ലോകത്തിലെ ഏറ്റവും പുരാതന ക്രൈസ്തവ ദൈവാലയത്തിനുള്ളിൽ

സഭ ക്രിസ്തുവിന്റെ മൗതീക ശരീരമാണ്. വിശുദ്ധ ഗ്രന്ഥത്തിൽ ഈശോ പറയുന്നു: ”
എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്‍െറ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത്‌ അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും.”(മത്തായി 18:20). സഭയ്ക്കു ശരിയായ അർത്ഥത്തിൽ കെട്ടിടങ്ങൾ ആവശ്യമില്ല കാരണം സഭ വിശ്വസികളുടെ ഗണമാണ്. എന്നിരുന്നാലും ആരംഭം മുതലേ ക്രൈസ്തവർ ദൈവാരാധനയ്ക്കായി ആലയങ്ങൾ നിർമ്മിച്ചിരുന്നു. അവയിൽ പുരാതനമായ പല പള്ളികളും ചരിത്രത്തിന്റെ തേരോട്ടത്തിൽ നശിപ്പിക്കപ്പെട്ടു.

ആദ്യ നൂറ്റാണ്ടുകളിലെ ചില പള്ളികൾ പുരാവസ്തു ഗവേഷണങ്ങളിലൂടെ വീണ്ടും വെളിച്ചം കാണുന്നുണ്ട് അവയിൽ ഒന്നാണ്, സിറിയായിലെ ദുറാ യുറോപോസ് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ദുറാ  യുറോപോസ് ഹൗസ് ചർച്ച് (Dura-Europos house church)എന്ന അതി പുരാതന ദൈവാലയം.  എ.ഡി. 229 ലാണ് ഈ വീടുപണിതതെന്നു വിശ്വസിക്കുന്നു. എ. ഡി. 233 മുതൽ 256 വരെ ഈ വീടു ദൈവാലയമായി ഉപയോഗിച്ചിരുന്നു. അതായത് 1783 വർഷത്തെ പഴക്കമുണ്ട് ഈ ദൈവാലയത്തിന്.

ഇന്ന് ഈ ദൈവാലയത്തിനു ചില ചുമരുകൾ മാത്രമേ അവശേഷിക്കുന്നുള്ളു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് പുരാവസ്തു ഗവേഷകർ ഈ ദൈവാലയം കണ്ടെത്തിയത്. വിശുദ്ധ കുർബാനയ്ക്കു ഉപയോഗിച്ചിരുന്ന പ്രാർത്ഥനകൾ അടങ്ങിയ ഡിഡാക്കയിൽ  നിന്നുള്ള ചുരുളുകൾ ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്. ഈ ദൈവാലയത്തിൽ മാമ്മോദീസാ നൽകിയിരുന്ന സ്ഥലങ്ങളിൽ നിന്നു ലഭിച്ച ചുമർചിത്രങ്ങൾ ലോകത്തിലെ തന്നെ പഴക്കം ചെന്ന ക്രിസ്ത്യൻ ചിത്രങ്ങളാണ്.

യേശു തളർവാത രോഗിയെ സുഖപ്പെടുത്തുന്ന ചിത്രം


യേശുവും പത്രോസും കടലിനു മീതേ നടക്കുന്ന ചിത്രം,


നല്ല ഇടയനായ ക്രിസ്തുവിന്റെ ചിത്രം,


കിണറ്റിൻകരയിലെ സമരായ സ്ത്രീ,


കല്ലറയ്ക്കരികിലെ സ്ത്രീ,

തുടങ്ങിയ പുരാതന ചിത്രങ്ങൾ ഈ ദൈവാലയത്തിൽ നിന്നു കണ്ടെത്തിയതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.