ആഗമന കാലത്തില്‍ മാതാവിനെ അനുസ്മരിക്കുന്ന ദിവസങ്ങള്‍ 

  ക്രിസ്തുവിന്റെ വരവിനായി ഒരുങ്ങുന്ന അതുല്യമായ നിമിഷങ്ങളാണ് ആഗമന കാലം. ഈ ആഗമന കാലം നാം നടത്തുന്ന ആത്മീയ യാത്രയെ നയിക്കേണ്ടത് പരിശുദ്ധ അമ്മയാണ്. കാരണം ഈശോയെ ഏറ്റവും നന്നായി മനസിലാക്കുകയും അവിടുത്തെ കുറിച്ച് മനുഷ്യര്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തത് പരിശുദ്ധ അമ്മയാണ്.

  ക്രിസ്തുമസ് കാലം പരിശുദ്ധ അമ്മയിലൂടെ ഈശോയിലേയ്ക്ക് സഞ്ചരിക്കുന്ന നിമിഷങ്ങളാണ്. ഈ ആഗമന കാലത്തില്‍ മാതാവിനെ പ്രത്യേകമായി അനുസ്മരിക്കുന്ന 12 ദിനങ്ങള്‍ ഉണ്ട്. ആ ദിവസങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

  1 . ഡിസംബര്‍ 8 

  മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ആചരിക്കുന്ന ദിവസം ആണ് ഡിസംബര്‍ 8 . ഉദ്ഭവപാപം കൂടാതെ ജനിച്ച മാതാവിന്റെ സ്മരണകള്‍ പുതുക്കുന്ന ദിവസം ആണ് ഇത്.

  2 . ഡിസംബര്‍ 9

  വിശുദ്ധ ജുവാന്‍ ഡിയാഗോയുടെ തിരുന്നാള്‍ ആണ് ഡിസംബര്‍ ഒന്‍പത്. മാതാവിനോടുള്ള പ്രത്യേക ഭക്തിമൂലം അറിയപ്പെട്ടിരുന്ന വിശുദ്ധനാണ് അദ്ദേഹം.

  3 . ഡിസംബര്‍ 12

  ഗ്വാഡാലൂപ്പ മാതാവിന്റെ തിരുനാള്‍ ആണ് ഡിസംബര്‍ 12 . സൂര്യനെ ഉടയാടയാക്കിയ മഹത്വ പൂര്‍ണ്ണയായ മാതാവിന്റെ സ്മരണ പുതുക്കുന്ന ദിനമാണ് ഇത്. മഹത്വത്തിന്റെ പൂര്‍ണ്ണതയില്‍ നില്‍ക്കുമ്പോഴും വിനയം കൈവിടാത്ത മറിയത്തിന്റെ മാതൃക സ്വീകരിക്കേണ്ടവരാണ് നമ്മള്‍ എന്ന ഓര്‍മ്മപ്പെടുത്തല്‍ ആണ് ഈ തിരുനാള്‍.

  4 . ഡിസംബര്‍ 17 -24 

  ഡിസംബര്‍ 17 -24 വരെയുള്ള ദിവസങ്ങളില്‍ പരിശുദ്ധ ‘അമ്മ ദൈവത്തിന്റെ ഹിതത്തിനു നല്‍കിയ പ്രത്യുത്തരത്തിന്റെ ഓര്‍മ്മയാചരിക്കുന്നു. ദൈവപുത്രനെ മനുഷ്യന് രക്ഷകനായി നല്‍കിയതില്‍ മാതാവിന്റെ പങ്ക് അനുസ്മരിക്കുകയും നന്ദി പറയുകയും ചെയ്യുന്നു.

  5 . ഡിസംബര്‍ 23

  പരോപകാരിയായ മാതാവിന്റെ ഓര്‍മ്മ പുതുക്കുന്ന ദിവസമാണ് ഇത്. മംഗളവാര്‍ത്ത അറിഞ്ഞതിനു ശേഷം ഇളയമ്മയായ എലിസബത്തിനെ ശുശ്രൂഷിക്കാന്‍  പോയ മറിയത്തിന്റെ സേവന സന്നദ്ധതയെ ധ്യാനിക്കുന്ന ദിനമാണ് ഇത്.

  6 . ഡിസംബര്‍ 24 

  വചനത്തെ പ്രഘോഷിക്കുന്ന മറിയത്തിന്റെ ഓര്‍മ്മയാണ് ഡിസംബര്‍ 24 ന് അനുസ്മരിക്കുന്നത്. മറിയം അധികം  സംസാരിക്കുന്നതായി കാണുവാന്‍ കഴിയില്ല. എല്ലാം പ്രാവര്‍ത്തികമാക്കിയ മറിയത്തെയാണ് രക്ഷാകര ചരിത്രത്തില്‍ കാണുവാന്‍ കഴിയുന്നത്.

  7 . ഡിസംബര്‍ 25

  ഈശോയുടെ ജനനം ആഘോഷിക്കുന്ന ദിനമാണ് ഡിസംബര്‍ 25. ഒപ്പം  തന്നെ രക്ഷാകര ദൗത്യത്തിന് മറിയം പ്രത്യുത്തരം നല്കിയതിന്റെയും  മറിയത്തിന്റെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മയും പ്രത്യേകം ആചരിക്കുന്നു.

  8 . ഡിസംബര്‍ 27

  സുവിശേഷകനായ യോഹന്നാന്റെ തിരുനാള്‍ ആചരിക്കുന്ന ദിവസം ആണ് അത്. ഒപ്പം തന്നെ നമ്മെ നയിക്കുന്ന ജ്ഞാനിയായ മാതാവിന്റെ ഓര്‍മ്മയും അന്നേ ദിവസം പ്രത്യേകമായി ഓര്‍മ്മിക്കുന്നു.

  9 . ഡിസംബര്‍ 30 

  തിരുക്കുടുംബത്തിന്റെ തിരുനാള്‍ സഭയില്‍ ആചരിക്കുന്ന ദിനമാണ് ഡിസംബര്‍ 30 . അന്നേ ദിവസം ഒരു ഭാര്യയും അമ്മയും ആയ മാതാവിന്റെ ഓര്‍മ്മ പുതുക്കുന്നു.

  10 .  ജനുവരി 1

  ദൈവമാതാവിന്റെ തിരുനാള്‍ ആചരിക്കുന്ന ദിവസമാണ് ജനുവരി ഒന്ന്. മഹനീയമായ ഒരു പദവി മാതാവിന് നല്‍കി പ്രകീര്‍ത്തിക്കുന്ന ദിനമാണ് അത്.

  11 . ജനുവരി 6 

  സഭയില്‍ പൂജരാജാക്കന്മാരുടെ തിരുനാള്‍ ആചരിക്കുന്ന ദിനമാണ് ജനുവരി ആറ്. ഈശോയെ ആരാധിക്കാനായി കടന്നു വന്ന പൂജരാജാക്കന്മാരെ മറിയം പ്രചോദിപ്പിക്കുന്നു. അതിനാല്‍ ദൈവത്തെ ആരാധിക്കുവാന്‍ പ്രചോദിപ്പിക്കുന്ന മറിയത്തിന്റെ ഓര്‍മ്മ ആചരിക്കുന്ന ഒരു ദിവസം കൂടിയാണ് അന്ന്.

  12 . ഫെബ്രുവരി 2 

  ഈശോയുടെ ദേവാലയ സമര്‍പ്പണം ആചരിക്കുന്ന ദിനമാണ് ഇത്. ഈശോയെ ദേവാലയത്തില്‍ സമര്‍പ്പിക്കുമ്പോള്‍ ശിമയോന്‍ പ്രവചിക്കുന്നുണ്ട് മറിയത്തിന്റെ ഹൃദയത്തില്‍ കൂടെ ഒരു വാള്‍ കടക്കും എന്ന്. മറിയത്തിന്റെ വിശ്വസ്തതയെയും സഹനത്തെയും പ്രത്യേകം അനുസ്മരിക്കുകയും നന്ദി പറയുകയും ചെയ്യുന്ന ദിനമാണ് ഇത്.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.