വിഴിഞ്ഞം സമരം നൂറാം ദിവസം: ഇന്ന് കരയും കടലും ഉപരോധിക്കും

വിഴിഞ്ഞം തുറമുഖ നിർമ്മാണം ആരംഭിച്ചതിനു ശേഷമുള്ള തീരശോഷണത്തിന്  പരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഇന്ന് നൂറാം ദിവസത്തിലേക്ക്. മത്സ്യത്തൊഴിലാളികൾ ഇന്ന് കരയും കടലും ഉപരോധിക്കും.

മുല്ലൂർ തുറമുഖ കവാടം, വിഴിഞ്ഞം കവാടം, മുതലപ്പൊഴി എന്നിവ കേന്ദ്രീകരിച്ച് രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെയാണ് ഉപരോധിക്കുന്നത്. എല്ലാ ഇടവകകളിൽ നിന്നുമുള്ളവർ സമരത്തിൽ പങ്കെടുക്കണമെന്ന് അറിയിച്ച്  ആർച്ചുബിഷപ് ഡോ. തോമസ് ജെ. നെറ്റോ ഇടയലേഖനം ഇറക്കിയിട്ടുണ്ട്. ഇന്നു മുതൽ തുറമുഖ നിർമ്മാണജോലികൾ സ്തംഭിപ്പിക്കുന്ന സമരം ആരംഭിക്കുകയാണ്. തുടർന്നുള്ള ദിവസങ്ങളിൽ സമരത്തിന്റെ ഗതി മാറും. കൂടുതൽ ശക്തമായ സമരമാർഗ്ഗങ്ങളിലേക്ക് കടക്കും.

ജൂലൈ 20-ന് സെക്രട്ടറിയേറ്റ് നടയിലാണ് സമരത്തിന് തുടക്കം കുറിച്ചത്. ആഗസ്റ്റ് 16 മുതൽ വിഴിഞ്ഞം മുല്ലൂർ തുറമുഖ കവാടത്തിലേക്ക് സമരം മാറ്റി. സമരസമിതിയുടെ ഏഴ് ആവശ്യങ്ങളിൽ ആറ് ആവശ്യങ്ങളും അംഗീകരിച്ചതായി സർക്കാർ വ്യക്തമാക്കി. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കുന്ന പ്രശ്നമില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ചർച്ച നടത്തിയതല്ലാതെ സമരസമിതി ഉന്നയിച്ച ഒരു ആവശ്യത്തിലും പരിഹാരമുണ്ടാക്കിയിട്ടില്ലെന്ന് സമരസമിതി ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.