പരിശുദ്ധ അമ്മയെ സ്നേഹിക്കാന്‍ ഇതാ പത്തു വഴികള്‍

ലോകപ്രശസ്തരായ പലരും തങ്ങളുടെ ജീവിതത്തില്‍ അമ്മമാര്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. “അമ്മയെക്കൂടാതെ ഇവിടം വരെയുള്ള യാത്രയെക്കുറിച്ച് എനിക്കു സ്വപ്നം കാണാന്‍ പോലും സാധിക്കില്ലായിരുന്നു” എന്നാണ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ്‍ ഒരിക്കല്‍ പറഞ്ഞത്. അതെ, ഓരോരുത്തര്‍ക്കും അവരുടെ അമ്മമാര്‍ ഏറെ വിലപ്പെട്ടവരാണ്.

ദൈവപുത്രനായ ഈശോമിശിഹായ്ക്കും തന്റെ അമ്മ ലോകത്തിലേക്കും വച്ച് ഏറ്റവും നല്ല അമ്മയായിരുന്നു. ദൈവികപദ്ധതിയോട് പരിപൂര്‍ണ്ണമായി സഹകരിച്ചുകൊണ്ട് പടിപടിയായി അവള്‍ ലോകം മുഴുവന്റേയും മാതാവായി. വാക്കിലും പ്രവൃത്തിയിലും നിയോഗശുദ്ധിയിലും വിശുദ്ധജീവിതത്തിലും അവള്‍ എല്ലാ അമ്മമാര്‍ക്കും സഭയ്ക്കും തന്നെ സ്‌നേഹവായ്‌പോടെ നോക്കുന്ന എല്ലാവര്‍ക്കും നല്ല അമ്മയാണ്.

“ഇതാ നിന്റെ അമ്മ” – ക്രൂശിതന്റെ തിരുമൊഴി വഴി നമുക്ക് കിട്ടിയത് വലിയ സമ്മാനമാണ്; പരിശുദ്ധ അമ്മ എന്ന വലിയ സമ്മാനം. ഈ അമ്മയോട് വ്യക്തിപരമായ സ്‌നേഹവും ഭക്തിയും പ്രദര്‍ശിപ്പിക്കുന്നതിലൂടെ ആത്മീയ ഉന്നമനത്തിന്റെ ഗോവണിപ്പടികള്‍ നാം കയറുകയാണ്. പരിശുദ്ധ അമ്മയുമായി ആഴമേറിയ ബന്ധം കാത്തുസൂക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍…

1. അമ്മയുമായി സംസാരിക്കുക

പലപ്പോഴും കുട്ടികള്‍ അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ അറിയിക്കുന്നതും വിശ്വാസത്തില്‍ എടുക്കുന്നതും അമ്മമാരെയാണ്. നമ്മുടെ മാതൃകയും നിയന്താവുമായ പരിശുദ്ധ അമ്മയുമായി നിരന്തരം സംസാരിക്കുകയും മാദ്ധ്യസ്ഥം അപേക്ഷിക്കുകയും ചെയ്യുക.

2. പരിശുദ്ധ അമ്മയോടൊപ്പം ദിവസം ആരംഭിക്കുക

പ്രഭാതത്തില്‍ തന്നെ ഈശോയ്ക്ക് നമ്മുടെ ജീവിതത്തെ മാതാവിന്റെ വിമലഹൃദയത്തിലൂടെ പ്രതിഷ്ഠിച്ചുകൊണ്ട് ആരംഭിക്കാം. ദിവസം മുഴുവനും അമ്മയുടെ മാദ്ധ്യസ്ഥശക്തി നമ്മോടൊപ്പം ഉണ്ടാകും.

3. പരിശുദ്ധ അമ്മയെ സ്‌നേഹിക്കുക

കുട്ടികളുടെ സ്‌നേഹപൂര്‍വ്വമായ സാന്നിദ്ധ്യം എല്ലാ അമ്മമാരേയും ആനന്ദിപ്പിക്കുന്നു. ആത്മാവില്‍, പ്രാര്‍ത്ഥനയുടെ നിമിഷങ്ങളില്‍ പരിശുദ്ധ അമ്മയുടെ പക്കല്‍ ചെന്ന് ‘അമ്മേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ എന്ന് പറയുക. പരിശുദ്ധ അമ്മയെ ഇത് ഏറെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും.

4. അമ്മയോടൊത്തു നടക്കുക

പരിശുദ്ധ അമ്മ നല്ലൊരു സഹയാത്രികയാണ്. നിരന്തരം അമ്മയെ മനസ്സില്‍ ഓര്‍ത്ത് നമ്മോടൊപ്പം അവള്‍  യാത്ര ചെയ്യുന്നുണ്ട് എന്ന അവബോധം വളര്‍ത്തിയെടുക്കുക. ചെറുതും വലുതുമായ യാത്രകള്‍ ആരംഭിക്കുന്നതിനു മുമ്പ് അമ്മയെ വിളിച്ചപേക്ഷിക്കാം. ഭൗതികമായ  ധാരാളം അപകടങ്ങളില്‍ നിന്നും പ്രലോഭകന്റെ കുടിലതയില്‍ നിന്നും മാതാവ് നമ്മെ രക്ഷിക്കും.

5. അനുകരിക്കാം

നാം ഏറെ ഇഷ്ടപ്പെടുന്നവരെ അനുകരിക്കാറുണ്ട്. പരിശുദ്ധ അമ്മയുടെ സ്വന്തം മക്കളെന്ന നിലയില്‍ അമ്മയില്‍ തിങ്ങിവിളങ്ങുന്ന ദൈവികവും മാനുഷികവുമായ ഗുണഗണങ്ങളെ അനുകരിക്കാന്‍ പരിശ്രമിക്കാം. മാതാവിന്റെ എളിമയും ജീവസുറ്റ വിശ്വാസവും പൂര്‍ണ്ണമായ അനുസരണവും നിലയ്ക്കാത്ത പ്രാര്‍ത്ഥനയും സ്വയം ദാസിയായി പരിഗണിക്കുന്ന സ്വഭാവവും വിശുദ്ധിയുo അഗാധമായ സ്‌നേഹവും സഹനശക്തിയും ദയയും സ്വര്‍ഗ്ഗീയജ്ഞാനവും നമ്മെ ആത്മീയജീവിതത്തില്‍ ഏറെ സഹായിക്കുന്നതാണ് എന്ന് തിരിച്ചറിയാം.

6. സകലവും മാതാവിനു സമര്‍പ്പിക്കാം

മാതാവിന്റെ മദ്ധ്യസ്ഥസഹായം തേടിയവരില്‍ ആരെയും അവള്‍ ഉപേക്ഷിച്ചിട്ടില്ല. ദൈവപിതാവ് തന്റെ ഏകജാതന്റെ സംരക്ഷണം മാതാവിനെ ഏല്‍പ്പിച്ചു. നമ്മുടെ ജീവിതങ്ങളെയും പരിപൂര്‍ണ്ണമായി മാതാവിനു സമര്‍പ്പിക്കുക വഴി ദൈവികവഴികളിലാണ് ചരിക്കുന്നതെന്ന ആത്മവിശ്വാസം നമ്മില്‍ വന്നുനിറയുന്നു.

7. ദുഃഖങ്ങളും പരാജയങ്ങളും മാതാവിനോട് ഏറ്റുപറയാം

ആത്മീയജീവിതത്തില്‍ നമ്മെ പരാജയപ്പെടുത്താന്‍ പിശാച് നിരന്തരപരിശ്രമം നടത്തുന്നുണ്ട്. നമ്മെ നിരാശയിലേക്ക് തള്ളിവീഴ്ത്തുകയാണ് അവന്റെ ലക്ഷ്യം. ഈ അവസരങ്ങളിലെല്ലാം നമ്മുടെ ദുഃഖങ്ങളും പരാജയങ്ങളുമൊക്കെ മാതാവിനോട് തുറന്നുപറയാം. നാം പറയുന്നതിനു മുമ്പേ ഒരു നല്ല അമ്മയെന്ന നിലയില്‍ നമ്മെ ആശ്വസിപ്പിക്കുന്നവളാണ് പരിശുദ്ധ അമ്മ. ‘രോഗികളുടെ ആരോഗ്യവും പാപികളുടെ സങ്കേതവുമായ അമ്മയോട് നമുക്ക് മനസ്സ് തുറക്കാം.

8. പ്രലോഭന നിമിഷങ്ങളില്‍ അമ്മയെ വിളിച്ചപേക്ഷിക്കാം

ആത്മീയ യുദ്ധമുഖത്താണ് നാം എപ്പോഴും ജീവിക്കുന്നത്. പിശാചും മാംസത്തിന്റെ അഭിവാജ്ഞയും ലോകത്തിന്റെ വശ്യതകളും നമ്മുടെ ശത്രുക്കളാണ്. പരിശുദ്ധ അമ്മയോട് ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു വേണം ശത്രുവിനെതിരെ നാം വിജയക്കൊടി പാറിക്കേണ്ടത്.

9. പരിശുദ്ധ അമ്മയോടുള്ള ഭക്തി പ്രചരിപ്പിക്കുക

നമ്മെ സ്‌നേഹിക്കുകയും ദൈവിക കൃപാവരങ്ങള്‍ പകര്‍ന്നുതരുകയും ചെയ്യുന്ന ദൈവജനനിയെ ലോകത്തിന് പരിചയപ്പെടുത്തുവാന്‍ എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുക. പരിശുദ്ധ അമ്മയെക്കുറിച്ച് വിശുദ്ധര്‍ എഴുതിയ ഈടുറ്റ ലേഖനങ്ങള്‍ വായിക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതു വഴിയും മരിയഭക്തി വര്‍ദ്ധിപ്പിക്കാന്‍ ജപമാല പ്രാര്‍ത്ഥന ചൊല്ലാന്‍ പ്രേരിപ്പിക്കുന്നതു വഴിയും മാതാവിന്റെ ചിത്രം ആലേഖനം ചെയ്യുന്ന മെഡലുകളും ഉത്തിരീയവും കഴുത്തില്‍ അണിഞ്ഞും മാതൃഭക്തിയില്‍ അനുദിനം വളരാം.

10. മരണനിമിഷം മാതാവിനു സമര്‍പ്പിക്കാം

വിശുദ്ധവും ആനന്ദപൂര്‍ണ്ണവുമായ ഒരു മരണം നിങ്ങള്‍ ലക്ഷ്യം വയ്ക്കുന്നുവെങ്കില്‍ നിരന്തരം മാതാവിനു സ്വയം സമര്‍പ്പിതരാകുക. “എപ്പോഴും ഞങ്ങളുടെ മരണനേരത്തും ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ” എന്ന് മാതാവിനോട് നാം പ്രാര്‍ത്ഥിക്കുന്നുണ്ട്. ജപമാല പ്രാര്‍ത്ഥന ഈ നിയോഗം വച്ച് നമുക്ക് പ്രാര്‍ത്ഥിക്കാവുന്നതാണ്.

നമ്മെ സംരക്ഷിക്കുന്ന, കരുതുന്ന എല്ലാത്തിനുപരി നമ്മെ സ്‌നേഹിക്കുന്ന ഒരമ്മ സ്വര്‍ഗ്ഗത്തിലുണ്ട് എന്നത് ആനന്ദദായകമായ കാര്യമാണ്. നമ്മുടെ വേദനകളിലും കഷ്ടപ്പാടുകളിലും പിശാചിന്റെ പ്രലോഭന നിമിഷങ്ങളിലും സധൈര്യം ഈ അമ്മയിലേക്ക് നോക്കാം. നമ്മുടെ ഓരോരുത്തരുടെയും കാര്യത്തില്‍ ബന്ധശ്രദ്ധാലുവായ അമ്മ തന്റെ വിമലഹൃദയത്തില്‍ നമുക്കെല്ലാം അഭയമരുളും, തീര്‍ച്ച.

ടോണി കാട്ടാമ്പള്ളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.