ഐറിഷ് വനത്തിലെ ‘വളരുന്ന മരക്കുരിശ്’ അത്ഭുതം സൃഷ്ടിക്കുന്നു

വിസ്മയമായ ആകാശകാഴ്ചകള്‍ ഒരുക്കി ഐറിഷ് വനം

ലണ്ടന്‍: അയര്‍ലന്റിലെ ജെറി സിറ്റി എയര്‍ പോര്‍ട്ടിലേക്ക് പറക്കുന്നവര്‍ക്ക് മനോഹരമായ ആകാശ കാഴ്ചയാണ് ലണ്ടന്‍ ഡെറി പ്രദേശത്തെ ഒരു വനമേഖല നല്‍കുന്നത്. വനനിബിഡമായ ഈ പ്രദേശത്ത് ഐറിഷ് ക്രൈസ്തവികതയുടെ പാരമ്പര്യ മുദ്രയായ സെല്‍റ്റിക് കുരിശിന്റെ ആകൃതിയില്‍ വൃക്ഷങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നു. 300 അടി നീളത്തിലും 200 അടി വീതിയിലും വനവൃക്ഷങ്ങള്‍ തീര്‍ക്കുന്ന ഈ കുരിശ് കാണാന്‍ മാത്രം അനേകം പേര്‍ ഡെറി സിറ്റിയിലേക്ക് യാത്ര ചെയ്യുന്നുണ്ട്.

ഇരുണ്ട ഇലചാര്‍ത്തുള്ള വനമേഖലയുടെ ഉള്ളിലാണ് നേര്‍ത്തതും കാണാന്‍ ഭംഗിയുള്ളതുമായ വൃക്ഷങ്ങള്‍ ചേര്‍ന്നു രൂപപ്പെടുത്തിയ സെല്‍റ്റിക് കുരിശ് കാണാന്‍ കിഴിയുക. ഈ വര്‍ഷത്തെ വരണ്ട ശരത് കാലത്തില്‍ ഉണ്ടായ പുതുതളിര്‍പ്പ് കുരിശിനെ കൂടുതല്‍ വ്യക്തയോടെ കാണാന്‍ സഹായിക്കുന്നു. അനേക വര്‍ഷങ്ങളായി ഈ വനമേഖലയില്‍ സെല്‍റ്റിക് കുരിശ് കാണുന്നുണ്ടെങ്കിലും അടുത്ത നാളിലാണ് ഐറിഷ് ടെലിവിഷന്‍ ഈ വൃക്ഷതൈകള്‍ ഇവിടെ നട്ട മനുഷ്യപ്പറ്റിയുള്ള വിവരങ്ങള്‍ പുറം ലോകത്തെ അറിയിച്ചത്. ലൈയേം എമ്മറി എന്ന ഐറിഷ് വനപാലകനാണ് സെല്‍റ്റിക് കുരിശിന്റെ ആകൃതിയില്‍ ഇവിടെ വനം രൂപപ്പെടുത്തിയത്.

ഒരു റോഡപകടത്തില്‍ തലച്ചോറിനു കാര്യമായ ക്ഷതം സംഭവിച്ച ലൈയിം എമ്മറി. 2010 ല്‍ തന്റെ 51-ാം വയസില്‍ മരണമടഞ്ഞു. ഗറേത്ത് ഓസ്റ്റിന്‍ എന്ന ഉദ്യാനപരിപാലകന്റെ അഭിപ്രായത്തില്‍ വരാന്‍ പോകുന്ന 70 വര്‍ഷങ്ങളില്‍ ലൈയിം നിര്‍മ്മിച്ച ഈ സെല്‍റ്റിക് കുരിശ് അനേകര്‍ക്ക് നയനമനോഹരമായ ആകാശക്കാഴ്ച ഒരുക്കും.

സെല്‍റ്റിക് കുരിശിന്റെ ഉത്ഭവം ഇപ്പോഴും ചരിത്രകാരന്മാരുടെ ഇടയില്‍ തര്‍ക്കവിഷയമാണ്. കുരിശിനെ ചൂഴ്ന്നു നില്‍ക്കുന്ന വൃത്തം ക്രിസ്തുവിന്റെ പ്രഭാവലയത്തെ സൂചിപ്പിക്കുന്നു എന്ന് ഒരു കൂട്ടര്‍ പറയുന്നു. എന്നാല്‍ ഇത് സൂര്യനെ ദേവനായി അനുസ്മരിച്ചിരുന്ന മറ്റ് മതസ്ഥരില്‍ നിന്നും കടംകൊണ്ട ഒരു പ്രതീകമാണെന്നും നീതിസൂര്യനായ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യാനായി ക്രൈസ്തവര്‍ ഇത് ഉപയോഗിച്ചു തുടങ്ങിയെന്നുമാണ് മറ്റൊരു കൂട്ടരുടെ അഭിപ്രായം.

വി. പാട്രിക്ക്, വി. സെക്കലാനോ എന്നീ വിശുദ്ധരാണ് സെല്‍റ്റിക് കുരിശ് അയര്‍ലന്റിനു പരിചയപ്പെടുത്തിയത് എന്നാണ് ബഹുഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നത്. ഏതായാലും ലൈയിം എമ്മറി നിര്‍മ്മിച്ച ‘ഫോറസ്റ്റ് സെല്‍റ്റിക് കുരിശി’നെക്കുറിച്ചുള്ള ചര്‍ച്ച ഇന്ന് നിരൂപകരുടെയും ചരിത്ര കാരന്മാരുടെയും ഇടയില്‍ സജീവമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.