ഭീതിയുടെ നിഴലില്‍ സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഇന്ത്യയിലെ ക്രിസ്ത്യാനികള്‍

മതേതരത്വ രാഷ്ട്രം എന്നറിയപ്പെടുന്ന ഇന്ത്യ അതിന്റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന അവസരത്തില്‍ എത്രത്തോളം സ്വാതന്ത്ര്യം ഇന്ത്യയിലെ എല്ലാ മത വിഭാഗങ്ങള്‍ക്കും ലഭിക്കുന്നുണ്ട് എന്നത് ചിന്തിക്കേണ്ട കാര്യമാണ്. അഹിംസയിലൂടെ മഹാന്മാരായ നേതാക്കള്‍ നേടിയെടുത്ത സ്വാതന്ത്ര്യം ‘സെക്റ്റേറിയന്‍ ‘ ആയിരുന്നോ? തീര്‍ച്ചയായും അല്ല.

ഭീതിയുടെ നിഴലിലാണ് ഇന്ന് ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ സ്വാതന്ത്ര്യം ആഘോഷിക്കുന്നത്. ചരിത്രത്തില്‍ ഒരിക്കലും ഇത്രമാത്രം ഭീതി ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്ക് ഉണ്ടായിട്ടില്ല.

ഇന്ത്യയെ ഒരു ഹൈന്ദവ രാഷ്ട്രമായി ചിത്രീകരിക്കാനുള്ള ഓട്ടത്തിനിടയില്‍ മതന്യൂനപക്ഷങ്ങള്‍ ബലിയാടുകളായി മാറുന്ന കാഴച്ചയാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്. പ്രത്യേകിച്ചും ക്രിസ്ത്യാനികള്‍. ആള്‍ദൈവങ്ങള്‍ക്കും തീവ്ര ഹിന്ദുത്വ വാദങ്ങള്‍ക്കും തരംതാണ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും ഇരയായവര്‍.

നന്മയുടെ പ്രതിരൂപമായി ക്രിസ്ത്യന്‍ മിഷനറിമാര്‍ 

നന്മയുടെ വെളിച്ചം ലോകമെമ്പാടും പകരുക, ക്രിസ്തുവിനെ പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിസ്ത്യന്‍ മിഷനറിമാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കു യാത്രയായത്. വെളിച്ചം, നന്മ അത് പകരുവനുള്ള യാത്രയില്‍ ഇരുള്‍ നിറഞ്ഞ ഇടങ്ങളിലേയ്ക്ക് സ്നേഹത്തിന്റെ ദൂതുമായി അവര്‍ കടന്നു വന്നു. ഇന്ത്യയില്‍ കടന്നു വന്ന അവരെ കാത്തിരുന്നതും മറ്റു രാജ്യങ്ങളിലെപോലെതന്നെ വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു. പ്രാകൃതമായ ആചാരങ്ങളിലും മറ്റും കുരുങ്ങിക്കിടന്നിരുന്ന ജനത്തെ നന്മയുടെ സ്നേഹത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവന്നു. അവരുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലേയ്ക്കും കടന്നു ചെന്ന് അവരെ വികസനത്തിന്റെ പാതയിലേയ്ക്കു നയിച്ചു.

അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പണിതു. ആരോഗ്യ സംരക്ഷണത്തിനായി ആശുപത്രികളും തൊഴില്‍ പരിശീലിപ്പിക്കുന്നതിനായുള്ള സംവിധാനങ്ങളും സ്ഥാപിച്ചു. ഇതുപോലെ ഒരു വ്യക്തിയുടെ സമസ്തമേഖലകളിലും കടന്നു ചെന്ന് അവരുടെ വികസനത്തിനായി പ്രയത്നിച്ചു. പ്രത്യേകിച്ച് വികസനം കടന്നു ചെല്ലാത്ത ആദിവാസികളുടെ ഇടയിലും കുഗ്രാമങ്ങളിലും. ജനങ്ങൾ വികസനത്തിലേക്കും ക്രൈസ്തവ വിശ്വസത്തിലേയ്ക്കും കടന്നു വന്നപ്പോള്‍ മിഷനറിമാരെ മതപരിവര്‍ത്തകരായി ചിത്രീകരിച്ചു തുടങ്ങി.

തീവ്രഹിന്ദുത്വ വാദികളുടെ ആക്രമണം 

ഇന്ത്യയില്‍ ബിജെപി അധികാരത്തില്‍ കയറിയതോടു കൂടിയാണ് ക്രിസ്ത്യാനികള്‍ക്കെതിരെ ഉള്ള ആക്രമണത്തിന്റെ തീവ്രത വര്‍ദ്ധിച്ചത്. തീവ്ര ഹിന്ദുത്വ വാദികള്‍ വിവിധ സംഘടനകളിലൂടെ ക്രിസ്ത്യാനികള്‍ക്കെതിരെ അവര്‍ ആക്രമണം നടത്തി.  ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണം നടത്താന്‍ സാധ്യമായ എല്ലാ വഴികളും അവര്‍ ഉപയോഗപ്പെടുത്തി എന്ന് വേണം പറയാന്‍. അതിനു പിന്നിലെ അപ്രത്യക്ഷമായ ലക്ഷ്യം ഇന്ത്യയെ ഒരു ഹൈന്ദവ രാഷ്ട്രമായി പ്രഖ്യാപിക്കുക എന്നതായിരുന്നു. ഹിന്ദുക്കള്‍ മൈനോരിറ്റി വിഭാഗമായി മാറും എന്ന ഭീതി അണികളില്‍ കുത്തിവെച്ചു അവരെ ഇതരമതവിഭാഗങ്ങള്‍ക്കെതിരായി തിരിച്ചു.

മറ്റു മതവിശ്വാസങ്ങളിലേയ്ക്ക് തിരിയുന്നവരെ തടയുക എന്നതായിരുന്നു അവര്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നത്. അതിനായി അവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവന്നു. ഇന്ത്യയില്‍ ഇന്നു എട്ടോളം സംസ്ഥാനങ്ങളില്‍ ഈ നിയമം പ്രാബല്യത്തില്‍ ഉണ്ട്. അടുത്തിടെ സുഹൃത്തുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ ഒരു സംഘം ആളുകളെ ഛത്തീസ്ഗഡില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മതപരിവര്‍ത്തന വിരുദ്ധ നിയമം നിലവിലുള്ള സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികള്‍ ഭീതിയുടെ മുള്‍മുനയിലാണ് ജീവിക്കുന്നത്.

ചരിത്രത്തില്‍ രക്തം വീഴ്ത്തിയ കാണ്ടമാല്‍ ആക്രമണം 

ഇന്ത്യന്‍ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു 2008  ഓഗസ്റ്റ്‌ 25 – നു കാണ്ടമാനിലെ ക്രിസ്തവര്‍ക്ക് നേരെ നടന്ന ആക്രമണം. സ്വാമി ലക്ഷമണാനന്ത സരസ്വതിയുടെ കൊലപാതകത്തെ തുടര്‍ന്ന് ഹിന്ദു തീവ്രവാദ സംഘടനകള്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ നൂറോളം ആളുകള്‍ കൊല്ലപ്പെട്ടു. അതിലധികം ആളുകള്‍ രക്ഷപെടാനുള്ള വെപ്രാളത്തിനിടയില്‍ കൊല്ലപ്പെട്ടു എന്ന് സ്ഥിതീകരിക്കാത്ത കണക്കുകളില്‍ സൂചിപ്പിക്കുന്നു. മുന്നൂറോളം ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. ആറായിരത്തില്‍ അധികം വീടുകള്‍ കലാപകാരികള്‍ നശിപ്പിച്ചു. നിരവധി ആളുകള്‍ക്ക് കലാപകാരികളില്‍ നിന്നും ക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്നു. അന്‍പതിനായിരത്തോളം ആളുകള്‍ വീടും നാടും ഉപേക്ഷിച്ചു കാടുകളില്‍ അഭയം തേടി.

അവിടം കൊണ്ടും അവസാനിച്ചില്ല ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണം. ബിജെപി അധികാരത്തിലെത്തിയതിനു ശേഷം ക്രിസ്തീയ വിരുദ്ധ മനോഭാവം വര്‍ദ്ധിക്കുന്നതായി കാണുവാന്‍ കഴിഞ്ഞു. അതിനു ഉദ്ദാഹരണമാണ് സത്നയില്‍ ക്രിസ്തുമസ് പരിപാടികള്‍ക്ക് ആയി പോയ വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണവും മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരെ നടത്തിയ വ്യാജ ആരോപണങ്ങളും. സമൂഹം ഉപേക്ഷിച്ചവരെയും അനാഥരായവരെയും സംരക്ഷിക്കുന്ന സ്ഥാപനത്തിനെതിരെ നടത്തിയ വ്യാജ ആരോപണങ്ങളും കേസുകളും ആര്‍എസ്എസിന്റെ ഒരു തന്ത്രമായിരുന്നു. സത്യത്തെ വളച്ചു കെട്ടി സമൂഹത്തെ അവര്‍ക്കെതിരെ തിരിക്കാനുള്ള തന്ത്രം.

2014 – ല്‍ ബിജെപി അധികാരത്തിലെത്തിയത്തിനു ശേഷം ആന്ധ്രാപ്രദേശിലും തെലുങ്കനയിലും മറ്റും ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചു. തെക്കേ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായുള്ള ആക്രമണങ്ങള്‍ കൂടുതല്‍ നടക്കുക തമിഴ്നാട്ടിലാണ്. പഞ്ചാബ് മുന്‍പൊക്കെ ക്രിസ്ത്യാനികള്‍ക്ക് അനുകൂല പ്രദേശമായിരുന്നു എങ്കിലും അടുത്തിടെ സ്ഥിതിഗതികള്‍ മാറിത്തുടങ്ങി. ക്രിസ്തുമതം സ്വീകരിച്ചവരെ തിരഞ്ഞു പിടിച്ചു വധിക്കുകയും അവര്‍ക്ക് ചുറ്റും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക ഇവിടെ പതിവായി മാറുന്നു. മധ്യപ്രദേശില്‍ ഹിന്ദു തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് ആഴ്ചയില്‍ ഒരു ദേവാലയം വീതം അടച്ചു പൂട്ടിക്കൊണ്ടിരിക്കുകയാണ്.

വേള്‍ഡ് വാച്ച് മോണിറ്റെഴ്സിന്റെ പഠനങ്ങള്‍ പ്രകാരം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്  2017  -ല്‍ ക്രിസ്ത്യനികള്‍ക്കെതിരെയുള്ള പീഡനം ഇന്ത്യയില്‍ 20 %  വര്‍ദ്ധിച്ചിരിക്കുന്നു. ഈ വര്‍ഷം വിശുദ്ധ വാരത്തില്‍ നിരവധി പള്ളികള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നിരുന്നു.  ആക്രമണങ്ങള്‍ നടന്നാല്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഉള്ള ഇടപെടലുകള്‍ ഒന്നും തന്നെ ഉണ്ടാവാറില്ല എന്നതും പിന്നിലുള്ള ശക്തികളുടെ സ്വാധീനം വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്ത്യാനികള്‍ക്കെതിരെ 240  തോളം ആക്രമണങ്ങള്‍ നടന്നു. അതില്‍ ആകെ 25  കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ ഒക്കെ ക്രിസ്ത്യാനികള്‍ക്ക് എതിരെ നടക്കുന്ന പീഡനങ്ങളുടെ ഒരു ശതമാനം മാത്രമെങ്കില്‍ യാഥാര്‍ത്ഥ സംഭവങ്ങള്‍ എത്ര ഭീകരമായിരിക്കും?

ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കുവാനും തൊഴില്‍ ചെയ്യുവാനും സഞ്ചരിക്കുവാനും ഉള്ള സ്വാതന്ത്ര്യം ഭരണഘടനാ നിയമപ്രകാരം  ഓരോ ഇന്ത്യന്‍ പൌരനും അവകാശപ്പെട്ടതാണ്. എന്നാല്‍ ഇവയെയൊക്കെ കാറ്റില്‍പ്പറത്തി ചില വ്യക്തികള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍, പ്രത്യയ ശാസ്ത്രങ്ങള്‍ തുടങ്ങിയവ അടിച്ചേല്‍പ്പിക്കാന്‍ വെമ്പുന്നതാണ് ഇന്നു കാണുന്നത്. ഗാന്ധിജി നേടിയെടുത്ത ഇന്ത്യയ്ക്ക് ഒരു പതാകയെ ഉണ്ടായിരുന്നു. മൂന്നു നിറങ്ങളെ സംയോജിപ്പിച്ച ആ പതാക നാനാത്വത്തില്‍ ഏകത്വം എന്നതിന്റെ പ്രതീകമായിരുന്നു. എന്നാല്‍ ഇന്നോ? അവര്‍ സമ്മാനിച്ച ഐക്യത്തിന്റെ മാതൃകയെ വെട്ടിമുറിച്ച് അനേകം കൊടികള്‍ ഉയര്‍ന്നു വന്നിരിക്കുന്നു. അക്രമത്തിന്റെ, സ്വാര്‍ത്ഥതയുടെ, പണത്തിന്റെ, സ്വാധീനത്തിന്റെ….

ഇവക്കിടയില്‍ വേദനിക്കുന്ന ഒരു കൂട്ടം ക്രിസ്ത്യാനികളും. ആദിമുതലേ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ചരിത്രമാണ്‌ ക്രൈസ്തവ സഭയ്ക്ക് ഉള്ളത്. അനേകര്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ടും മരിച്ചു വീണവരുടെ ചുടുനിണത്തില്‍ നിന്ന് ഊര്‍ജ്ജം പകര്‍ന്നു ഉയര്‍ത്തെഴുന്നേറ്റ സഭ. ഇന്നും ഈ പീഡനങ്ങള്‍ക്ക് നടുവിലും അവര്‍ പ്രത്യാശയോടെ കാത്തിരിക്കുകയാണ്. ഭീതിയുടെ നിഴലില്‍ നിന്ന് വിമുക്തമാകുന്ന ഒരു സ്വാതന്ത്ര്യത്തിന്റെ നല്ല നാളെയ്ക്കായ്‌…

എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.