ഞായറാഴ്ച പ്രസംഗം ജനുവരി 8- വിമോചകനായ ഈശോ

ദനഹാക്കാലം ഒന്നാം ഞായര്‍ ലൂക്കാ 4:16-22
ദനഹാക്കാലം വെളിപ്പെടുത്തലിന്റെ കാലമാണ്. യേശുവിന്റെ മാമ്മോദീസാ വേളയില്‍ ത്രിത്വം വെളിപ്പെട്ടതിനെ ആരാധനാ സമൂഹം ഈ കാലത്തില്‍ അനുസ്മരിക്കുന്നു. ഈശോയുടെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്ന വചനഭാഗം ആണ് (ലൂക്കാ 4:16-22) തിരുസഭ ഇന്ന് ധ്യാനവിഷയമാക്കുന്നത്. ഈശോ തന്നെത്തന്നെ ലോകത്തിന് വെളിപ്പെടുത്തുന്ന സന്ദര്‍ഭമാണിത്. യേശുവാണ് ലോകം പാര്‍ത്തിരുന്ന സമഗ്രവിമോചനം നല്‍കുന്ന മിശിഹായെന്നും കര്‍ത്താവിന്റെ വത്സരം ആരംഭിച്ചിരിക്കുന്നു എന്നും ഏശയ്യാ പ്രവചനത്തിന്റെ ചുവടുപിടിച്ച് ലൂക്കാ വ്യക്തമാക്കുന്നു. ഇതാണ് ഈശോയുടെ പരസ്യജീവിത ശുശ്രൂഷയുടെ കാതല്‍. ഈ വചനഭാഗം വ്യക്തമായി മനസ്സിലാക്കുന്നതിന് ലൂക്കാ സുവിശേഷത്തിന്റെ ലക്ഷ്യത്തെ അറിയേണ്ടതുണ്ട്. വി. ലൂക്കായുടെ ലക്ഷ്യം വിശ്വാസത്തിലടിയുറച്ച പുതിയ ഇസ്രായേലിന് ഈശോ രൂപം കൊടുക്കുകയാണ്. ഈ ലക്ഷ്യം സാധൂകരിക്കാനായി നഷ്ടപ്പെട്ടതിനെ അന്വേഷിച്ച് കണ്ടെത്തി ദൈവവുമായി അതിനെ ഐക്യത്തിലാക്കുന്ന ഈശോയെയാണ് ലൂക്കാ അവതരിപ്പിക്കുന്നത്. പാരമ്പര്യങ്ങളെയും നിയമങ്ങളെയും അതിലംഘിക്കുന്ന പുതിയ നിയമം ഇസ്രായേലിന് രൂപം നല്‍കുന്ന മിശിഹായാണ് യേശു. മിശിഹാ വിമോചകനാണ്. അവെന്റെ വത്സരം മോചനത്തിന്റെയും കൃപയുടെയും വത്സരമാണ്. ബന്ധിതര്‍ക്ക് മോചനം, അന്ധര്‍ക്ക് കാഴ്ച, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യം ഇവയൊക്കെയാണ് മിശിഹാ ഭൂമിയില്‍ കൊണ്ടുവരുന്നത്. മനുഷ്യന്റെ വേദനകളറിയാത്ത അകലങ്ങളില്‍ വാഴുന്ന പ്രതാപശാലിയായ ദൈവമെന്ന ആശയത്തിനപ്പുറം അവന്റെ അനുദിന സഹനങ്ങളില്‍ അവനോടുകൂടി ചേരുന്ന, അവന് മോചനത്തിന്റെ പാത തുറന്നുകൊടുക്കുന്ന ദൈവമായാണ് ഈശോ അവതാരം ചെയ്യുന്നത്.

ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവനായ മനുഷ്യന് ദൈവം നല്‍കുന്ന ഉന്നതമായ ദാനമാണ് സ്വാതന്ത്ര്യം. അവന്‍ സ്വതന്ത്രനായിരിക്കാന്‍ വിളിക്കപ്പെട്ടവനാണ്. ആന്തരികമായും ബാഹ്യമായും ഒരുവന്റെ സ്വാതന്ത്ര്യം എവിടെയൊക്കെ ഹനിക്കപ്പെടുന്നുവോ അവിടെയെല്ലാം അവന്‍ ആയുധമേന്തി പ്രതിഷേധിച്ചിട്ടുണ്ട്. കാരണം സ്വാതന്ത്ര്യം മനുഷ്യന് പ്രാണവായു പോലെയാണ്.
യേശു നല്‍കുന്ന വിമോചനം ഈ സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുവയ്പ്പാണ്. ആ സ്വാതന്ത്ര്യത്തില്‍ ജീവിക്കുമ്പോള്‍ നാം അവിടുത്തെ വത്സരത്തിന്റെ ഫലങ്ങള്‍ അനുഭവിച്ചറിയുന്നു. യേശു ആത്മാവിന്റെ അഭിഷേകം സ്വീകരിച്ചത് മാനവകുലത്തിന് വിമോചനം നല്‍കുന്നതിനാണ്.

ഇന്നത്തെ വചനത്തില്‍ പ്രതിപാദിക്കുന്ന ‘ബന്ധിതര്‍ക്ക് മോചനം’ എന്ന വാഗ്ദാനം വിരല്‍ ചൂണ്ടുന്നത് യഹൂദ സമൂഹത്തില്‍ നിലനിന്നിരുന്ന ജൂബിലി വര്‍ഷാചരണത്തിലേക്കാണ്. ജൂബിലി വര്‍ഷത്തില്‍ യഹൂദര്‍ കടങ്ങള്‍ ഇളച്ചുകൊടുക്കുകയും അടിമകളെ വിട്ടയയ്ക്കുകയും എല്ലാവരെയും താന്താങ്ങളുടെ ഭവനത്തിലേക്ക് അയയ്ക്കുയും ചെയ്യുമായിരുന്നു. ജൂബിലി വര്‍ഷത്തിലെ ഈ മോചനത്തെ സൂചിപ്പിക്കുന്ന മുവലശെ െ(അഫേസിസ്) എന്ന ഗ്രീക്ക് പദമാണ് രചനയില്‍ ഉപയോഗിച്ചിരിക്കുന്നത്. യഹൂദര്‍ക്ക് ജൂബിലി വര്‍ഷത്തില്‍ മാത്രം സംഭവിച്ചിരുന്ന ഈ വിമോചനം വിശ്വാസിയുടെ ജീവിതത്തിലുടെനീളം നല്‍കുന്ന മിശിഹായാണ് യേശുവെന്ന് ലൂക്കാ സുവിശേഷകന്‍ പഠിപ്പിക്കുന്നു.

യേശു നല്‍കുന്ന വിമോചനം അവിടുത്തെ രക്തത്താല്‍ നേടിയെടുത്തതാണ്. അത് ഒരുവന്റെ ഭൂതകാലത്തിലെ പാപങ്ങളില്‍ നിന്നും ബന്ധനങ്ങളില്‍ നിന്നും വിടുവിക്കുന്നു, ദൈവഭവനത്തിന്റെ ഊഷ്മളതയിലേക്ക് നമ്മുടെ ആത്മാക്കളെ തിരികെ കൊണ്ടുവരുന്നു. ഇപ്രകാരം പൂര്‍ണമായും നിരുപാധികമായും ക്ഷമിക്കപ്പെടുകയും സ്വീകരിക്കുകപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ദൈവീക വിമോചനം. മിശിഹായായ ഈശോ ഈ വചനം നിറവേറ്റിയിരിക്കുന്നു എന്നു പറയുമ്പോള്‍ അതിന്റെ ഫലം അനുഭവിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ എന്നത് ആത്മശോധനയ്ക്ക് വിഷയമാക്കേണ്ടതുണ്ട്. അവിടുന്ന് നല്‍കുന്ന രക്ഷയുടെ ഫലങ്ങള്‍ സഭയിലൂടെയാണ് നമ്മള്‍ അനുഭവിച്ചറിയേണ്ടത്.

പഴയനിമയത്തില്‍ മോശയെ വിളിക്കുന്ന ദൈവജനത്തിന്റെ നിലവിളികേട്ട് (പുറ 3:8) ഇറങ്ങിവന്ന്, തന്റെ രക്ഷാകരമായ സാന്നിധ്യം (പുറ 3:12) വാഗ്ദാനം ചെയ്തുകൊണ്ട് ദൈവം മോശയെ ശക്തിപ്പെടുത്തി. ഇന്ന് സഭയിലൂടെ ദൈവം തന്നെത്തന്നെ സന്നിഹിതനാക്കുന്നു. ജീവിതയാത്രയില്‍ ബന്ധനങ്ങളും സ്വാതന്ത്യവും അനുഭവിക്കുമ്പോള്‍ വിമോചകനായ യേശുവില്‍ നമുക്ക് ശരണം പ്രാപിക്കാം. അവിടുത്തെ രക്ഷാകരമായ വത്സരത്തിന്റെ ഫലങ്ങള്‍ നമുക്ക് സ്വീകരിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.