തന്റെ ശ്വസനയന്ത്രം മറ്റൊരാള്‍ക്ക്‌ നല്‍കി ഇറ്റാലിയന്‍ വൈദികന്‍ ധീര മരണം പുല്‍കി

ഫാ. ജുസേപ്പേ ബെരാര്‍ദല്ലി എന്ന 72 – കാരന്‍ ഇറ്റാലിയന്‍ വൈദികന്‍, തന്നെക്കാളും ചെറുപ്പക്കാരനായ ഒരാള്‍ക്ക് തന്റെ ശ്വസന യന്ത്രം നല്കി (respirator),  മരണത്തിലേയ്ക്ക് യാത്രയായി. ഈ ധീരമരണം വി. മാക്സി മില്ല്യന്‍ കോള്‍ബേയുടെ മരണത്തെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ലോകം മുഴുവൻ മരണത്തിന്റെ മണമാണ് ഇപ്പോൾ. കൊറോണ എന്ന കോവിഡ് 19 – ന്റെ ഫലം. ഒരു മനുഷ്യൻ ജീവിക്കണമോ വേണ്ടയോ എന്ന് ഡോക്ടർമാർ നിശ്ചയിക്കുന്ന ഒരു കാലം. സിമിത്തേരികൾ നിറഞ്ഞു സ്ഥലമില്ലാതായതോടെ പാഴ്‌വസ്തുക്കൾ കത്തിക്കുന്ന ലാഘവത്തോടെ മൃതദേഹങ്ങൾ കത്തിക്കേണ്ടി വരുന്ന നിസ്സഹായതയുടെ നാളുകൾ. എങ്ങും നിറയുന്ന ഭീതി.

എങ്ങനെയും ജീവൻ പിടിച്ചു നിർത്താനുള്ള ആളുകളുടെ അലച്ചിലുകൾക്കിടയിലും സ്വന്തം വെന്റിലേറ്റർ നൽകി ഒരു യുവാവിനെ ജീവിക്കാൻ അനുവദിച്ചു കൊണ്ട് വിശുദ്ധ സ്നേഹത്തിന്റെ പരിമളം പടർത്തി സ്വർഗ്ഗപിതാവിന്റെ പക്കലേയ്ക്ക് യാത്രായായിരിക്കുകയാണ് ജുസേപ്പേ ബെരാര്‍ദല്ലി എന്ന വൈദികൻ. എഴുപത്തി രണ്ടുകാരനായ ഈ വിശുദ്ധ വൈദികന്റെ മരണ വാർത്ത അറിഞ്ഞ ലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചത് സ്നേഹത്തിന്റെ രക്തസാക്ഷി എന്നാണ്.

കൊറോണ ബാധിതനായി ഇറ്റലിയിലെ ലോവേരയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. അതിനിടയിൽ ആണ് അദ്ദേഹം തനിക്കായി നൽകിയ ചികിത്സാ ഉപകരണങ്ങൾ ഒരു യുവാവിന് നൽകി മാർച്ച് 15 നു  മരണത്തെ പുൽകിയത്.

ആളുകൾക്ക് വളരെ പ്രിയപ്പെട്ടവനായിരുന്നു  ഫാ. ജുസേപ്പേ ദരാർദില്ലി.  വിശ്വാസികളിൽ സാമ്പത്തിക സഹായം ആവശ്യമായവർക്കായി സഹായങ്ങൾ നൽകുവാൻ ഒരു മോട്ടോർ സൈക്കിളിൽ എത്തിയിരുന്ന അദ്ദേഹത്തിൻറെ മുഖം ജനങ്ങൾക്ക് ഇന്നും മറക്കാൻ കഴിയുന്നില്ല.

സ്വന്തം ജീവൻ ബലിനൽകി വിശുദ്ധിയുടെ പടവുകൾ കയറിയ മാക്സിമില്യൻ കോൾബെയുടെ പിൻഗാമി എന്നാണ് അദ്ദേഹത്തെ ലോകം വിശേഷിപ്പിക്കുന്നത്.

കടപ്പാട്: Coronavirus: Giuseppe Berardelli among 50 priests killed – https://www.bbc.co.uk/news/world-europe-52015969