നല്ല പേരന്റിംഗിന്റെ 10 കല്‍പ്പനകള്‍

മിനു മഞ്ഞളി

മദ്യപിച്ചു ബോധംകെട്ടു പറമ്പില്‍ കിടന്ന കുട്ടികളെക്കുറിച്ചുള്ള വാര്‍ത്ത വായിച്ചിട്ട് അധിക നാളുകള്‍ ആയിട്ടില്ല. ആ കുട്ടികളുടെ മാതാപിതാക്കള്‍ എന്തുമാത്രമാണ് വേദനിച്ചിട്ടുണ്ടാവുക? എന്നെ സ്വാധീനിച്ച ഒരു വാക്യമുണ്ട്: “ഒരു അപ്പനും അമ്മയും ജീവിതത്തില്‍ വിജയം കൈവരിച്ചു എന്ന് പറയുന്നത് – അല്ലെങ്കില്‍ നല്ല പേരന്റിങ്ങിന്റെ ലക്ഷണം എന്ന് പറയുന്നത് – നമ്മുടെ കണ്ണ് തെറ്റിയാല്‍ നമ്മുടെ മക്കള്‍ എങ്ങനെ പെരുമാറുന്നു, എങ്ങനെ ജീവിക്കുന്നു, എങ്ങനെ നിലകൊള്ളുന്നു എന്നതിനെ ആശ്രയിച്ചിരിക്കും” എന്ന വാക്യമാണത്.

ഈ വാക്യം വലിയൊരു വെളിപാടാണ്. ദൈവം സമ്മാനമായി നല്‍കുന്ന കുട്ടി നമുക്ക് മുന്‍പിലേക്ക് കടന്നു വന്നത് ഒരു കുഞ്ഞുവാവയായിട്ടാണ്. ആ മോളോ, മോനോ വളരുന്നതും വലുതാകുന്നതും നമ്മുടെ കണ്മുന്നിലാണെങ്കിലും എത്ര വലുതായാലും അവര്‍ നമുക്കെന്നും വാവയായിരിക്കും. അവരോടൊപ്പം അവരുടെ ചിന്താരീതികളും പ്രവര്‍ത്തികളും മാറ്റത്തിന് വിധേയമാവുകയും ചെയ്യുന്നു. ചില കാര്യങ്ങള്‍ നമ്മുടെ മക്കള്‍ ചെയ്തു എന്ന് വിശ്വസിക്കാന്‍ നമ്മുടെ മനസ്സിന് പലപ്പോഴും സാധിക്കാതെ പോകുന്നു. അങ്ങനെ ചിന്തിക്കാന്‍ പോലും ഉള്ള സാധ്യത നാം പാടെ തള്ളിക്കളയുന്നു. നമുക്ക് മുന്‍പില്‍ വളരെ ശാന്തമായി, നന്മയോടെ വളരുന്ന മക്കള്‍ നമ്മുടെ കണ്ണ് എത്താത്ത ലോകത്തില്‍, സാഹചര്യത്തില്‍ എങ്ങനെ ജീവിക്കുന്നു എന്നതിലാണ് ഒരു അപ്പനും അമ്മയും എന്ന രീതിയില്‍ നമ്മുടെ വിജയം ഒളിഞ്ഞിരിക്കുന്നത് എന്ന് പറയുന്നതില്‍ തെറ്റില്ല. അങ്ങനെ വിജയം കണ്ടെത്താന്‍ ഇതാ ചില പൊടിക്കൈക്കള്‍ നിങ്ങളുടെ മുന്‍പിലേക്ക്:

കുഞ്ഞുങ്ങളുമായി ഇടപഴകുന്ന ആളാണോ നിങ്ങള്‍? ഒരു കുഞ്ഞിന്‍റെ അപ്പനോ, അമ്മയോ, അധ്യാപികയോ അല്ലെങ്കില്‍ കുട്ടികളുമായി ഇടപെടുന്ന ആരുമായികൊള്ളട്ടെ, താഴെപ്പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടും, തീര്‍ച്ച.

1. നിങ്ങള്‍ ചെയ്യുന്നത് എന്താണോ അത് വിലമതിക്കുന്നതാണ്

വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കാര്യമാണ് നമ്മുടെ പ്രവര്‍ത്തികള്‍. നമ്മുടെ ഒപ്പം വളരുന്ന കുഞ്ഞുങ്ങള്‍ നമ്മെ എപ്പോഴും കണ്ടുകൊണ്ടേയിരിക്കുകയാണ്. അവസരങ്ങളെ നാം എങ്ങനെ കൈകാര്യം ചെയ്യുന്നു, നമ്മുടെ സംസാര രീതികള്‍ എങ്ങനെയാണ് തുടങ്ങി മാതാപിതാക്കളുടെ ഓരോ നീക്കവും മക്കള്‍ ഒപ്പിയെടുക്കുകയാണ്. ഒരു പ്രവര്‍ത്തി നാം ചെയ്യുന്നത് വഴി രണ്ടു ഫലങ്ങള്‍ ആണ് ഉണ്ടാകുന്നത്. ഒന്ന്, നമ്മുടെ പ്രവര്‍ത്തിയുടെ ഫലം; രണ്ട്, ആ പ്രവര്‍ത്തി മൂലം രൂപപ്പെടുന്ന മക്കളുടെ സ്വഭാവം. നല്ലത് കണ്ടും കേട്ടും വളരുന്ന കുഞ്ഞുങ്ങള്‍ നന്മയുള്ളവരായി സമൂഹത്തിനും കുടുംബത്തിനും ഉപകാരമുള്ളവരായി നിലകൊള്ളുന്നു.

2. അന്ധമായി കുഞ്ഞുങ്ങളെ സ്നേഹിച്ച് വഷളാക്കാതിരിക്കാം

കുഞ്ഞുങ്ങളെ സ്നേഹിച്ച് അവരുടെ ജീവിതത്തെ നാശത്തിലേക്ക് നയിക്കാതിരിക്കാം. അധികമായാല്‍ അമൃതും വിഷം എന്നല്ലേ പറയുന്നത്. സ്നേഹമാകാം, ലാളനയാകാം, എന്നാല്‍ എന്തിനും ഒരു പരിധി  ഉള്ളത് നല്ലതാണ്. ചിലര്‍ അഭിപ്രായപ്പെടുന്നത് കേട്ടിട്ടില്ലേ, “അവര്‍ സ്നേഹിച്ച് വഷളാക്കിയതാണ് ആ കുഞ്ഞിനെ” എന്ന്. അപ്പന്‍റെയോ അമ്മയുടെയോ  അന്ധമായ  സ്നേഹം മൂലം മക്കള്‍ ആവശ്യപ്പെടുന്നത് എന്തും അവര്‍ക്ക് മുന്‍പില്‍ നിമിഷങ്ങള്‍ക്കകം എത്തിച്ച് കൊടുക്കന്ന മാതാപിതാക്കളാണ് നമുക്ക് ചുറ്റും. വയസ്സ് 20 ആയപ്പോഴേക്കും പഠനം ഉപേക്ഷിച്ചു വീട്ടില്‍ വന്നു നില്‍ക്കുന്ന അജു ആണ് ഇപ്പോള്‍ മനസ്സില്‍ വരുന്നത്. ജോലിക്കോ പഠനത്തിനോ പോകാതെ, ഇന്നത്തെ കുട്ടികളുടെ ട്രെന്‍ഡ് എന്നൊക്കെ പറഞ്ഞു മുടിയും താടിയുമെല്ലാം നീട്ടി വളര്‍ത്തി വീട്ടില്‍ വെറുതെ ഇരിക്കുകയാണ് അജു. അപ്പന്‍റെയും അമ്മയുടെയും അധിക ലാളന മൂലം ചെറുപ്പത്തില്‍ അവനെ ഉപദേശിക്കാനോ നേര്‍വഴിക്കു നടത്താനോ അവര്‍ ശ്രമിച്ചില്ല. എന്നാല്‍ ഇന്ന് എത്ര തിരുത്തിയാലും നേരെയാകാത്ത രീതിയില്‍ അവന്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. എന്‍റെ കുഞ്ഞിന് എന്‍റെ സ്നേഹം ഒരു ശാപമായി ജീവിതത്തില്‍ പരിണമിക്കാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം.

3. മക്കളുടെ ജീവിതത്തില്‍ പങ്കുകാരാകാം

മക്കളുടെ ജീവിതത്തില്‍ ഒന്നുചേരുന്നത് സമയവും പ്രയത്നവും ആവശ്യപ്പെടുന്ന പ്രക്രിയ ആണെങ്കിലും അതുമൂലം മക്കളുമായി കൂടുതല്‍ അടുപ്പം ജനിപ്പിക്കാന്‍ നമുക്ക് നിസ്സംശയം സാധിക്കുന്നു. പ്രയാസങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ മക്കളുമായി സമയം ചിലവഴിക്കുന്നത് അവര്‍ക്ക് ആശ്വാസവും ഒറ്റപ്പെടലില്‍ നിന്ന് മോചനവും നല്‍കുന്നു. ഏത് സാഹചര്യങ്ങളിലും അപ്പനും അമ്മയും കൂടെ ഉണ്ടെന്നുള്ള തോന്നലും അത് അവരില്‍ ഉളവാക്കുന്നു.

4. മക്കളുടെ വളര്‍ച്ചക്കനുസൃതമായി നമ്മുടെ പേരന്റിംഗ് രീതികളില്‍ മാറ്റം വരുത്താം

കുഞ്ഞുങ്ങളുടെ ഓരോ ചുവടുവെപ്പും വളര്‍ച്ചയും നിരീക്ഷിക്കാം. മക്കള്‍ ദിനംപ്രതി വളരുകയാണെന്ന സത്യം മറക്കാതിരിക്കാം. ഡ്രൈവിംഗ് സീറ്റില്‍ കയറിയിരിക്കുന്ന രണ്ടു വയസ്സുള്ള കുഞ്ഞിനെ നാം തടയുന്ന അതേ മനസ്സ് കൊണ്ട് തന്നെ, പ്രായപൂര്‍ത്തി ആയാല്‍ ഡ്രൈവിംഗ് പഠിക്കാനും വണ്ടി ഓടിക്കാനും സമ്മതം മൂളുന്നു. അതേപോലെ ജീവിതത്തിലെ ഒട്ടനവധി നിമിഷങ്ങില്‍ മക്കള്‍ക്കൊപ്പം ആയിരുന്ന് അവരുടെ വളര്‍ച്ചക്കനുസൃതമായ രീതിയില്‍ മാനസികമായി വളരാം.

5. ജീവിത വിജയത്തിനായി നിയമങ്ങള്‍- നിര്‍ദേശങ്ങളായി മക്കള്‍ക്ക്‌ കൊടുക്കാവുന്നതാണ്

“നിനക്ക് അപ്പനോട് വന്ന് തുറന്നുപറയാന്‍ സാധിക്കുന്ന എന്ത് കാര്യവും നിനക്ക് ചെയ്യാം.” എവിടെയോ കേട്ടുപതിഞ്ഞ ഈ വാക്യത്തില്‍ കുറച്ചെങ്കിലും കഴമ്പില്ലെ? ചില നിര്‍ദ്ദേശങ്ങള്‍ മക്കള്‍ക്ക്‌ കൊടുക്കുന്നത് പല അവശ്യ ഘട്ടങ്ങളിലും അവര്‍ക്ക് ഉപകാരപ്രദമായിരിക്കും. നിയമങ്ങള്‍ എന്തിനെകുറിച്ചും ആയികൊള്ളട്ടെ. അനുദിന ജീവിതത്തിലെ കൊച്ചു കൊച്ചു കാര്യങ്ങള്‍ തുടങ്ങി സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ വരെ എങ്ങനെ ആയിരിക്കാം എന്ന് ലോകപരിചയം ഉള്ള നമുക്ക് നിര്‍ദേശിക്കാവുന്നതാണ്‌. സ്വഭാവരൂപികരണത്തിനും മൂല്യമുള്ള മനുഷ്യരായി അവരെ വളര്‍ത്തിയെടുക്കാനും അത് ഉപകരിക്കും, തീര്‍ച്ച.

6. മക്കളുടെ സ്വാതന്ത്ര്യത്തെ പോഷിപ്പിക്കാം

ആത്മനിയന്ത്രണം വളര്‍ത്തിയെടുക്കാന്‍ മക്കളുടെ ജീവിതത്തില്‍ ചില അതിര്‍വരമ്പുകള്‍ സ്ഥാപിക്കാം. സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നത്, കുട്ടികള്‍ക്ക് സ്വയം നയിക്കപ്പെടുവാനുള്ള കഴിവ് വളര്‍ത്തിയെടുക്കാന്‍ സഹായിക്കും. ജീവിത വിജയത്തിന് രണ്ടും, ആത്മനിയന്ത്രണവും സ്വാതന്ത്ര്യവും അത്യന്താപേക്ഷിതമാണ്. സ്വാതന്ത്ര്യം കൊടുക്കാം; എന്നാല്‍ അത് നന്മയ്ക്കായി തന്നെയാണ് മക്കള്‍ ഉപയോഗപ്പെടുത്തുന്നത് എന്ന് ഉറപ്പ് വരുത്തേണ്ടത് മറക്കാതിരിക്കാം.

7. സ്ഥിരതയോടെ പെരുമാറാം

ചില സമയങ്ങളില്‍ ഒരു തരത്തിലും, സാഹചര്യം മാറിയാല്‍ മറ്റൊരു തരത്തിലും പെരുമാറുന്ന മുതിര്‍ന്നവര്‍ മക്കള്‍ക്കിടയില്‍ സംശയം ജനിപ്പിക്കും. ഒരു സമയത്ത് ഒരു പ്രവര്‍ത്തി ചെയ്യരുത് എന്ന് നിഷ്കര്‍ഷിക്കുന്ന മാതാപിതാക്കള്‍ മറ്റൊരു അവസരത്തില്‍ ആ പ്രവര്‍ത്തി ചെറിയ തോതില്‍ ചെയ്യാം എന്ന് അഭിപ്രായപ്പെട്ടെന്നിരിക്കട്ടെ. ഈ ഒരവസ്ഥയില്‍ മക്കളുടെ മനസ്സില്‍ സംശയം ജനിക്കുകയും അവര്‍ ഏത് രീതിയാണ് സ്വീകരിക്കേണ്ടത് എന്നോര്‍ത്ത്  സംശയിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇക്കാര്യത്തില്‍  നമുക്ക് പ്രത്യേകം  ശ്രദ്ധിക്കാം. ആലോചിച്ചതിനു ശേഷം മക്കള്‍ക്ക്‌ നിര്‍ദേശങ്ങള്‍ കൊടുക്കാം. പറയുന്നതില്‍ സ്ഥിരത നിലനിര്‍ത്താം.

8. കര്‍ക്കശമായ അച്ചടക്ക രീതികള്‍ ഒഴിവാക്കാം

കുട്ടികളെ കയ്യേറ്റം ചെയ്യുന്നത് കഴിവതും ഒഴിവാക്കുന്നത് നല്ലതാണ്. അതികഠിനമായ ചട്ടങ്ങളും നിയമങ്ങളും ഗുണത്തെക്കാള്‍ കൂടുതല്‍ ദോഷം ചെയ്യും. മാത്രമല്ല തൊട്ടതിനും പിടിച്ചതിനും എല്ലാം വഴക്ക് പറയുകയും തല്ലുകയും ചെയ്യുന്ന മാതാപിതാക്കളുമായി വിശേഷങ്ങള്‍ പങ്ക് വയ്ക്കുവാന്‍ കുട്ടികള്‍ മടി കാണിച്ചെന്നുവരാം. മക്കളെ ഇപ്പോഴും ദേഷ്യത്തോടെ നോക്കിക്കാണുന്ന മാതാപിതാക്കളുടെ മക്കള്‍ സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ മറ്റുള്ളവരുമായി അതേ ദേഷ്യവും വെറുപ്പും പെരുമാറ്റത്തില്‍ പ്രതിഫലിപ്പിക്കും.

9. നമ്മുടെ രീതികളും മക്കളെക്കുറിച്ചുള്ള തീരുമാനങ്ങളും ആഗ്രഹങ്ങളും വിശദീകരിക്കാം

മക്കളെക്കുറിച്ച് സ്വപ്നം കാണാത്ത മാതാപിതാക്കള്‍ ഉണ്ടാകില്ല. എന്നാല്‍ പലപ്പോഴും നമ്മുടെ ഈ ആഗ്രഹങ്ങള്‍ മക്കള്‍ അറിയാതെപോയെന്നു വരാം. കുഞ്ഞുമക്കളോട് അധികമായി കാര്യങ്ങള്‍ പങ്ക്  വയ്ക്കുകയും എന്നാല്‍ യുവത്വത്തിലേക്ക് കടന്നാല്‍ മക്കളില്‍ നിന്ന് ആഗ്രഹമെല്ലാം ഒളിച്ചുവയ്ക്കുകയും ചെയ്യുന്ന ഒരു പ്രവണതയാണ് സ്വതവേ കണ്ടു വരുന്നുണ്ട്. എന്നാല്‍ നമ്മുടെ മക്കളോട് അഭിപ്രായം പറയാന്‍ നമുക്കെന്നും കടമയും ഉത്തരവാദിത്വവും ഉണ്ടെന്ന് മറക്കാതിരിക്കാം.

10. സര്‍വോപരി മക്കളെ ബഹുമാനത്തോട് കൂടി പരിചരിക്കാം

‘Give respect and take respect’ എന്നല്ലേ. മക്കളോട് പെരുമാറുമ്പോഴും അങ്ങനെ തന്നെയാകാം. ബഹുമാനിക്കാം, നമുക്ക് മക്കളെയും അവരുടെ ചിന്തകളെയും. ബഹുമാനം ഏറ്റുവാങ്ങാനും മറ്റുള്ളവരോട് ബഹുമാനത്തോടെ പെരുമാറാനും അവര്‍ അതില്‍ നിന്നും സ്വയം പഠിക്കുകയും ചെയ്യുന്നു. സൗമ്യമായി സംസാരിക്കാം. നമ്മോടു മക്കള്‍ എന്തെങ്കിലും കാര്യത്തെ പറ്റി സംസാരിക്കുമ്പോള്‍ അവര്‍ക്ക് ചെവിയോര്‍ക്കാം. ഒരിക്കല്‍ പോലും അവരുടെ സംസാരത്തെ താല്പര്യമില്ലാത്ത പോലെ അവഗണിക്കരുത്. വീട്ടില്‍ നിന്നും പെരുമാറ്റങ്ങള്‍ പഠിക്കുന്ന മക്കള്‍ അതുപോലെ തന്നെയാകും പുറത്തു പോയാല്‍ പെരുമാറുക.

നമ്മുടെ കുഞ്ഞുമക്കളോട് നാം പുലര്‍ത്തുന്ന ബന്ധമാണ് അവരുടെ ജീവിതത്തില്‍ ഉടനീളം ഉള്ള ബന്ധങ്ങളുടെ തറക്കല്ലായി നിലകൊള്ളുക! എന്‍റെ കണ്ണ് തെറ്റിയാലും എന്‍റെ കുഞ്ഞ് ദൈവത്തിന് ഇഷ്ടമുള്ള  മകനും/മകളും ആയി നിലകൊള്ളും എന്ന് ഉറപ്പുവരുത്താം. പ്രാര്‍ത്ഥിക്കാം.

മിനു മഞ്ഞളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.