നേവൽ ഓഫീസറിൽ നിന്നു ബനഡിക്ടൻ സന്യാസിനിയിലേക്ക്

ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ നയിക്കുന്ന വഴികൾ വിചിത്രമാണ്. അതു ചിലപ്പോൾ  അത്ഭുതാവഹവും നിഗൂഡവുമായിരിക്കും. സിസ്റ്റർ എലിസബത്ത് ബൗവുംഗാർട്ടനറുടെ ജീവിതത്തിൽ അതു ഭാവനകൾക്കും പ്രതീക്ഷകൾക്കുമപ്പുറം നിൽക്കുന്നതായിരുന്നു. ലോക ദൃഷ്ടിയിൽ ബഹുമാന്യമായ ഒരു ജോലിയിൽ നിന്നു പ്രാർത്ഥനാ ജീവിതത്തിലേക്കുള്ള ഒരു ഉൾവലിവ്  അത്ര എളുപ്പത്തിൽ സാധിക്കുമെന്നു അവളുടെ വന്യമായ സ്വപ്നങ്ങളിൽ പോലും ഇല്ലായിരുന്നു. ദൈവമേ നിന്റെ വഴികൾ എത്രയോ നിഗൂഢം.

2016 നവംബർ മാസം ആറാം തീയതി അമേരിക്കയിലെ കോളോറാസോ സംസ്ഥാനത്തുള്ള  സെന്റ്. വാൽബുർഗാ ബനഡിക്ടൻ  ആബിയിൽ  ആഘോഷമായ വ്രതവാഗ്ദാനം നടത്തി ദൈവത്തിനു സമ്പൂർണ്ണമായി സിസ്റ്റർ എലിസബത്തു തന്റെ ജീവിതം സമർപ്പിച്ചു. ബനഡിക്ടിൻ സന്യാസസഭയിൽ ചേരുന്നതിനു മുമ്പ് പതിനഞ്ചു വർഷക്കാലം അമേരിക്കൽ നാവിക സേനയിൽ  നേവൽ ഓഫീസറായി സേവനമനുഷ്ഠിച്ചട്ടുണ്ട് സിസ്റ്റർ എലിസബത്ത്, ഇതിൽ എഴു വർഷം കമ്യൂണിക്ഷേൻ ഓഫീസറായും എട്ടു വർഷം ക്രിപ്റ്റോജിക് ഓഫീസറായുമാണ് അവൾ സേവനം ചെയ്തത്.

ഇനിയുള്ള കാലം സിസ്റ്റർ എലിസബത്ത് കർത്താവിന്റെ പ്രിയ മണവാട്ടിയായി ദൈവത്തെയും സഭയെയും ശുശ്രൂഷിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.

“എന്റെ ചുറ്റുമുള്ളവർക്കു ക്രിസ്തുവിനെ നൽകാൻ ഞാൻ പ്രാർത്ഥിക്കുന്നു. വിശ്വസ്തയുള്ള ഒരു ബനഡിക്ടിൻ സന്യാസിനിയായി എന്റെ ജീവിതത്തിന്റെ എല്ലാ ദിവസങ്ങളിലും  ദൈവീക ശുശ്രൂഷയുടെ സ്കൂളിൽ നിന്നു പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” തന്റെ പുതിയ ജീവിതത്തെക്കുറിച്ചു സി. എലിസബത്തു പറയുന്നു.

ജൂഡിത്ത് എന്നു മാമ്മോദീസാ നാമം ഉള്ള സിസ്റ്റർ എലിസബത്ത് എഴുമക്കളിൽ മൂത്തവളായി സെൽവറിൽ ജനിച്ചു. അഞ്ചാം ക്ലാസ്സുവരെ ഡെൻവറിൽ പഠിച്ച ജൂഡിത്ത്, സെന്റ്.  ലൂയീസ് എങ്കൽവുഡ് സ്കൂളിലാണ് മിഡിൽ സ്കൂൾ പൂർത്തിയാക്കിയത്. 1998 ൽ എങ്കൽവുഡിലുള്ള  സെന്റ് മേരീസ് അക്കാദമയിൽ നിന്നു ബിരുദം കരസ്ഥമാക്കി. പിന്നീട് അന്നാപോളീസിലുള്ള യു.എസ്സ് നേവൽ അക്കാദമയിൽ ചേർന്നു. 1992 ൽ പഠനം പൂർത്തിയാക്കി.

നേവൽ അക്കാദമയിൽ ആയിരിക്കുന്ന സമയത്തു അനുദിന ദിവ്യബലിയിൽ സംബന്ധിക്കുന്നതിൽ ജുഡീത്ത്  പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവളെ നിയമിച്ചിരുന്ന നേവൽ ബെയ്സുസുകളി കാത്തോലിക്കാ കമ്മ്യൂണിറ്റികളിൽ ജൂഡിത്ത് സജീവ പ്രവർത്തകയായിരുന്നു. ഇറ്റലിയിലെ നേപ്പിൾസിലെ തന്റെ ആദ്യ ജോലി സ്ഥലത്തുള്ള ചാപ്പലിൽ പ്രാർത്ഥിച്ചിരുന്ന സമയത്താണ് ഒരു കന്യാസ്ത്രീ ആകണം എന്ന ചിന്ത ആദ്യമായി മനസ്സിൽ വരുന്നത്.

“ഇതു എനിക്ക് അല്പം അതിശയമായി തോന്നി കാരണം ഇതു വരെയും സന്യാസജീവിതത്തെക്കുറിച്ചുള്ള ചിന്ത പോലും വന്നിട്ടില്ല. കൂടാതെ ഞാൻ എന്റെ നേവൽ കരിയർ ആരംഭിച്ചതേയുള്ളു.  അതിനാൽ ഈ ചിന്ത ഞാൻ കാര്യമായി കണക്കിലെടുത്തില്ല. ഞാൻ എന്റെ ജോലിയിൽ ശ്രദ്ധിച്ചു മുന്നോട്ടു നീങ്ങി. അടുത്ത പത്തു വർഷത്തിനിടയിൽ സന്യാസജീവതത്തെക്കുറിച്ചുള്ള ചിന്ത പല തവണ മനസ്സിൽ പൊന്തി വന്നു “. സി. എലിസബത്തു ഓർമ്മിക്കുന്നു.

ഒൻപതു വർഷത്തെ വിദേശസേവനത്തിനു ശേഷം ജൂഡിത്ത് 2001 ൽ  അമേരിക്കയിൽ തിരിച്ചെത്തി മേരിലാൽഡിലായിരുന്നു തുടർ നിയമനം.  ഈക്കാലയളവിൽ സന്യാസജീവിതത്തിലേക്കുള്ള വിളി ജൂഡിത്തിൽ ശക്തമായി. തൽഫലമായി സമീപത്തുള്ള ഒരു വൈദീകനെ സമീപിക്കുകയും ആ വൈദീകൻ ഒരു ആത്മീയനിയന്താവിനെ അവൾക്കു പരിചയപ്പെടുത്തുകയും ചെയ്തു. സമീപ പ്രദേശത്തുള്ള കന്യാസ്ത്രീകളുമായും ജൂഡിത്തു സമ്പർക്കം പുലർത്തി വന്നു.

2004ൽ വീണ്ടും തന്റെ ആദ്യ സേവന രംഗമായ നേപ്പിൾസിലേക്കു വീണ്ടും മടങ്ങേണ്ടി വന്നു. പക്ഷേ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്നതു നാമമാത്രമാക്കി.ഒരിക്കൽ വിശുദ്ധ കുർബാനയ്ക്കു ശേഷം അപ്രതീക്ഷിതമായി അതു സംഭവിച്ചു.

“ഒരു വൈദീകൻ എനിക്കു എന്നെങ്കിലും സന്യാസ ജീവിതത്തെക്കുറിച്ചുള്ള ചിന്ത മനസ്സിൽ ഉണ്ടായിട്ടുണ്ടാ എന്നു എന്നോടു ചോദിച്ചു. അത് എന്നെ അതിശയിപ്പിച്ചു കാരണം നേവൽ ബെയ്സിലെ ആരോടും അതിനെപ്പറ്റി സംസാരിച്ചിരുന്നില്ല. ഞാൻ സന്യാസജീവിതത്തെക്കുറിച്ചു ചിന്തിക്കാറുണ്ടന്നും എവിടെയക്കാണ് ദൈവം എന്നെ നയിക്കുന്നതെന്നു തീർച്ചയില്ലന്നു ഞാൻ പറഞ്ഞപ്പോൾ, സഹായത്തിനായി ഒരു ആത്മീയ പിതാവിനെ കണ്ടെത്താൻ അദ്ദേഹം സഹായം വാഗ്ദാനം ചെയ്തു. റോമിലോ, നേപ്പിൾസിലോ ഉള്ള ബനഡിക്ടൻ ആബികളുമായി ബന്ധപ്പെടാൻ അദ്ദേഹം നിർദ്ദേശിച്ചു. ഞാൻ പ്രായമായവളകയാൽ ബനഡിക്ടൻ ഓർഡറാണ് എനിക്കു നല്ലതെന്നു അദ്ദേഹത്തിനു തോന്നി. ”

പിന്നീട് ബനഡിക്ടൻ കന്യാസ്ത്രീകളുമായി അടുത്തിടപഴകുകയും ബനഡിക്ടൻ ജീവിതക്രമങ്ങളോടു കൂടുതൽ അടുക്കുകയും ചെയ്തു.

“ വളരെ നാളത്തെ പ്രാർത്ഥനകൾക്കും എന്റെ ആത്മീയ പിതാവുമായുള്ള  കൂടിയാലോചനകൾക്കും  ശേഷം അമേരിക്കൻ നാവിക സേനയിയിൽ നിന്നു രാജിവയ്ക്കാനും എന്റെ സന്യാസ ദൈവവിളിയോടു ശക്തമായി പ്രത്യുത്തരിക്കാനും ഞാൻ തീരുമാനിച്ചു ” സി. എലിസബത്ത് സാക്ഷ്യപ്പെടുത്തുന്നു.

2007 സെപ്റ്റംബറിൽ അമേരിക്കൻ നാവികസേനയിൽ നിന്നു രാജിവച്ച ജൂഡിത്ത് 2008 ആഗസ്റ്റ് മാസം തന്റെ  മാതൃസംസ്ഥാനമായ കോളോറാഡോയിലെ സെന്റ്. വാൽബുർഗാ ആബിയിൽ പ്രവേശിച്ചു. 2011 ജൂൺ മാസം 24 തീയതി പ്രഥമ വ്രതവാഗ്ദാനം നടത്തി. വിശുദ്ധ സ്നാപക യോഹന്നാന്റെ ജനനതിരുനാൾ ദിനം അന്നായതിനാൻ സ്നാപകന്റെ മാതാവായ എലിസബത്തിന്റെ മധ്യസ്ഥത തന്റെ സന്യാസ ജീവിതത്തെ പരിപോഷിപ്പിക്കുമെന്നു സിസ്റ്റർ എലിസബത്തു വിശ്വസിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.