രാജസ്ഥാൻ ഗ്രാമത്തിൽ പ്രകാശം പരത്തുന്ന സന്യാസിനിമാർ

രാജസ്ഥാനിലെ 95 ശതമാനത്തോളം ഹിന്ദുക്കളും മുസ്ലിങ്ങളും താമസിക്കുന്ന ഗോയെക്ക ബാരിയ എന്ന ഗ്രാമത്തെയാണ് ഒരു കൂട്ടം സന്യാസിനിമാർ ഒന്നടങ്കം മാറ്റിയെടുത്തത്. ഉദയാപ്പൂർ രൂപതയുടെ കീഴിൽ വരുന്ന മിഷനറി സേർവെൻറ്സ് ഓഫ് ദി ഹോളിസ്പിരിറ്റ് എന്ന കോൺഗ്രിഗേഷനിലെ അംഗമാണിവർ.

കുട്ടികളുടെ വളർച്ചയെ കേന്ദ്രമാക്കിയുള്ള പ്രവർത്തങ്ങൾക്കാണ് അവർ ആരംഭം കുറിച്ചത്. ഒപ്പം പുതിയ സ്കൂളുകളും ഡിസ്പെൻസറികളും ആരംഭിക്കുകയും സാങ്കേതികമായ പുതിയ പരിഷ്‌കാരങ്ങൾ വരുത്തുകയും ചെയ്തു. ഗോത്ര വിഭാഗത്തിൽപ്പെട്ട 10,000 ത്തോളം പേരെയാണ് ഈ സിസ്റ്റേഴ്സ് തങ്ങളുടെ പ്രവർത്തങ്ങൾ വഴിയായി സഹായിച്ചത്.

“ഞങ്ങളിവിടെ വരുമ്പോൾ വൃത്തികേടായ പരിസരങ്ങളിൽ ആയിരുന്നു ഇവർ താമസിച്ചുകൊണ്ടിരുന്നത്. ആരും കുട്ടികളെ സ്കൂളിൽ അയച്ചിരുന്നില്ല. അവരോട് സംസാരിച്ചു ബോധ്യപ്പെടുത്തിയതിന്റെ ഫലമായി ഇപ്പോൾ ഇവരുടെ ജീവിതത്തിൽ പുരോഗതിയുണ്ട്,” ഇവരുടെ ഇടയിൽ പ്രവർത്തിക്കുന്ന സി. ജെയ്‌സ ആൻ്റണി പറയുന്നു.

ഇവരുടെ ഇടയിലുള്ള മറ്റൊരു പ്രശ്നം ലിംഗവിവേചനമാണ്. ഗ്രാമപ്രദേശത്തെ സ്ത്രീകൾക്ക് മുഖം പുറത്ത് കാണിക്കുവാൻ അനുവാദം ഇല്ല. ഒപ്പം ആരുടെയും മുഖത്ത് നോക്കുവാനും. വീട്ടിൽ പ്രസവിക്കാൻ മാത്രമേ ഇവർക്ക് അനുവാദമുള്ളൂ. ഇത്തരം കാര്യങ്ങൾക്ക് വലിയ കീഴ്വഴക്കങ്ങൾക്ക് വിധേയരായിരുന്നു ഇവർ. ഈ സിസ്റ്റേഴ്സ് 900 സ്ത്രീകളെ ഒന്നിച്ചുകൂട്ടി 72 സ്വയം സഹായ സംഘങ്ങൾ രൂപികരിച്ചു. അവരെ സ്വയം പര്യാപ്തരാക്കുവാൻ തയ്യൽ, ആട് വളർത്തൽ, കോഴി വളർത്തൽ,മുളകൊണ്ടുള്ള വിവിധ നിർമ്മാണങ്ങൾ എന്നിവ പരിശീലിപ്പിച്ചു.

32 വയസുള്ള കമല ദേവി ഇപ്പോൾ 4000 രൂപ മാസം സമ്പാദിക്കുന്ന സ്ത്രീയാണ്‌. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി അവൾ ഈ തുക ഉപയോഗിക്കുന്നു.” ഈ സിസ്റ്റേഴ്സ് ഇവിടെ വരുന്നതിനു മുൻപ് ഞങ്ങൾ ആളുകളുടെ പാദങ്ങളിൽ മാത്രം നോക്കി സംസാരിച്ചവർ ആയിരുന്നു. എന്നാൽ ഇപ്പോൾ മറ്റുള്ളവരുടെ കണ്ണിൽ നോക്കി ചിരിക്കുവാൻ ഞങ്ങൾക്ക് സാധിക്കുന്നുണ്ട്,” കമല ദേവി പറയുന്നു.

ഗ്രാമത്തിലെ ചില നേതാക്കൾക്ക് ഇവരുടെ പ്രവർത്തനങ്ങളോടും വികസനങ്ങളോടും എതിർപ്പുണ്ട്. അവർ ഈ സിസ്റ്റേഴ്സ് മത പരിവർത്തനത്തിന് ശ്രമിക്കുന്നു എന്നാരോപിക്കുന്നു. എന്നാൽ ഞങ്ങളുടെ നന്മക്കു വേണ്ടിയാണ് സിസ്റ്റേഴ്സ് പ്രവർത്തിക്കുന്നതെന്നറിയാം. ഗ്രാമവാസികൾ ഒന്നടങ്കം പറയുന്നു.