കലാപകാരികളുടെയും അമ്മയായി മാറിയ മാമ്മാ മരിയ – ആഫ്രിക്കയിലെ മദർ തെരേസ

സി. സോണിയാ കുരുവിള മാതിരപ്പള്ളിൽ

മദർ തെരേസയെപ്പോലെ റിപ്പബ്ലിക്ക് ഡെമോക്രാറ്റിക്ക് കോംഗോയുടെ സ്വന്തം അമ്മയാണ് ഇറ്റലിക്കാരിയായ സി. മരിയ കൊൺചേത്ത. ദൈവസ്നേഹത്തെയും, സഹോദരസ്നേഹത്തെയും പ്രതി 24 മത്തെ വയസിൽ ആഫ്രിക്കയിലേയ്ക്ക് പുറപ്പെട്ട ഈ സിസ്റ്റർ തന്റെ ജീവിതം ഈ ജനതയ്ക്കായ് മാറ്റിവച്ചിട്ട് 60 വർഷത്തോളം ആയി.

പെട്രോളിയത്തിന്റെയും, സ്വർണ്ണത്തിന്റെയും, വജ്രത്തിന്റെയും, കോബാൾറ്റിന്റെയും ഖനികൾ ധാരാളമുള്ള റിപ്പബ്ലിക്ക് ഡെമോക്രാറ്റിക്ക് കോംഗോ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഒരു രാജ്യം ആണ്. പക്ഷെ വിദേശരാജ്യങ്ങളുടെ കറുത്ത കൈപ്പിടിയിൽ ഒതുങ്ങിയിരിക്കുന്ന ഈ രാജ്യം ലോകത്തിലെ തന്നെ ഏറ്റവും ദരിദ്ര്യമായ ഒന്നായ് മാറിയിരിയ്ക്കുന്നു. പതിനായിരക്കണക്കിന് കൊച്ചുകുട്ടികൾ ആണ് സ്കൂളുകളിൽ പോലും പോകാതെ ഈ ഖനികളിൽ യാതൊരുസുരക്ഷയും ഇല്ലാണ്ട് അതികഠിനമായ ജോലികളിൽ ഏർറപ്പെട്ടിരിയ്ക്കുന്നത്.

വിദേശശക്തികൾ ആയുധങ്ങൾ നൽകി ഗോത്രങ്ങളെ പരസ്പരം തമ്മിലടിപ്പിച്ച് അസമാധാനം സൃഷ്ടിക്കുകയും അതെ സമയം ഈ രാജ്യത്തിന്റെ പ്രക്യതിസമ്പത്ത് മോഷ്ടിക്കുകയും ചെയ്യുന്നു. ഈ ചൂഷണത്തിനെതിരെ ശബ്ദം ഉയർത്താൻ ഒരു സംഘടനകളോ രാജ്യങ്ങളോ തുനിയാറില്ല. എല്ലാവരുടെയും നിസംഗതമനോഭാവം ഈ രാജ്യത്തിന് സമ്മാനിയ്ക്കുന്നത് യുദ്ധങ്ങളും, കലാപങ്ങളും, രോഗങ്ങളും, പട്ടിണിയും… ആയിരക്കണക്കിന് കുട്ടികൾ അണ് പട്ടിണിമൂലം ഓരോ വർഷവും ഇവിടെ മരണമടയുന്നത്.

റിപ്പബ്ലിക്ക് ഡെമോക്രാറ്റിക്ക് കോംഗോയുടെ വടക്കുഭാഗത്തള്ള ഒരു ചെറിയ നഗരം ആണ് സോംങ്കോ, ക്രിസ്ത്യാനികളും, മുസ്ലീംങ്ങളും അടങ്ങുന്ന ഇവിടുത്തെ ജനങ്ങൾ അതീവ ദാരിദ്ര്യത്തിൽ കൂടി കടന്നു പോകുന്നു. വിദേശ രാജ്യങ്ങളുടെ കറുത്തകൈകൾ തങ്ങളുടെ നേട്ടത്തിനായ് പലപ്പോഴും മതങ്ങളെയും, ഗോത്രങ്ങളെയും തമ്മിൽ അടിപ്പിച്ച് സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിയ്ക്കുന്നു. നാടിന്റെ പുരോഗമനത്തിനായ് എന്തെങ്കിലും ഒന്ന് കെട്ടിപ്പടുത്തുവരുമ്പോൾ അപ്രതീഷിതമായ യുദ്ധങ്ങളും, കലാപങ്ങളും പലപ്പോഴും അവയെ തൂത്ത് തുടച്ചില്ലാതാക്കുന്നു നല്ല സ്കൂളുകളും ആശുപത്രികളും ഈ ദേശത്തിന് ഇന്നും അന്യമാണ്.

ആതുരശുശ്രൂഷ മേഖലയിൽ മാമ്മ മരിയായുടെ സന്യാസസഭയായ വി. യൗസേപ്പിതാവിന്റെ പുത്രിമാർ പല ഉദാരമനസ്കരുടെയും സഹായത്താൽ കെട്ടിപടുത്ത ഒരു ഡിസ്പെൻസറിയാണ് സോംങ്കോ എന്ന നഗരത്തിന്റെ ഏക പ്രതീക്ഷ. യുദ്ധങ്ങളും കലാപങ്ങളും തങ്ങൾ കെട്ടിപടുത്തതെല്ലാം തച്ചുടച്ച് കളഞ്ഞെങ്കിലും പാവപ്പെട്ട ഈ ജനതയെ സഹായിക്കുവാനായ് വീണ്ടും വീണ്ടും കെട്ടിപ്പടുത്ത ഈ ചെറിയ ഡിസ്പെൻസറിയുടെ മേൽനോട്ടം വഹിക്കുന്നത് 84 കാരിയായ മാമ്മ മരിയ ആണ്.

തന്റെ 60 വർഷത്തെ സേവനത്തിനിടയിൽ മാമ്മ മരിയ തന്റെ കൈകളെ ഒരു പിള്ള തൊട്ടിലായ് മാറ്റിയിരിയ്ക്കുന്നു. ഈ ദേശത്തെ രണ്ടും മൂന്നും തലമുറകളിലെ 36,000 – ത്തിൽ പരം കുഞ്ഞങ്ങൾ ഈ അമ്മയുടെ കരങ്ങളിൽ കൂടിയാണ് ലോകത്തിന്റെ വെളിച്ചത്തിലേയ്ക്ക് കടന്നു വന്നത്. ജാതി മത ഭേതമന്യ രാവോ, പകലോ നോക്കാതെ തങ്ങളുടെ ഭവനത്തിന്റെ വാതിലിൽ വന്നു മുട്ടുന്ന ആരെയും പുഞ്ചിരി തൂകുന്ന മുഖത്തോടെ മാമ്മ മരിയ സ്വീകരിയ്ക്കും. ആ ദേശത്തിലെ 98% സ്ത്രീകളും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുവാൻ സഹായം തേടി വരുന്നത് മാമ്മ മരിയായുടെ അടുത്തേയ്ക്കാണ്. ആഫ്രിക്കൻ നാടുകളിൽ അമ്മ എന്ന് വിശേഷിപ്പിക്കുന്നത് “മാമ്മ” എന്ന പദം കൊണ്ടാണ്.

വില്ലസ്സോറിന്റെ പൊന്നോമന പുത്രി

ഇറ്റലിയിലെ സർദേഞ്ഞ എന്ന ദ്വീപിൽ വില്ലസ്സോർ എന്ന ചെറിയ ഒരു ദേശത്ത് 1934 – ൽ ഒരു സാധാരണ കുടുംബത്തിലെ 6 മക്കളിൽ 5 മത്തെ കുട്ടിയായ് ചെസീറ (സി. മരിയ കൊൺചേത്ത) ഭൂജാതയായി. തികച്ചും ദൈവ വിശ്വാസികളായ മാതാപിതാക്കൾ തങ്ങളുടെ ആറു മക്കളെയും ദൈവ വിശ്വാസത്തിൽ വളർത്തി കൊണ്ടുവന്നതിനാൽ ദൈവത്തിന്റെ വലിയ അനുഗ്രഹം ആ കുടുംബത്തെ തേടിയെത്തി, 6 മക്കളിൽ 3 മക്കൾ സമർപ്പിത ജീവിതം തിരഞ്ഞെടുത്തപ്പോൾ സന്തോഷത്തോടെ അവരെ ദൈവത്തിനായ് വിട്ടുകൊടുത്തു. സി. മരിയയെ കൂടാതെ സഹോദരൻ ജൂലിയോയും, സഹോദരി കർമ്മേലയും ദൈവവിളി സ്വീകരിച്ചു. ചെറുപ്പം മുതൽ തന്റെ ഹൃദയത്തിൽ സൂക്ഷിച്ച് വച്ച ഒരു രഹസ്യമാണ് ഒരു മിഷ്ണറിയായ് തീരുക എന്നത്, അതിനാൽ 21- ത്തെ വയസ്സിൽ ജെനോണിയിലെ വി. യൗസേപ്പിതാവിന്റെ പുത്രിമാരുടെ സന്യാസസഭയിലെ ഒരു അംഗമായ് തീർന്നു. 24 – മത്തെ വയസ്സിൽ മിഷ്ണറിയായ് തീരുക എന്ന തന്റെ ആഗ്രഹം സഫലമാക്കാനായ് 1958 – ൽ റിപ്പബ്ലിക്ക് ഡെമോക്രാറ്റിക്ക് കോംഗോയിലേയ്ക്ക് യാത്ര തിരിച്ചു. അന്നു മുതൽ ഇന്നു വരെ ഒരു മെഴുകുതിരിപോലെ തന്റെ ജീവിതം ആഫ്രിക്കൻ ജനതയക്കായ് ഈ അമ്മ ഉരുകി ഉരുകി തീർക്കുകയാണ്.

1996 – ൽ റിപ്പബ്ലിക്ക് ഡെമോക്രാറ്റിക്ക് കോംഗോയിൽ ആദ്യത്തെ യുദ്ധം പൊട്ടിപുറപ്പെട്ടു, 1997 – ൽ അല്പം ശാന്തതയുണ്ടായെങ്കിലും 1998 – ൽ വീണ്ടും യുദ്ധം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി 2003 വരെ ഈ യുദ്ധം നീണ്ടു നിൽക്കുകയും ലക്ഷകണക്കിന് ജനങ്ങൾ മരണമടയുകയും പാലായനം ചെയ്യുകയും ഉണ്ടായി. സെൻറ് ജോസഫ് സിസ്റ്റേഴ്സിനും തങ്ങളുടെ സേവനമേഖല ഉപേക്ഷിച്ച് അടുത്തുള്ള മറ്റൊരു ദേശത്ത് അഭയം പ്രാപിക്കേണ്ടി വന്നു. കാരണം തങ്ങളുടെ കഠിനാദ്ധ്വാനവും പല ഉദാരമനസ്കരുടെയും സഹായത്താൽ പണിതെടുത്ത ആ ചെറിയ ആശുപത്രിയും കോൺവെന്റും പട്ടാളക്കാരുടെ കൈപിടിയിൽ ഒതുങ്ങി, പട്ടാളക്കാർ അത് അവരുടെ താവളമാക്കി.

2003 ൽ യുദ്ധം അവസാനിച്ചപ്പോൾ കോൺവെൻറിലും ആശുപത്രിയിലും ഉണ്ടായിരുന്ന സകല നല്ല സാധനങ്ങളും അവർ കൊണ്ടുപോയി. മാമ്മ മരിയയുടെ ഇറ്റാലിയൻ സുഹ്യത്തുക്കൾ ഇറ്റലിയിൽ നിന്ന് കൊണ്ടുവന്ന് വച്ച പുതിയ തരം വാതിലുകൾ (സ്വയം അടയുകയും തുറക്കകയും ചെയ്യുന്ന) പോലും ആരെക്കെയോ എടുത്തു കൊണ്ടുപോയി. ആ ചെറിയ ആശുപത്രിയുടെയും കോൺവെൻറിന്റെയും ഭിത്തികൾ മാത്രം അവിടെ ശേഷിച്ചു. പലപ്പോഴും കലാപത്തിൻെറയും യുദ്ധത്തിന്റെയും പിടിയിൽ അമർന്നിരുന്ന ഈ നഗരത്തിൽ ഒരിയ്ക്കൽ കലാപകാരികൾ മാമ്മ മരിയായുടെ മഠവും ഡിസ്പെൻസറിയും കൈയേറി.

തന്നോടെപ്പമുള്ള ഒരു അനാഥ കുഞ്ഞിനെ മാറോട് ചേർത്ത് മാമ്മ മരിയ ധീരതയോടെ കലാപകാരികളുടെ മുന്നിൽ നിന്നു. പണം കൊടുത്തില്ലെങ്കിൽ ആ കുഞ്ഞിനെയും, മാമ്മായെയും കൊല്ലുമെന്ന് പറഞ്ഞ് തോക്ക് ചൂണ്ടി നിൽക്കുന്ന കലാപകാരിയോട് മാമ്മ മരിയ പറഞ്ഞു: “എന്നെ വേണമെങ്കിൽ കൊന്നോ, പക്ഷേ, ഈ കുഞ്ഞിനെ ജീവിക്കാൻ അനുവദിയ്ക്കണം.” പെട്ടെന്ന് കലാപകാരികളിൽ ഒരാൾ തോക്ക് ചൂണ്ടി നിൽക്കുന്നയാളോട് പറഞ്ഞു; “ഈ സ്ത്രീയെ വെറുതെ വിടാം; കാരണം ഇവരുടെ കരങ്ങളിൽ കൂടിയാണ് നമ്മുടെ കുഞ്ഞുങ്ങൾ ഈ ലോകത്തിലേയക്ക് കടന്നു വരുന്നത്.” മാമ്മ മരിയയുടെ സത്പ്രവർത്തികൾ വെടിയുണ്ടകളിൽ നിന്ന് സ്വന്തം ജീവനെയും, സഹസഹോദരിമാരുടയും ആ കുഞ്ഞിന്റെയും ജീവനെ രക്ഷിച്ചു. “കലാപകാരികളുടെ മനസ്സിനെ പോലും കീഴ്പ്പെടുത്തുന്ന കരുത്ത് ദൈവം മാമ്മ മരിയയ്ക്ക് കൊടുത്തു”.

മാമ്മായുടെ ഹൃദയ വിശുദ്ധി

മൂന്ന് വർഷം മുൻമ്പ് ഇറ്റലി സന്ദർശിച്ച മാമ്മ മരിയ പറഞ്ഞ ഒരു സംഭവം ഒരു ചെറുമന്ദഹാസത്തോടെ ഞാൻ ഓർക്കുന്നു. യുദ്ധത്തിന് ശേഷം മാമ്മ മരിയായും മറ്റ് സിസ്റ്റേഴ്സും വാതിലുകളും ജനലുകളുമൊത്തമില്ലാത്ത കോൺവെൻറിൽ കഴിയുകയാണ്. എവിടെ നിന്നോ അല്ലറ ചില്ലറ സാധനങ്ങൾ തട്ടി കൂട്ടി ഡിസ്പെൻസറിയുടെ പ്രവർത്തനം വീണ്ടും ആരംഭിച്ചു. കാരണം ധാരാളം സ്ത്രീകൾ നിറവയറുമായ് ഓരോ ദിവസവും മoത്തിന്റെ വാതിൽക്കൽ എത്താൻ തുടങ്ങി. പതിവുപോലെ മാമ്മ മരിയയും മറ്റ് സിസ്റ്റേഴ്സും അവരെ സ്വീകരിയ്ക്കുന്നു.

അപ്പോൾ അതാ ഒരു സ്ത്രീ നിറവയറുമായ ഒരു പെട്ടിയും വലിച്ച് കടന്നു വരുന്നു, ഒരു നിമിഷം മാമ്മ മരിയായുടെ കണ്ണുകൾ ആ പെട്ടിയിൽ ഉടക്കി. മമ്മായ്ക്കു വിശ്വസിക്കാനായില്ല; തന്റെ സ്വന്തം പെട്ടിയാണ് ആ സ്ത്രീയുടെ പക്കൽ ഉള്ളത്! യുദ്ധത്തിനിടയിൽ തനിയ്ക്ക് മഠത്തിൽ ഉപേക്ഷിച്ച് പോകേണ്ടി വന്നതാണ്, പട്ടാളക്കാർ കയിൽ കിട്ടിയ നല്ല സാധനങ്ങൾ കൊണ്ട് പോയപ്പോൾ അടുത്ത ഊഴം നാട്ടുകാരുടെയായിരുന്നു മഠത്തിൽ അവശേഷിച്ചതെല്ലാം അവർ എടുത്തു കൊണ്ടു പോയി. രണ്ടുള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ എന്ന ചൊല്ല് അക്ഷരംപ്രതി അനുസരിയ്ക്കുന്നവർ ആണ് ഈ നാട്ടുകാർ അതു കൊണ്ട് തന്നെ ഒരിയ്ക്കൽ തന്റെ കൈവശം എത്തിയ സാധനം തന്റെ സ്വന്തമായ് കണ്ടെതിനാൽ നിഷ്കളങ്കമായ മനസ്സോടെ അവർ മാമ്മ മരിയായുടെ അടുത്ത് തന്നെ എത്തിച്ചു. പരാതിയോ പരിഭവമോ ഇല്ലാതെ സ്വതസിദ്ധമായ പുഞ്ചിരിയോടെ ആ സ്ത്രീയെയും മാമ്മ മരിയ സ്വീകരിച്ചത് ആ ഹൃദയത്തിലെ നന്മകൾ എടുത്തുകാണിയ്ക്കുന്നു.

സി. സോണിയ തെരേസ് ഡി. എസ്സ്. ജെ