ഡിസംബര്‍ 11: വി. ദമാസൂസ് ഒന്നാമന്‍

366 ഒക്‌ടോബര്‍ 1-ാം തീയതി മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട ദമാസുസിന്റെ ജനനം സ്‌പെയിനിലായിരുന്നു. പ്രശസ്തനായ ഒരു പണ്ഡിതനായിരുന്നു അദ്ദേഹം. മിലാനിലെ വി. അംബ്രോസ് രൂപം നല്‍കിയതനുസരിച്ച് സങ്കീര്‍ത്തനങ്ങള്‍ രണ്ടു ഗണമായി ഒന്നിടവിട്ട് ആലപിക്കുന്നതിന് അനുവാദം നല്‍കിയത് പാപ്പായായിരുന്നു. ഹീബ്രു സംജ്ഞയിലെ ‘ഹല്ലേലൂയ്യ’ അദ്ദേഹം ഉപയോഗത്തില്‍ വരുത്തി. വിശുദ്ധ ഗ്രന്ഥങ്ങള്‍ അദ്ദേഹം ഹീബ്രൂ ഭാഷയില്‍ നിന്നു വിവര്‍ത്തനം ചെയ്തു.

പാപ്പായ്ക്ക്, മാര്‍പാപ്പാ സ്ഥാനമോഹിയായ ഒരു അക്രമിയെ നേരിടേണ്ടിവന്നു. അത് ആറാം പട്ടക്കാരനായ ഡീക്കന്‍ ഉര്‍സീനസ് ആയിരുന്നു. ഇയാള്‍ സ്വയം മാര്‍പാപ്പായായി പ്രഖ്യാപിച്ചു. ഇത്തവണ വിമതപാപ്പായ്ക്ക് ചക്രവര്‍ത്തിയുടെ പിന്തുണ ലഭിച്ചില്ല. അയാളെ ചക്രവര്‍ത്തി റോമിനു പുറത്താക്കി. സഭാസംബന്ധമോ മതപരമോ ആയ ഒരു കാര്യത്തിലും രാജ്യഭരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്ന കല്പനയും ചക്രവര്‍ത്തി പുറപ്പെടുവിച്ചു. തികഞ്ഞ ഭരണതന്ത്രജ്ഞനും ദൈവശാസ്ത്രജ്ഞനുമായിരുന്നു പാപ്പാ. ഇദ്ദേഹത്തിന്റെ ആത്മീയന്മയില്‍ പാപ്പാസ്ഥാനം വ്യവസ്ഥാപിതവും സുസ്ഥിരവുമായി നിലകൊണ്ടു.

ഈ കാലഘട്ടത്തില്‍ ദൃഢചിത്തരായ അനേകം പ്രേഷിതര്‍ വിദൂരസ്ഥലങ്ങളില്‍ വിശ്വാസം പ്രചരിപ്പിച്ചു. നശിപ്പിക്കപ്പെട്ട ദൈവാലയങ്ങള്‍ പുതുക്കിപ്പണിതു. റോമിലെ ഭൂഗര്‍ഭാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് അവിടുത്തെ ശവകുടീരങ്ങള്‍ കേടുകൂടാതെ ഭംഗിയാക്കി നിലനിറുത്തുവാന്‍ ശില്പവിദഗ്ദ്ധരെ നിയമിക്കുകയും ചെയ്തു. പഴയ-പുതിയ നിയമഗ്രന്ഥങ്ങളുടെ കാനോന്‍ അന്തിമമായി നിശ്ചയിച്ചത് ദമാസൂസ് പാപ്പായാണ്. മാര്‍പാപ്പായുടെ പ്രേരണമൂലമാണ് വി. ജറോം ‘ലാറ്റിന്‍ വള്‍ഗേറ്റ് ബൈബിള്‍’ മൂലഭാഷകളില്‍ നിന്നും വിവര്‍ത്തനം ചെയ്തത്.

സ്വാര്‍ത്ഥമതികളായ പലരും പാപ്പായ്‌ക്കെതിരെ തിരിഞ്ഞു. കാരണം, അദ്ദേഹത്തിന്റേത് ധീരവും ഉചിതവും സൃഷ്ടിപരവുമായ നയപരിപാടികളായിരുന്നു. അവര്‍ പാപ്പായ്‌ക്കെതിരെ പല ആരോപണങ്ങളും ഉന്നയിച്ചു. എന്നാല്‍ അതെല്ലാം പച്ചകള്ളങ്ങളാണെന്ന് അദ്ദേഹം തെളിയിച്ചു.

പാപ്പാ ഭരണത്തിന്റെ 16-ാം വര്‍ഷത്തില്‍ തെയോദേസീയൂസ് ചക്രവര്‍ത്തി ചരിത്രപ്രസിദ്ധമായ ഒരു വിളംബരം പുറപ്പെടുവിച്ചു. ആ വിളംബരത്തിലൂടെ കത്തോലിക്കാ സഭ റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗികമതമായി പ്രഖ്യാപിക്കെപ്പട്ടു. വി. പത്രോസ് പഠിപ്പിച്ചതും, ദമാസൂസ് ശിരസ്സായിരിക്കുന്നതുമായ വിശ്വാസസംഹിതയാണ്, റോമാ സാമ്രാജ്യത്തിന്റെ മതം എന്ന് ചക്രവര്‍ത്തി അസന്നിഗ്ദ്ധമായി ഉത്തരവില്‍ വ്യക്തമാക്കി. മാര്‍പാപ്പായുടെ സ്ഥാനത്തെ ആദ്യമായി പാശ്ചാത്യസഭയിലെ ‘അപ്പസ്‌തോലിക സിംഹാസനം’ എന്നു വിശേഷിപ്പിച്ചത് ദമാസൂസ് പാപ്പായാണ്. ദമാസൂസ് പാപ്പാ 384 ഡിസംബര്‍ 11-ന് ഈ ലോകത്തോടു വിടപറഞ്ഞു.

വിചിന്തനം: ഈ ലോകത്തില്‍ ആശ്വാസങ്ങള്‍ കണ്ടെത്തുന്ന സമ്പന്നര്‍ക്ക് ഹാ കഷ്ടം! ദരിദ്രര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുമ്പോള്‍ സമ്പന്നര്‍ പുറത്തുനിന്നു കണ്ണുനീര്‍ തൂകും.

ഇതരവിശുദ്ധര്‍: ബര്‍ബബസ് (342) രക്തസാക്ഷി/ സ്തൂപസ്തനായ ഡാനി മല്‍ (+493)/ സിയാന്‍ (ആറാം നൂറ്റാണ്ട്) സന്യാസി/എവുറ്റിക്കിയസ് (നാലാം നൂറ്റാണ്ട്)/ വിക്‌റ്റോറിക്കൂസും കൂട്ടരും (+289)/ പെന്‍സ് / ട്രാസണ്‍(+302)/അസെപ്‌സിയൂസ് കെമെറ്റിലെ രക്തസാക്ഷി

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.