വീട്ടിലും സമൂഹത്തിലും സമാധാന സ്ഥാപകരാകുവാന്‍ സഹായിക്കുന്ന 10 കുറുക്കുവഴികള്‍ 

ഫ്രാന്‍സിസ് പാപ്പാ തന്റെ പ്രഭാഷണങ്ങളില്‍ പലപ്പോഴും ലോകത്തോട് ആവശ്യപ്പെടുന്നത് സമാധാന സ്ഥപകരാകുവാനാണ്. ഭിന്നതയുടെയും കലഹങ്ങളുടെയും ഇടങ്ങളില്‍ സമാധാന സ്ഥാപകരായി മാറുക എന്നത് ചില്ലറ ജോലിയല്ല. അതിനു ക്ഷമയും അര്‍പ്പണ ബോധവും ഒക്കെ ആവശ്യമാണ്. സമാധാനം നല്‍കുന്ന നേട്ടങ്ങള്‍ എന്താണെന്നു തിരിച്ചറിയുന്ന ആളുകള്‍ക്കാണ് യഥാര്‍ത്ഥ സമാധാന സ്ഥാപകര്‍ ആകുവാന്‍ കഴിയുക.

സമാധാനം ശരിക്കും എന്താണെന്നും അത് എങ്ങനെ സ്വീകരിക്കണമെന്നും സമാധാനത്തിന്റെ വക്താക്കളാകുന്നത് എങ്ങനെ എന്നും സമാധാന സ്ഥാപകരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ ധ്യാനിക്കേണ്ട പത്തുകാര്യങ്ങള്‍ ഇതാ:

1. സമാധാനം ദൈവത്തിന്റെ ദാനം 

വിശുദ്ധ ഗ്രന്ഥം സമാധാനത്തെ കുറിച്ചു നമ്മോടു പറയുന്നു. സമാധാനം അത് ദൈവത്തിന്റെ അനുഗ്രഹവും വലിയ ഒരു സമ്മാനവും ആണ്. ദൈവം മനുഷ്യര്‍ക്ക് സമാധാനം നല്‍കുന്നു. അത് മനുഷ്യമക്കള്‍ സ്വീകരിക്കണം എന്നും ദൈവം ആഗ്രഹിക്കുന്നു.  അവിടുത്തെ സമാധാനം സ്വീകരിക്കുക എന്നത് ജ്ഞാനത്തിന്റെ അടയാളമാണ്.

2. സമാധാനം സംഭാഷണത്തിനുള്ള ക്ഷണമാണ്

യഥാര്‍ഥ സമാധാനം നിര്‍ബന്ധിതമായി നടപ്പിലാക്കാന്‍ കഴിയുകയില്ല. അതിനു സത്യസന്ധവും ആത്മാര്‍ഥവുമായ സംഭാഷണം ആവശ്യമാണ്. പടിപടിയായ ശ്രമങ്ങളിലൂടെയേ സമാധാനം പുനസ്ഥാപിക്കുവാന്‍ കഴിയുകയുള്ളൂ.

3. സമര്‍പ്പണം ആവശ്യപ്പെടുന്ന സമാധാനം

ദുര്‍ബലമായ ഒന്നാണ് സമാധാനം. ഏതു നിമിഷവും അത് നഷ്ടമാകാം. അതിനാല്‍ തന്നെ സമാധാനം വളര്‍ത്തിയെടുക്കുവാന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടിയുടെ വളര്‍ച്ചയ്ക്കായി നല്‍കേണ്ട അതേ ഉത്കണ്ഠയും സമര്‍പ്പണങ്ങളും സമാധാനം ആവശ്യപ്പെടുന്നു.

4. ജീവന്‍ സംരക്ഷിക്കുന്ന ഉപാധിയാണ് സമാധാനം

കൂടുതല്‍ ദുര്‍ബലരായവരുടെ ജീവനെ പ്രതിരോധിക്കുവാന്‍ സമാധാനത്തിനും അതിന്റെ സ്ഥാപനത്തിനായി ശ്രമിക്കുന്നവര്‍ക്കും കഴിയും. അതു ദരിദ്രര്‍, പാപികള്‍, രോഗികള്‍, അക്രമത്തിന്റെ ഇരകള്‍, അല്ലെങ്കില്‍ കുട്ടികള്‍ ആയിരിക്കാം. സ്വാര്‍ത്ഥത, അത്യാഗ്രഹം, അനീതി,അല്ലെങ്കില്‍ മനുഷ്യരെ ഉപദ്രവിക്കുന്ന ഏതെങ്കിലും കാര്യത്തിനെതിരായ ഒരു പ്രതിരോധം ആണ് സമാധാനം.

5. രണ്ടു തലങ്ങള്‍ ഉള്ള സമാധാനം

അകത്തുള്ള സമാധാനവും പുറമേയുള്ള സമാധാനവുമുണ്ട്. ആന്തരിക സമാധാനം, പുറമേയുള്ള സമാധാനത്തിലേക്ക് നയിക്കുന്നു. ആന്തരിക സമാധാനത്തിന്റെ അഭാവം ശത്രുത, അസൂയ, പ്രതികാരം, നീരസം എന്നിവയിലേക്ക് നയിക്കുന്നു. നമ്മുടെ സാമൂഹ്യ, മാനുഷിക, പാരിസ്ഥിതിക മേഖലകളില്‍ ബാഹ്യ സമാധാനം ആവശ്യമാണ്. സമാധാനത്തിന്റെ ഈ രണ്ടു വശങ്ങളും വേര്‍തിരിക്കാനാവില്ല.

6. ആനന്ദം പകരുന്ന സമാധാനം

സമാധാനം ആഴത്തില്‍ അനുഭവപ്പെടുന്ന സന്തോഷം പ്രദാനം ചെയ്യുന്നു. സമാധാനത്തിന്റെ ഈ സവിശേഷത പലപ്പോഴും അവഗണിക്കപ്പെടുന്നു. സമാധാനമുള്ള ഒരു വ്യക്തിയാണ് ഭാഗ്യവാന്‍.

7. ദൈവവുമായും സഹോദരങ്ങളുമായും അനുരഞ്ജനം ആവശ്യപ്പെടുന്ന സമാധാനം

നമ്മെ ദൈവവുമായി അടുപ്പിക്കാന്‍ ഉള്ള കാരുണ്യ പൂര്‍വമായ അവിടുത്തെ പ്രവൃത്തിയാണ് സമാധാനം. ഒരുവനില്‍ അനുരഞ്ജനത്തിന്റെ വിത്തുകള്‍ പാകുന്നത് ദൈവമാണ്. അതിനാല്‍ തന്നെ അനുരഞ്ജനത്തിന്റെ വഴികള്‍ തുറക്കുക മനുഷ്യന്റെ കടമയാണ്.

8. അനുരഞ്ജനത്തിന്റെ പാത തുറക്കുന്ന സത്യം

സത്യവും നീതിയും അനുരഞ്ജനത്തിന്റെ പാത തുറക്കും. സത്യസന്ധമായ സംസാരത്തിനും പ്രവര്‍ത്തികള്‍ക്കും അനേകരെ സൗഹൃദത്തിലാക്കുവാന്‍  കഴിയും. സത്യം നിങ്ങളെ സ്വതന്ത്രരാക്കും’ (യോഹ 8, 32) എന്ന് വിശുദ്ധ ഗ്രന്ഥവും വ്യക്തമാക്കുന്നു.

9. കാരുണ്യപൂര്‍വ്വം ഉള്ള നീതി

കടുത്ത നിയമങ്ങള്‍ പലപ്പോഴും കടുത്ത അനീതിയാണെന്നും അത് വലിയ ദോഷം ഉണ്ടാക്കുന്നുവെന്നും പറയപ്പെടുന്നു.  കടുത്ത ശിക്ഷാനിയമത്തിനു പകരം കാരുണ്യപൂര്‍വം ഉള്ള നിയമങ്ങള്‍ ഉണ്ടാകുമ്പോഴാണ് യഥാര്‍ഥ നീതി നടപ്പാക്കാന്‍ കഴിയുക. കരുണയ്ക്കും നീതിക്കും കലുഷിതമായ സാഹചര്യങ്ങള്‍ നീക്കുവാനും സമാധാനം സ്ഥാപിക്കുവാനും കഴിയും.

10. സമാധാന സ്ഥാപനം 

സമാധാനം ഉണ്ടാക്കുന്നതിലൂടെ യുദ്ധം അവസാനിപ്പിക്കുക എന്നതാണ് സമാധാന സ്ഥാപനം കൊണ്ട് ഉദ്ദേശിക്കുക. സമാധാനം പുതിയതും ദൃഢവുമായ അടിത്തറയിന്മേല്‍ കെട്ടിപ്പടുക്കുന്നു. സത്യസന്ധതയുടെ നൈതിക അടിസ്ഥാനം, അഴിമതിയില്‍നിന്നുള്ള സ്വാതന്ത്ര്യം, ക്ഷമയും അനുരഞ്ജനവുമുള്ള ഒരു ആത്മീയ അടിസ്ഥാനം, സാഹോദര്യവും സത്യസന്ധവുമായ ‘ജീവന്റെ സംസ്‌കാരം’ തുടങ്ങിയ അടിത്തറയിന്മേല്‍ ബന്ധങ്ങള്‍ ഉറപ്പിക്കുന്നതിലൂടെ സമാധാനം പുനസ്ഥാപിക്കുവാന്‍ കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.