ഫ്രാന്‍സീസ് പാപ്പയുടെ ഏറ്റവും സങ്കടകരമായ ഒരു കൂടിക്കാഴ്ച

ഒരു ശൈത്യകാലത്ത്, തെരുവില്‍, ഒറ്റയ്ക്ക് അവള്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ ആ തണുപ്പില്‍ കിടന്ന് അവളുടെ കുഞ്ഞ് മരിച്ചു. ദുരിതം നിറഞ്ഞ ജീവിതത്തിലെ അടുത്ത ദുരിതമായിരുന്നു അത്. പ്രസവത്തിന് തൊട്ടടുത്ത ദിവസം പോലും അവള്‍ക്ക് വേശ്യാവൃത്തി ചെയ്യേണ്ടി വന്നു. ചൂഷകര്‍ അവളെ വെറുതെ വിട്ടില്ല. അവര്‍ക്കാവശ്യമുളള വരുമാനം അവള്‍ കൊടുത്തില്ലെങ്കില്‍ അടിക്കുകയും അതിക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യുമായിരുന്നു. ഈ സംഭവം വിവരിക്കുന്നത് മറ്റാരുമല്ല, ഫ്രാന്‍സീസ് പാപ്പയാണ്!

കാരുണ്യവര്‍ഷത്തിന്റെ ഔദ്യോഗിക സമാപനത്തോട് അനുബന്ധിച്ച്  നവംബര്‍ 20 ന് ഇറ്റലിയന്‍  ചാനലായ ടിവി 2000 – മായി നടത്തിയ  അഭിമുഖത്തിലാണ് പാപ്പ ഈ സംഭവം അനുസ്മരിച്ചത്. ഹൃദയത്തെ സ്പര്‍ശിച്ച അനേകം അനുഭവങ്ങള്‍ തനിക്കുണ്ടായിട്ടുണ്ടെന്ന് ഫ്രാന്‍സീസ് പാപ്പ പറഞ്ഞു. അതില്‍ ഏറ്റവും സങ്കടകരമായ ഒരു കൂടിക്കാഴ്ച യായിരുന്നു ഗര്‍ഭിണിയായ ഒരു ആഫ്രിക്കന്‍ യുവതിയെ പാപ്പ കണ്ടത്.

മനുഷ്യക്കടത്തിന് ഇരകളായി നിര്‍ബന്ധിത വേശ്യാവൃത്തിയിലേക്ക് എത്തിയ യുവതികളെ പാപ്പ സന്ദര്‍ശിച്ചത് ഈ വര്‍ഷം ഓഗസ്റ്റ് 12 നാണ്. കാരുണ്യവര്‍ഷത്തിലെ ‘കരുണയുടെ വെള്ളിയാഴ്ച’ ആചരണത്തോടനുബന്ധിച്ചായിരുന്നു പാപ്പയുടെ സന്ദര്‍ശനം.

ഗര്‍ഭിണിയായ ഈ ആഫ്രിക്കന്‍ യുവതിയെ അദ്ദേഹം കണ്ടുമുട്ടന്നത് അവിടെ വച്ചാണ്. വേശ്യാവൃത്തിയില്‍ നിന്നും രക്ഷപ്പെട്ട ഒരു യുവതിയായിരുന്നു അവള്‍. വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്ത രീതിയിലുളള ദുരിതങ്ങളിലൂടെയായിരുന്നു അവള്‍ കടന്നുവന്നത്. ‘ഭംഗിയുള്ള, ചൂഷണം ചെയ്യപ്പെട്ട’ പെണ്‍കുട്ടി എന്നാണ് പാപ്പ അവളെ വിശേഷിപ്പിച്ചത്. ഒന്‍പത് മാസം ഗര്‍ഭിണി ആയിരുന്ന സമയത്തും വേശ്യാവൃത്തി ചെയ്യാന്‍ അവള്‍  നിര്‍ബന്ധിതയായി.

ഒരു ശൈത്യകാലത്ത്, തെരുവില്‍, ഒറ്റയ്ക്ക് അവള്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ ആ തണുപ്പില്‍ കിടന്ന് അവളുടെ കുഞ്ഞ് മരിച്ചു. ദുരിതം നിറഞ്ഞ ജീവിതത്തിലെ അടുത്ത ദുരിതമായിരുന്നു അത്. ”പ്രസവത്തിന് തൊട്ടടുത്ത ദിവസം പോലും എനിക്ക് വേശ്യാവൃത്തി ചെയ്യേണ്ടി വന്നു. ചൂഷകര്‍ എന്നെ വെറുതെ വിട്ടില്ല. അവര്‍ക്കാവശ്യമുളള വരുമാനം ഞാന്‍ കൊടുത്തില്ലെങ്കില്‍ അടിക്കുകയും അതിക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യുമായിരുന്നു.” അവള്‍ പറഞ്ഞ വാക്കുകള്‍ പാപ്പ ഓര്‍ത്തെടുക്കുന്നു. രണ്ട് ചെവികളും മുറിച്ചു മാറ്റിയ മറ്റൊരു പെണ്‍കുട്ടിയെ കണ്ടുമുട്ടിയ കഥയും ഫ്രാന്‍സീസ് പാപ്പ പങ്കുവച്ചു.

മനുഷ്യക്കടത്തിന്റെ ഇരയായിരുന്നു അവളും. അവളെ വ്യാപാരം ചെയ്തവര്‍ക്ക് ആവശ്യമായ പണം എത്തിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് അവള്‍ക്ക് തന്റെ ഇരുചെവികളും നഷ്ടമായത്. ഈ ദുരന്തകഥകള്‍ കേട്ടപ്പോള്‍ താന്‍ ചിന്തിച്ചത് മനുഷ്യക്കടത്ത് നടത്തുന്നവരെക്കുറിച്ചല്ല, ഈ പെണ്‍കുട്ടികളുടെ അടുത്ത് വരുന്ന ഉപഭോക്താക്കളെക്കുറിച്ചാണെന്ന് പാപ്പ പറഞ്ഞു. റോമിലെ പോപ് ജോണ്‍ XXIII സഭാ സമൂഹത്തിന്റെ സംരക്ഷണത്തിലാണ് ഇപ്പോള്‍ ഈ സ്ത്രീകള്‍.

വിശുദ്ധ വര്‍ഷത്തില്‍ എല്ലാ വെള്ളിയാഴ്ചകളും പാപ്പ ഇത്തരത്തിലുളള സന്ദര്‍ശനങ്ങള്‍ക്കായാണ് മാറ്റിവച്ചിരുന്നത്. വേശ്യാവൃത്തിയില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീകളുമായുള്ള കൂടിക്കാഴ്ചയും തങ്ങളുടെ ജിവിതത്തെക്കുറിച്ച് അവര്‍ പറഞ്ഞ കഥകളുമാണ്  ഏറ്റവും ഹൃദയസ്പര്‍ശിയെന്നാണ് പാപ്പയുടെ സാക്ഷ്യപ്പെടുത്തല്‍.

ജീവന്‍ ആരംഭിക്കുന്നിടത്തും അവസാനിക്കുന്നിടത്തും സന്ദര്‍ശനം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പാപ്പ പറഞ്ഞു. നവജാതശിശുക്കളുടെ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച കഥയും പാപ്പ ഓര്‍ത്തെടുത്തു.

”ഒരമ്മ തന്റെ രണ്ടു കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ഉറക്കെയുറക്കെ നിലവിളിക്കുന്നു. മൂന്ന് കുട്ടികളാണ് അവള്‍ക്ക് ജനിച്ചത്. എന്നാല്‍ ഒരാള്‍ പ്രസവത്തിലെ മരിച്ചുപോയിരുന്നു. മരിച്ചുപോയ കുഞ്ഞിനെ ഓര്‍ത്താണ് അവള്‍ അത്രയുറക്കെ നിലവിളിച്ചുകൊണ്ടിരുന്നത്.” ഈ കാഴ്ച കണ്ടപ്പോള്‍ തനിക്ക് മറ്റൊരു കാര്യമാണ് ഓര്‍മ്മ വന്നതെന്ന് പാപ്പ പറയുന്നു. ”ജനിക്കുന്നതിന് മുമ്പേ തങ്ങളുടെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന ചിലരുണ്ട്. ഭയാനകമായ കുറ്റകൃത്യമാണ് ഇത്. ഗര്‍ഭഛിദ്രത്തെ ന്യായീകരിക്കുന്നവര്‍ പല ന്യായീകരണങ്ങള്‍ പറയും. കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് ഒരു വലിയ ഉത്തരവാദിത്വമാണെന്ന് കരുതുന്നവരുണ്ട്. കുട്ടികളില്ലെങ്കില്‍ കൂടുതല്‍ സുഖമായി ജീവിക്കാമെന്ന് കരുതുന്നവരുമുണ്ട്.” എന്നാല്‍ ഗര്‍ഭഛിദ്രം ‘അതിഗുരുതരമായ പാപം’ ആണെന്ന് ഫ്രാന്‍സീസ് പാപ്പ മുന്നറിയിപ്പ് നല്‍കുന്നു.

നാല്‍പത് മിനിറ്റ് വീഡിയോ അഭിമുഖമാണ് പാപ്പ  മാധ്യപ്രവര്‍ത്തകര്‍ക്ക് അനുവദിച്ചത്. തന്റെ ഹൃദയത്തെ സ്പര്‍ശിച്ച അനേകം സംഭവങ്ങളെയും വിഷയയങ്ങളെയും കുറിച്ച് പാപ്പ ഈ ഇന്റര്‍വ്യൂവില്‍ പരാമര്‍ശിച്ചിരുന്നു.

ആഗോളസഭയുടെ കാരുണ്യജൂബിലി വര്‍ഷമാണ് കടന്നുപോയത്. ലോകത്തെമ്പാടുമുള്ള ദേവാലയങ്ങളില്‍ നിന്ന് കരുണയുടെ കൂടുതല്‍ വാര്‍ത്തകള്‍ കേട്ടുകഴിഞ്ഞു. ജനങ്ങള്‍ വ്യക്തിപരമായി സഭയോടും ദൈവത്തോടും കൂടുതല്‍ അടുപ്പമുളളവരായി മാറിയിട്ടുണ്ട്. ”ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം നിറഞ്ഞ വര്‍ഷമാണ് നമ്മെ കടന്നുപോയത്. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായോടാണ് നാം നന്ദി പറയേണ്ടത്. കരുണ എന്ന വാക്കിന്റെ ഏറ്റവും ഉദാത്തമായ മാതൃക ആയിരുന്നു അദ്ദേഹം.” ജനങ്ങള്‍ ആത്മീയമായി വളരെയധികം വളര്‍ച്ച പ്രാപിച്ച വര്‍ഷമാണിതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ജീവിതത്തിന്റെ സമ്മര്‍ദ്ദങ്ങളകറ്റാന്‍ ഏറ്റവും ഫലപ്രദമായ പോംവഴി  നര്‍മ്മത്തിലൂടെ എല്ലാത്തിനെയും സമീപിക്കുക എന്നതാണെന്ന് പാപ്പ അഭിപ്രായപ്പെട്ടു. വിശുദ്ധ തോമാസ് മൂര്‍ ചെയ്തത് പോലെ ‘കര്‍ത്താവേ എനിക്ക് നര്‍മ്മബോധം നല്‍കേണമെ’ എന്ന് പ്രാര്‍ത്ഥിക്കുക.

ദൈവത്തിന്റെ നീതിയും കരുണയും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അവ വേര്‍തിരിച്ച് കാണാന്‍ സാധിക്കുകയില്ല. അതുപോലെ മറ്റൊരു അഭിമുഖത്തില്‍ പരീക്ഷണങ്ങളെയും പ്രലോഭനങ്ങളെയും കുറിച്ചാണ് പാപ്പ സംസാരിച്ചത്. വ്യക്തിത്വത്തിന്റെ ബലഹീനതയാണ് ഓരോരുത്തരെയും പ്രലോഭനങ്ങളില്‍ കൊണ്ടെത്തിക്കുന്നത്. പിശാച് എപ്പോഴും ലക്ഷ്യമിടുന്നത് മനുഷ്യന്റെ ഈ ബലഹീനതയെയാണ്. സമ്മര്‍ദ്ദങ്ങളെ ഒഴിവാക്കാന്‍ ഏറ്റവും നല്ല ഉപാധി പ്രാര്‍ത്ഥനയാണ്. ‘ഞാന്‍ പ്രാര്‍ത്ഥിക്കും, അതെന്നെ ബലപ്പെടുത്തും’ എന്ന് മനസ്സില്‍ വിചാരിക്കുക. വിശുദ്ധ കുര്‍ബാനയില്‍ സജീവമായി പങ്കെടുക്കുക. കൊന്ത ചൊല്ലുകയും പ്രാര്‍ത്ഥനകള്‍  ഉരുവിടുകയും ചെയ്യുക. നന്നായി ഉറങ്ങുക എന്നതും സമ്മര്‍ദ്ദമകറ്റാന്‍ ഉപകരിക്കും. ഉറക്കം ദൈവത്തിന്റെ പ്രത്യേക അനുഗ്രഹമാണെന്നാണ് പാപ്പയുടെ ഭാഷ്യം. മയക്കുമരുന്ന് മാഫിയയെക്കുറിച്ചും മനുഷ്യക്കടത്തിനെക്കുറിച്ചും ലോകമെങ്ങുമുള്ള സംഘര്‍ഷങ്ങളെക്കുറിച്ചുമാണ് പാപ്പ പിന്നീട് സംസാരിച്ചത്. കരുണയാണ് എല്ലാ പ്രതിസന്ധികള്‍ക്കുമുള്ള ഉത്തമ പരിഹാരമെന്ന് പാപ്പ ആവര്‍ത്തിച്ചു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.