നൈജീരിയയിൽ കത്തോലിക്കാ വൈദികനെ ക്രൂരമായി മർദ്ദിച്ച് അബോധാവസ്ഥയിലാക്കി ആയുധധാരികൾ

നൈജീരിയയിൽ 64-കാരനായ കത്തോലിക്കാ വൈദികൻ ഫാ. ലൂയിജി ബ്രെന്നയെ ക്രൂരമായി മർദ്ദിച്ച് അബോധാവസ്ഥയിലാക്കി ആയുധധാരികൾ. ജൂലൈ നാലിന് ബെനിൻ അതിരൂപതയുടെ ചാൻസലർ ഫാ. മൈക്കൽ ഒയനോഫോ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

ബെനിൻ അതിരൂപതയിൽപെട്ട ഇറ്റാലിയൻ വൈദികനാണ് ഫാ. ലൂയിജി ബ്രെന്ന. ജൂലൈ മൂന്നിന് ഫാ. ലൂയിജി, കുട്ടികൾ ഫുട്ബോൾ കളിക്കുന്നത് കണ്ടുകൊണ്ട് നിൽക്കുകയായിരുന്നു. പെട്ടെന്നാണ് അന്തരീക്ഷത്തിലേക്ക് വെടിയുതിർത്തുകൊണ്ട് ആയുധധാരികൾ പ്രത്യക്ഷപ്പെട്ടത്. വെടിയൊച്ചകളുടെ ശബ്‍ദം കേട്ടതും കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ചിതറിയോടി. എന്നാൽ ഫാ. ലൂയിജി രക്ഷപെടുന്നതിനു മുൻപ് ആയുധധാരികൾ അദ്ദേഹത്തെ പിടികൂടുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് അര കിലോമീറ്ററോളം അദ്ദേഹത്തെ അക്രമികൾ വലിച്ചിഴച്ചു കൊണ്ടുപോകുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്‌തു. അബോധാവസ്ഥയിലായ ഫാ. ലൂയിജി മരിച്ചുവെന്ന് കരുതിയാണ് അക്രമികൾ അദ്ദേഹത്തെ ഉപേക്ഷിച്ചത്. ബോധം തിരികെ വന്നപ്പോൾ തിരികെ നടന്ന ഫാ. ലൂയിജി രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. വെടിയൊച്ചകൾ കേട്ടപ്പോൾ ഒളിച്ചിരുന്ന മറ്റു വൈദികർ ഉടൻ തന്നെ പുറത്തു വന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

“ചികിത്സയോട് ഫാ. ലൂയിജി പ്രതികരിക്കുന്നതിൽ ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു. ദൈവം അദ്ദേഹത്തെ വേഗത്തിൽ സുഖപ്പെടുത്തട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം” – ഫാ. മൈക്കൽ ഒയനോഫോ പറഞ്ഞു.

നൈജീരിയയിൽ വൈദികർക്കു നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുകയാണ്. ജൂലൈ രണ്ടിന് നൈജീരിയയിലെ ഉറോമി രൂപതയിൽ നിന്ന് രണ്ട് വൈദികരെ തട്ടിക്കൊണ്ടു പോയിരുന്നു. മാത്രമല്ല, കടുന അതിരൂപതയിൽ കഴിഞ്ഞ ജൂൺ 25-ന് ഒരു വൈദികനും ഔചി രൂപതയിൽ ജൂൺ 26-ന് മറ്റൊരു വൈദികനും കൊല്ലപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.