രണ്ടായിരം ജനങ്ങൾ സാക്ഷ്യം വഹിച്ച യേശുവിന്റെ അത്ഭുത ദർശനം

1847 ഒക്ടോബർ 3 മെക്സിക്കോയിലെ ഒക്ടോലാൻ എന്ന സ്ഥലത്ത് രണ്ടായിരത്തിലേറെ വിശ്വാസികൾ മേഘങ്ങളിൽ ക്രൂശിതനായ യേശുവിനെ മുപ്പതു മിനിറ്റു നേരം ദർശിക്കാൻ ഭാഗ്യം കൈവന്നു.

1911 മെക്സിക്കോയിലെ ഗുഡാലാജാര (Guadalajara) അതിരൂപതാ ഈ അത്ഭുതത്തെ അംഗീകരിച്ചു “ഒക്ടോലാനിലെ അത്ഭുതം” എന്ന പേരിൽ അറിയപ്പെടുന്ന ഈ അത്ഭുത പ്രതിഭാസം ജലിസ്കോ സംസ്ഥാനത്തിൽ 40 പേരുടെ മരണത്തിനിരയാക്കിയ  ഭൂകമ്പത്തിന് തലേ ദിവസമാണ് സംഭവിച്ചത്.

പരിശുദ്ധ അമലോത്ഭവമാതാവിന്റെ നാമത്തിലുള്ള സിമിത്തേരി കപ്പേളയിൽ  ഫാ. ജൂലിയാൻ നവോതായുടെ മുഖ്യകാർമ്മികത്വത്തിൽ  വിശുദ്ധ കുർബാന ആരംഭിക്കാൻ വിശ്വാസികൾ ഒരുങ്ങുന്നു. പൊടുന്നനേ രണ്ട് വെള്ള മേഘങ്ങൾ പടിഞ്ഞാറേ ആകാശത്ത് കൈകൾ കോർത്തു അതിനു നടുവിലായി യേശുവിന്റെ ചിത്രം തെളിഞ്ഞു.
അവിടെ സന്നിഹിതരായിരുന്നവരെയും ഈ ദൃശ്യം അടുത്ത നഗരങ്ങളിൽ നിന്നു ദർശിച്ചവർക്കും അത് വലിയ മാനസാന്തരം വരുത്തി അവർ ഉറക്കെ വിളിച്ചു പറഞ്ഞു “ദൈവമേ കരുണ തോന്നണമേ ” യേശുവിന്റെ ഈ പ്രതീക്ഷികരണം”കരുണയുടെ ദൈവം” എന്നാണറിയപ്പെടുക. ഈ അത്ഭുത പ്രതീക്ഷികരണത്തിന്റെ നന്ദിസൂചകമായി 1875 സെപ്റ്റംബർ മാസത്തിൽ ഒരു പുതിയ ഇടവക ദൈവാലയം ഇവിടെ കൂദാശ ചെയ്തു.

വിശ്വാസികൾക്കൊപ്പം ഈ അത്ഭുതത്തിനു സാക്ഷ്യം വഹിക്കാൻ വികാരി ഫാ. ജൂലിയാൻ മാർട്ടിൻ ഡെൽ കാമ്പോയും ഒക്ടോലാനിൻ നഗരത്തിന്റെ മേയർ അന്റോണിയോ ഹിമെൻസും സന്നിഹിതരായിരുന്നു. അവരിരുവരും തങ്ങൾ കണ്ടകാര്യം അവരവരുടെ മേലധികാരികളെ കത്തെഴുതിയറിയിച്ചു.

അത്ഭുതത്തിനു ശേഷം മുപ്പതു സാക്ഷികളുടെ ഒരു റിപ്പോർട്ട് എഴുതി തയ്യാറാക്കിയിരുന്നു. അരനൂറ്റാണ്ടിനു ശേഷം 1897 ൽ അന്നത്തെ ഗുഡാലാജാര ആർച്ചുബിഷപ് പെദ്രോ ലോസാ പാർദേവ അഞ്ചു വൈദികരുടെതുൾപ്പെടെ മുപ്പതു വ്യക്തികളുടെ കുടി സാക്ഷ്യമൊഴി കൂട്ടിച്ചേർത്തു.

1911 സെപ്റ്റംബർമാസം ഇരുപത്തിയൊമ്പതാം തീയതി അന്നത്തെ ഗുഡാലാജാര ആർച്ചുബിഷപ്പായിരുന്ന ജോസെ ഡെ യേസൂസ് ഓർട്ടിസ് റോഡ്രിഗസ് ഒക്ടോലാനിലെ യേശുവിന്റെ പ്രത്യക്ഷീകരണത്തെ സ്ഥിതീകരിച്ചുകൊണ്ടുള്ള രേഖയിൽ ഒപ്പുവയ്ക്കുകയും, ദൈവ കരുണയുടെ ഭക്തി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

“ക്രൂശിതനായ യേശുവിന്റെ ചിത്രം ആകാശത്തു പ്രത്യക്ഷപ്പെട്ടു എന്ന പൂർണ്ണമായി തെളിയിക്കപ്പെട്ട ഈ  ചരിത്ര വസ്തുത നമ്മൾ അംഗീകരിക്കണം….  ഇത് പകൽ വെളിച്ചത്തിൽ രണ്ടായിരത്തിലേറെ ആളുകളുടെ കൺമുന്നിൽ സംഭവിച്ചതിനാൽ  ഇതിനൊരിക്കലും ഹാലുസിനേഷനോ (മനോവിഭാന്തി) ചതിയോ ആകാൻ കഴിയില്ല.” ആർച്ചുബിഷപ് പറഞ്ഞു.

“കാരുണ്യത്തിന്റെ കർത്താവിനെ ഒരിക്കലും മറക്കരുതെന്നും വിശ്വാസികൾ സാധ്യമായ എല്ലാ രീതിയിലും അവിടെ സന്നിഹിതമാകണമെന്നും, വിശുദ്ധ കൂദാശകളായ കുമ്പസാരത്താലും കുർബാനയാലും അവരുടെ മനസാക്ഷിയെ ശുദ്ധീകരിച്ച് ദൈവസാന്നിധ്യത്തിന്റെ മുമ്പിൽ ആഘോഷമായി അവരെയും അവരുടെ വരും തലമുറകളെയും കൊണ്ടുവരണമെന്നും എല്ലാവർഷവും ഒക്ടോബർ മൂന്നാം തീയതി കാരുണയുടെ കർത്താവിന്റെ  തിരുനാൾ ആഘോഷിക്കണമെന്നും” ആർച്ചുബിഷപ് തുടർന്നു.

ഗുഡാലാജാര അതിരൂപതയുടെ അംഗീകാരത്തിനും വ്യവസ്ഥകൾക്കും വഴങ്ങി, 1847ലെ  കരുണയുടെ കർത്താവിന്റെ  അത്ഭുതത്തെ അനുസ്മരിച്ചു കൊണ്ടുള്ള തിരുനാൾ 1912ൽ ആരംഭിച്ചു. പതിമൂന്നു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾ വർഷംതോറും സെപ്റ്റംബർ ഇരുപതിനു ആരംഭിച്ച് ഒക്ടോബർ മൂന്നിനു അവസാനിക്കും .

പിന്നീട് 1997ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ഒക്ടോലാനിലെ നൂറ്റിഅമ്പതാം വാർഷികത്തിൽ അവിടുത്തെ വിശ്വസികൾക്ക് ഒരു അപ്പസ്തോലിക അനുഗ്രഹം അയച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.