കാൻ ആഗ്രഹമുണ്ടോ? ദൈവം എല്ലാ വ്യക്തികളുടെയും ഹൃദയത്തിൽ ആനന്ദം നിറച്ചിട്ടുണ്ട്. എന്നാൽ, പലരും നിരാശരും ദുഃഖിതരുമാണ്. ദൈവം നൽകുന്ന സന്തോഷം മാത്രമേ നിത്യം നിലനിൽക്കുകയുള്ളൂ. നിത്യമായ സന്തോഷം എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ യുവജനങ്ങൾക്കായി നൽകുന്ന 12 നിർദ്ദേശങ്ങൾ ഇതാ…
1. നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുക
നിങ്ങൾ യഥാർത്ഥ സന്തോഷം ആഗ്രഹിക്കുന്നുണ്ടോ? സന്തോഷത്തിന്റെ വ്യർത്ഥവും ശൂന്യവുമായ മിഥ്യാധാരണകളാൽ നിരന്തരം വശീകരിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചുള്ള ‘ഇടുങ്ങിയ ചിന്ത’കളെ അകറ്റി ഹൃദയം തുറന്ന് ‘വിശാലമായി ചിന്തിക്കുക.’
2. പാവങ്ങളിൽ നിന്ന് പഠിക്കുക
യഥാർത്ഥത്തിൽ, പാവങ്ങളാണ് നമ്മുടെ അധ്യാപകർ. ആളുകളുടെ മൂല്യം അളക്കുന്നത് അവരുടെ സ്വത്ത് കൊണ്ടോ ബാങ്കിൽ എത്ര പണമുണ്ടെന്നോ ഉള്ള മാനദണ്ഡത്തിൽ അല്ല. ഒരു പാവപ്പെട്ടവന് ഭൗതികസ്വത്തുക്കളുടെ അഭാവമുണ്ടെങ്കിലും എപ്പോഴും അവന്റെ/ അവളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നു. അവരുടെ മനോഭാവത്തിൽ നിന്നും നമുക്ക് ഏറെ പഠിക്കാനുണ്ട്.
3. നിങ്ങളിൽ തന്നെ ശ്രദ്ധിക്കേണ്ട കാര്യം
ഓരോ പുരുഷന്റെയും സ്ത്രീയുടെയും ഹൃദയത്തിൽ സന്തോഷത്തിനും സ്നേഹത്തിനുമുള്ള അടക്കാനാവാത്ത ആഗ്രഹം ദൈവം നിക്ഷേപിച്ചിട്ടുണ്ട്. നിങ്ങളുടെ ഹൃദയങ്ങൾ അസ്വസ്ഥമാണെന്നും അനന്തമായ ആ ദാഹത്തെ തൃപ്തിപ്പെടുത്താൻ കഴിയുന്ന ഒരു നിധി നിരന്തരം നിങ്ങൾ തേടാറുമുണ്ട്. അത് ദൈവത്തിൽ നിന്നും മാത്രമാണ് ലഭിക്കുക.
4. നിങ്ങളുടെ ആഴമായ ആഗ്രഹങ്ങൾ
പ്രിയ യുവതീയുവാക്കളേ, ക്രിസ്തുവിൽ മാത്രമാണ് നന്മയ്ക്കും സന്തോഷത്തിനും വേണ്ടിയുള്ള നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുന്നത്. വഞ്ചനാപരമായ ലോകവാഗ്ദാനങ്ങളാൽ മൂടപ്പെട്ട നിങ്ങളുടെ അഗാധമായ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ അവനു മാത്രമേ കഴിയൂ.
5. ക്രിസ്തുവിന്റെ കണ്ണുകളിലേക്ക് നോക്കുക
നിങ്ങളോട് അനന്തമായ സ്നേഹം കാട്ടുന്ന ക്രിസ്തുവിന്റെ കണ്ണുകളിലേക്ക് നോക്കാൻ ഭയപ്പെടരുത്. അവന്റെ കരുണയുള്ള നോട്ടത്തിലേക്ക് സ്വയം വിട്ടുകൊടുക്കുക. നിങ്ങളുടെ എല്ലാ പാപങ്ങളും ദൈവം ക്ഷമിക്കും. ക്രിസ്തുവിൽ നിന്നുള്ള ഒരു നോട്ടം നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുകയും നിങ്ങളുടെ ആത്മാക്കളുടെ മുറിവുകൾ ഉണക്കുകയും ചെയ്യും. നിങ്ങളുടെ യുവഹൃദയങ്ങളുടെ ദാഹം, സ്നേഹത്തിനും സമാധാനത്തിനും സന്തോഷത്തിനും വേണ്ടിയുള്ള ദാഹം ശമിപ്പിക്കാൻ അവന്റെ കണ്ണുകൾക്ക് കഴിയും. അവന്റെ അടുക്കൽ വരിക, ഭയപ്പെടരുത്! ക്രിസ്തുവിന്റെ അടുത്തു വന്ന് നിങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് പറയുക, “യേശുവേ, ഞാൻ നിന്നിൽ വിശ്വസിക്കുന്നു.”
6. ദൈവം മുന്നോട്ട് നോക്കുന്നു
കർത്താവ് നമ്മെ വിളിക്കുമ്പോൾ നമ്മൾ എന്താണെന്നോ, എങ്ങനെ ആയിരുന്നെന്നോ അവൻ നോക്കുന്നില്ല. നേരെ മറിച്ച് അവൻ നമ്മെ വിളിക്കുന്ന നിമിഷത്തിൽ തന്നെ നമുക്ക് ചെയ്യാൻ കഴിയുന്ന എല്ലാറ്റിനും, നമുക്ക് നൽകാൻ കഴിവുള്ള എല്ലാ സ്നേഹത്തിനും വേണ്ടി അവൻ കാത്തിരിക്കുകയാണ്.
7. നിങ്ങളുടെ ജീവിതം പങ്കുവയ്ക്കാനുള്ളതാണ്
പ്രിയപ്പെട്ട യുവജനങ്ങളേ, കമ്പ്യൂട്ടറും സ്മാർട്ട് ഫോണും മാത്രമുള്ള ലോകത്തു നിന്നും പുറംലോകത്തേക്കുള്ള ജാലകം അടയ്ക്കരുത്. അടച്ചിട്ട മുറിയുടെ ഇരുട്ടിൽ യുവത്വത്തിന്റെ തീപ്പൊരി അണയ്ക്കാൻ അനുവദിക്കരുത്. നിങ്ങളുടെ ജീവിതത്തിന്റെ വാതിലുകൾ വിശാലമായി തുറക്കുക. നിങ്ങളുടെ അനുഭവങ്ങൾ നല്ല സുഹൃത്തുക്കളോട് പങ്കിടുക.
8. ദൈവത്തിന്റെ കണ്ണിൽ നിങ്ങൾ വിലയുള്ളവർ
പ്രിയ യുവജനങ്ങളേ, ദൈവത്തിന്റെ ദൃഷ്ടിയിൽ ഓരോരുത്തരെയും പേരു ചൊല്ലി വിളിക്കാൻ മാത്രം വിലയുള്ളവരാണ് നിങ്ങൾ. വ്യക്തിപരമായി നമ്മെ അറിയുന്നു എന്നതിന്റെ അടയാളമാണിത്.
9. ക്രിസ്തു നിങ്ങളുടെ സ്വപ്നങ്ങൾ ഇല്ലാതാക്കില്ല
മറിയം സന്തുഷ്ടയായ ഒരു സ്ത്രീയായിരുന്നു. കാരണം അവൾ ദൈവത്തോട് ഉദാരമായി പ്രതികരിക്കുകയും ദൈവത്തിനായുള്ള അവളുടെ പദ്ധതിയിലേക്ക് ഹൃദയം തുറക്കുകയും ചെയ്തു. ദൈവത്തിന് മറിയത്തോട് ഉണ്ടായിരുന്നതു പോലെ നമുക്കായി അവിടുത്തേക്ക് ഒരു സ്വപ്നമുണ്ട്. അത് നമ്മുടെ സ്വപ്നങ്ങൾ കെടുത്തിക്കളയാനല്ല, മറിച്ച് നമ്മുടെ അഭിലാഷങ്ങൾ ജ്വലിപ്പിക്കാനാണ്. അത് നമ്മുടെ ജീവിതത്തെ ഫലവത്താക്കാനും ധാരാളം പുഞ്ചിരിയും സന്തോഷവുമുള്ള ഹൃദയത്തിനും വേണ്ടിയാണ്. ദൈവത്തോട് ക്രിയാത്മകമായി പ്രതികരിക്കുക. സന്തോഷിക്കുന്നതിനും അനേകരെ സന്തോഷിപ്പിക്കുന്നതിനുമുള്ള ആദ്യപടി സ്വീകരിക്കുക എന്നതാണ്.
10. ഒന്നിന്റെയും അടിമകളാകരുത്
നമുക്ക് സന്തോഷം നൽകുമെന്ന് കരുതുന്ന പലതും മിഥ്യയാണ്. അത് ചലപ്പോൾ ഒരു വിഗ്രഹമായിരിക്കാം. വിഗ്രഹങ്ങൾ നമ്മിൽ നിന്ന് എല്ലാം ആവശ്യപ്പെടുന്നു. അത് നമ്മെ അടിമകളാക്കുന്നു. പക്ഷേ അവ നമുക്ക് ഒന്നും നൽകുന്നില്ല. അതിനാൽ നമ്മെ അടിമകളാക്കുന്ന വിഗ്രഹങ്ങളെ തകർത്തുകളയുക.
11. മനോഹരമായ എന്തെങ്കിലും ചെയ്യുക
നിങ്ങൾ ജീവൻ നൽകിയാൽ, അത് സ്വീകരിക്കാൻ ആരെങ്കിലും ഉണ്ടാകും. മനോഹരമായ എന്തെങ്കിലും കാണുമ്പോൾ നിങ്ങളും സമാനമായ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുക. സൗന്ദര്യം അഭിനിവേശം ഉണർത്തുന്നു. മനോഹരമായ കാര്യങ്ങൾ ചെയ്യുമ്പോൾ അത് നമ്മുടെ ജീവിതവും അപരന്റെ ജീവിതവും മനോഹരമാക്കും.
12. ഒപ്പമായിരിക്കുക
കരയുന്നവരോടൊപ്പം കരയാൻ പഠിച്ചാൽ നിങ്ങൾക്ക് യഥാർത്ഥ സന്തോഷം ലഭിക്കും.
സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ