കുടുംബ ജീവിതത്തിന്റെ നവീകരണത്തിന് ചില മാർഗ്ഗങ്ങൾ

കുടുംബ ജീവിതത്തിൽ വിഷമതകളും ബുദ്ധിമുട്ടുകളും ഏറുമ്പോഴാണ് പലപ്പോഴും ദമ്പതികൾക്കിടയിൽ അകൽച്ചയും സ്നേഹമില്ലായ്മയും ഉണ്ടാകുന്നത്. ഈ അവസ്ഥകളിൽ നിന്നും മാറി സന്തോഷകരമായ ദാമ്പത്യ ബന്ധത്തിലേക്കുള്ള ചെറിയ മാർഗ്ഗ നിർദ്ദേശങ്ങളാണ് ചുവടെ ചേർക്കുന്നത്.

1. സ്വന്തം ഭാഗം മാത്രം എപ്പോഴും ചിന്തിക്കരുത്

ആത്മാഭിമാനവും സ്വയം ബഹുമാനവുമൊക്കെ നല്ലതാണെങ്കിലും കുടുംബജീവിതത്തിൽ സ്വന്തം ഭാഗത്തെ ന്യായീകരിക്കുവാൻ ശ്രമിക്കുന്നവരാണ് കൂടുതലായും ഉള്ളത്. പങ്കാളിയുടെ ഉത്തരവാദിത്വങ്ങളും വിഷമതകളും മനസ്സിലാക്കേണ്ടത് ഇരുവരുടെയും കൂട്ടുത്തരവാദിത്വമാണ്. ഇരു ഭാഗങ്ങളിലും ന്യായം ഉണ്ടാകാം. എങ്കിലും പരസ്പരം മനസ്സിലാക്കുമ്പോഴാണ് സന്തോഷകരമായ ഒരു കുടുംബ ജീവിതം മുൻപോട്ടു കൊണ്ടുപോകുവാൻ സാധിക്കുക.

2. പങ്കാളിയുടെ തൊഴിലിനേയും ഉത്തരവാദിത്വങ്ങളെയും ബഹുമാനിക്കുക

പുതിയ തലമുറയിലെ ദമ്പതികളിൽ ഇരുവരും ജോലിക്കു പോകുന്നവർ ഉണ്ടാകും. അതിനാൽ തന്നെ കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും ജോലികളും രണ്ടുപേരും ഒരുമിച്ച് ചെയ്യുക. ചിലപ്പോൾ രണ്ടുപേരുടെയും ജോലിയുടെ സമയക്രമങ്ങൾ വ്യത്യാസപ്പെട്ടിരിക്കുകയാണെങ്കിൽ അത് മനസ്സിലാക്കിക്കൊണ്ട് കാര്യങ്ങൾ മുൻപോട്ട് നീക്കുക. കുടുംബത്തിന്റെ മുഴുവനായുള്ള സാമ്പത്തിക ആവശ്യങ്ങളിലേക്കാണ് രണ്ടുപേരും ജോലി ചെയ്യുന്നതെന്ന് മനസ്സിലാക്കിക്കൊണ്ട് വേണം പരസ്പരം പെരുമാറുവാൻ. ഇരുവരുടെയും തൊഴിൽ മേഖലകളെ ബഹുമാനിച്ചുകൊണ്ട് വേണം ഉത്തരവാദിത്വങ്ങൾ പങ്കുവെക്കുവാൻ.

3. ജീവിത പങ്കാളിയുടെ നന്മകളെ മുൻപിൽ വെയ്ക്കുക

കുറവുകൾ പലതുണ്ടാകുമെങ്കിലും അതിലും ഉപരിയായി ജീവിത പങ്കാളിയുടെ നന്മ മുൻപിൽ വെയ്ക്കുവാൻ നമുക്ക് സാധിക്കണം. നന്മകൾക്ക് മുൻപിൽ നിശ്ശേഷം ഇല്ലാതായിപ്പോകുന്ന കുറവുകളൊക്കെയേ ഉള്ളൂ. അതിനായി ചെറിയ ചെറിയ തിരിച്ചറിവുകൾ ഉണ്ടാക്കിയാൽ മാത്രം മതി. സ്നേഹത്തെ കണ്ണുകൊണ്ടും ഹൃദയം കൊണ്ടും മനസ്സിലാക്കുന്ന ചെറിയ വിദ്യ എല്ലാവരുടെയും കൈവശം ഉള്ളതിനാൽ അതിനെ പ്രാർത്ഥനയായി പ്രോജ്വലിപ്പിക്കുക.

4. അഭിനന്ദനം ഒരു നല്ല എനർജി ബൂസ്റ്റർ

മറ്റുള്ളവരെ അഭിനന്ദിക്കുവാൻ നാം മറക്കാറില്ല. എന്നാൽ പങ്കാളിയുടെ കഴിവുകളെയോ നേട്ടങ്ങളെയോ അഭിനന്ദിക്കുവാൻ നാം ഒരിക്കലും മറക്കരുത്. കുടുംബജീവിതത്തിൽ ഭാവാത്മകമായ മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കുവാൻ അതിനു കഴിയും. തങ്ങളും മൂല്യമുള്ളവരാണെന്ന തിരിച്ചറിവ് ഏതൊരു വ്യക്തിക്കും കൂടുതൽ ഉയരുവാനുള്ള സാധ്യതകൾ ഉണ്ടാക്കിക്കൊടുക്കും.

5. വാക്കുകളെ മയപ്പെടുത്തുക

സ്നേഹം മാത്രം എപ്പോഴും ആഗ്രഹിക്കുമെങ്കിലും ചെറിയ ചില പിണക്കങ്ങൾക്കും വൻ സാധ്യത ഉള്ള ഇടമാണ് ദാമ്പത്യ ജീവിതം. ഒരുപാട് നേരത്തേക്കല്ലെങ്കിൽ കൂടിയും ചിലപ്പോഴൊക്കെ നമുക്കും വാക്കുകൾകൊണ്ട് വേദനിപ്പിക്കുവാൻ ഇടവന്നേക്കാം. ഇത്തരം സന്ദർഭങ്ങളിൽ കൂട്ടുകാരനെ/ കൂട്ടുകാരിയെ വാക്കുകൾകൊണ്ട് വ്രണപ്പെടുത്താതിരിക്കുവാൻ ശ്രദ്ധിക്കുക. ശരീരത്തിലെ മുറിവുകൾ ഉണ്ടാകുവാൻ ആഴ്ചകൾ മതിയാകും. എന്നാൽ മനസ്സിനേറ്റ മുറിവുകൾ ഒരുപക്ഷെ വർഷങ്ങൾക്കു ശേഷവും സുഖപ്പെടുവാൻ ബുദ്ധിമുട്ടാണ്. ക്ഷണികമായ കോപത്തിന് അടിപ്പെടാതെ പക്വതയോടെ സാഹചര്യങ്ങൽ കൈകാര്യം ചെയ്യുകയാണ് ഏറ്റവും മികച്ച മാർഗ്ഗം.

6. പഴയത് മറക്കുക

കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ച ചില തെറ്റുകളോ കുറവുകളോ മനസ്സിൽ നിന്നും മായ്ച്ചുകളയുക. ക്ഷമിക്കുന്ന സ്നേഹമാണ് ദൈവം. ഈ സ്നേഹത്തിൽ പങ്കുചേരുവാൻ നാം അർഹരാകുന്നത് ക്ഷമിക്കുമ്പോളും കുറവുകളെ സന്തുലനം ചെയ്യുമ്പോഴുമാണ്. പങ്കാളിയുടെ കഴിഞ്ഞകാല തെറ്റുകളെയോ കുറവുകളെയോ മനസ്സിലിട്ടുകൊണ്ട് ഇടയ്ക്കിടെ അത് പറഞ്ഞു വേദനിപ്പിക്കുമ്പോൾ പരസ്പരം അകൽച്ചയുണ്ടാക്കുവാനെ അതുപകരിക്കുകയുള്ളൂ. ഓരോ നിമിഷവും പുതിയതെന്നതിനാൽ എല്ലാ സമയത്തിലും അനന്തമായ സാധ്യതകളും നമ്മുടെ മുൻപിലുണ്ട്. അത് പരമാവധി ഉപയോഗപ്പെടുത്തുമ്പോഴാണ് നമ്മുടെ ജീവിതങ്ങൾ കൂടുതൽ മനോഹരമാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.