ഗ്വാട്ടിമാലയിലെ ആഭ്യന്തര കലാപത്തിൽ കൊല്ലപ്പെട്ട പത്ത് രക്തസാക്ഷികൾ ഇനി വാഴ്ത്തപ്പെട്ടവർ

ഗ്വാട്ടിമാലയിൽ 1960 മുതൽ 1996 വരെ ഉണ്ടായിരുന്ന ആഭ്യന്തര കലാപത്തിൽ കൊല്ലപ്പെട്ട രണ്ടു ലക്ഷത്തിലധികം ആളുകളിൽ വിശ്വാസ സംരക്ഷണത്തിനായി ജീവൻ ത്യജിച്ച മൂന്നു സ്പാനിഷ് വൈദികരും ഏഴ് വിശ്വാസികളും ഇനി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ. 1980 -91 കാലഘട്ടങ്ങളിൽ മരണമടഞ്ഞവരായിരുന്നു ഇവർ. ഏപ്രിൽ 23 -നാണ് അപ്പോസ്തോലിക പ്രതിനിധി ബിഷപ്പ് ഫ്രാൻസിസ്‌കോ മോന്റസില്ലോ, ഗ്വാട്ടിമാലയിലെ സാന്താ ക്രൂസ് ഡെൽ ക്വിഷേയിൽ വെച്ച് നടന്ന ചടങ്ങിലാണ് ഇവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ നടന്ന ചടങ്ങിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. “കാലങ്ങളായി നമ്മുടെ രൂപതയിൽ യേശുവിനെ അനുഗമിച്ച ശേഷം ജീവൻ നൽകിയവരുടെ ഓർമ്മകൾ ഇപ്പോൾ വിശ്വാസികൾക്ക് മാതൃകയായിരുന്നു. യേശുവിനെപ്പോലെ തന്നെ രക്തസാക്ഷികളും ഈ ലോകത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്തു. അവിടുത്തെ ഒരു അധ്യാപകനായും സുഹൃത്തായും അവർ പിന്തുടർന്നതിനാൽ പിതാവായ ദൈവത്തിന്റെ ഹിതം അവർക്ക് നിറവേറ്റുവാൻ സാധിച്ചു.” -ബിഷപ്പ് റൊസോലിനോ ബിയാഞ്ചേറ്റി പറഞ്ഞു.

ഗ്വാട്ടിമാലയിലെ 36 വർഷം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിൽ രണ്ടു ലക്ഷത്തിലധികം പേർ മരണമടയുകയും 40000 -ത്തിലധികം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളും ആക്രമണങ്ങളും ആയിരുന്നു അവിടെ നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.