14,000-ഓളം കൊറിയൻ അഭയാർത്ഥികളെ രക്ഷപെടുത്തിയ ക്യാപ്റ്റൻ വിശുദ്ധപദവിയിലേക്ക്

ചരിത്രത്തിൽ ഒരു കപ്പലിൽ വച്ചു നടന്ന ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ് 14,000-ഓളം കൊറിയൻ അഭയാർത്ഥികളെ രക്ഷപ്പെടുത്തിയ സംഭവം. 1950 ഡിസംബർ 23-ന് ആരംഭിച്ച ആ രക്ഷാപ്രവർത്തനം 1950 ക്രിസ്മസ് ദിനത്തിൽ അവസാനിച്ചു. ക്യാപ്റ്റൻ ലിയോനാർഡ് ലാറൂ ആയിരുന്നു ഇതിന്റെ ചുമതല നിര്‍വഹിച്ചത്. പിന്നീട് അദ്ദേഹം ബെനഡിക്റ്റൈൻ സന്യാസിയായി. അദ്ദേഹത്തിന്റെ സാഹസികമായ ജീവിതം വായിച്ചറിയാം…

ലിയോനാർഡ് ലാറൂ 1914 ജനുവരി 14-ന് ഫിലാഡൽഫിയയിൽ ജനിച്ചു. പെൻസിൽവാനിയ സ്റ്റേറ്റ് നോട്ടിക്കൽ സ്കൂളിൽ പരിശീലനം നേടിയ അദ്ദേഹം കപ്പലിൽ ജോലി ചെയ്യാൻ ആരംഭിച്ചു. അങ്ങനെ ന്യൂയോർക്കിൽ നിന്ന് വരുന്നതും പോകുന്നതുമായ കപ്പലുകളിൽ അദ്ദേഹം ജോലി ചെയ്തു. 1942-ൽ അദ്ദേഹം മൂർ-മക്‌കോർമാക് ലൈനിൽ ചേർന്നു. 1944-ൽ അദ്ദേഹത്തിന് മാസ്റ്ററായി സ്ഥാനക്കയറ്റവും സ്വന്തമായി കപ്പലും നൽകി. എസ്.എസ്. മെറെഡിത്ത് വിക്ടറി എന്ന ചെറിയ ചരക്കുകപ്പലിന്റെ കമാൻഡറായി അദ്ദേഹത്തെ അയച്ചു. പിന്നീട് യുഎസ് മർച്ചന്റ് മറൈൻ ക്യാപ്റ്റനായിത്തീർന്ന അദ്ദേഹം കൊറിയൻ യുദ്ധം തുടങ്ങിയപ്പോൾ, കൊറിയയിലേക്ക് അയച്ച അമേരിക്കൻ സൈനികർക്ക് സാധനങ്ങൾ എത്തിക്കുന്നതിനായി പോയി.

കൊറിയൻ യുദ്ധമുഖത്ത്

കൊറിയയിൽ യുദ്ധം നടക്കുന്നതിനിടയിൽ വളരെ അപകടകരമായ സാഹചര്യങ്ങളിൽ അദ്ദേഹത്തിന് സഞ്ചരിക്കേണ്ടതായി വന്നു. ശത്രുക്കളുടെ വെടിവയ്പ്പിലും മറ്റ് അപകടകരമായ സാഹചര്യങ്ങൾക്കിടയിലും ക്യാപ്റ്റൻ ലാറു കടലിലൂടെ സധൈര്യം കപ്പലോടിച്ചു. യുദ്ധത്തിന്റെ ദുരിതങ്ങൾക്കിടയിൽ കഷ്ടപ്പെടുന്ന കൊറിയൻ അഭയാർത്ഥികൾ അദ്ദേഹത്തിന്റെ കപ്പലിൽ സഹായത്തിനായി വന്നു. അവരുടെ അരികിൽ, പേടിച്ചരണ്ട് അവരുടെ മക്കളും ഉണ്ടായിരുന്നു. ഇത് അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു.

14,000 അഭയാർത്ഥികൾ താമസിച്ചിരുന്ന ഹംഗ്‌നാം തുറമുഖത്തെ അവസാന കപ്പലുകളിലൊന്നായിരുന്നു ക്യാപ്റ്റൻ ലാറൂവിന്റെ കപ്പൽ. ഉദ്യോഗസ്ഥരും ജോലിക്കാരുമടങ്ങുന്ന 47 പേരെ ഉൾക്കൊള്ളുന്നതിനായി രൂപകൽപന ചെയ്തതായിരുന്നു അത്. എല്ലാ ചരക്കുകളും ആയുധങ്ങളും കൈവശമുള്ള എന്തും കപ്പലിൽ നിന്ന് നീക്കം ചെയ്യാൻ ക്യാപ്റ്റൻ ലാറൂ ഉത്തരവിട്ടു. അതിനുശേഷം അദ്ദേഹം അഭയാർത്ഥികളെ കപ്പലിൽ കയറാൻ ക്ഷണിച്ചു. സാധനങ്ങൾ ഇറക്കി അഭയാർത്ഥികളെ കപ്പലിൽ കയറ്റാൻ ഒരു ദിവസം മുഴുവൻ എടുത്തിരുന്നു.

1950 ഡിസംബർ 23-നാണ് കപ്പൽ യാത്ര തുടങ്ങിയത്. ആ കപ്പലിൽ 14,000-ഓളം ആളുകൾ തിങ്ങിനിറഞ്ഞു കയറി. ഭക്ഷണമോ വെള്ളമോ ചൂടോ സാനിറ്ററി സൗകര്യങ്ങളോ ഒന്നും ലഭ്യമല്ലായിരുന്നു. കപ്പലിലുള്ള ഒരേയൊരു ആയുധം ക്യാപ്റ്റൻ ലാറൂവിന്റെ തോക്ക് മാത്രമായിരുന്നു. വളരെ അപകടകരമായ സാഹചര്യം. മൂന്ന് ദിവസത്തെ ദുരിതപൂർണ്ണമായ യാത്ര. “വെല്ലുവിളികളിലൂടെ സഞ്ചരിച്ചപ്പോഴും ഈ മൂന്നു ദിവസങ്ങളിൽ ദൈവം ഞങ്ങളോടൊപ്പം സഞ്ചരിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു” – ക്യാപ്റ്റൻ പറഞ്ഞു.

അങ്ങനെ ക്രിസ്തുമസ് രാവിൽ പുസാനിൽ കപ്പലെത്തി. പരിക്കേറ്റവരെയും അഞ്ച് സ്ത്രീകളെയും അവരുടെ നവജാത ശിശുക്കളോടൊപ്പം രക്ഷപ്പെടുത്തുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. കുറച്ച് പുതപ്പുകളും വെള്ളവും അദ്ദേഹം സംഘടിപ്പിച്ചു. അതിനുശേഷം അവർ 50 മൈൽ തെക്കു-പടിഞ്ഞാറായി കൊജോ-ഡോ എന്ന ദ്വീപിലേക്ക് യാത്ര തിരിച്ചു. ക്രിസ്തുമസ് ദിനത്തിൽ ലാറൂവും സംഘവും അഭയാർത്ഥികളുടെ കപ്പലും സുരക്ഷിതമായി എത്തി.

സന്യാസത്തിലേക്ക്

ലാറൂ തന്റെ രക്ഷാപ്രവർത്തനത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: “ഒരു ചെറിയ കപ്പലിന് ഇത്രയധികം വ്യക്തികളെ പിടിച്ചുനിർത്താനും അപകടങ്ങളെ അതിജീവിക്കാനും കഴിഞ്ഞത് ദൈവത്തിന്റെ കാരുണ്യത്താലാണ്. കൊറിയയുടെ തീരങ്ങളിൽ നിന്ന് മങ്ങിയതും കയ്പേറിയതുമായ വെള്ളത്തിൽ ദൈവത്തിന്റെ കൈകള്‍ എന്റെ കപ്പലിന്റെ ചുക്കാൻ പിടിച്ചിരുന്നു.”

ക്യാപ്റ്റൻ ലിയോനാർഡ് ലാറൂ 1954-ൽ ന്യൂജേഴ്‌സിയിലെ ന്യൂട്ടണിലെ ബെനഡിക്റ്റൈൻ ആശ്രമമായ സെന്റ് പോൾസ് ആബിയിൽ ചേർന്ന് മരിനസ് എന്ന പേര് സ്വീകരിച്ചു. ‘കടൽ’ എന്നർത്ഥമുള്ള ലാറ്റിൻ പദമാണ് മരിനസ്. 2001-ൽ മരിക്കുന്നതുവരെ അദ്ദേഹം സന്യാസാശ്രമത്തിൽ വിശ്വസ്തതയോടെ ജീവിച്ചു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.