ഫ്രാൻസീസ് മാർപാപ്പയുടെ പുതിയ 6 സുവിശേഷഭാഗ്യങ്ങൾ

ഫ്രാൻസീസ് മാർപാപ്പ സ്വീഡനിലെ മാൽമോ അരേനായിൽ സകല വിശുദ്ധന്മാരുടെയും തിരുനാൾ ദിനത്തിൽ ദിവ്യബലി മധ്യേ നടത്തിയ വചന സന്ദേശം

ഇന്ന് ആഗോളസഭയോടൊത്ത്  സകലവിശുദ്ധന്മാരുടെയും തിരുനാൾ നമ്മൾ ആഘോഷിക്കുന്നു. അങ്ങനെ ചെയ്യുന്നതുവഴി കാലങ്ങളായി വിശുദ്ധരെന്നു സഭ പേരുചേർത്തു വിളിച്ചവരെ മാത്രമല്ല നാം ഓർമ്മിക്കുന്നത്, മറിച്ച്   ക്രിസ്തീയ ജീവിതം  അതിന്റെ പൂർണ്ണമായ നിറവിൽ സ്നേഹത്തിലും  വിശ്വാസത്തിലും  ശാന്തതയോടും താഴ്മയോടും കൂടെ  ജീവിച്ച നമ്മുടെ ധാരാളം സഹോദരി സഹോദരന്മാരെയും ഓർമ്മയാണ്. തീർച്ചയായും അവരിൽ നമ്മുടെ ബന്ധുക്കളും, സുഹൃത്തുക്കളും പരിചയക്കാരമുണ്ട്.

നമ്മുടേത് വിശുദ്ധിയുടെ ആഘോഷമാണ്. അസാധാരണമായ സംഭവങ്ങളിലും മഹത്തായ ചെയ്തികളിലും കാണുന്ന പരിശുദ്ധിയല്ല, മറിച്ച്  നമ്മുടെ മാമ്മോദീസാ ആവശ്യപ്പെടുന്ന അനുദിന കാര്യങ്ങളിലുള്ള വിശ്വസ്തതയുടെ പരിശുദ്ധി.  ദൈവസ്നേഹത്തിലും സഹോദരി സഹോദരന്മാരോടുള്ള സ്നേഹത്തിലും അടങ്ങിയിരിക്കുന്ന വിശുദ്ധി. ആത്മപരിത്യാഗത്തിലും മറ്റുള്ളവരോടുള്ള സമ്പൂർണ്ണ സമർപ്പണത്തിലും, വിശ്വസ്തത പുലർത്തുന്ന സ്നേഹം. തങ്ങളുടെ കുടുംബങ്ങൾക്കുവേണ്ടി ബലിയായിതീരുന്ന, വ്യക്തിപരമായ പ്ലാനുകളും  പദ്ധതികളും വ്യയം ചെയ്യാൻ തയ്യാറാവുന്ന (അത് അത്ര എളുപ്പമുള്ള കാര്യമല്ല) എല്ലാ മാതാപിതാക്കളുടെയും  ജീവിതങ്ങൾ നമ്മൾ ഓർമ്മയിൽ കൊണ്ടു വരുന്നു.

ഇനി വിശുദ്ധന്മാർക്കു വർഗലക്ഷണമായി ഒരു കാര്യമുണ്ടെങ്കിൽ, അത് അവർ കലർപ്പില്ലാത്ത സന്തോഷം ഉള്ളവരായിരുന്നു എന്നതാണ്. ആത്മാവിന്റെ ആഴത്തിൽ, മറഞ്ഞിരിക്കുന്ന ദൈവസ്നേഹത്തിന്റെ ഉറവിടമായ യഥാർത്ഥ സന്തോഷത്തിന്റെ രഹസ്യം അവർ കണ്ടെത്തി . അതിനാലാണ് വിശുദ്ധരെ അനുഗ്രഹീതർ എന്നു നമ്മൾ വിളിക്കുന്നത്. സുവിശേഷ ഭാഗ്യങ്ങൾ അവരുടെ പാതയാണ്, അവരുടെ ലക്ഷ്യമാണ്, അവരുടെ സ്വന്തം ദേശമാണ്. സുവിശേഷഭാഗ്യങ്ങൾ അവന്റെ കാൽപ്പാടുകൾ പിഞ്ചെല്ലാൻ കഴിയുന്നതിന് ദൈവം നമ്മളെ പഠിപ്പിക്കുന്ന ജീവിത വഴികളാണ്.

ഇന്നത്തെ സുവിശേഷ ഭാഗത്ത് ഗലീലിയാ കടലിനു സമീപമുള്ള മലമുകളിൽ നിന്നു വലിയ ജനക്കൂട്ടത്തോട് എങ്ങനെയാണ് യേശു അഷ്ടഭാഗ്യങ്ങളെക്കുറിച്ച് സംസാരിച്ചതെന്നാണ് നമ്മൾ കേട്ടത്. സുവിശേഷ ഭാഗ്യങ്ങൾ ക്രിസ്തുവിന്റെ പ്രതിച്ഛായയാണ് , തൽഫലമായി ഓരോ ക്രൈസ്തവന്റെയും. ഇവിടെ ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു: “ശാന്തശീലർ ഭാഗ്യവാന്മാർ”. യേശു തന്നെക്കുറിച്ച് പറയുന്നു: “ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ നിങ്ങൾ എന്നിൽ നിന്നു പഠിക്കുവിൻ” (മത്താ 11:29)  ഇത് അവന്റെ സ്നേഹം സമൃദ്ധമായി വെളിപ്പെടുത്തുന്ന  അവന്റെ ആത്മീയ ഛായചിത്രമാണ്.

വിനയം ഒരു ജീവിതക്രമമാണ്, അതു  നമ്മളെ യേശുവിലേക്കും മറ്റുള്ളവരിലേക്കും കൂടുതൽ അടുപ്പിക്കുന്നു. ഇതു നമ്മളെ ഭിന്നിപ്പിക്കുകയും വേർതിരിക്കുകയും ചെയ്യുന്ന എല്ലാറ്റിനെയും  സൈഡിൽ നിർത്തുകയും, ഐക്യത്തിന്റെ പാതയിൽ പുരോഗമിക്കുവാൻ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. ഈ അടുത്തിടെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയ വിശുദ്ധ മേരി  എലിസബത്ത് ഹെസ്സെൽബാൾഡും യൂറോപ്പിന്റെ സഹ-മധ്യസ്ഥയായ വിശുദ്ധ ബ്രിഡ്ജിറ്റു ഉൾപ്പടെ ഈ രാജ്യത്തിന്റെ പുത്രി പുത്രന്മാരും അങ്ങനെയായിരുന്നു. ക്രൈസ്തവർ തമ്മിൽ ഐക്യവും കൂട്ടായ്മയും സൃഷ്ടിക്കാൻ വേണ്ടി അവർ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. ഇതിനു വളരെ സ്പഷ്ടമായ ഒരു അടയാളം ഈ രാജ്യത്തുണ്ട്. വ്യത്യസ്തരായ ആളുകൾ സഹവസിക്കുന്ന ഇവിടെ സംയുക്തമായി നവീകരണത്തിന്റെ അഞ്ഞൂറാം വാർഷികം അനുസ്മരിക്കുന്നു.

ഹൃദയ ശാന്തതയിലൂടെയാണ് വിശുദ്ധർ മാറ്റത്തിന് കാരണമായത്. ആ ശാന്തത കൊണ്ട് ദൈവമഹത്ത്വം മനസ്സിലാക്കാനും ആത്മാർത്ഥമായ ഹൃദയത്തോടെ അവനെ ആരാധിക്കുവാനും നമ്മൾ വന്നിരിക്കുന്നു. ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെ മനോഭാവമാണ് ശാന്തത, കാരണം ദൈവമാണ് അവരുടെ ഏക സമ്പത്ത്.

സുവിശേഷ ഭാഗ്യങ്ങൾ ചില അർത്ഥത്തിൽ ക്രൈസ്തവരുടെ തിരിച്ചറിയൽ കാർഡാണ്. അവ നമ്മളെ, യേശുവിന്റെ അനുഗാമികളായി തിരിച്ചറിയുന്നു. അനുഗ്രഹമാകാൻ, ക്രിസ്തുവിന്റെ അനുഗാമികളാകാൻ, യേശുവിന്റെ ആത്മാവിനോടും സ്നേഹത്തോടുംകൂടി  നമ്മുടെ കാലഘട്ടത്തിലെ ഉത്കണ്ഠകളെയും പ്രശ്നങ്ങളെയും അഭിമുഖീകരിക്കാനാണു നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത്. അങ്ങനെ പുതിയ സാഹചര്യങ്ങളെ നൂതനമായ ആത്മീയ ഊർജ്ജത്താൽ അംഗീകരിക്കാനും  പ്രത്യുത്തരിക്കാനും നമ്മൾ കടപ്പെട്ടിരിക്കുന്നു.

  1. മറ്റുള്ളവർ കഠിനമായ തിന്മ അടിച്ചേൽപ്പിക്കുമ്പോഴും, വിശ്വസ്തതയോടെ നിലനിൽക്കുന്നവരും അവരോടു ഹൃദയത്തിൽ  ക്ഷമിക്കുകയും ചെയ്യുന്നവർ  ഭാഗ്യവാൻമാർ.
  2. ഉപേക്ഷിക്കപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും കണ്ണുകളിൽ നോക്കി അവരോട് അടുപ്പം കാണിക്കുന്നവർ ഭാഗ്യവാൻമാർ.
  3. ഓരോ വ്യക്തിയിലും ദൈവത്തെ കാണുകയും, മറ്റുള്ളവരെ അവനെ കണ്ടെത്താൻ പരിശ്രമിക്കുകയും ചെയ്യുന്നവർ ഭാഗ്യവാൻമാർ.
  4. നമ്മുടെ പൊതു ഭവനത്തെ സംരക്ഷിക്കുകയും അതിനായി ആഗ്രഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാൻമാർ.
  5. മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി സ്വന്തം സുഖം ത്യജിച്ചവർ ഭാഗ്യവാൻമാർ.
  6. ക്രൈസ്തവരുടെ പൂർണ്ണ ഐക്യത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ഭാഗ്യവാൻമാർ. ഇവരെല്ലാം  ദൈവത്തിന്റെ കരുണയുടെയും ആർദ്രതയുടെയും  സന്ദേശവാഹകരാണ്, തീർച്ചയായും അവർ ദൈവത്തിൽ നിന്നു അവർക്കു  അർഹതപ്പെട്ട പ്രതിഫലം സ്വീകരിക്കും.

പ്രിയ സഹോദരി സഹോദരന്മാരെ  വിശുദ്ധിയിലേക്കുള്ള വിളി എല്ലാവർക്കുമുള്ളതാണ് അത് ദൈവത്തിൽ നിന്നു വിശ്വാസത്തിന്റെ ചൈതന്യത്തിൽ നാം സ്വീകരിക്കണം. വിശുദ്ധരുടെ അവരുടെ ജീവിതങ്ങളാൽ, ദൈവത്തിന്റെ മുമ്പിലുള്ള അവരുടെ മധ്യസ്ഥത്താൽ,  നമ്മളും  വിശുദ്ധരാകണമെങ്കിൽ   ഓരോരുത്തർക്കും മറ്റുള്ളവരുടെ സഹായം ആവശ്യമാണന്നു നമ്മോടു പറഞ്ഞു തരുന്നു. ഈ വിളി സന്തോഷത്തോടും സ്വീകരിക്കാനുള്ള കൃപയ്ക്കായും അതു പൂർണ്ണതയിൽ കൊണ്ടുവരുന്നതിൽ  പങ്കുചേരാനും  നമുക്കു ഒരുമിച്ച് അപേക്ഷിക്കാം. നമ്മുടെ സ്വർഗ്ഗീയ അമ്മക്ക്,  എല്ലാ വിശുദ്ധരുടെയും രാജ്ഞിക്ക് നമ്മുടെ  എല്ലാ നിയോഗങ്ങളും,  എല്ലാ ക്രൈസ്തവരുടെയും പൂർണ്ണ ഐക്യം ലക്ഷ്യം വയ്ക്കുന്ന സംവാദവും നമുക്കു ഭരമേൽപ്പിക്കാം. അതുവഴി നമ്മൾ നമ്മുടെ പ്രയ്നങ്ങളിൽ അനുഗ്രഹീതരാകട്ടെ, ഐക്യത്തിൽ  വിശുദ്ധി സ്വന്തമാക്കട്ടെ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.