ജീവിതത്തില്‍ വിജയിക്കാന്‍ 10 മാര്‍ഗ്ഗങ്ങള്‍

ആത്മവിശ്വാസം വളര്‍ത്തിയെടുക്കാന്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ എന്തുചെയ്യാന്‍ സാധിക്കും? അരക്ഷിതത്വബോധം തരണം ചെയ്യാനും ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനുമുതകുന്ന ലളിതമായ പത്ത് പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ താഴെക്കൊടുക്കുന്നു. ആയിരക്കണക്കിനാളുകള്‍ ഈ നിയമങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. നിങ്ങളും ഈ പദ്ധതി ഏറ്റെടുക്കൂ. അപ്പോള്‍ നിങ്ങള്‍ സ്വന്തം ശക്തിയില്‍ ആത്മവിശ്വാസമുള്ളവരായിമാറും; ഒരു പുതിയ ശക്തിയുണ്ടായതായി തോന്നും. അങ്ങനെ അപകര്‍ഷതാബോധത്തില്‍ നിന്നും എന്നന്നേക്കുമായി നിങ്ങള്‍ക്ക് മോചനം നേടാനാവും.

1. നിങ്ങള്‍ വിജയിക്കുന്നു എന്ന ഒരു ചിത്രം മനസ്സില്‍ സങ്കല്‍പ്പിക്കുക

ഈ ചിത്രം മനസ്സില്‍ സ്ഥിരമായി സൂക്ഷിക്കൂ. ഒരിക്കലും അത് മാഞ്ഞുപോകാന്‍ അനുവദിക്കാതിരിക്കുക. ഈ ചിത്രം വികസിപ്പിച്ചെടുക്കാന്‍ നിങ്ങളുടെ മനസ്സ് ആഗ്രഹിക്കും. നിങ്ങള്‍ പരാജയപ്പെടുന്നതായി ഒരിക്കലും ചിന്തിക്കാതിരിക്കുക; ‘വിജയം’ എന്ന മാനസികചിത്രത്തിന്റെ യാഥാര്‍ത്ഥ്യത്തില്‍ ഒരിക്കലും സംശയിക്കാതിരിക്കുക. ചിത്രീകരിക്കുന്നത് പൂര്‍ത്തീകരിക്കാന്‍ മനസ് എപ്പോഴും ആഗ്രഹിക്കുന്നു. അതുകൊണ്ട് എപ്പോഴും വിജയത്തെ മാത്രം ചിത്രീകരിക്കുക, എത്ര മോശമായിട്ടാണ് നിങ്ങളുടെ ജീവിതത്തില്‍ ഇപ്പോള്‍ കാര്യങ്ങള്‍  നീങ്ങുന്നതെങ്കിലും.

2. വസ്തുനിഷ്ഠമായ ചിന്ത 

എപ്പോഴെല്ലാം നിങ്ങളുടെ വ്യക്തിപരമായ കഴിവുകളെപ്പറ്റി നിഷേധാത്മകമായ ചിന്ത നിങ്ങളുടെ മനസ്സില്‍ വരുന്നുവോ, അപ്പോഴെല്ലാം അത് തള്ളിക്കളയാന്‍ വസ്തുനിഷ്ഠമായ ഒരു ചിന്ത നിങ്ങളുടെ മനസ്സില്‍ നിറയ്ക്കുക.

3. പ്രതിബന്ധങ്ങളെ ലഘൂകരിച്ചു കാണുക

നിങ്ങളുടെ ഭാവനയില്‍പോലും പ്രതിബന്ധങ്ങള്‍ പടുത്തുയര്‍ത്താതിരിക്കുക. ഏതു പ്രതിബന്ധമായാലും അവയെ ലഘൂകരിച്ചു കാണുക. പ്രതിബന്ധങ്ങളെപ്പറ്റി ശരിയായി പഠിക്കുകയും അവയെ ഫലപ്രദമായി നേരിടുകയും വേണം. ഭയത്തിന്റേതായ ചിന്താഗതി കൊണ്ട് അവയെ വലുതായി കാണരുത്.

4. കാര്യക്ഷമമായി പ്രവര്‍ത്തിക്കുക

ഭയവിഹ്വലരാകാതിരിക്കുക. നിങ്ങള്‍ നിങ്ങളുടെ കാര്യത്തില്‍ എത്രമാത്രം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവോ, അത്രത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ മറ്റാര്‍ക്കും കഴിയുകയില്ല. പ്രത്യക്ഷത്തില്‍ ആത്മവിശ്വാസം കാണിക്കുന്ന പലരും നിങ്ങളെപ്പോലെ തന്നെ സംശയാലുക്കളും ഭയവിഹ്വലരുമാണ്.

5. പ്രാര്‍ത്ഥന  ആവര്‍ത്തിക്കുക

താഴെക്കൊടുക്കുന്ന ശക്തിമത്തായ വാക്കുകള്‍ ദിവസവും പത്തു തവണയെങ്കിലും ആവര്‍ത്തിക്കുക: ‘ദൈവം നമുക്കു വേണ്ടിയാണെങ്കില്‍, നമുക്ക് എതിരു നില്‍ക്കാന്‍ ആര്‍ക്കു സാധിക്കും?’ (വായന നിര്‍ത്തിയിട്ട് സാവധാനത്തിലും ആത്മവിശ്വാസത്തോടു കൂടിയും അവ ഇപ്പോള്‍ത്തന്നെ ആവര്‍ത്തിച്ചു പറയുക).

6. നല്ല സുഹൃത്തിനെ കണ്ടെത്തുക

സ്വയം മനസ്സിലാക്കാന്‍ നിങ്ങളെ സഹായിക്കുന്ന, വേണ്ടത്ര കഴിവുള്ള ഒരു ഉപദേഷ്ടാവിനെ കണ്ടുപിടിക്കുക. പലപ്പോഴും ചെറുപ്പത്തില്‍ തന്നെ ആരംഭിക്കുന്ന നിങ്ങളുടെ അപകര്‍ഷതാബോധത്തിന്റെ ഉത്ഭവത്തെപ്പറ്റി പഠിക്കുക. അവനവനെപ്പറ്റിയുള്ള അറിവ് രോഗശമനത്തിലേയ്ക്കു നയിക്കും.

7. ദൈവത്തെ കൂട്ടുകാരനാക്കുക

എല്ലാ ദിവസവും താഴെക്കാണുന്ന വാചകം പത്തു പ്രാവശ്യം വീതം, സാധിക്കുമെങ്കില്‍ ഉച്ചത്തില്‍ തന്നെ പറയുക. ‘എന്നെ ശക്തിപ്പെടുത്തുന്ന ദൈവത്തില്‍ക്കൂടി എനിക്ക് എല്ലാം ചെയ്യാന്‍ സാധിക്കും” – ഈ വാക്കുകള്‍ ഇപ്പോള്‍ത്തന്നെ ആവര്‍ത്തിച്ചുപറയുക. അപകര്‍ഷതാബോധത്തിന് ഏറ്റവും ശക്തിയേറിയ പ്രതിവിധിയാണ് ഈ മാന്ത്രികവാചകം.

8. ആത്മാഭിമാനമുള്ളവരാകുക

നിങ്ങളുടെ കഴിവുകളെപ്പറ്റി യഥാര്‍ത്ഥമായ ഒരു വിലയിരുത്തല്‍ നടത്തുക; അതിനുശേഷം അത് പത്തു ശതമാനം വര്‍ദ്ധിപ്പിക്കുക; അഹംഭാവിയാകാതിരിക്കുക; ആത്മാഭിമാനം വളര്‍ത്തിയെടുക്കുക. ദൈവം നിങ്ങള്‍ക്കു തന്നിരിക്കുന്ന കഴിവുകളില്‍ വിശ്വസിക്കുക.

9. ദൈവകരങ്ങളില്‍  നിങ്ങളെത്തന്നെ അര്‍പ്പിക്കുക

സ്വയം പറയുക: ‘ഞാന്‍ ദൈവത്തിന്റെ കരങ്ങളിലാണ്.’ അതിനുശേഷം നിങ്ങള്‍ക്കാവശ്യമുള്ള എല്ലാ കഴിവുകളും ഇപ്പോള്‍ ലഭിക്കുന്നു എന്നു മനസ്സിലാക്കി ജീവിതാവശ്യങ്ങളെ നേരിടാനുള്ള ശക്തി നിങ്ങള്‍ക്കുണ്ടെന്നു വിശ്വസിക്കുക.

10. വിശ്വസിക്കുക

ദൈവം കൂടെയുണ്ടെന്നും യാതൊരു ശക്തിക്കും നിങ്ങളെ തോല്പിക്കാന്‍ സാധിക്കുകയില്ലെന്നും ഓര്‍മ്മപ്പെടുത്തുക. നിങ്ങള്‍ക്ക് ഇപ്പോള്‍ ദൈവത്തില്‍ നിന്നും ശക്തി കിട്ടുന്നുവെന്നും വിശ്വസിക്കുക.

(‘വിജയകരമായ ജീവിതത്തിന്’എന്ന നോര്‍മന്‍ വിന്‍സെന്റ് പീലിന്റെ 
പുസ്തകത്തിലാണ് ഈ പത്ത് കാര്യങ്ങള്‍ നമ്മള്‍ കാണുന്നത്).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.