കുടുംബം നോക്കി വിശുദ്ധരായി തീര്‍ന്ന 10 അമ്മമാര്‍ 

    അമ്മ. ഈ ലോകത്തിലെ ഏറ്റവും മനോഹരമായ വാക്കാണത്. സ്‌നേഹത്തിന്റെ പര്യായമായി തീര്‍ന്ന പദം. ഒരു അമ്മ തന്റെ കുടുംബത്തെ വിശുദ്ധിയിലേയ്ക്ക് വളര്‍ത്തുമ്പോഴാണ് ആ കുടുംബം ഒരു സ്വര്‍ഗ്ഗമായി മാറുന്നത്.

    ലോകം അറിയുന്ന വന്‍കാര്യങ്ങള്‍ ചെയ്യുന്നതിലൂടെയല്ല, പിന്നെയോ തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തതയോടെ ചെയ്യുന്നതിലൂടെയാണ് ഒരു അമ്മ വിശുദ്ധയായി മാറുന്നത്. ഇപ്രകാരം കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ തങ്ങളുടെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ഭംഗിയായി നിര്‍വഹിച്ച നിരവധി അമ്മമാരെ കത്തോലിക്കാസഭ പിന്നീട് വിശുദ്ധരായി പ്രഖ്യാപിച്ചു. ഇപ്രകാരം വിശുദ്ധരായ പത്ത് അമ്മമാരുടെ ജീവിതത്തിലൂടെ ഒരു യാത്ര.

    1. വിശുദ്ധ അന്ന

    പരിശുദ്ധ കന്യകാമറിയത്തിന്റെ അമ്മയായിരുന്നു വിശുദ്ധ അന്ന. വളരെക്കാലത്തോളം മക്കളില്ലാത്ത ദുഖവും പേറിയായിരുന്നു അവളും ഭര്‍ത്താവായ ജൊവാക്കിമും ജീവിച്ചിരുന്നത്. ആ ദുഃഖം അതനുഭവിച്ചവര്‍ക്കു മാത്രമേ പൂര്‍ണ്ണമായി മനസ്സിലാകൂ. ഇക്കാരണത്താല്‍, അമ്മയാകുവാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ അതിനുള്ള ഭാഗ്യം ലഭിക്കാത്തവരുടെയും വന്ധ്യതാപ്രശ്‌നമുള്ളവരുടേയും മധ്യസ്ഥയാണ് വിശുദ്ധ അന്ന.

    2. വിശുദ്ധ ബ്രിജിത്ത

    വളരെ നീണ്ട ഒരു വിവാഹ ബന്ധമായിരുന്നു വിശുദ്ധ ബ്രിജിത്തയുടേത്. ഉള്‍ഫ് എന്നായിരുന്നു അവളുടെ ഭര്‍ത്താവിന്റെ പേര്. ഏതാണ്ട് 28 വര്‍ഷത്തോളം അവര്‍ ഒരുമിച്ചായിരുന്നു. അവര്‍ക്ക് എട്ട് മക്കള്‍ ഉണ്ടായിരുന്നു. അതില്‍ കാതറിന്‍ എന്ന് പേരായ മകള്‍ പിന്നീട് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുകയുണ്ടായി.

    കൂടുതല്‍ കുഞ്ഞുങ്ങളെ തന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുവാനുള്ള ബ്രിജിത്തയുടെ വിശാലമനസ്‌കത, അവരെ പഠിപ്പിക്കുവാനുള്ള അവളുടെ പ്രയത്‌നം എന്നിവ ആത്മീയ ഉദാരതയുടെ ഉത്തമ ഉദാഹരണങ്ങളാണ്. ധാരാളം യാത്രകള്‍ നടത്തിയിട്ടുള്ളവളായിരുന്നു ഈ വിശുദ്ധ. മനുഷ്യരുടെ ഇടയിലുള്ള എല്ലാ തരത്തിലുള്ള വിഭാഗീയതകളോടുമുള്ള സഹിഷ്ണുതയേയും, സഹതാപത്തേയും കുറിച്ചാണ് അവള്‍ തന്റെ ജീവിതം കൊണ്ട് വരച്ചു കാട്ടുന്നത്.

    അവളുടെ ജീവിതത്തില്‍ അസാധാരണമായി യാതൊന്നും സംഭവിച്ചിരുന്നില്ല. പക്ഷേ തന്റെ മക്കള്‍ സ്‌നേഹത്തിലും, നന്മയിലും, സമാധാനത്തിലും വളര്‍ന്ന് വരുവാന്‍ വേണ്ട ശിക്ഷണം നല്‍കുവാനായുള്ള അവളുടെ സമര്‍പ്പണം തികച്ചും വീരോചിതമായിരുന്നു. ഇക്കാരണത്താല്‍ തന്നെ അവളെ ഇപ്പോള്‍ മുഴുവന്‍ യൂറോപ്പിന്റേയും മധ്യസ്ഥ വിശുദ്ധയായി പരിഗണിച്ചു വരുന്നു.

    3. വിശുദ്ധ റീത്ത

    ഇരട്ടകളായ രണ്ട് ആണ്‍കുട്ടികളുടെ അമ്മയും, അതോടൊപ്പം ഒരു വീട്ടമ്മയുമായിരുന്നു വിശുദ്ധ റീത്ത. പതിനാലാം നൂറ്റാണ്ടിലെ സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷത്തില്‍ ഇറ്റലിയിലായിരുന്നു അവള്‍ ജീവിച്ചിരുന്നത്. അവിടുത്തെ ഓരോ നഗരവും പരസ്പരം യുദ്ധത്തിലായിരുന്നു. അക്കാലത്ത് ലോകം തന്നെ അപകടകരമായ ഒരു സ്ഥലമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. റീത്തയേയും രണ്ടാണ്‍കുട്ടികളേയും തനിച്ചാക്കികൊണ്ട് അവളുടെ ഭര്‍ത്താവ് ഒരു യുദ്ധത്തില്‍ ശത്രുക്കളാല്‍ വധിക്കപ്പെട്ടു.

    പലവിധ പകര്‍ച്ചവ്യാധികളാലും ജനങ്ങള്‍ പീഡിപ്പിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. അവളുടെ ജീവിതം കൂടുതല്‍ സങ്കടകരമാക്കികൊണ്ട് അവളുടെ ഭര്‍ത്താവിന്റെ മരണത്തിനു ശേഷം ഒരു കൊല്ലം കഴിഞ്ഞ് അവളുടെ രണ്ട് ആണ്‍മക്കളും കൗമാരത്തില്‍ തന്നെ മരണപ്പെട്ടു. തന്റെ ജീവിതത്തിന്റെ ശേഷിച്ച കാലം മുഴുവനും അവള്‍ തന്റെ ഭര്‍ത്താവിനെ കൊന്നവര്‍ക്ക് വേണ്ടിയും, സഹനങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിച്ചുകൊണ്ട് ചിലവഴിച്ചു. അവള്‍ സ്വയം നിരവധി സഹനങ്ങളെ നേരിട്ടു, എന്നാല്‍ അവളുടെ സങ്കടമെല്ലാം മറ്റുള്ളവര്‍ക്കുള്ള പ്രാര്‍ത്ഥനയായി അവള്‍ ദൈവത്തിന് സമര്‍പ്പിച്ചു. ഇന്ന് അസാധ്യകാര്യങ്ങളുടെ മാധ്യസ്ഥയായി വിശുദ്ധ റീത്തയെ പരിഗണിക്കുന്നു.

    4. വിശുദ്ധ ഫെലിസിറ്റി

    വിശുദ്ധ ഫെലിസിറ്റിയെ ബന്ധനസ്ഥയാക്കുന്ന സമയത്ത് അവള്‍ എട്ട് മാസം ഗര്‍ഭിണിയായിരുന്നു. തടവറയില്‍ വച്ച് അവള്‍ ആരോഗ്യവാനായ ഒരു കുഞ്ഞിനു ജന്മം നല്‍കി. അതവളെ ഒത്തിരി സന്തോഷവതിയാക്കി എന്ന് പറയപ്പെടുന്നു. അവളുടെ കുഞ്ഞിനെ അവളില്‍ നിന്നും പറിച്ച് മാറ്റിക്കൊണ്ട് അവളെ കൊല്ലുവാനായി കൊണ്ടുപോയി. എന്നാല്‍ ”മാതൃത്വത്തില്‍ നിന്നും…പോരാട്ടത്തിലേക്ക് സ്വാഭാവികമായി അവള്‍ പോവുകയായിരുന്നു’ എന്ന് അവളുടെ സുഹൃത്തായിരുന്ന പെര്‍പ്പെച്ച്വാ എഴുതിയിരിക്കുന്നു. അതിനര്‍ത്ഥം ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്ന അനുഭവം അവള്‍ക്ക് തന്റെ മരണത്തെ നേരിടുന്നതിനു വേണ്ട ധൈര്യവും ശക്തിയും നല്‍കുകയായിരുന്നു എന്നാണ്. ഒരു ശക്തയായ അമ്മ ഒരു സിംഹിനിയെപ്പോലെയാണ്; ഒന്നും തന്നെ, മരണത്തിനു പോലും അവളുടെ തീരുമാനത്തെ ഇളക്കുവാന്‍ കഴിയുകയില്ല.

    ഒരു സ്ത്രീ, അവളെ ഇല്ലാതാക്കുന്ന ഒരു ത്യാഗമായി ഒരിക്കലും മാതൃത്വത്തെ കാണരുത്, പകരം അവളെ ശക്തയാക്കി മാറ്റുന്ന ഒരു സമ്മാനമായി വേണം അതിനെ കരുതാന്‍ എന്ന് ഈ അമ്മയുടെ ജീവിതം പഠിപ്പിക്കുന്നു.

    5. എലിസബത്ത് ആന്‍ സേട്ടണ്‍

    അമേരിക്കയില്‍ ജനിച്ച ആദ്യത്തെ വിശുദ്ധയാണ് എലിസബത്ത്. 1774-ല്‍ ന്യൂയോര്‍ക്ക് നഗരത്തിലാണ് അവള്‍ ജനിച്ചത്. അമേരിക്കന്‍ വിപ്ലവത്തിന്റെ ആദ്യനാളുകളില്‍ അവള്‍ ഒരു ഡോക്ടറെ വിവാഹം കഴിച്ചു. അധികം താമസിയാതെ അവര്‍ രണ്ടുപേരും നിരവധി അനാഥകുട്ടികളേയും തങ്ങളുടെ മക്കള്‍ക്കൊപ്പം ചേര്‍ത്തുകൊണ്ട് തങ്ങളുടെ കുടുംബം വലുതാക്കി. തന്റെ ഭര്‍ത്താവിന്റെ മരണത്തിനു ശേഷം, അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അവള്‍ ഒരു സന്യാസ സഭ സ്ഥാപിച്ചു.

    എല്ലാ കുട്ടികളേയും എലിസബത്ത് ഹൃദയം തുറന്ന് സ്‌നേഹിച്ചു. തന്റെ കുടുംബത്തിന് പുറത്തുള്ള കുട്ടികളെക്കുറിച്ചും അവള്‍ ചിന്താകുലയായിരുന്നു. മാതൃത്വത്തിന്റേതായ ഒരു ചെറിയ പ്രവര്‍ത്തിക്കുപോലും ലോകത്തെ മാറ്റിമറിക്കുവാന്‍ കഴിയും എന്ന് കാണിച്ചു തന്നുകൊണ്ട് മദര്‍ സേട്ടണ്‍ സ്ഥാപിച്ച സന്യാസിനീ സഭ നിരവധി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കികൊണ്ടിരിക്കുന്നു.

    6. വിശുദ്ധ മോനിക്ക

    ക്രിസ്തുവില്‍ വിശ്വസിച്ചുകൊണ്ട് തന്റെ കുടുംബത്തെ നയിച്ച ഒരു അമ്മയായിരുന്നു വിശുദ്ധ മോനിക്ക. അവളുടെ കുടുംബത്തിലെ മറ്റംഗങ്ങള്‍ക്ക് വിശ്വാസമില്ലാതിരുന്നിട്ടു പോലും അവള്‍ ശക്തമായ ക്രൈസ്തവ വിശ്വാസത്തില്‍ ജീവിച്ചു. വര്‍ഷങ്ങളോളം അവള്‍ തന്റെ വഴിപിഴച്ച മകന് വേണ്ടി നിശബ്ദമായി പ്രാര്‍ത്ഥിച്ചു. അവന്റെ മാനസാന്തരത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ അവള്‍ ഒരിക്കലും ഉപേക്ഷിച്ചില്ല. തന്റെ മകന്‍ ഒരാളെ വിവാഹം കഴിച്ച് അന്യവിശ്വാസത്തിലേക്ക് പോവുക പോലും ചെയ്തപ്പോഴും അവള്‍ തന്റെ ശ്രമം നിര്‍ത്തുകയോ പ്രാര്‍ത്ഥന ഉപേക്ഷിക്കുകയോ ചെയ്തില്ല.

    ക്രമേണ അവളുടെ മകനായ അഗസ്റ്റിന്‍, കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചുവരികയും എക്കാലത്തും സ്വാധീനമുള്ള മഹാനായ വിശുദ്ധ അഗസ്റ്റിന്‍ ആയി മാറുകയും ചെയ്തു. ഇതെല്ലാം സംഭവിച്ചത് ഒരമ്മയുടെ വിരാമമില്ലാത്ത പ്രാര്‍ത്ഥന കൊണ്ടായിരുന്നു. ഇന്ന് മക്കളുടെ വിശ്വാസത്തില്‍ ആശങ്കാകുലരായിട്ടുള്ള അമ്മമാരുടെ വലിയ ആശ്വാസദായികയായി വിശുദ്ധ മോനിക്കയെ കണക്കാക്കി വരുന്നു.

    7. വിശുദ്ധ ജിയാന്ന

    ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധയായിരുന്നു ജിയാന്ന. ഒരു ഡോക്ടറായിരുന്ന അവള്‍ ആറു കുട്ടികളുടെ അമ്മയുമായിരുന്നു. തന്റെ അവസാനത്തെ കുട്ടിക്ക് ജന്മം നല്‍കിയതു വഴിയാണ് അവള്‍ തന്റെ ജീവിതത്തിന് വീരോചിതമായ സാക്ഷ്യം നല്‍കിയത്. 1961-ല്‍, ഗര്‍ഭിണിയായിരുന്ന അവളെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ അവളുടെ ഗര്‍ഭാശയത്തില്‍ ഒരു മുഴ ഉണ്ടെന്നും അത് പ്രസവത്തെ ബാധിക്കുമെന്നും അവളോട് പറഞ്ഞു. കുഞ്ഞിനെ ഗര്‍ഭഛിദ്രം ചെയ്തുകൊണ്ട് അവളുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ അവളോട് ആവശ്യപ്പെട്ടു. എന്നാല്‍ ‘പ്രസവത്തില്‍ കുഴപ്പം ഉണ്ടാവുകയാണെങ്കില്‍ എന്റെ ജീവന്‍ കാര്യമാക്കേണ്ട, ദൈവം എനിക്കു നല്‍കിയ എന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണം’ എന്നായിരുന്നു അവള്‍ തന്റെ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

    ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയതിനു ശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവളുടെ ആരോഗ്യ നില വഷളാവുകയും അവള്‍ മരണമടയുകയും ചെയ്തു. ജിയാന്ന എന്ന് തന്നെയായിരുന്നു അവളുടെ മകളുടെ പേരും. ഈ മകള്‍ പിന്നീട് ഇപ്രകാരം പറഞ്ഞിട്ടുണ്ട്, ”എന്റെ അമ്മയുടെ മുഴുവന്‍ ജീവിതവും ദൈവസ്‌നേഹത്തോടും പരിശുദ്ധ കന്യകാ മറിയത്തോടുമുള്ള ഒരു സ്തുതിഗീതമായിരുന്നു”.

    8. വിശുദ്ധ പെര്‍പ്പെച്ച്വാ

    202-ലാണ് പെര്‍പ്പെച്ച്വാ ഒരു ക്രിസ്ത്യാനിയാകുന്നത്. റോമന്‍ സാമ്രാജ്യത്തില്‍ അക്കാലങ്ങളില്‍ ക്രിസ്ത്യാനിയാവുക എന്നത് ഒരു നല്ലകാര്യമായി പരിഗണിച്ചിരുന്നില്ല. അതിനാല്‍, അവളെ ഉടനടി ബന്ധനസ്ഥയാക്കുകയും വധശിക്ഷക്ക് വിധിക്കുകയും ചെയ്തു. ആ സമയത്ത് അവള്‍ക്ക് ഒരു കുഞ്ഞുണ്ടായിരുന്നു, മരണത്തെ കാത്തുകൊണ്ട് തടവറയില്‍ കിടക്കുമ്പോള്‍ അവള്‍ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെങ്കിലും, എല്ലാ ദിവസവും അവളുടെ കുഞ്ഞിനെ അവളുടെ പക്കല്‍ കൊണ്ട് വരികയും അവള്‍ തന്റെ കുഞ്ഞിനെ നല്ലപോലെ പരിപാലിക്കുകയും ചെയ്തു.

    തന്റെ ജീവിതത്തിന്റെ അവസാന നിമിഷം വരെ പെര്‍പ്പെച്ച്വാ മാതൃത്വമെന്ന തന്റെ ദൈവനിയോഗം ഭംഗിയായി നിറവേറ്റി. തനിക്കാവും വിധം തന്റെ മകനെ സ്‌നേഹിക്കുകയും, അനശ്വര ജീവിതത്തില്‍ ഒരു ദിവസം അവനെ കണ്ടുമുട്ടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തു. തങ്ങളുടെ മക്കളില്‍ നിന്നും അകന്നു താമസിക്കുന്ന അമ്മമാര്‍ മാധ്യസ്ഥം അപേക്ഷിക്കുന്ന വിശുദ്ധയാണ് പെര്‍പ്പെച്ച്വാ.

    9. വിശുദ്ധ സെലി മാര്‍ട്ടിന്‍

    തികച്ചും സാധാരണക്കാരിയായ ഒരമ്മയായിരുന്നു സെലി. ഒരു സാധാരണ കുടുംബിനിയും തുന്നല്‍ക്കാരിയുമായിരുന്നു അവള്‍. സംഭവബഹുലമല്ലാത്ത ഒരു വിവാഹമായിരുന്നു അവളുടേത്. പക്ഷേ, ദൈനംദിന ജീവിതത്തില്‍ വിശ്വാസത്തിനുള്ള മൂല്യത്തിന്റേയും, മാതൃത്വമെന്ന ദൈവനിയോഗത്തിന്റേയും പ്രകടനമായിരുന്നു അവളുടെ വിശുദ്ധി.

    ഒരമ്മയുടെ ലളിതമായ സ്‌നേഹം മക്കളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. വാസ്തവത്തില്‍ ഇതാണ് മുഴുവന്‍ ലോകത്തിലേക്കും വെച്ച് ഏറ്റവും വലിയ ശക്തി എന്നുള്ള കാര്യം. ഈ അമ്മയുടെ ത്യാഗവും സ്‌നേഹവും പ്രാര്‍ത്ഥനയും മൂലം അവളുടെ ഭര്‍ത്താവും (വിശുദ്ധ ലൂയിസ് മാര്‍ട്ടിന്‍) മകളും (വിശുദ്ധ കൊച്ചുത്രേസ്യ) വിശുദ്ധരായി മാറി. കത്തോലിക്കാ സഭ വിശുദ്ധരായി പ്രഖ്യാപിച്ച ആദ്യത്തെ ദമ്പതികളാണ് വിശുദ്ധ ലൂയിസ് മാര്‍ട്ടിനും വിശുദ്ധ സെലി മാര്‍ട്ടിനും.

    10. റോമിലെ വിശുദ്ധ ഫ്രാന്‍സെസ്

    ആറു കുട്ടികളുടെ അമ്മയായിരുന്നു ഫ്രാന്‍സെസ്. എന്നാല്‍ അവളുടെ മകനായ ബാറ്റിസ്റ്റ മാത്രമായിരുന്നു ശൈശവത്തെ അതി ജീവിച്ച ഏക കുട്ടി. അവന്‍ വളര്‍ന്ന് വലുതാകുകയും വിവാഹിതനാവുകയും ചെയ്തു. എന്നാല്‍ അവന്‍ വിവാഹം ചെയ്ത പെണ്‍കുട്ടിക്ക് ഫ്രാന്‍സെസിനെ ഇഷ്ടമല്ലായിരുന്നു. അതിനാല്‍ ഈ ‘അമ്മ അപമാനിതയാവുകയും, ഇടിച്ചുതാഴ്ത്തപ്പെടുകയും, തന്റെ ഏകമകന്റെ ജീവിതത്തില്‍ നിന്നും നിഷ്‌കാസിതയാക്കപ്പെടുകയും ചെയ്തു. എങ്കിലും പ്രാര്‍ത്ഥനയിലൂടെയും സഹനത്തിലൂടെയും ഫ്രാന്‍സെസ് ക്രമേണ തന്റെ മരുമകളുടെ മനോഭാവം മാറ്റിയെടുക്കുകയും കുടുംബത്തില്‍ സമാധാനം കൊണ്ടു വരികയും ചെയ്തു.

    എളിമയും, സ്‌നേഹവും കുടുംബത്തില്‍ തിരിച്ചു കൊണ്ടുവന്ന്, ശിഥിലമാക്കപ്പെട്ട കുടുംബത്തെ രക്ഷിക്കുവാനുള്ള കഴിവ് ചിലപ്പോള്‍ ഒരമ്മക്ക് മാത്രമേ ഉണ്ടായിരിക്കുകയുള്ളു എന്ന് ഈ വിശുദ്ധ തന്റെ ജീവിതത്തിലൂടെ ലോകത്തെ പഠിപ്പിച്ചു.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.