മൂന്നു റീത്തുകളിലെ ഈശോയുടെ പിറവിക്കാലം

ലത്തീന്‍, സീറോ-മലബാര്‍, സീറോ-മലങ്കര റീത്തുകളിലെ ഈശോയുടെ പിറവിക്കാലത്തിന്റെ ആരാധനാക്രമവത്സര പശ്ചാത്തലം.

ഈശോയുടെ രക്ഷാകര രഹസ്യങ്ങളെ ധ്യാനവിഷയമാക്കുന്നതിന് സഭാജീവിതം ഈശോയോടൊത്തുള്ള യാത്രയാക്കുന്നതിനും സഭകള്‍ രൂപം കൊടുക്കുന്ന ആധ്യാത്മിക പരിശീലന പദ്ധതിയാണ് ആരാധനാക്രമവത്സരം. മിശിഹായുടെ രക്ഷാകര രഹസ്യങ്ങളുടെ വിവിധമാനങ്ങള്‍ ആരംഭം മുതല്‍ അവസാനം വരെ അനുസ്മരിക്കുകയും അനുഷ്ഠിക്കുകയും ആഘോഷിക്കുകയും ചെയ്തുകൊണ്ട് മിശിഹായോടൊപ്പം ജീവിക്കാന്‍ ആരാധനാ വത്സരം നമ്മെ സഹായിക്കുന്നു; അങ്ങനെ നാം മിശിഹായോട് ഐക്യപ്പെടുന്നു; മിശിഹായില്‍ വളരുന്നു. ഓരോ വ്യക്തിസഭയ്ക്കും തനതായ ആരാധനാവത്സരമുണ്ട്; ആരാധനാവത്സരത്തെ വിവിധ കാലങ്ങളായി തിരിച്ചിട്ടുണ്ട്.

ലത്തീന്‍ സഭയില്‍

ലത്തീന്‍ സഭയില്‍ നിലവിളുള്ള ആരാധനാ വത്സരത്തിലെ ആദ്യകാലഘട്ടം അറിയപ്പെടുന്നത് ആഗമനകാലം എന്നാണ്. നവംബര്‍ 27 നും ഡിസംബര്‍ 3 നും ഇടയ്ക്കു വരുന്ന ഞായറാഴ്ച ആരംഭിച്ച് ജനുവരി ആറിന് കഴിഞ്ഞു വരുന്ന ഞായറാഴ്ച ഈശോയുടെ മാമ്മോദീസായുടെ ഓര്‍മ്മയാചരിച്ച് ഈ കാലഘട്ടം പരിസമാപ്തിയിലെത്തുന്നു.

സീറോ-മലങ്കരസഭയില്‍

സീറോ-മലങ്കരസഭ ഈ കാലഘട്ടത്തെ ‘സുബോറോ’ (വചനിപ്പ്) എന്നാണ് വിളിക്കുക. ഈ കാലഘട്ടം ആരംഭിക്കുന്നതിന് മുമ്പ് രണ്ട് ആഴ്ചകളില്‍ സഭാരഹസ്യത്തെ ധ്യാനിച്ച ശേഷമാണ് സുബോറോക്കാലം തുടങ്ങുന്നത്.

സീറോ-മലബാര്‍ സഭയില്‍

പള്ളിക്കൂദാശക്കാലത്തോടെ പരിസമാപ്തിയിലെത്തുന്ന സീറോ-മലബാര്‍ സഭയുടെ ആരാധനാ വത്സരം മംഗളവാര്‍ത്താ- പിറവിക്കാലത്തോടെ ആരംഭിക്കുന്നു. സര്‍വ്വലോകത്തിനും ഉണ്ടാകാനിരിക്കുന്ന മഹാസന്തോഷത്തിന്റെ വാര്‍ത്ത (ലൂക്ക 2:10) ല്‍ നിന്നുമാണ് ഈ പേര് വന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ മിശിഹാ രഹസ്യത്തിലെ രണ്ട് പ്രധാന സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് ഈ കാലഘട്ടം നിലകൊള്ളുക. അവ മംഗളവാര്‍ത്തയും ഈശോയുടെ പിറവിയുമാണ്. ഈശോയുടെ ജനനം, ആ ജനനത്തിന്റെ പഴയനിയമ പശ്ചാത്തലം, ഈശോയുടെ രഹസ്യ ജീവിതം എന്നിവ ഈ കാലഘട്ടത്തിലെ ധ്യാനിവിഷയങ്ങളാണ്.

ക്രിസ്തു വര്‍ഷത്തിന്റെ അവസാനത്തിലാണ് പിറവിത്തിരുനാള്‍ വരുന്നതെങ്കിലും ആരാധനാവത്സരത്തില്‍ ആരംഭത്തിലാണ് അതിന്റെ സ്ഥാനം. സമയത്തിന്റെ പൂര്‍ത്തിയില്‍ ദൈവപുത്രന്‍ സ്ത്രീയില്‍ നിന്ന് ജനിക്കുകയും നിയമത്തിനു വിധേയനായി ജീവിക്കുകയും ചെയ്ത രഹസ്യം ഓര്‍മ്മിച്ച് ആരാധനാവത്സരം ആരംഭിക്കുന്നത് മനുഷ്യനോടുള്ള ദൈവത്തിന്റെ സ്‌നേഹം (യോഹ 3:16) ധ്യാനിക്കുന്നതിന് നമ്മെ സഹായിക്കും. പാശ്ചാത്യസഭയിലാണ് പിറവിത്തിരുന്നാള്‍ ആരംഭിച്ചതെങ്കിലും അധികം താമസിയാതെ അത് പൗരസ്ത്യ സഭകളിലും ആഘോഷിക്കാനാംരംഭിച്ചു. ഇന്ന് ഏറെ പ്രാധാന്യത്തോടെ ലോകം മുഴുവനിലും ക്രിസ്മസ് കൊണ്ടാടുന്നുണ്ടെങ്കിലും ആന്തരിക ചൈതന്യം നഷ്ടപ്പെട്ട ആഘോഷങ്ങളാണ് പലയിടത്തും കാണുക.

മറ്റ് തിരുനാളുകള്‍ 

രക്ഷാകര സംഭവങ്ങളില്‍ പരിശുദ്ധ കന്യാമറിയം വഹിച്ച പങ്കിനെ ഏറ്റവും അധികം വെളിപ്പെടുത്തുന്ന കാലഘട്ടമാണിത്. അതിനാല്‍ പരിശുദ്ധ അമ്മയെ സ്തുതിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകളും സ്തുതിപ്പുകളും പ്രാര്‍ത്ഥനകളിലും ഗീതങ്ങളിലും നിറഞ്ഞു നില്‍ക്കുന്നു. അമ്മയെ അഭിനന്ദിച്ചുകൊണ്ടുള്ള തിരുനാള്‍ ക്രിസ്മസ് കഴിഞ്ഞുള്ള ഒരു വെള്ളിയാഴ്ച ആഘോഷിക്കുന്നു. മാതാവിന്റെ അമലോത്ഭവത്തിരുനാളും ഈ കാലഘട്ടത്തിലാണ്.

മാര്‍ത്തോമ്മാ സ്ലീവ രക്തം വിയര്‍ത്തതിന്റെ തിരുനാള്‍ ഡിസംബര്‍ 18 ന് ആണ് ആചരിക്കുന്നത്. ഇക്കാലഘട്ടം നമ്മുടെ മുമ്പില്‍ വയ്ക്കുന്ന പ്രധാന ചിന്ത ദൈവം മനുഷ്യനായി എന്നതാണ്. തന്റെ ഏകപുത്രനെ നല്‍കാന്‍ തക്കവിധം ലോകത്തെ സ്‌നേഹിച്ച പിതാവിനുള്ള നന്ദിയാണ് നമ്മളില്‍ മംഗളവാര്‍ത്ത- പിറവിക്കാലത്ത് നിറഞ്ഞു നില്‍ക്കേണ്ടത്. ഈശോയുടെ മനുഷ്യാവതാരം പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണ്, സര്‍വ്വലോകത്തിനും ആനന്ദം നല്‍കുന്ന സന്ദേശമാണ് ബത്‌ലഹേമില്‍ മുഴങ്ങിയത്. സ്വര്‍ഗ്ഗവാസികളും ഭൂവാസികളും അതില്‍ സന്തോഷിക്കുന്നു, മനുഷ്യാവതാരത്തിലൂടെ പുത്രന്‍ തന്നെത്തന്നെയും പിതാവിനെയും വെളിപ്പെടുത്തി, സ്വര്‍ഗ്ഗവാസികളും ഭൂവാസികളും തമ്മില്‍ രമ്യതയിലായി എന്നുള്ള ചിന്തകളും പ്രാര്‍ത്ഥനകളില്‍ നിറഞ്ഞു നല്‍ക്കുന്നു. പരിശുദ്ധ അമ്മ നിത്യകന്യകയാണെന്നും സ്ത്രീകളില്‍ ധന്യയാണെന്നും വിശേഷിപ്പിക്കപ്പെടുന്നു.

വിശ്വാസ രഹസ്യങ്ങളെ സ്വാംശീകരിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്ന ഭക്താഭ്യാസങ്ങളും ഉപവാസവും നോമ്പും തിരുനാളുകളും മംഗളവാര്‍ത്ത- പിറവിക്കാലം വചനാത്മകമാക്കാനും ഫലദായകമാക്കാനും സഭാത്മകമാക്കാനും നമ്മെ സഹായിക്കുന്നു.

ഫാ. കുര്യാക്കോസ് മൂഞ്ഞേലി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.