ഇതാണ് നിഴലായി കൂടെ നടന്ന ആ അമ്മ – മാതാവിന്റെ സ്വര്‍ഗ്ഗാരോപണതിരുന്നാള്‍

മാനവകുലത്തിന് മനുഷ്യപുത്രന്‍ നല്കിയ അന്ത്യസമ്മാനമാണ് പരിശുദ്ധ അമ്മ. അവള്‍ മണ്ണിലെ മനുഷ്യന്റെ മാതാവും മദ്ധ്യസ്ഥയും മാത്രമല്ല, പകരം വിണ്ണിലെ സ്വര്‍ഗ്ഗരാജ്ഞി കൂടിയാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ദിനമാണ് സ്വര്‍ഗ്ഗാരോപണ തിരുനാള്‍.

ഒരമ്മയുടെയും മകന്റെയും ആഴത്തിലുള്ള സ്‌നേഹബന്ധത്തിന്റെ തുടര്‍ച്ചയായി ഈശോ തന്റെ അമ്മയെ സ്വര്‍ഗ്ഗത്തിലേയ്ക്ക് കരേറ്റിയെന്ന് സ്വര്‍ഗ്ഗാരോപണ തിരുനാളിനെ വ്യഖ്യാനിക്കാം. ഭൂമിയില്‍ അവളെന്നും തന്റെ പുത്രന്റെ നിഴലായിരുന്നു. ഒരു തള്ളക്കോഴി തന്റെ ചിറകിന്‍കീഴില്‍ മക്കളെ ചേര്‍ത്തുനിര്‍ത്തുന്നതു പോലെ മനസ്സുകൊണ്ട് അവള്‍ എപ്പോഴും അവനെ ചേര്‍ത്തണച്ചിരുന്നു. കാല്‍വരി മലയുടെ ഉത്തമശൃംഗത്തില്‍ വേദനയുടെ ഒരു മാംസപിണ്ഢം കണക്കെ കുരിശില്‍ തൂങ്ങിയാടുന്ന തന്റെ പുത്രന്റെ കുരിശിന്‍ ചുവട്ടില്‍ സര്‍വ്വംസഹയായി അവളുമുണ്ടായിരുന്നു.

ആ 33 വയസ്സുകാരന്റെ ശിരസ്സില്‍ ആഴ്ന്നിറങ്ങിയ മുള്‍ക്കിരീടത്തില്‍ നിന്നും ഒലിച്ചിറങ്ങിയ ചുടുരക്തം ഒരുവേള അവന്റെ കണ്ണില്‍ പടര്‍ന്ന് കാഴ്ച മറച്ചപ്പോള്‍ പോലും തെളിമയോടെ തന്റെ അമ്മയെ കുരിശിന്‍ ചുവട്ടില്‍ അവന്‍ ദര്‍ശിച്ചു. തന്റെ അന്ത്യവിനാഴികയില്‍ ശ്വാസത്തിനും ശബ്ദത്തിനും വല്ലാതെ അവന്‍ കഷ്ടപ്പെട്ടപ്പോള്‍ പോലും ദിഗന്തങ്ങള്‍ മാറ്റൊലി കൊള്ളുന്ന സ്വരത്തില്‍ അവന്‍ ഇങ്ങനെ അരുള്‍ചെയ്തു: ‘ഇതാ നിന്റെ അമ്മ.’ അത് താന്‍ സ്‌നേഹിക്കുന്ന തന്റെ പ്രിയ ശിഷ്യനു മാത്രമായുള്ള സ്വകാര്യ സമ്പത്തായിരുന്നില്ല, പകരം തനിക്കുള്ള ഏകസമ്പാദ്യത്തെ സകലജനപദങ്ങള്‍ക്കും ദാനമായി നല്‍കുകയായിരുന്നു അവന്‍.

33 വയസ്സുവരെ ഒരു നിഴലായി കൂടെനടന്ന അമ്മത്താരാട്ടിനെ മനസ്സ് തകര്‍ന്നവര്‍ക്കും അനാഥത്വം പേറുന്നവര്‍ക്കും നിരാശയുടെ അടിത്തട്ടിൽ അമര്‍ന്നിരിക്കുന്നവര്‍ക്കും ആശയും ആശ്രയുവുമായി അവിടുന്ന് പറിച്ചുനല്‍കുകയായിരുന്നു. തന്റെ സര്‍വ്വവുമായിരുന്ന, അമലോത്ഭവയായിരുന്ന ആ അമ്മത്താരാട്ടിനെ മരണശേഷം അവന്‍ സ്വര്‍ഗ്ഗത്തിലെ രാജ്ഞിയായി അവരോധിച്ചു. അങ്ങനെ മണ്ണിലെ അമ്മയായവള്‍ സ്വര്‍ഗ്ഗത്തിലും തനിക്കും സകലവിശുദ്ധര്‍ക്കും അമ്മയായി മാറി.

ഒരമ്മയുടെ സ്‌നേഹത്തെക്കുറിച്ച് ജോണ്‍ ആന്‍ഡേഴ്‌സണിന്റെ ഒരു കൊച്ചുനോവലുണ്ട്. മരിച്ചുപോയ തന്റെ ഏകമകനെ തിരിച്ചെടുക്കുവാന്‍ തന്നെത്തന്നെ പൂര്‍ണ്ണമായി നല്കിയ ഒരമ്മയുടെ കഥ പറയുന്ന നോവല്‍. വിധവയായ ഒരു അമ്മയാണ് നോവലിലെ കഥാനായിക. അവള്‍ക്ക് ഒരു ഓമന പുത്രനുണ്ടായിരുന്നു. അവളുടെ ഏകപ്രതീക്ഷ ആ മകനായിരുന്നു. നിനച്ചിരിക്കാതെ അവന് ഒരു മാരകരോഗം പിടിപെടുന്നു. മാരകമായ രോഗത്തില്‍ നിന്ന് തന്റെ മകനെ രക്ഷിക്കുവാന്‍ ആ അമ്മ എന്തു ത്യാഗത്തിനും സന്നദ്ധയായിരുന്നു.

വീടും പറമ്പും വിറ്റും കൂലിപണിക്കു പോയും ഭിക്ഷയെടുത്തും അവള്‍ അവനെ ചികിത്സിച്ചു.  പക്ഷേ, സംഭവിക്കരുതേ… എന്ന് അവള്‍ പ്രാര്‍ത്ഥിച്ച കാര്യം ഒരശനിപാതം പോലെ അവളുടെ ജീവിതത്തില്‍ സംഭവിച്ചു.  അവളുടെ എല്ലാമെല്ലാമായിരുന്ന ആ മകന്‍ മരിച്ചു. മകന്റെ മരണം അവളെ ഭ്രാന്തിയാക്കിതീര്‍ത്തു. തന്റെ മകന്റെ ആത്മാവിനെ കണ്ടെത്തിയാല്‍ അവന്‍ വീണ്ടും ജീവിക്കും എന്നവള്‍ കണക്കുകൂട്ടി. തന്റെ മകന്റെ ആത്മാവിനെത്തേടി ആ അമ്മ വീട്ടില്‍ നിന്നുമിറങ്ങി.

വഴിയില്‍ കണ്ടുമുട്ടിയ സ്ത്രീയോടു അവള്‍ ചോദിച്ചു: എന്റെ മകന്റെ ആത്മാവ് പോയ വഴി കാണിച്ചുതരാമോ? നീ ഒരു താരാട്ടുപാട്ടു പാടിയാല്‍ നിനക്കു വഴി കാണിച്ചുതരാം. മകന്‍ മരിച്ച ദുഃഖം കടിച്ചമര്‍ത്തി അവള്‍ ഒരു താരാട്ടു പാടി. ആ സ്ത്രീ കാണിച്ചുകൊടുത്ത വഴിയിലൂടെ അവളോടി. പിന്നീട് അവള്‍ കണ്ടെത്തിയത് ഒരു മുള്‍പടര്‍പ്പിനെയാണ്. എന്നെ ആലിംഗനം ചെയ്താല്‍ ഞാന്‍ നിനക്കു വഴി കാണിച്ചുതരാം എന്ന വാക്ക് വിശ്വസിച്ച് അവള്‍ ആ മുള്‍പടര്‍പ്പിനെ ആലിംഗനം ചെയ്തു.  പിന്നെ കണ്ടെത്തിയത് ഒരു തടാകമായിരുന്നു അവനു വേണ്ടത് അവളുടെ ഭംഗിയുള്ള മുടിയായിരുന്നു. അവളുടെ യാത്ര വീണ്ടും തുടരുകയാണ്. അധികം വൈകാതെ അവള്‍ ഒരു കറുത്ത മനുഷ്യനെ കണ്ടുമുട്ടുന്നുണ്ട്.  അവൻ ആവശ്യപ്പെട്ടത് അവളുടെ കണ്ണുകളായിരുന്നു.

ആ അമ്മ ആലോചിക്കുകയാണ് തന്റെ ഏകമകനെ കാണാനാണ് ഇത്രദൂരം ഇത്രമാത്രം ത്യാഗത്തിലൂടെ താന്‍ യാത്ര ചെയ്തത്. കാണാന്‍ കണ്ണുകളിലെങ്കില്‍… എങ്കിലും അവനെ കാണാനൊത്തില്ലെങ്കിലും അവനെ ഒന്നു തൊട്ടുതലോടിയാല്‍ മാത്രം മതി… സന്തോഷമായി. അവള്‍ പുഞ്ചിരിയോടെ തന്നെ തന്റെ രണ്ടു കണ്ണുകളും ചൂഴ്‌ന്നെടുത്ത് അവനു കൊടുത്തു. ആ കറുത്ത മനുഷ്യന്‍ അവളുടെ കൈയ്ക്കു പിടിച്ച് ഒരു മണ്‍കൂനയ്ക്കു മുകളില്‍ കൊണ്ടുനിര്‍ത്തി.

നോവലിസ്റ്റ് വിവരിക്കുന്ന അമ്മയുടെ ചിത്രം ഇപ്രകാരമാണ്: മുടി മുറിച്ചെടുത്ത മൊട്ടത്തല, വഴി നടന്നു തളര്‍ന്ന ശരീരം, മുള്‍പ്പടര്‍പ്പിനെ ആലിംഗനം ചെയ്തപ്പോഴുണ്ടായ മുറിവുകള്‍, ചൂഴ്‌ന്നെടുക്കപ്പെട്ട കണ്ണുകള്‍… ആ കറുത്ത മനുഷ്യന്‍ അവളോടു ചോദിച്ചു: ഇതുവരെ ഇത്രത്തോളം ത്യാഗം സഹിച്ചു വരാനുള്ള കാരണം? അവള്‍ പറഞ്ഞു: ഞാന്‍ ഒരു അമ്മയാണ്. മകനെ ജീവനു തുല്യം സ്‌നേഹിക്കുന്ന ഒരമ്മ.

ഭൂമിയില്‍ മാത്രമല്ല, സ്വര്‍ഗ്ഗത്തിലും നമുക്കു സ്വന്തമായുള്ള നമ്മുടെ അമ്മയാണ് പരിശുദ്ധ അമ്മ. സ്വര്‍ഗ്ഗത്തിലേക്ക് കരേറ്റപ്പെട്ട പരിശുദ്ധ അമ്മ ഈ ലോകത്തിലെ മരണത്തിനുമപ്പുറം ഒരു ജീവിതമുണ്ടെന്നുള്ള ശക്തമായ ഒരോര്‍മ്മപ്പെടുത്തലാണ്.

മരണത്തോടെ മനുഷ്യനൊടുങ്ങി എന്ന അപ്രസക്ത ചിന്തയ്ക്കു മുകളിലുള്ള അവസാനത്തെ ആണിയാണ് പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണം. വിശുദ്ധിയും, എളിമയും ത്രിയേക ദൈവത്തോടുമുള്ള വിധേയത്വവും നിറഞ്ഞ പരിശുദ്ധ അമ്മയുടെ ജീവിതം, സ്വര്‍ഗ്ഗത്തില്‍ ഒരിടം ഉറപ്പിച്ചുവെങ്കില്‍ ആ അമ്മയെ അളവില്ലാതെ സ്‌നേഹിക്കുകയും അമ്മജീവിതം പോലെ നമ്മുടെ ജീവിതത്തെയും രൂപപ്പെടുത്തിയാല്‍ സ്വര്‍ഗ്ഗത്തില്‍ നമുക്കും ഒരിടം ലഭിക്കുമെന്നതിന്റെ തെളിവു കൂടിയാണ് അമ്മയുടെ സ്വര്‍ഗ്ഗാരോപണം.

ഈ സഭാമാതാവിനെ നമുക്ക് ചേര്‍ത്തുപിടിക്കാം. ജീവിതയാത്രയില്‍ നമ്മുടെ ബലമാണ് പരിശുദ്ധ അമ്മ. അമ്മയോടുള്ള വിശ്വാസത്തിലും ഭക്തിയിലും അനുദിനം നമുക്ക് വളരാം. അതുവഴി സ്വര്‍ഗ്ഗത്തിലും നമുക്ക് അമ്മയോടൊത്തായിരിക്കാം.

ഫാ. മേജോ മരോട്ടിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.