ലത്തീൻ    മെയ് 29   മർക്കോ 10:28-31 നൂറിരട്ടി

“ഇവിടെ വച്ച് തന്നെ നൂറിരട്ടി ലഭിക്കാത്തിതിരിക്കില്ല…..വരാനിരിക്കുന്ന കാലത്തു നിത്യജീവനും.” (വാക്യം 30)

ശിഷ്യത്വം അഭിലഷിച്ചു യേശുവിന്റെ അടുക്കൽ എത്തുകയും, എന്നാൽ എല്ലാം ഉപേക്ഷിക്കണം എന്ന ഗുരുവചനം ശ്രവിച്ചെങ്കിലും തൻ്റെ സ്വത്തിനോടുള്ള ആശാപാശത്താൽ ദുഃഖാർത്തനായ് മടങ്ങിപോകുകയും ചെയ്‌ത യുവാവിനെ കണ്ടപ്പോൾ പത്രോസ് അഭിമാനത്തോടെ ശിഷ്യരായ തങ്ങൾ  എല്ലാം പരിത്യജിച്ചു യേശുവിനെ അനുധാവനം ചെയ്തതിന് എന്ത് പ്രതിഫലം ലഭിക്കുമെന്ന് യേശുവിനോട് ചോദിക്കുന്നു. അവർ പരിത്യജിച്ചതിനേക്കാൾ “നൂറിരട്ടി”യാണ്  യേശു പ്രതിഫലമായി വാഗ്‌ദാനം ചെയ്യുന്നത്.

കാർഷികാന്തിരീക്ഷത്തിൽ സമൃദ്ധമായ വിളവിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന “നൂറിരട്ടി” എന്ന പദപ്രയോഗം ആത്മീയജീവിതത്തിൽ ദൈവാനുഗ്രഹങ്ങളുടെ പൂര്‍ണ്ണതയെ സൂചിപ്പിക്കുന്നു. ഇതിന് ഭൗതീകമായ ഒരു പ്രതിഫലത്തെയുമല്ല സൂചിപ്പിക്കുന്നത്. മറിച്ചു, ദൈവാരാജ്യത്തിനുവേണ്ടിയുള്ള ഭൂതകാലത്തെ പരിത്യാഗത്തിൻ്റെ പ്രതിഫലം (ദൈവാനുഗ്രഹത്തിൻ്റെ പൂർണ്ണത) വർത്തമാനകാലത്തു “വിസ്തൃത-കുടുംബം” (Extended Family), ഭാവികാലത്തു “നിത്യജീവൻ” (Eternity) എന്നീ രണ്ടു വിധത്തിൽ സ്വീകരിക്കുമെന്നാണ് യേശു സൂചിപ്പിക്കുന്നത്.

(1) വിസ്തൃതമായ കുടുംബം:  ഇത് ലോകത്തോളം വിശാലമായ ഒരു സാഹോദര്യത്തിന്റെ അഥവാ ക്രിസ്തു ശിരസ്സും വിശ്വാസികൾ ശരീരവുമായ തിരുസഭയുടെ പ്രതീകമാണ്. മനുഷ്യബന്ധങ്ങൾ നൽകുന്ന സുരക്ഷയെക്കാളധികമായി ദൈവപരിപാലന നൽകുന്ന ആനന്ദമാണ് ഈ ലോകത്തിൽ പ്രതിഫലമായി ലഭിക്കുന്നത്.

(2) പരിത്രാണം: മരണശേഷം ഈ ആനന്ദത്തിന്റെ തുടർച്ച നിത്യതയിലേക്ക്  (Eternity) വ്യാപിപ്പിക്കപ്പെടുന്നു.

സമർപ്പിതരും സന്യസ്തരും സ്വകുടുംബത്തെയും കുടുംബബന്ധങ്ങളെയും ശിഷ്യത്വത്തെ പ്രതി  പരിത്യജിക്കാൻ വിളിക്കപ്പെട്ടിട്ടുണ്ട് . എന്നാൽ എല്ലാവരും ക്രൈസ്തവകുടുംബജീവിതം ഉപേക്ഷിക്കാൻ വിളിക്കപ്പെട്ടിട്ടില്ല, പക്ഷെ അനുവദനീയമായ ചില സുഖ-വിനോദങ്ങൾ ശിഷ്യത്വത്തെ പ്രതി പരിത്യജിക്കുമ്പോഴും സഭയുടെ ശുശ്രുഷകളിൽ ത്യാഗബുദ്ധിയോടെ പങ്കുചേരുമ്പോഴും അനുഭവവേദ്യമാകുന്ന ദൈവപരിപാലന നൽകുന്ന ആത്മീയാനന്ദം അനിർവ്വചനീയമായ ദൈവാനുഗ്രഹങ്ങളുടെ “നൂറിരട്ടി”  അഥവാ പൂര്‍ണ്ണത അനുഭവമായിരിക്കും. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപൂർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.