ഞായറാഴ്ച പ്രസംഗം- നമ്മുടെ ദൈവം കരുണയുള്ളവനാണ്

മംഗളവാര്‍ത്താകാലം മൂന്നാം ഞായര്‍- ലൂക്കാ 1:57-80

സദ്‌വാര്‍ത്തയുടെ മൂന്നാമത്തെ ആഴ്ചയിലേക്ക് നാം പ്രവേശിക്കുമ്പോള്‍ നമ്മുടെ വിചിന്തനത്തിനായി തിരുസഭ നമുക്ക് നല്‍കുക യോഹന്നാന്റെ ജനനത്തെപ്പറ്റിയും ദൈവിക പദ്ധതിക്ക് വിധേയപ്പെട്ടു ജീവിക്കുന്ന സഖറിയാ- എലിസബത്ത് ദമ്പതികളെപ്പറ്റിയുമാണ്. ഈ വചനഭാഗത്തിന്റെ പശ്ചാത്തലം നാം മനസ്സിലാക്കുകയാണെങ്കില്‍ വന്ധ്യത ശാപമായി കണക്കാക്കിയിരുന്ന കാലഘട്ടമായിരുന്നു അത്. മാതൃത്വം ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന ഒന്നാണ് അമ്മയാകുക എന്നുവച്ചാല്‍ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ പൂര്‍ത്തീകരണമാണ്. അതിന് സാധിക്കാത്തവര്‍ ശപിക്കപ്പെട്ടവളും മറ്റുള്ളവരുടെ മുമ്പില്‍ അപമാനിക്കപ്പെട്ടവളുമായിരുന്നു. ഈ സാഹചര്യത്തിലാണ് സഖറിയാ – എലിസബത്ത് ദമ്പതികള്‍ക്ക് പുത്രന്‍ ജനിക്കുന്നത്.

വി. ലൂക്കായുടെ സുവിശേഷം 1:25-ല്‍ എലിസബത്തിന് താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഇപ്രകാരം പറുന്നുണ്ട്: ”മനുഷ്യന്റെ ഇടയില്‍ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാന്‍ കര്‍ത്താവിന്റെ കരങ്ങള്‍ എന്റെ ജീവിതത്തില്‍ പ്രവര്‍ത്തിച്ചു.” ദൈവിക പദ്ധതിയോട്, ദൈവീക വാഗ്ദാനത്തോട് വിശ്വസിച്ച് സഹകരിച്ച് ജീവിക്കുന്ന ഈ കുടുംബം തങ്ങളുടെ ദുഃഖത്തില്‍ മാത്രമല്ല ദൈവത്തെ വിളിച്ച് അപേക്ഷിക്കുക, മറിച്ച് തങ്ങളുടെ സന്തോഷത്തിലും ദൈവത്തെ സ്തുതിച്ചുകൊണ്ട് ദൈവഹിതം നിറവേറ്റിയവരാണ്. ദൈവിക പദ്ധതിയോട് ചേര്‍ന്നു നില്‍ക്കുന്ന മാതാപിതാക്കള്‍ക്ക് അനുഗ്രഹമാകുന്ന പുത്രനും അടങ്ങുന്ന കുടുംബമാണ് ഇവരുടേത്. അനുദിനം ഓരോ കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രാര്‍ത്ഥിക്കുന്നവരാണ് നാം. എന്റെ കുടുംബത്തില്‍ സമ്പത്ത് വേണം, മക്കള്‍ക്ക് നല്ല ജോലി കിട്ടണം, സമാധാനം വേണം എന്നിങ്ങനെ നീണ്ടു പോകുന്ന ആവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ ദൈവസന്നിധിയില്‍ നാം നിരത്തുമ്പോഴും പ്രാര്‍ത്ഥിക്കേണ്ട ഒന്നുണ്ട് ദൈവവഹിതം എന്റെ ജീവിതത്തില്‍ നിറവേറട്ടെയെന്ന്. ദൈവകല്‍പ്പനകളോടും പ്രമാണത്തോടും വിശ്വസ്തത പുലര്‍ത്തിയ സഖറിയാ എലിസബത്ത് ദമ്പതികളുടെ ജീവിതത്തില്‍ ദൈവം കൊടുത്ത വാഗ്ദാനത്തില്‍ വിശ്വസ്തനായി.

പഴയ നിയമ കാലഘട്ടം മുതല്‍ പുതിയനിയമകാലഘട്ടം വരെ വാഗ്ദാനങ്ങള്‍ നിറവേറ്റിക്കൊടുക്കുന്ന ദൈവത്തിന്റെ ചിത്രമാണ് സുവിശേഷകന്മാരും പ്രവാചകന്മാരും നമുക്ക് കാണിച്ചുതരിക. അബ്രാഹത്തിനും സാറായ്ക്കും ഏല്‍ക്കാനായ്ക്കും ഹന്നായ്ക്കും പുത്രനെ വാഗ്ദാനം ചെയ്യുന്ന ദൈവം, ഇസ്രായേല്‍ ജനത്തിനു അടിമത്വത്തില്‍ നിന്നു മോചനവും. സമ്പല്‍സമൃദ്ധി നിറഞ്ഞതാകാന്‍ ദേശവും വാഗ്ദാനം ചെയ്യുന്ന ദൈവം, ദാവീദിനും സോളമനും സര്‍വ്വശത്രുക്കളില്‍ നിന്നുള്ള രക്ഷയും രാജ്യവും വാഗ്ദാനം ചെയ്യുന്ന ദൈവം. വീണ്ടും പുറപ്പാട് പുസ്തകത്തില്‍ കാനാന്‍ ദേശം വാഗ്ദാനം ചെയ്തശേഷം ദൈവം ഇസ്രായേല്‍ ജനത്തോട് പറുക, എന്റെ കല്‍പ്പനകള്‍ നീ പാലിച്ചാല്‍ ഞാന്‍ വാഗ്ദാനം ചെയ്ത ദേശം നീ സ്വന്തമാക്കും. തുടര്‍ന്നങ്ങോട്ട് ഇസ്രായേല്‍ ജനത്തിന്റെ സര്‍വ്വ ഐശ്വര്യത്തിനും കാരണമായി നില്‍ക്കുക, ദൈവപ്രമാണത്തോടും വാഗ്ദാനത്തോടുമുള്ള വിശ്വസ്തതയാണ്. ഇവിടെ ദൈവം നമ്മോടു ആവശ്യപ്പെടുന്നത് ഇത്രമാത്രം, നീ എന്നോട് വിശ്വസ്തനായിരിക്കുക. വിശ്വസിക്കുന്നവന്റെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവനാണ് നമ്മുടെ കര്‍ത്താവ്.

ദൈവത്തിന്റെ വെളിപാടനുസരിച്ച് ശിശുവിനെ യോഹന്നാന്‍ എന്നു പേരിടുമ്പോള്‍ ആ നാമം സുചിപ്പിക്കുന്നത് ദൈവം കരുണ ചെയ്തു എന്നാണ്. നമ്മുടെ ദൈവം കരുണയുള്ളവനാണ്. സഖറിയായുടെ സ്തുതികീര്‍ത്തനത്തില്‍ ഒരു പ്രവാചകനെപ്പോലെ സഖറിയാ യോഹന്നാനെക്കുറച്ച് പ്രവചിക്കുന്നുണ്ട്. തന്റെ മകനായ യോഹന്നാന്‍ ഭാവിയില്‍ ചെയ്യാനിരിക്കുന്ന വന്‍കാര്യങ്ങളെക്കുറിച് അവന്റെ പിതാവായ സഖറിയാ മുന്‍കൂട്ടി പ്രവചിക്കുകയാണിവിടെ.

കര്‍ത്താവിനു വഴിയൊരുക്കാന്‍ അവിടുത്തെ മുമ്പില്‍ നീ പോകും തന്റെ മകനെ യേശുവിന് വഴിയൊരുക്കാന്‍ തയ്യാറാകുന്ന ഒരു നല്ല അപ്പനാണ് സഖറിയാ. ഇന്ന് എത്ര മാതാപിതാക്കള്‍ ഉണ്ട് ഇങ്ങനെ മക്കളെ ദൈവത്തിനുവേണ്ടി മാറ്റിവച്ച് ഒരുക്കുന്നവര്‍. മക്കള്‍ക്ക് ഉന്നതമായ വിദ്യാഭ്യാസവും ജോലിയും നേടിക്കൊടുക്കുന്നതോടൊപ്പം ക്രൈസ്തവ വിശ്വാസം കൂടി പറഞ്ഞ് പഠിപ്പിക്കുന്നവരായിരിക്കണം മാതാപിതാക്കള്‍. ദൈവസന്നിധിയില്‍ നല്ല മാതാപിതാക്കള്‍ ആയി ജീവിക്കുക.

അതുപോലെ മാതാപിതാക്കള്‍ക്ക് അനുഗ്രഹമാകുന്ന ഒരു മകനെയാണ് യോഹന്നാനില്‍ നാം കാണുന്നത്. അച്ചനമ്മമാരുടെ കണ്ണീരിന്റെയും വിയര്‍പ്പിന്റെയും വില നാളെ വീട്ടും എന്നു പറയുന്ന ഇന്നത്തെ തലമുറയോട് ഇന്നത്തെ സുവിശേഷം ചോദിക്കുക അത് എന്തുകൊണ്ട് ഇന്നായിക്കൂടാ എന്നാണ്. ജനിച്ച് എട്ടാം ദിവസം തന്റെ പിതാവിന്റെ മൂകത മാറ്റിയവനാണ് യോഹന്നാന്‍. അതിനാല്‍ നമ്മള്‍ ആയിരിക്കുന്ന അവസ്ഥയില്‍ നമ്മുടെ മാതാപിതാക്കളെ നമുക്ക് സ്‌നേഹിക്കാം; സഹായിക്കാം.

ദൈവകാരുണ്യത്താല്‍ കാത്തിരിപ്പിന്റെ ഫലം ആയി യോഹന്നാനെ സഖറിയാ എലിസബത്ത് ദമ്പതികള്‍ക്ക് ദൈവം നല്‍കുകയാണിവിടെ. പ്രാര്‍ത്ഥിക്കുമ്പോള്‍ തന്നെ ദൈവം പ്രത്യുത്തരം നല്‍കിയില്ലെങ്കിലും ദൈവസന്നിധിയില്‍ ആരും വിസ്മരിക്കപ്പെടുന്നില്ല. കാത്തിരിപ്പിന്റെ ഫലം നമുക്ക് ഓരോരുത്തര്‍ക്കും നമ്മുടെ ജീവിതത്തില്‍ തന്നെ ലഭിക്കുന്നുണ്ട്. ആ അനുഗ്രഹങ്ങള്‍ തിരിച്ചറിഞ്ഞ് ദൈവത്തിന് നന്ദി പറയേണ്ടവനാണ് മനുഷ്യന്‍. അനുഗ്രഹങ്ങള്‍ തിരിച്ചറിയുന്നവന്റെ കുറവുകള്‍ കര്‍ത്താവ് എടുത്തുമാറ്റും. അവന്‍ ദൈവത്തിന് സ്തുതികള്‍ പാടും. ലൂക്കായുടെ സുവിശേഷം 1:67 സംസാരശക്തി തിരിച്ചു കിട്ടിയപ്പോള്‍ അവന്‍ പതിന്മടങ്ങ് ശക്തിയോടു കൂടെ ദൈവത്തിന് സ്തുതികള്‍ അര്‍പ്പിക്കുകയാണ്. അനുഗ്രഹങ്ങള്‍ ചൊരുയുന്നവന്റെ വില മനസ്സിലാക്കുമ്പോള്‍ സ്തുതിക്കുന്നവന്റെ ശക്തി കൂടും, അവന്‍ ആത്മാവിനാല്‍ നിറയപ്പെടും. അനുദിന ജീവിതത്തിലും കര്‍ത്താവിന്റെ കരം താങ്ങായും സംരക്ഷണമായും നമ്മുടെ കൂടെയുണ്ട്. നാം അത് തിരിച്ചറിണം എന്നു മാത്രം. ഏത് ജീവിതാന്തസ്സില്‍ ജീവിക്കുന്നവരായാലും കര്‍ത്താവിന്റെ കരം തിരിച്ചറിയുന്നുവെങ്കില്‍ അവന്റെ ജീവിതം സമാധാനവും സന്തുഷ്ടിയും നിറഞ്ഞതാകും.

ഈ സ്വര്‍ഗ്ഗീയ അനുഭവമാണ്. ഓരോ വി. കുര്‍ബാനയിലും നാം അനുഭവിക്കേണ്ടതും കാണേണ്ടതും ഉത്പത്തി പുസ്തകത്തില്‍ വാഗ്ദഗാനം ചെയ്യപ്പെടുന്ന രക്ഷകന്റെ പൂര്‍ത്തീകരണമാണ് വി. കുര്‍ബാന. എല്ലാവര്‍ക്കും വേണ്ടി രക്ഷകനായി പിറന്നവന്‍ ഈ ബലിവേദിയില്‍ മുറിയപ്പെടുമ്പോള്‍ സ്‌നേഹപിതാവായ ദൈവം തന്നോടും ആവശ്യപ്പെടുക ഇത്രമാത്രം- ദൈവപ്രമാണങ്ങളിലും കല്‍പ്പനകളിലും വിശ്വസ്തതയോടെ വ്യാപരിക്കുക. എന്റെ ഹിതം നിന്റെ ജീവിതത്തില്‍ നിറവേറപ്പെടാനായി പ്രാര്‍ത്ഥിക്കുക. നമുക്കും ഈ ബലിമധ്യേ പ്രാര്‍ത്ഥിക്കാം. ദൈവഹിതം എന്റെ ജീവിതത്തില്‍ നിറവേറപ്പെടട്ടെ എന്ന്.

ബ്രദര്‍ ജോബിന്‍ കോലോത്ത് എംസിബിഎസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.