തീരത്തെ ഇങ്ങനെകരയിക്കരുത്: ചെല്ലാനം തീരസംരക്ഷണത്തെക്കുറിച്ച് അഡ്വ. ഷെറി ജെ തോമസ് എഴുതുന്നു

അഡ്വ. ഷെറി ജെ. തോമസ്

കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ കടലാക്രമണം മൂലം ബുദ്ധിമുട്ട് ഏറിയ പ്രദേശങ്ങളില്‍ ഒന്നായ ചെല്ലാനം ഭാഗത്ത് വേളാങ്കണ്ണി, ബസാര്‍, വാച്ചാക്കല്‍, വലിയകടവ് എന്നീ പ്രദേശങ്ങള്‍ അതീവ ഗുതരമായ കടലാക്രമണം നേരിടുന്നവയാണ്. അതോടൊപ്പം തന്നെ ഫോര്‍ട്ടുകൊച്ചി മുതല്‍ തെക്കേ ചെല്ലാനം വരെയുള്ള പ്രദേശങ്ങള്‍ അടിയന്തരമായ ശ്രദ്ധ അര്‍ഹിക്കുന്നതുമാണ്. ഈ പ്രദേശങ്ങളില്‍ കടല്‍ഭിത്തിയുടെ ശാസ്ത്രീയമായ പുനരുദ്ധാരണവും കേടുപാടുതീര്‍ക്കലും ഉള്‍പ്പെടെ, കടലാക്രമണം തടയുന്നതിനുള്ള സ്ഥിരം സംവിധാനം ഉണ്ടാകേണ്ടതുണ്ട്.

ചെല്ലാനം പ്രദേശത്ത് താല്ക്കാലിക സംരക്ഷണം എന്നതിന്‍റെ പേരില്‍ 8 കോടി രൂപ ജിയോ ട്യൂബ് നിറച്ച് താല്‍ക്കാലിക കടല്‍ഭിത്തി ഉണ്ടാക്കുന്നതിന് അനുവദിക്കുകയും അതിന് കരാര്‍ നല്‍കി 10-9-2018 തിയതി പ്രദേശം നിര്‍മ്മാണത്തിനായി കരാറുകാരന് കൈമാറുകയും ചെയ്തു. കരാറുകാരന്‍ 9-1-2019 -നുള്ളില്‍ പണി പൂര്‍ത്തിയാക്കണം എന്നായിരുന്നു വ്യവസ്ഥ.

പല കാരണങ്ങളാല്‍ കരാറുകാരന്‍ പണി ആരംഭിച്ചില്ല. അതേസമയം തീരം അടങ്ങിയിരുന്നുമില്ല. തീരവാസികള്‍ക്ക് ബുദ്ധിമുട്ട് തുടര്‍ന്നുകൊണ്ടേയിരുന്നു. ഒടുവില്‍, കരാറുകാരന്‍ പണി ആരംഭിക്കാത്തതിനാല്‍ കരാറുകാരന് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ശുപാര്‍ശപ്രകാരം 9-4-2019 വരെ കരാര്‍ കാലാവധി നീട്ടിക്കൊടുത്തു.

പക്ഷേ, എന്നിട്ടും കരാറുകാരന് പൂര്‍ത്തിയാക്കുവാന്‍ പോയിട്ട് പണി ആരംഭിക്കുവാന്‍ പോലും സാധിക്കാതിരുന്നതിനാല്‍ 17-5-2019 തീയതി സര്‍ക്കാര്‍ കരാര്‍ റദ്ദാക്കി. അതിനെതിരെ കരാറുകാരന്‍ 17823/2019 എന്ന നമ്പറില്‍ റിട്ട് ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കുകയും, കരാര്‍ പ്രകാരം പണി നടത്താനുള്ള അനുവാദം നല്കണമെന്നും, ആവശ്യപ്പെട്ടു. നിരവധി തവണ സമയം നല്‍കിയിട്ടും കരാറുകാരന്‍ പണി പൂര്‍ത്തിയാക്കിയില്ല എന്നത് സൂചിപ്പിച്ച കോടതി സര്‍ക്കാരിന്‍റെ കൂടി അഭിപ്രായാനുസരണം ആറുമാസസമയം കൂടി കരാറുകാരന് നീട്ടി നല്കി. അങ്ങനെ 2-7-2019 തീയതിയിലെ വിധി പ്രകാരം ആറുമാസസമയം കരാറുകാരന് നീട്ടി കിട്ടി.

സമയം നീട്ടി നല്കിയിട്ടും, കരാറുകാരന്‍ പണി ആരംഭിച്ചില്ല. കോടതി ഉത്തരവുണ്ടായിട്ടും പണി ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല എന്നു കാണിച്ച് കോടതിയലക്ഷ്യ ഹര്‍ജി ഫയലാക്കി. കോടതിയലക്ഷ്യ ഹര്‍ജി അനന്തമായി നീണ്ടുപോകുന്ന സാഹചര്യം വന്നു. ശേഷിക്കുന്ന പണിയുടെ 30% സെക്യൂരിറ്റി തുക കെട്ടിവയ്ക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മാനുവല്‍ ഉദ്ദരിച്ച് സര്‍ക്കാര്‍ ആവശ്യപ്പെടുകയും, എന്നാല്‍, അത് ആവശ്യമില്ല കോടതി പണി തുടരാന്‍ നിര്‍ദ്ദേശിച്ചു എന്ന് കരാറുകാരന്‍ പറയുകയും, അങ്ങനെ സാങ്കേതിക തത്വങ്ങളുടെ പേരില്‍ തര്‍ക്കങ്ങള്‍ നീണ്ടുപോയി.

ഈ സമയം പ്രദേശവാസികളായ ഏഴ് പേര്‍ ഹൈക്കോടതിയെ സമീപിച്ച് 24923/2019 എന്ന റിട്ട് ഹര്‍ജി അവര്‍ നല്കുകയും, ശാശ്വതമായ പരിഹാരം തീരസംരക്ഷണത്തിനുണ്ടാകണമെന്നും ആയതിന് സമഗ്രമായ നടപടി ഉണ്ടാകണം എന്നുമുള്ള നിവൃത്തികള്‍ മുഖ്യ ആവശ്യമായി ഹര്‍ജി നല്‍കുകയും, സമയബന്ധിതമായി ഇപ്പോള്‍ കരാര്‍ കൊടുത്തിരിക്കുന്ന ജിയോ ട്യൂബ് കടല്‍ ഭിത്തി പൂര്‍ത്തിയാക്കണമെന്നും,സാങ്കേതികത്വങ്ങളുടെ പേരില്‍ അത് നീട്ടിക്കൊണ്ടുപോകരുതെന്നും ആവശ്യപ്പെടുകയും ചെയ്തു.

പ്രദേശവാസികള്‍ നല്‍കിയ ഹര്‍ജിയും കരാറുകാരന്‍ നല്കിയ കോടതിയലക്ഷ്യഹര്‍ജിയും ഒരുമിച്ച് വാദം കേട്ട കോടതി ഒടുവില്‍ കോടതിയലക്ഷ്യ ഹര്‍ജി 28-10-19 ല്‍ തീര്‍പ്പാക്കി. കരാറുകാരനും, സര്‍ക്കാരും തമ്മിലുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് സംബന്ധിച്ച സാങ്കേതികതത്വങ്ങള്‍ ജനങ്ങളുടെ സുരക്ഷയെ ബാധിക്കരുതെന്നും പ്രദേശവാസികളുടെ ബുദ്ധിമുട്ട് കണ്ടില്ലെന്ന് നടിക്കരുതെന്നും കോടതി കര്‍ശനമായി പറഞ്ഞു. ആയതിന്‍റെ അടിസ്ഥാനത്തില്‍ കരാറുകാരന്‍റെ ബില്ലില്‍ നിന്നും കുറവ് വരുത്തി സാങ്കേതികതത്വങ്ങള്‍ അവസാനിപ്പിച്ച് 15 ദിവസത്തിനുളളില്‍ പണി തുടങ്ങാന്‍ നിര്‍ദ്ദേശിച്ചു.

പ്രദേശവാസികള്‍ നല്കിയ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് എന്ന നിലയില്‍ 28-10-19 മുതല്‍ ഓരോ മുപ്പതുദിവസം കൂടുമ്പോഴും ഇറിഗേഷന്‍ വകുപ്പിന്‍റെ തലപ്പത്തുള്ള ഉദ്ദ്യോഗസ്ഥന്‍ ജിയോ ട്യൂബ് പണിയുടെ പുരോഗതി സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഫയലാക്കാനും നിര്‍ദ്ദേശിച്ചു.

കരാറും, കോടതിയും, ഇങ്ങനെയൊക്കെ പറയുമ്പോഴും തീരം മുമ്പു ചെയ്തതു തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നും തീരം ദുരിതത്തിലാണ്. തീരവാസികള്‍ കരയുകയാണ്. ഒരിക്കല്‍ പണിയാരംഭിക്കുന്നതിന് സാധിക്കാതിരുന്ന കരാറുകാരന്‍ ഇനിയെങ്കിലും സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുമോയെന്ന ആശങ്കയിലാണ് ജനം. അല്ലെങ്കില്‍ പുതിയ കരാര്‍ വിളിക്കാന്‍ ഇനിയും നടപടികള്‍ക്കായുള്ള കാത്തിരുപ്പ്. എന്തായാലും സമഗ്രമായ സ്ഥിരം സുരക്ഷ സംവിധാനങ്ങളുണ്ടാകുന്നതുവരെ ആശങ്കയും കാത്തിരുപ്പും അവരുടെയൊപ്പം ഉണ്ടാകും. സമരങ്ങളും സമരക്കാരുടെയുമപ്പുറത്ത് ശാശ്വതമായ വിഷയപരിഹാരമാണ് അവരുടെ ഒരേയൊരാഗ്രഹം !.

അഡ്വ. ഷെറി ജെ. തോമസ്