ലത്തീൻ   മെയ് 21   മർക്കോ 9:14-29 സ്വർഗീയ ജ്ഞാനം

 
” വിശ്വസിക്കുന്നവന് എല്ലാം സാധിക്കും” (വാക്യം 23)
ആദ്യത്തെ ദൗത്യയാത്രയിൽ അനേകരിൽ നിന്നും ദുരാത്മാക്കളെ പുറത്താക്കാൻ ശിഷ്യർക്ക് കഴിഞ്ഞിരുന്നുവെങ്കിലും മൂകനായ കുട്ടിയിൽ നിന്നും ദുരാത്മാവിനെ പുറത്താക്കാൻ ശിഷ്യർ പരാജയപ്പെടുന്നു. ദുഷ്ടാത്മാവിൻ്റെ ശക്തി ശിഷ്യൻമാരുടെ ആത്മീയശക്തിയെക്കാൾ വലുതായതിനല്ല, മറിച്ചു അവരുടെ വിശ്വാസം ദുര്‍ബ്ബലമായതിനാലാണ്. ദൈവശക്തിയിൽ വിശ്വസിക്കാതെ സ്വന്തം ശക്തിയിൽ ആശ്രയമർപ്പിച്ചു ദുഷ്ടാത്മാവിനെ പുറത്താക്കാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല.
കുട്ടിയുടെ പിതാവ് തൻ്റെ അവിശ്വാസം ഏറ്റുപറഞ്ഞു തന്നെ സഹായിക്കണമേ എന്ന് അഭ്യർത്ഥിച്ചു  ദൈവത്തിൻ്റെ  ശക്തിക്ക് സമർപ്പിച്ചപ്പോൾ ദുഷ്ടാത്മാവിനെ യേശു പുറത്താക്കി.
“സ്വർഗീയ ജ്ഞാനം”, “ഭൗമിക ജ്ഞാനം” എന്നിങ്ങനെ രണ്ടുതരം ജ്ഞാനത്തെ കുറിച്ച് യാക്കോബ് ശ്ലീഹ പറയുന്നു. അസൂയ, അഹങ്കാരം, അതിമോഹം തുടങ്ങിയ ചിന്തകൾ  ഭൗമിക ജ്ഞാനത്തിൽ നിന്നും ജനിക്കുന്നതിനാൽ (യാക്കോ 3:13-18) സമാധാനം, കാരുണ്യം, സ്‌നേഹം എന്നിവ ജനിപ്പിക്കുന്ന സ്വർഗീയ ജ്ഞാനം തേടുവാൻ ശ്ലീഹ ഓർമ്മിപ്പിക്കുന്നു.
സ്വർഗീയ ജ്ഞാനം ദുഷ്ടാത്മാക്കൾക്കെതിരെ പോരാടുന്നതിനുള്ള  വിശ്വാസശക്തി നൽകുമ്പോൾ ഭൗമികജ്ഞാനം യുക്തിശക്തിയിൽ ആശ്രയിക്കാൻ മനുഷ്യനെ പ്രോത്സാഹിപ്പിക്കുന്നു. തിൻമ്മയുടെ ശക്തികൾക്കെതിരെയുള്ള വിജയം മനുഷ്യശക്തിയിൽ നേടാവുന്ന ഒന്നല്ല, ദൈവികശക്തിയിലും ജ്ഞാനത്തിലും മാത്രം ആശ്രയിച്ചു നേടാവുന്ന ഒന്നാണ്. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപൂർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.