നീതിമാനായ വി. യൗസേപ്പിതാവ്

ഭൂമിയില്‍ തന്റെ ഏകപുത്രന് വളര്‍ത്തുപിതാവായി ആരെ തിരെഞ്ഞെടുക്കണം എന്ന ദൈവപിതാവിന്റെ സ്വപ്നത്തിന്റെ ആള്‍രൂപമാണ് യൗസേപ്പ് പിതാവ്. സ്വര്‍ഗപിതാവിന്റെ റോള്‍ ഭൂമിയില്‍ ഏറ്റെടുത്ത ഉള്‍ക്കരുത്തിന്റെ പ്രതീകം. രക്ഷകന്റെ വളര്‍ത്തുപിതാവാകുവാന്‍ എന്തുയോഗ്യതയാണ് പിതാവായ ദൈവം യൗസേപ്പിതാവില്‍ കണ്ടെത്തിയത്? തിരുവചനം ഇങ്ങനെ സാക്ഷിക്കുന്നു:”അവന്‍ നീതിമാനായിരുന്നതിനാലും”(മത്തായി 1, 19).

പഴയനിയമഗ്രന്ഥത്തില്‍ വചനം സാക്ഷിക്കുന്ന നിരവധി നീതിമാന്മാരെ നമ്മള്‍ കണ്ടുമുട്ടുന്നുണ്ട്. “കര്‍ത്താവ് നോഹയോട് അരുളിച്ചെയ്തു: നീയും നിന്റെ കുടുംബവും പെട്ടകത്തില്‍ പ്രവേശിക്കുക. ഈ തലമുറയില്‍ നിന്നെ ഞാന്‍ നീതിമാനായി കണ്ടിരിക്കുന്നു” (ഉല്പത്തി 7, 1); യാക്കോബിന്റെ ലേഖനം 2, 21 ല്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു: “നമ്മുടെ പിതാവായ അബ്രാഹം നീതീകരിക്കപ്പെട്ടത് തന്റെ പുത്രനായ ഇസഹാക്കിനെ യാഗപീഠത്തിന്മേല്‍ ബലിയര്‍പ്പിച്ചതുവഴിയല്ലേ”; ദൈവം മോശയോട് അരുള്‍ ചെയ്തു, “നിന്റെ ദൈവമായ കര്‍ത്താവിന്റെ മുന്‍പില്‍ നീ കുറ്റമറ്റവനായിരിക്കണം” (നിയമ. 18, 13). ജോബിനെക്കുറിച്ച് വിശുദ്ധഗ്രന്ഥത്തില്‍ ഇങ്ങനെ പ്രതിപാദിക്കുന്നു; “എന്റെ ദാസനായ ജോബിനെ നീ ശ്രദ്ധിച്ചോ? അവനെപ്പോലെ സത്യസന്ധനും നിഷ്‌കളങ്കനും ദൈവത്തെ ഭയപ്പെടുന്നവനും തിന്‍മയില്‍നിന്നകന്നു ജീവിക്കുന്നവനും ആയി ഭൂമുഖത്ത് ആരെങ്കിലുമുണ്ടോ?” (ജോബ് 1, 8); സങ്കീര്‍ത്തനകര്‍ത്താവായ ദാവീദിനെക്കുറിച്ച് ദൈവത്തിന്റെ സാക്ഷ്യം ഇപ്രകാരമാണ്; “നീയാകട്ടെ എന്റെ കല്‍പനകള്‍ അനുസരിക്കുകയും എന്റെ ദൃഷ്ടിയില്‍ നീതിമാത്രം ചെയ്ത് പൂര്‍ണഹൃദയത്തോടെ എന്നെ അനുഗമിക്കുകയും ചെയ്ത എന്റെ ദാസന്‍ ദാവീദിനെപ്പോലെയല്ല”. (1 രാജ. 14,8).

ദൈവത്താല്‍ നീതിമാന്‍ എന്നു സാക്ഷ്യപ്പെടുത്തിയ വ്യക്തികളെല്ലാം തന്നെ ഓര്‍മ്മപ്പെടുത്തുന്ന ഒരു പാഠമുണ്ട്; ‘നീതി പ്രവര്‍ത്തിയിലാണ് വെളിപ്പെടുന്നതെന്ന്’. ഒരുവന്റെ വ്യക്തിജീവിതത്തില്‍ തീരാ നഷ്ടങ്ങളും തോരാ കണ്ണുനീരും പടര്‍ന്നുകയറുമ്പോഴും തകര്‍ന്നടിയാതെ നല്ല തമ്പുരാനോട് വിശ്വസ്തതയും പ്രതീക്ഷയും പുലര്‍ത്തി ജീവിതത്തില്‍ മുന്നേറാനാകുന്നുണ്ടെങ്കില്‍ ദൈവതിരുമുമ്പില്‍ അവന്‍ നീതി കണ്ടെത്തിയിരിക്കുന്നു. നീതിമാനായ ജോബ് തന്റെ ജീവിതത്തിലെ നഷ്ടങ്ങളിലും രോഗങ്ങളിലും പതറാതെ പിതാവായ ദൈവത്തോട് വിശ്വസ്തതയോടെ വ്യാപരിച്ചു. അതിനാല്‍ നഷ്ടപ്പെട്ടതെല്ലാം ഇരട്ടിയായി ദൈവം അവനു തിരികെ സമ്മാനിക്കുന്നുണ്ട്.

യൗസേപ്പിതാവിന്റെ ജീവിതത്തിലെ സങ്കീര്‍ണ്ണതകളാരംഭിക്കുന്നത് മറിയവുമായുള്ള തന്റെ വിവാഹനിശ്ചയം കഴിഞ്ഞതിനുശേഷമാണ്. ഇളയമ്മയായ എലിസബത്തിന്റെ ഭവനത്തില്‍ നിന്നും മറിയം തിരിച്ചുവന്നതിനുശേഷം അവള്‍ ഗര്‍ഭിണിയാണെന്നുള്ള അറിവ് യൗസേപ്പിതാവിനെ ആകുലപ്പെടുത്തുന്നുണ്ട്. jewish New Testment Commentary p.3 ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു; “വിവാഹനിശ്ചയത്തിനുശേഷമുള്ള വ്യഭിചാരപാപത്തിന്റെ ഗൗരവം വിവാഹത്തിനുശേഷമുള്ള വ്യഭിചാരപാപത്തിന്റെ ഗൗരവത്തിന്റെ ഇരട്ടിയലധികം വരും”എന്ന്. മൂന്നു തിരെഞ്ഞെടുപ്പുകളാണ് അന്നേരം യൗസേപ്പിതാവിന്റെ മുമ്പില്‍ തെളിഞ്ഞിട്ടുണ്ടാവുക: കുഞ്ഞ് അവന്റെതല്ലായെന്ന് അറിഞ്ഞിട്ടുകൂടി ഉടനെ മറിയത്തെ വിവാഹം കഴിക്കുക. അല്ലായെങ്കില്‍ അവളെ ജനസമൂഹത്തിനുമുമ്പില്‍ കൊണ്ടുവരിക അതിന്റെ ഫലം മറിയം കല്ലെറിഞ്ഞ് കൊല്ലപ്പെടുക എന്നുള്ളതാണ്. മറ്റൊന്ന് വിവാഹനിശ്ചയം എന്ന ഉടമ്പടി മാറ്റിവച്ച് അവള്‍ക്ക് കുഞ്ഞിന് ജന്മം നല്‍കാന്‍ അവസരം നല്‍കുക, താന്‍ മാറിനില്‍ക്കുക. യൗസേപ്പിതാവ് മൂന്നാമത്തെ മാര്‍ഗംതിരെഞ്ഞെടുത്തു.

അസ്വപ്നത്തില്‍ ദൈവതിരുമനസ്സ് അറിയുന്നതിനുമുമ്പാണ് യൗസേപ്പിതാവ് ഇപ്രകാരം ഒരു തീരുമാനത്തിലെത്തിച്ചേരുന്നത്. എന്തുകൊണ്ട് ഈ തീരുമാനം എന്നതിന്റെ ഉത്തരം വചനം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്:“അവന്‍ നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും”. സങ്കീര്‍ത്തനപുസ്തകം 15-ാം അധ്യായം 1 മുതല്‍ 5 വരെയുള്ള തിരുവചനങ്ങളില്‍ നീതിയുടെ മാനദണ്ഡത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു; “കര്‍ത്താവേ, അങ്ങയുടെ കൂടാരത്തില്‍ആരു വസിക്കും? അങ്ങയുടെ വിശുദ്ധഗിരിയില്‍ ആരു വാസമുറപ്പിക്കും? നിഷ്‌കളങ്കനായി ജീവിക്കുകയും നീതിമാത്രം പ്രവര്‍ത്തിക്കുകയും ഹൃദയം തുറന്നു സത്യം പറയുകയും ചെയ്യുന്നവന്‍; പരദൂഷണം പറയുകയോ സ്‌നേഹിതനെ ദ്രോഹിക്കുകയോ അയല്‍ക്കാരനെതിരേ അപവാദംപരത്തുകയോ ചെയ്യാത്തവന്‍; ദുഷ്ടനെ പരിഹാസ്യനായി കരുതുകയും ദൈവഭക്തനോട് ആദരം കാണിക്കുകയും നഷ്ടം സഹിച്ചും പ്രതിജ്ഞ നിറവേറ്റുകയും ചെയ്യുന്നവന്‍; കടത്തിനു പലിശ ഈടാക്കുകയോ നിര്‍ദോഷനെതിരേ കൈക്കൂലി വാങ്ങുകയോ ചെയ്യാത്തവന്‍; ഇങ്ങനെയുള്ളവന്‍ നിര്‍ഭയനായിരിക്കും”.

നീതിമാനായ ജോബിന് നഷ്ടപ്പെട്ടതിന്റെയെല്ലാം ഇരട്ടികൊടുത്ത തമ്പുരാന്‍ നീതിമാനായ യൗസേപ്പിതാവിന് കൊടുത്ത സമ്മാനമാണ് രക്ഷകന്റെ വളര്‍ത്തുപിതാവാകുവാനുള്ള ഭാഗ്യം. സങ്കീര്‍ത്തനം 34:19 “നീതിമാന്റെ ക്‌ളേശങ്ങള്‍ അസംഖ്യമാണ്, അവയില്‍നിന്നെല്ലാം കര്‍ത്താവു അവനെ മോചിപ്പിക്കുന്നു”.

ലോകം കണ്ടതില്‍വച്ചേറ്റവും വലിയ നീതിമാനായ ക്രിസ്തുവിന്റെ അനുയായികളില്‍ നീതിപൂര്‍വകമായ ജീവിതത്തിന് എന്തുപ്രാധാന്യമുണ്ട് എന്ന് വിലയിരുത്തപ്പെടേണ്ടത് ആവശ്യമാണ്. ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തരരേഖകള്‍പ്പോലെ നീതിയും നമ്മുടെ ജീവിതവും തമ്മില്‍ അന്തരമുണ്ടോ?! പണത്തൂക്കത്തിന്റെ മുമ്പില്‍ സൗകര്യപൂര്‍വം മറന്നുപോകുന്ന ഒന്നായി നീതി തരംതാഴ്ത്തപ്പെടുന്നുണ്ടോ?!. ആവശ്യക്കാരനേക്കാള്‍ അധികാരമുള്ളവന്റെ കൂടെയാണോ ആധുനിക കാലത്തിലെ എന്റെ നീതി?! ഇങ്ങ് പഞ്ചായത്തുമുതല്‍ അങ്ങ് പാര്‍ലമെന്റ് വരെ അഴിമതിയും കൈകൂലിയും നിറഞ്ഞാടുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്നവന്റെ പക്ഷത്താകാന്‍ നമുക്കാകുന്നുണ്ടോ?! ഒരു നേരത്തെ അന്നത്തിനുവേണ്ടി കരയുന്നവന്റെ കഴുത്തറുത്ത് സദാചാരം വിളമ്പുന്നതാണോ നമ്മുടെ നീതി?!.

ദൈവത്തില്‍നിന്നും വിട്ടകലാത്തവനാണ് നീതിമാന്‍. ഉല്‍പത്തി 6,9 “നോഹ നീതിമാനായിരുന്നു. അവന്‍ ദൈവത്തിന്റെ മാര്‍ഗത്തില്‍ നടന്നു”. നീതിമാന്‍ ദൈവമാര്‍ഗത്തില്‍ ചരിക്കുന്നവനാണ്. യൗസേപ്പിതാവിനെപ്പോലെ നിശബ്ദനായി ദൈവതിരുമനസ്സ് തിരിച്ചറിഞ്ഞ് നീതിയുടെ കവചം ധരിച്ച് ക്രൂശിതന്റെ മാര്‍ഗത്തിലൂടെ നമ്മുക്കു ചരിക്കാം.

ഫാ. മെജോ ജോൺ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.