വി. കുർബാന  മരണമടഞ്ഞ നമ്മുടെ പ്രിയപ്പെട്ടവരുമായി  നമ്മെ ബന്ധിപ്പിക്കുന്നതു എങ്ങനെ?

പ്രിയപ്പെട്ടവരുടെ മരണവാർത്ത നമ്മുടെ മനസ്സിനെ ദു:ഖസാഗരത്തിലാക്കും, വാക്കുകൾ വിതുമ്പലുകൾക്കു വഴിമാറ്റും. ജീവിച്ചിരുന്നപ്പോൾ അവരുടെ സാന്നിധ്യം നമ്മുടെ ജീവിതങ്ങൾക്കും മനോഹാരിത സമ്മാനിച്ചു, മരണം അവരെ നമ്മിൽ നിന്നു പറിച്ചെടുക്കുമ്പോൾ ശൂന്യതയുടെ ആഴങ്ങളിലേക്കു നാമും കൂപ്പു കുത്തും. മരണം ശാരീരികമായി അവരെ നമ്മിൽ നിന്നു വേർപെടുത്തുമെങ്കിലും, അതൊരിക്കലും ഒരവസാനമല്ല. പരിശുദ്ധ കുർബാനയിൽ ഒരു പ്രതീക്ഷയുടെ ഒരു മഴവില്ലു തെളിയുന്നുണ്ട്.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ( Catechism of the Catholic Church) വിശുദ്ധ കുർബാന ആഘോഷത്തെ എന്തുകൊണ്ടു വിശുദ്ധ സംസർഗം അഥവ വിശുദ്ധ കൂട്ടായ്മ (Holy Communion) എന്നു വിളിക്കുന്നു എന്നതിനെപ്പറ്റി പഠിപ്പിക്കുന്നുണ്ട്. “വിശുദ്ധ കൂട്ടായ്മ , ഈ കൂദാശ വഴി നാം നമ്മെത്തന്നെ ക്രിസ്തുവിനോട് ഐക്യപ്പെടുത്തുന്നു. ക്രിസ്തുവിലുടെ അവന്റെ ശരീര രക്തങ്ങളിൽ പങ്കു ചേർന്നു കൊണ്ട് നമ്മൾ ഒരു ശരീരമായി രൂപപ്പെടുന്നു. (CCC 1331)

അതിനു പുറമേ മതബോധന ഗ്രന്ഥം ഈ യാഥാർത്ഥ്യത്തെ കുറച്ചു കൂടി വിശദീകരിക്കുന്നു. സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും പൂർണ്ണമായ കൂട്ടായ്മയിലാണ് വിശുദ്ധ കുർബാന ആഘോഷിക്കപ്പെടുന്നത്. ”

യോഗ്യതയോടെ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ വിശുദ്ധ കുർബാന നമ്മെ യേശു ക്രിസ്തുവുമായി ഐക്യപ്പെടുത്തുന്നു അതുവഴി ക്രിസ്തുവുമായി ഐക്യപ്പെട്ടിരിക്കുന്ന എല്ലാവരുമായി നമ്മെ ഐക്യപ്പെടുത്തുന്നു. ഇതിൽ സ്വർഗ്ഗത്തിലുള്ള സഭ ഔദ്യോഗികമായി പേരു വിളിച്ച വിശുദ്ധർ മാത്രമല്ല ക്രിസ്തുവിന്റെ സ്നേഹത്താൽ വിശുദ്ധികരിക്കപ്പെട്ട എല്ലാ മരിച്ച വിശ്വാസികളും ഉൾക്കൊള്ളുന്നു.

വിശുദ്ധ കുർബാന സ്വർഗ്ഗത്തെയും ഭൂമിയെയും ഒന്നിപ്പിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ അല്ലങ്കിൽ പരിശുദ്ധ കുർബാനയുടെ മുമ്പിൽ ആരാധിക്കാൻ അണയുമ്പോൾ അവരുമായി ഒരു പ്രത്യേക അടുപ്പം അനുഭവിക്കുന്നു. കൃപയിൽ മരിച്ചവർ ക്രിസ്തുവിൽ ജീവിക്കുന്നു എന്ന ആഴമായ ദൈവശാസ്ത്ര അവബോധത്തിന്റെ ഫലമായാണ് ഈ അനുഭവം ഉണ്ടാകുന്നത്. അതിനാൽ വിശുദ്ധ കുർബാനയിൽ ക്രിസ്തുവിനോടു നാം അടുക്കുമ്പോൾ മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരോടും നാം അടുക്കുന്നു.

മറ്റൊരു വശത്തു മരിച്ചു പോയ നമ്മുടെ പ്രിയപ്പെട്ടവർ സ്വർഗ്ഗത്തിൽ ഈശോയുമായി ഐക്യപ്പെട്ടോ എന്നു നമുക്കു ഉറപ്പില്ലാത്ത സന്ദർഭങ്ങൾ ഉണ്ട് . ആ ഗണത്തിൽ പെട്ടവർ സ്വർഗ്ഗവാതിലേക്കു പ്രവേശിക്കും മുമ്പു ശുദ്ധീകരണസ്ഥലത്തു ഒരു നിശ്ചിത സമയം വിശുദ്ധികരണത്തിനു വിധേയരാവണം. വിശുദ്ധ ജീവിതം നയിച്ചു ഭാഗ്യപ്പെട്ട മരണം പ്രാപിച്ചവർ ക്രിസ്തുമുമായി സ്വർഗ്ഗത്തിൽ ഒന്നിച്ചു കഴിയുന്നു. ഏതു വിധത്തിലായാലും വിശുദ്ധ കുർബാനയിലൂടെ മരണമടഞ്ഞ എണ്ണമറ്റ വ്യക്തികളുമായി നമ്മൾ ഐക്യപ്പെട്ടിരിക്കുന്നു. വിശുദ്ധ കുർബാനയിലൂടെ “കണ്ണീരിന്റെ താഴ്‌വരയിൽ ” ആശ്വാസം പകരാൻ ഒരു വ്യക്തിക്കു സാധിക്കുന്നു രഹസ്യാത്മകത നിറഞ്ഞ ഒരു ദൈവശാസ്ത്ര സത്യമാണിത്.

മരണം ഒരു അവസാനവാക്കല്ല. മരണത്തെ കീഴടക്കിയ ഈശോ നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും നിത്യതയിൽ സ്നേഹത്തിലും സമാധാനത്തിലും ജീവിക്കാൻ ഒരു സ്ഥലം പ്രദാനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.