മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്ന സത്ന രൂപതയിലെ പുൽക്കൂട്

മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്ന ഈ പുൽക്കൂട് വൈദികര്‍ ആക്രമിക്കപ്പെട്ട  സത്ന രൂപതയിലെ മൈഹറിലാണ്

പള്ളിയുടെ മുൻപിൽ അസാധാരണകൾ ഒന്നുമില്ലാതെ തീർത്തും സാധാരണ രീതിയിൽ തീർത്ത ഒരു പുൽക്കൂട്. അതു കാണുവാനും പുൽകൂട്ടിലെ തിരുക്കുടുംബത്തിനു മുന്നിൽ പ്രാർത്ഥിക്കുവാനുമായി ഒരു നാട് മുഴുവൻ ആഗതമാകുന്നു. ഇതര മതസ്ഥരായ ആളുകൾ പുൽക്കൂടിനു മുന്നിൽ  വിശ്വാസത്തോടെ കണ്ണുകളടച്ചു പ്രാർത്ഥിക്കുന്നു, മെഴുകുതിരികള്‍ കത്തിക്കുന്നു.

സത്ന രൂപതയിലെ  മൈഹർ എന്ന സ്ഥലത്തെ പുൽകൂടാണ് ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ തകർത്ത് മതസൌഹാര്‍ദത്തിന്റെ  നേർക്കാഴ്ചയാകുന്നത്. ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ വൈദികരേയും സെമിനാരിക്കാരെയും ആക്രമിച്ചതിന് അടുത്താണ് ഈ സ്ഥലം എന്നത് കൌതുകകരമായ കാര്യമാണ്.

സത്ന രൂപതയുടെ കീഴിലെ ദേവാലയമാണ് മൈഹറിൽ സ്ഥിതിചെയ്യുന്ന സെന്റ് തോമസ് ദേവാലയം. ഈ ദേവാലയത്തു മുൻപിൽ ക്രിസ്തുമസിനോട് അനുബന്ധിച്ചു തയ്യാറാക്കുന്ന പുൽകൂടാണ് മൈഹാറിലെ ജനങളുടെ വിശ്വാസത്തിന്റെ ഭാഗമായി തീരുന്നത്. കേവലം പതിനാറു കുടുംബങ്ങളും അതിലെല്ലാം കൂടി നൂറിൽ താഴെ ക്രിസ്ത്യാനികളെ ഈ ഇടവകയിൽ ഉള്ളു.

എങ്കിലും  ക്രിസ്തുമസ് ദിനത്തിൽ തയ്യാറാക്കുന്ന പുൽക്കൂട് കാണുന്നതിനായും പ്രാർത്ഥിക്കുന്നതിനായും എത്തുക അയ്യായിരത്തിന് അടുത്ത് ആളുകളാണ്. അതിൽ രാഷ്ട്രീയക്കാരും എംഎൽയും ഒക്കെ ഉൾപ്പെടും. ചെറിയവരോ വലിയവരോ എന്ന വ്യത്യാസമില്ലാതെ ആളുകൾ  മാതാവിന്റെ മുന്നിൽ വിശ്വാസത്തോടെ തിരി തെളിച്ചു പ്രാർത്ഥിച്ചു കടന്നുപോകും.

ക്രിസ്തുമസിന് രണ്ടു ദിവസം മുൻപ് ഇടവകയിലെ വൈദികനും സിസ്റ്റർമാരും ചേർന്ന് ആണ് പുൽക്കൂട് തയ്യാറാക്കുന്നത്. തയ്യാറാക്കിയ പുൽക്കൂടിൽ ക്രിസ്തുമസ് രാത്രിയിൽ ഉണ്ണിയീശോയെ പ്രതിഷ്ഠിച്ചതിനു ശേഷം സന്ദർശകർ എത്തുവാൻ തുടങ്ങും. ക്രിസ്തുമസ് ദിവസം ഉണ്ണിയീശോയെ കാണുവാനും മാതാവിന് മുൻപിൽ തിരികത്തിക്കുവാനും ഹിന്ദുക്കളും  മുസ്ലീങ്ങളും അടക്കമുള്ളവരാണ് ദേവാലയത്തിൽ എത്തുക. എത്തുന്നവർ പുൽക്കൂടിനു മുൻപിൽ തിരികൾ കത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. മൈഹർ നിവാസികളെ സംബന്ധിച്ചിടത്തോളം ആ നാട്ടുകാരുടെ ഉത്സവ ദിവസമാണ്.

അന്നേദിവസം പുതിയ വസ്ത്രങ്ങൾ അണിഞ്ഞാണ് ഇതര മതസ്ഥരായ ആളുകൾ എത്തുക. ഡിസംബർ ഇരുപത്തി അഞ്ചാം തിയതി രാവിലെ  ആരംഭിക്കുന്ന സന്ദർശകരുടെ തിരക്ക് രാത്രി പതിനൊന്നര വരെ നീളും. അതിനു ശേഷം പള്ളി അടക്കും. അടുത്ത ദിവസവും ഈ തിരക്ക് അനുഭവപ്പെടും. പുൽക്കൂട്ടിൽ എത്തി പ്രാർത്ഥിച്ചു മടങ്ങുന്നവർക്കു കേക്ക് നൽകുക മറ്റൊരു പതിവാണ്. പുൽകൂട്ടിൽ ഉണ്ണിഈശോയെ നോക്കി നിൽക്കുന്ന മാതാവിന്റെ മുൻപിൽ തിരി കത്തിച്ചു പ്രാർത്ഥിച്ച മക്കളില്ലാത്ത നിരവധി ദമ്പതികൾക്ക് കുഞ്ഞുങ്ങളെ ലഭിച്ചതായി ഉള്ള നിരവധി സാക്ഷ്യങ്ങൾ പള്ളിയിൽ ലഭിച്ചിരുന്നു.

ഫാ. ഡിജു കടുത്താനം ആണ് ഇടവക വികാരി. പുല്‍ക്കൂട് കാണാന്‍ കടന്നുവരുന്നവരെ വികാരിയച്ചനും സിസ്റ്റർമാരും സ്നേഹത്തോടെ സ്വീകരിക്കുന്നു.  സന്ദർശകർ പുൽക്കൂട്ടിൽ പ്രാർത്ഥിക്കുന്ന സമയങ്ങളിൽ അവർക്കായി പ്രാർത്ഥനയിലായിരിക്കും അവിടുത്തെ സിസ്റ്റർമാർ.  ഡിഎസ്ടി  സന്യാസ സമൂഹത്തിലെ സിസ്റ്റർമാരാണ് ഈ ഇടവകയിൽ സേവനം ചെയ്യുന്നത്. സി. മരിയ കടൂപ്പാറയില്‍, സി.ടെൻസി, സി. നവീന എന്നിവരാണ് ഈ മഠത്തിലുള്ളത്. പലപ്പോഴും ക്രിസ്തുമസ് ദിവസത്തെ ഈ അനുഭവം അവരുടെ വിശ്വാസം വർധിപ്പിക്കുന്നതിന് കാരണമാകുന്നു എന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. ഒരിക്കൽ കുറച്ചാളുകൾ ദേവാലയത്തില്‍ വരുകയും കേക്ക് മുറിക്കുവാന്‍ അനുവാദം ചോദിക്കുകയും ചെയ്തു. ആദ്യം വിസമ്മതിച്ച സിസ്റ്റെര്‍ അവരോട് ആരുടെ പിറന്നാണ് ഇന്ന് എന്ന് ചോദിക്കുകയും, ഇന്ന് കേക്ക് മുറിക്കുന്നതിനു പിന്നിലെ ആഘോഷം എന്താണ് എന്ന് ആരായുകയും ചെയ്തു. അവര്‍ പറഞ്ഞു “ഇന്നു ഈശോയുടെ പിറന്നാളാണെന്ന്.” വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന ഇത്തരം നിരവധി അനുഭങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കഴിഞ്ഞ ആറുവര്‍ഷമായി മൈഹര്‍ മഠത്തില്‍ സേവനം ചെയ്തു വരുന്ന സി. മരിയ പറയുന്നു.

എന്നു തൊട്ടാണ് ഈ ആചാരം തുടങ്ങിയതെന്നോ അതിനു പിന്നിലെ കാരണം എന്താണെന്നോ വ്യക്തമായി അറിയില്ല എങ്കിലും ആയിരക്കണക്കിന് ഇതര മതസ്ഥരായ ആളുകളാണ് കഴിഞ്ഞ 36 വര്‍ഷമായി മാതാവിന്റെ മുന്‍പില്‍ വിശ്വാസപൂര്‍വം തിരി തെളിച്ചു കടന്നു പോകുന്നത്.

മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.