ഒക്‌ടോബര്‍ 24: വി. അന്തോനി ക്ലാരെറ്റ്

അന്തോനി ക്ലാരെറ്റ് 1807-ല്‍ സ്‌പെയിനിലെ ഒരു ദരിദ്രകുടുംബത്തിലാണ് ജനിച്ചത്. പിതാവ് തുണിനെയ്ത്ത് തൊഴിലാളിയായിരുന്നു. അന്തോനി കുലത്തൊഴില്‍ ചെയ്ത് പിതാവിനെ സഹായിക്കുകയും ഒഴിവുനേരങ്ങളില്‍ ലത്തീന്‍ ഭാഷയും മുദ്രണവിദ്യയും അഭ്യസിക്കുകയും ചെയ്തു.

ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ സെമിനാരിയില്‍ ചേര്‍ന്നു പഠനമാരംഭിച്ചു. 1835-ല്‍ വൈദികനായി; കര്‍ത്തൂസിയന്‍ സഭയില്‍ ചേരാന്‍ ആഗ്രഹിച്ചുവെങ്കിലും ആരോഗ്യസ്ഥിതി മോശമായിരുന്നതുകൊണ്ട് ആ ഉദ്ദേശം നിറവേറിയില്ല. വിദേശ മിഷന്‍രംഗങ്ങളില്‍ പ്രവര്‍ത്തിക്കണമെന്ന ആഗ്രഹത്തോടെ അദ്ദേഹം ജസ്വീറ്റ് സഭയില്‍ അംഗമായിച്ചേര്‍ന്നു. എന്നാല്‍, ആരോഗ്യം പെട്ടെന്ന് ക്ഷയിച്ചതുകൊണ്ട് സ്‌പെയിനിലേയ്ക്കു തന്നെ മടങ്ങുകയും സ്വദേശീയരുടെ ആത്മീയോന്നമനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തു.

ധാരാളം ധ്യാനയോഗങ്ങള്‍ വിളിച്ചുകൂട്ടുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തതിന്റെ ഫലമായി സ്‌പെയിനിലുടനീളം നവചൈതന്യം ദൃശ്യമായി. അന്തോനിയുടെ ഏതാദൃശസേവനങ്ങള്‍ പല വൈദികരെയും ആകര്‍ഷിച്ചു. ഏതാനും വൈദികര്‍ അദ്ദേഹത്തോടൊത്തു പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നു. അവരുടെ സഹകരണത്തോടുകൂടി അന്തോനി ‘മറിയത്തിന്റെ വിമലഹൃദയ ദാസന്മാര്‍’ എന്ന മിഷനറിമാരുടെ സംഘം രൂപവത്ക്കരിച്ചു. അന്തോനി ക്ലാരെറ്റ് രൂപവത്ക്കരിച്ചതുകൊണ്ട് ആ സംഘം ക്ലാരിഷ്യന്‍സ് എന്നും പില്‍ക്കാലത്ത് അറിയപ്പെട്ടു.

പിന്നീട് അദ്ദേഹം ക്യൂബായിലെ സാന്റിയാഗോ രൂപതയുടെ മെത്രാപ്പോലീത്തായായി നിയമിക്കെപ്പട്ടു. അന്ന് ക്യൂബായിലെ സാമൂഹ്യരാഷ്ട്രീയ അവസ്ഥകള്‍ പ്രശ്നസങ്കീര്‍ണ്ണമായിരുന്നു. ക്രൈസ്തവ വീക്ഷണത്തിനു നിരക്കാത്ത ചിന്താഗതികള്‍ പ്രബലമായിരുന്ന ആ കാലയളവില്‍ അന്തോനിയുടെ പ്രവര്‍ത്തനങ്ങള്‍ പലരുടെയും വിദ്വേഷത്തിനു കാരണമായി. ഒരിക്കല്‍ ഒരു കൊലയാളി അന്തോനിയെ കുത്തി മുറിവേല്പിച്ചു. ഇത്തരത്തിലുള്ള പല വധശ്രമങ്ങളും അദ്ദേഹത്തിന്റെ നേരെ ഉണ്ടായി. അന്തോനിയില്‍ നിന്നും അനവധി ഉപകാരങ്ങള്‍ സിദ്ധിച്ചവര്‍ തന്നെയാണ് അദ്ദേഹത്തെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്.

1857-ല്‍ അന്തോനി സ്‌പെയിനിലേയ്ക്കു മടങ്ങി. ഇതിനിടയില്‍ ദൈവവും മനുഷ്യനും തമ്മിലുള്ള പിതൃ-പുത്രബന്ധത്തിന്റെ സവിശേഷതകളെക്കുറിച്ചും മറ്റും സമഗ്രമായി പ്രതിപാദിക്കുന്ന അനേകം കൃതികള്‍ അദ്ദേഹം രചിക്കുകയുണ്ടായി. പ്രവചിക്കുവാനും രോഗങ്ങള്‍ ശമിപ്പിക്കുവാനും മറ്റുമുള്ള ദിവ്യസിദ്ധികളാല്‍ അന്തോനി അനുഗൃഹീതനായിരുന്നു. പലപ്പോഴും ധ്യാനാവസരങ്ങളില്‍ ആനന്ദനിര്‍വൃതിയില്‍ ലയിച്ചിരുന്നു. 1870-ല്‍ അദ്ദേഹം മരണമടഞ്ഞു. 1950-ല്‍ വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടു.

വിചിന്തനം: ദൈവത്തിലാശ്രയിച്ച് ഹൃദയപരമാര്‍ത്ഥതയോടെ അവിടുത്തെ അന്വേഷിക്കുന്നവന്‍ അത്രവേഗം തെറ്റില്‍ വീഴുകയില്ല.

ഇതരവിശുദ്ധര്‍: അരെറ്റാസ് (+523) /സെനോക്ക്/ ജോസഫ് (+1860)/ മാര്‍ട്ടിന്‍ വെരോത്ത് (527-601) കാഡ്ഫാര്‍ക്ക് (ആറാം നൂറ്റാണ്ട്)/ ബര്‍ണാര്‍ഡ് കാല്‍വോ (+1243) വിക്കിലെ മെത്രാന്‍.

ഫാ. ജെ. കൊച്ചുവീട്ടിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.