ചിലങ്ക കെട്ടി… നൃത്തമാടി… ഈ അച്ചന്‍ ഇങ്ങനെയാണ്

Fr. Dr. Saju George

2017 ജനുവരി 17 ന് കൊച്ചി പിഒസി യില്‍ നടന്ന ഭരതനാട്യം അവതരിപ്പിച്ച ആളുടെ പേര് കേട്ടവര്‍ ആദ്യമൊന്ന് അമ്പരന്നു; ഫാദര്‍ സാജു ജോര്‍ജ്ജ് എസ്‌ജെ. ഒരു പുരോഹിതന് ശാസ്ത്രീയ നൃത്തം വഴങ്ങുമോ എന്ന് ചോദിച്ച് നെറ്റി ചുളിക്കേണ്ട കാര്യമില്ല; വഴങ്ങും. കാസയേന്തുന്ന കൈകള്‍ക്ക് ലാസ്യവും വഴങ്ങുമെന്ന് തെളിയിക്കുകയാണ് ഫാദര്‍ സാജു ജോര്‍ജ്ജ് എസ് ജെ എന്ന  പുരോഹിതന്‍. ജസ്യൂട്ട് സഭാംഗമായ ഫാദര്‍ സാജു ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി അനവധി വേദികളില്‍ തന്റെ നൃത്തപ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.

കുട്ടിക്കാലത്താണ് കലയോടുളള ഇഷ്ടം തുടങ്ങുന്നതെന്ന് ഫാദര്‍ സാജു പറഞ്ഞു തുടങ്ങുന്നു, ”അപ്പച്ചനും അമ്മച്ചിക്കും ഞങ്ങള്‍ പത്ത് മക്കളായിരുന്നു. ആറ് ആണ്‍മക്കളും നാല് പെണ്‍മക്കളും. കൂട്ടത്തില്‍ ഏഴാമനായ എന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത് മൂത്ത ചേച്ചിമാരായിരുന്നു.  ചേച്ചിമാരൊക്കെ ഡാന്‍സ് പ്രാക്ടീസ് ചെയ്യുമ്പോള്‍ ഞാനും ഒപ്പം കൂടും. അതുപോലെ കൂട്ടുകാരില്‍ പലരും കുച്ചിപ്പുടിയും കഥകളിയും അവതരിപ്പിക്കുന്നവരായിരുന്നു. അതൊക്കെ കണ്ടാണ് എനിക്കും ക്ലാസിക്കല്‍ ഡാന്‍സിനോട് ഇഷ്ടം തോന്നിയത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ജില്ലാതലത്തില്‍ മത്സരിക്കുകയും സമ്മാനങ്ങള്‍ കിട്ടുകയും ചെയ്തിട്ടുണ്ട്. ഞങ്ങള്‍ മക്കളെല്ലാവരും കലയോടും സ്‌പോര്‍ട്‌സിനോടും താത്പര്യം ഉള്ളവരായിരുന്നു. ഇന്നത്തെപ്പോലെ മാതാപിതാക്കള്‍ മക്കളുടെ പിറകേ നടക്കുന്ന കാലമല്ല അന്ന്. സഹോദരിമാരും കൂട്ടുകാരുമൊക്കെയായിരുന്നു നൃത്തത്തിലെ എന്റെ ആദ്യ ഗുരുക്കന്മാര്‍.” നൃത്തത്തെ സ്‌നേഹിച്ച ഒപ്പം തന്നെ സഹജീവികളെ സ്‌നേഹിക്കാനും അവര്‍ക്ക് നന്മ ചെയ്യാനുമുളള ആഗ്രഹം തന്നില്‍ ഉടലെടുത്തിരുന്നു എന്ന് ഫാദര്‍ സാജു കൂട്ടിച്ചേര്‍ക്കുന്നു.

പ്രീഡിഗ്രി പഠനത്തിന് ശേഷം ഒരു വൈദികനാകാനാണ് തീരുമാനിച്ചത്. ”ഒരിക്കല്‍ ഞാനും എന്റെ അങ്കിളും കൂടി പള്ളിയില്‍ വിശുദ്ധ കുര്‍ബാന കൂടാനായി പോയി. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന അച്ചനെ കണ്ട് അങ്കിള്‍ പറഞ്ഞു, ‘മോനും ഇതുപോലെ ഒരു അച്ചനായി കാണുവാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്ന്.’ എന്റെ വല്യപ്പച്ചനും ഞാന്‍ വൈദികനാകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അവരാരും എന്നെ അതിനായി നിര്‍ബന്ധിച്ചില്ല. എങ്കിലും വായിച്ച പുസ്തകങ്ങളുടെ സ്വാധീനം കൊണ്ടും മനസ്സിനെ സ്പര്‍ശിച്ച ചിന്തകളില്‍ നിന്നും എനിക്കും ഒരു വൈദികന്‍ ആകണമെന്ന ആഗ്രഹം ഉണ്ടായി.” പൗരോഹിത്യം ആതുരസേവനത്തിനുളള അവസരമാക്കാനായിരുന്നു ഫാദര്‍ സാജുവിന്റെ തീരുമാനം. ”കുട്ടിക്കാലത്ത് വായിച്ച ലേഖനങ്ങളില്‍ നിന്നും ജീവചരിത്രങ്ങളില്‍ നിന്നുമാണ് കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ചിന്ത എനിക്കുണ്ടാകുന്നത്. സെന്റ് പീറ്റര്‍ ഡാമിയന്റെ ജീവിതവും മിഷണറി ഡോക്ടര്‍ എന്നറിയപ്പെടുന്ന നോബല്‍ സമ്മാന ജേതാവ് ആല്‍ബര്‍ട്ട് ഷ്വെട്‌സറുടെ ജീവിതവും കുട്ടിക്കാലത്തേ ഞാന്‍ വായിച്ചിരുന്നു.” തന്നെ പ്രചോദിപ്പിച്ചവര്‍ ഇവരൊക്കെയാണെന്ന് സാജു അച്ചന്‍ പറയുന്നു.

കല്‍ക്കട്ടയിലേക്ക്

അങ്ങനെ 1984-ല്‍ വൈദിക പഠനത്തിന് ചേര്‍ന്നു. അപ്പോഴും കുട്ടിക്കാലം മുതല്‍ മനസ്സിലുണ്ടായിരുന്ന കലാവാസന കൈവിട്ടുകളയാന്‍ സാജുവിനായില്ല. തന്റെ ആഗ്രഹം സെമിനാരിയിലെ അധികാരികളെ അറിയിച്ചു,  ”എനിക്ക് സര്‍വ്വ പിന്തുണയും നല്‍കി എന്റെ അധികാരികള്‍ എന്റെ ആഗ്രഹത്തിനൊപ്പം നിന്നു. അങ്ങനെ വൈദികപഠത്തിനൊപ്പം തന്നെ ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും പരിശീലനം നേടി.” ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനവധി വേദികളില്‍ ഭരതനാട്യവും കുച്ചിപ്പുടിയും അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്ന് ഫാദര്‍ സാജു സന്തോഷത്തോടെ സാക്ഷ്യപ്പെടുത്തുന്നു.

കല്‍ക്കട്ടയില്‍ മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റി സംഘടനയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും സന്തോഷമുള്ള അനുഭവം എന്ന് സാജു അച്ചന്‍ വെളിപ്പെടുത്തുന്നു.

”ഈശോ സഭയുടെ കല്‍ക്കട്ട പ്രൊവിന്‍ഷ്യാളില്‍ വൈദികനായി എന്റെ കല്‍ക്കട്ട ജീവിതം ആരംഭിച്ചു. കല്‍ക്കട്ട ഇപ്പോള്‍ എനിക്കെന്റെ ജന്മനാട് പോലെ തന്നെ പ്രിയപ്പെട്ടതാണ്. ആദ്യ കാലങ്ങളില്‍ നഗരത്തെക്കുറിച്ച് പഠിക്കാനും ഭാഷയും ഇതര സംസ്‌ക്കാരങ്ങളും പഠിക്കാനും ഒക്കെയായി സമയം മാറ്റിവച്ചു. അതിനിടയില്‍ ഒരുപാട് തവണ മദര്‍ തെരേസയെ നേരിട്ട് കാണാനും അവരുടെ ആതുരസേവനങ്ങള്‍ക്ക് ഒപ്പം നില്‍ക്കാനും എനിക്ക് അവസരം ലഭിച്ചു. അതിനിടയിലും കലയും നാടക പ്രവര്‍ത്തനങ്ങളും ഒക്കെ മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നു.” മദറിന്റെ ജീവിതം തൊട്ടടുത്ത് അനുഭവിക്കാന്‍ സാധിച്ചത് പുണ്യമാണെന്ന് ഈ പുരോഹിതന്‍ അഭിമാനത്തോടെ പറയുന്നു.

001ഡാന്‍സ് പഠനം

”ഗ്രാജുവേഷനായി കല്‍ക്കട്ട സെന്റ് സേവ്യേഴ്‌സ് കോളേജില്‍ ചേരുന്ന കാലത്താണ് കലയെ കൂടുതല്‍ പ്രാധാന്യത്തോടെ കാണാന്‍ എനിക്ക് അവസരം ലഭിക്കുന്നത്. ടാഗോര്‍ യൂണിവേഴ്‌സിറ്റിയിലെ കുച്ചിപ്പുടി  പ്രൊഫസറുടെ കീഴില്‍ ഞാന്‍ കുച്ചിപ്പുടി അഭ്യസിക്കാന്‍ തുടങ്ങി. എനിക്ക് ലഭിച്ച മാസ്റ്ററില്‍ നിന്ന് കുച്ചിപ്പുടിയുടെ തിയറികളെക്കുറിച്ചും ഞാന്‍ അറിഞ്ഞു.” നൃത്തത്തെ ഗൗരവമായി സമീപിച്ച നാളുകളായിരുന്നു പിന്നീട്. നൃത്തവും സംഗീതവും ദൈവത്തെ ആരാധിക്കുന്നതിനുള്ള ഏറ്റവും മികച്ച ഉപാധികളാണെന്നാണ് സാജു അച്ചന്റെ അനുഭവ സാക്ഷ്യം. പ്രധാനമായും ബൈബിള്‍ കഥകളാണ് ഭരതനാട്യത്തിന് ആധാരം. കുച്ചിപ്പുടിയും അങ്ങനെ തന്നെ.

ചെന്നൈ യാത്ര

ഫിലോസഫിയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്യുന്നതിനായിട്ടാണ് ഫാദര്‍ സാജു ചെന്നൈയില്‍ എത്തുന്നത്. ”അവിടെയും ഒരു കുച്ചിപ്പുടി പ്രൊഫസറെ എനിക്ക് കിട്ടി. എന്റെ കലാജീവിതത്തിന്റെ മറ്റൊരു ടേണിംഗ് പോയിന്റ് ഉണ്ടാകുന്നത് ചെന്നൈയില്‍ വച്ചാണ്. ഭരതനാട്യം ഇഷ്ടമായിരുന്നെങ്കിലും പഠിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ചെന്നൈയില്‍ കലാക്ഷേത്രയിലെ ഭരതനാട്യം പ്രൊഫസറെ എനിക്ക് ഗുരുവായി ലഭിച്ചു. രണ്ടരവര്‍ഷത്തോളം ഭരതനാട്യം അഭ്യസിക്കാന്‍ അവസരം കിട്ടി. ഭരതനാട്യത്തില്‍ ഡിപ്ലോമ എടുത്തു. വീണ്ടും കല്‍ക്കട്ടയില്‍ മടങ്ങിയെത്തി രവീന്ദ്രഭാരതി യൂണിവേഴ്‌സിറ്റിയില്‍ ഭരതനാട്യം മെയിന്‍ ആയി എടുത്ത് എം.എ ഡാന്‍സിന് ചേര്‍ന്നു. അവിടെയും കലാക്ഷേത്രയില്‍ നിന്നുള്ള പ്രൊഫസറെ തന്നെ ഗുരുവായി ലഭിച്ചത് കൊണ്ട് കലാക്ഷേത്ര സ്റ്റൈലില്‍ തന്നെ എനിക്ക് തുടര്‍ന്നും പഠിക്കാന്‍ കഴിഞ്ഞു.” ഗൗരവമായിട്ടാണ് താന്‍ കലയെ സമീപിക്കുന്നതെന്ന് മനസ്സിലായപ്പോള്‍ ചെറിയ എതിര്‍പ്പുകള്‍ പോലും വലിയ പിന്തുണയായി എന്ന് അച്ചന്‍ പറയുന്നു.

ബൈബിളും ഭരതനാട്യവും

ക്രിസ്തീയ കഥകളെ ഭരതനാട്യത്തിലൂടെ അവതരിപ്പിക്കാനാണ് ഫാദര്‍ സാജുവിന്റെ പരിശ്രമം. ”ബൈബിള്‍ പശ്ചാത്തലത്തിലുള്ള കഥകളെ മലയാളത്തില്‍ കവിതകളും പദങ്ങളുമാക്കി, ഞാന്‍ തന്നെ കൊറിയോഗ്രഫി ചെയ്ത് അവതരിപ്പിക്കുന്നു. ഇപ്പോള്‍ ധാരാളം കുട്ടികള്‍ എന്റെ ശിഷ്യരായി ഉണ്ട്. കുട്ടികളുടെയും മറ്റ് ടീച്ചര്‍മാരുടെയും സംഘമായാണ് ഞങ്ങള്‍ വിവിധ പരിപാടികള്‍ക്കായി പോകുന്നത്.

കലകാരന്‍ എന്ന ഒറ്റ കാരണത്താല്‍ മാത്രം ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള മുപ്പതോളം രാജ്യങ്ങളില്‍ ഞാന്‍ യാത്രചെയ്തു. രണ്ട് സര്‍വകലാശാലകളില്‍ ഞാന്‍ പിഎച്ച്ഡി ഗൈഡായി പ്രവര്‍ത്തിക്കുന്നു. കല്‍ക്കട്ട നഗരത്തില്‍ നിന്ന് അല്‍പ്പം മാറി ഒരു ആര്‍ട്ട്- കള്‍ച്ചര്‍- സ്പിരിച്വാലിറ്റി സെന്റര്‍ തുടങ്ങിയിട്ടുണ്ട്. അതിനെ ഒരു സര്‍വകലാശാലയായി ഉയര്‍ത്തുക എന്നതാണ് അടുത്ത ലക്ഷ്യം. ഒപ്പം സഹായം ആവശ്യമുള്ളവര്‍ക്ക് ഒരു താങ്ങായി മാറുക.” കലയിലൂടെ ക്രിസ്തുവിനെ സമൂഹത്തിലേക്ക് കൂടുതല്‍ എത്തിക്കുക എന്നതാണ് തന്റെ ജീവിത ലക്ഷ്യമെന്ന് ഫാദര്‍ സാജു പറയുന്നു. തന്റെ കഴിവുകള്‍ ദൈവവം നല്‍കിയ ദാനമാണെന്നും അത് അവിടുത്ത് ആരാധനയ്ക്കായി വിനയോഗിക്കുകയാണെന്നും ഫാദര്‍ സാജു എസ്‌ജെ വിനയത്തോടെ പറഞ്ഞ് ദൈവത്തെ സ്തുതിക്കുന്നു.

സുമം തോമസ്‌ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.