നാവികനായ ക്രിസ്തുവിനെക്കുറിച്ച് പാടിയ ഗായകന്‍

വിഖ്യാത ഗായകന്‍ ലിയനാര്‍ഡോ കാഹന്റെ സംഗീതത്തിലെ ദൈവസാന്നിദ്ധ്യത്തെക്കുറിച്ച് ഡോ. ഡേവിഡ് കോവാന്‍ എഴുതുന്നു

“ദുരന്തനായകനെപ്പോലെ അയാള്‍ അഭിനയിച്ചു, എന്നാല്‍ ശോകത്തില്‍ അയാള്‍ ഒളിപ്പിച്ചത് ദൈവസാന്നിദ്ധ്യമായിരുന്നു” – ഡേവിഡ് കോവാന്‍.

1990-കളെ സംഗീതാസ്വാദകര്‍ ലിയോനാര്‍ഡ് കോഹന്‍ എന്ന സംഗീതജ്ഞനെ കണ്ടെത്തിയത് ‘ഹല്ലേലുയ്യ’ എന്ന ഗാനത്തിലൂടെയായിരുന്നു. 1989-ല്‍ ജെഫ് ബക്‌ളിയാണ് ഈ ഗാനം റെക്കോര്‍ഡ് ചെയ്തത്. സംഗീതാസ്വാദകര്‍ക്കിടയില്‍ ഈ ഗാനം വേഗത്തില്‍ കടന്നു ചെന്നു. ‘വേരിയസ് പൊസിഷന്‍’ എന്ന ആല്‍ബത്തിലാണ്  1984-ല്‍ ഈ ഗാനം റിലീസ് ചെയ്തത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ഗാനത്തിന് കോഹന്‍ അവാര്‍ഡിനര്‍ഹനായത്. തന്റെ സ്വതസിദ്ധമായ നര്‍മ്മം കലര്‍ത്തിയാണ് കോഹന്‍ ഈ അവാര്‍ഡിന് നന്ദി പറഞ്ഞത്. ”എന്റെ ജോലിക്ക് പലിശ ഉള്‍പ്പെടെ പ്രതിഫലം നല്‍കിയതിന് നന്ദിയുണ്ട്” എന്നായിരുന്നു കോഹന്റെ പ്രതികരണം.

എന്നാല്‍ തന്റെ ജോലിയില്‍ നര്‍മ്മം പ്രതിഫലിപ്പിക്കാത്ത വ്യക്തിയായിരുന്നു കോഹന്‍. ശോകമായിരുന്നു കോഹന്റെ പാട്ടുകളുടെ മുഖമുദ്ര. ‘ഗോഡ്ഫാദര്‍ ഓഫ് ഗ്ലൂം’ എന്നും ‘ഏകാന്തതയുടെ കവി’ എന്നുമായിരുന്നു കോഹന് സംഗീതാസ്വാദകര്‍ നല്‍കിയ വിശേഷണങ്ങള്‍. അത്രയേറെ ദു:ഖഭരിതമായിരുന്നു കോഹന്റെ പാട്ടുകള്‍.

എന്നാല്‍ എനിക്ക്  കോഹന്‍ എന്നും പ്രിയപ്പെട്ട പാട്ടുകാരനായിരുന്നു. ഒരിക്കല്‍ എന്റെ മുറിയില്‍ ഞാന്‍ കോഹന്റെ പാട്ടുകള്‍ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് കൊടുങ്കാറ്റു പോലെ എന്റെ അച്ഛന്‍ മുറിയിലേക്ക് കടന്നു വന്നത്. അദ്ദേഹം ഉച്ചത്തില്‍ വളരെ ദേഷ്യത്തോടെ എന്നോട് ചോദിച്ചു, ‘ആരെങ്കിലും മരിച്ചിട്ടാണോ ഈ പാട്ട് വച്ചിരിക്കുന്നതെന്ന്.’ എന്നാല്‍ ഇതുകൊണ്ടൊന്നും കോഹന്റെ പാട്ടുകള്‍ എന്നെ വിട്ട് പോയില്ല. ഞാന്‍ വീണ്ടും വര്‍ഷങ്ങളോളം ഈ പാട്ടുകള്‍ കേട്ടുകൊണ്ടേയിരുന്നു. ശോകത്തേക്കാള്‍ കോഹന്റെ പാട്ടുകളില്‍ നിറഞ്ഞിരുന്ന ആത്മീയത എന്നെ ആകര്‍ഷിച്ചത് വളരെ പെട്ടെന്നായിരുന്നു. ആഴമേറിയ ആത്മീയ അന്വേഷണങ്ങളാണ് ഓരോ വരിയും എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മോണ്‍റിയല്‍ എന്ന ദേശത്ത് ഒരു ജൂതഭവനത്തിലായിരുന്നു ലിയനാഡോ കോഹന്‍ ജനിച്ചത്. കാനഡയിലെ ജൂതസമൂഹത്തില്‍ പ്രമുഖമായിരുന്നു കോഹന്റെ കുടുംബം.

ബൈബിള്‍ കഥകളുടെ പ്രതിധ്വനി ആയിരുന്നു കോഹന്റെ പാട്ടിലെ ഓരോ വരിയും. സുവിശേഷത്തിന്റെ പ്രഘോഷണമാണ് തന്റെ ഗാനങ്ങളിലൂടെ കോഹന്‍ നിര്‍വ്വഹിച്ചത് എന്ന് വേണമെങ്കില്‍ പറയാം.  അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഹല്ലേലുയ്യ എന്ന ഗാനം. സാമുവേലിന്റെ പുസ്തകത്തില്‍ നിന്നാണ് ഈ വരികള്‍ കടം കൊണ്ടിട്ടുള്ളത്.

കവിതകളും ഗാനങ്ങളും കൂടാതെ രണ്ട് നോവലുകളുടെയും രചയിതാവായിരുന്നു കോഹന്‍. നേരിട്ട് വേദിയില്‍ അവതരിപ്പിക്കുന്ന ഗാനങ്ങളും ഈ കവിയുടേതായിട്ടുണ്ട്.

”കാല്‍വരിയിലെ മലമുകളില്‍ കുരിശില്‍ ഞാന്‍ ക്രിസ്തുവിനെ കണ്ടു,

നിന്നോട് ഇങ്ങനെ ചെയ്ത മനുഷ്യരെ നീ വെറുക്കുന്നുവോ?

അവന്‍ പറഞ്ഞു, സ്‌നേഹത്തെക്കുറിച്ച് പറയൂ, വെറുപ്പിനെക്കുറിച്ചല്ല,

എനിക്ക് കടന്നുപോകാന്‍ ഇനി വളരെ കുറച്ച് സമയം മാത്രമേ

അവശേഷിക്കുന്നുള്ളൂ”

ഹല്ലേലുയ്യ ചിട്ടപ്പെടുത്തുന്നതിന് മുമ്പ് ലിയനാഡോ കോഹന്‍ ചെയ്ത മറ്റൊരു ഗാനമായിരുന്നു ‘സൂസെന്‍’,

”കടലിന് മുകളില്‍ സഞ്ചരിച്ചപ്പോള്‍ ക്രിസ്തു ഒരു നാവികന്‍ ആയിരുന്നു,

മരത്താല്‍ നിര്‍മ്മിച്ച തന്റെ ഏകാന്തമായ ഗോപുരത്തില്‍ നിന്ന് വീക്ഷിച്ചാണ്

അവന്‍ വളരെ സമയം ചെലവഴിച്ചിരുന്നത്.

ചില സമയങ്ങളില്‍ മുങ്ങിത്താഴുന്ന മനുഷ്യര്‍ അവനെ അറിഞ്ഞിരുന്നെങ്കില്‍…

അവന്‍ പറയുന്നു, സമുദ്രം സ്വതന്ത്രമാക്കുന്നത് വരെ

എല്ലാ പുരുഷന്‍മാരും നാവികരാണ്.

എന്നാല്‍ ആകാശം തുറക്കുന്നത് കാണാന്‍ ആരും കാത്തു നിന്നില്ല.

അതിന് മുമ്പ് അവര്‍ തകര്‍ന്നു പോയി

എല്ലാ മനുഷ്യരും തങ്ങളുടെ ജ്ഞാനത്തിന്റെ സമുദ്രത്തില്‍

കല്ലെന്നപോലെ താണുപോയി.”

കോഹന്റെ ഏറ്റവും പ്രശസ്തമായ വരികള്‍ ഇപ്രകാരമാണ്, ”എല്ലാത്തിലും തകര്‍ച്ചയുടെ ഒരു വിടവ് കാണുന്നു. വെളിച്ചം ഉള്ളില്‍ പ്രവേശിക്കുന്നതിന് വേണ്ടിയാണിത്.” ദൈവികമായ ഉള്‍ക്കാഴ്ചയുടെ പ്രതിഫലനമാണ് ഈ വരികള്‍.  ആത്മീയ അന്വേഷണം കോഹന്‍ മറ്റുള്ളവരിലേക്ക് എത്തിച്ചത് തന്റെ കവിതകളിലൂടെയും സംഗീതത്തിലൂടെയുമായിരുന്നു.

പരമ്പരാഗത ജൂത പാഠങ്ങളുടെ വെളിച്ചത്തിലായിരുന്നു കോഹന്റെ സംഗീതയാത്ര. ഈ ലേഖനം പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് കോഹന്റെ അവസാന ആല്‍ബം എനിക്ക് ലഭിച്ചിരുന്നു. ‘യു വാണ്ട് ഇറ്റ് ഡാര്‍ക്കര്‍’ എന്നാണ് ഈ രചനയുടെ പേര്. മരണത്തിന് സന്നദ്ധനായിരിക്കുന്നു എന്നാണ് ഈ ആല്‍ബത്തിലൂടെ കോഹന്‍ വെളിപ്പെടുത്തുന്നത്. ന്യൂയോര്‍ക്കര്‍ മാഗസിനില്‍ അദ്ദേഹത്തിന്റെ അവസാന അഭിമുഖവും പുറത്തു വന്നിരുന്നു. തന്റെ കാമുകി മരിയാന്റെ അകാല വിയോഗം കോഹനെ വളരെ ദു:ഖിപ്പിച്ചിരുന്നു. ‘സോ ലോംഗ്’ എന്ന ആല്‍ബത്തില്‍ അദ്ദേഹം ഇത് പങ്കുവച്ചിട്ടുണ്ട്. തന്റെ പ്രണയിനിക്ക് അദ്ദേഹം അയച്ച സന്ദേശത്തില്‍ ഇപ്രകാരം പറയുന്നു. ”വളരെ പെട്ടെന്ന് തന്നെ നിന്നെ അനുഗമിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു, ഞാന്‍ നിന്റെ തൊട്ടുപുറകിലുണ്ട് എന്നറിയുക.”

പ്രവചിച്ചതുപോലെ മരിയാനൊപ്പം ലിയനാഡോ കോഹനും യാത്രയായി.

നന്ദി ലിയനാഡോ, ദൈവത്തെ കണ്ടെത്താന്‍ സഹായിച്ചതിന്.

സുമം തോമസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.