
പ്രശസ്ത പൗരസ്ത്യ ആരാധനക്രമ ചരിത്രകാരനും പണ്ഡിതനും കത്തോലിക്കാ ഓർത്തഡോക്സ് സഭ ഐക്യത്തിന്റെ വക്താവുമായിരുന്ന ഫാ. റോബർട്ട് ഫ്രാൻസീസ് ടാഫ്റ്റ് (Robert Francis Taft) നിര്യാതനായി. എൺപത്തി ആറു വയസായിരുന്നു. സകല വിശുദ്ധന്മാരുടെയും തിരുനാൾ ദിനം അമേരിക്കയിലെ മസാച്യുസെറ്റ്സ് സംസ്ഥാനത്തിലെ വെസ്റ്റോണിലെ സ്വ വസതിയിലായിരുന്നു അന്ത്യം.
തീഷ്ണമതിയായ സഭാ ഐക്യ വാദി ആയിരുന്ന ഫാ. റോബർട്ട് റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിരവധി ദശകങ്ങൾ പഠിപ്പിച്ചു. 34 പുസ്തകങ്ങളും നൂറുകണക്കിനു പ്രബന്ധങ്ങും ഫാ. റോബർട്ടിന്റേതായുണ്ട്. ആറു വാല്യങ്ങളുള്ള വിശുദ്ധ ജോൺ ക്രിസോസ്തോമിന്റ ആരാധനക്രമ ചരിത്രം (History of the Liturgy of St. John Chrysostom) , Liturgy: Model of Prayer – Icon of Life. എന്നിവയാണ് പ്രധാന കൃതികൾ.
അമേരിക്കയിലെ റോഡ് ഐലന്റ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ പ്രൊവിഡൻസിലെ ഒരു പ്രബല കുടുംബത്തിൽ 1932 ജനുവരി ഒൻപതിനു ജനിച്ചു. അമേരിക്കൻ പ്രസിഡന്റായിരുന്ന വില്യം എച്ച് ടാഫ്റ്റിന്റെയും ഒഹിയോ സെനറ്ററായിരുന്ന റോബർട്ട് എ ടാഫ്റ്റിന്റെയും അകന്ന ബന്ധുവായിരുന്നു ഫാ: റോബർട്ട് ടാഫ്റ്റ്. ഈശോസഭയുടെ ന്യൂ ഇംഗ്ലണ്ടിലെ പ്രോവിൻസിലെ അംഗമായി റോബർട്ട് 1949 ആഗസ്റ്റു മാസം 14 നു ഈശോ സഭയിൽ ചേർന്നു. റീജൻസിക്കാലത്തു മൂന്നു വർഷം ബാഗ്ദാദിലുള്ള ഈശോ സഭ കോളേജിൽ പഠിപ്പിച്ച റോബർട്ടിനു പൗരസ്ത കത്തോലിക്കാ – ഓർത്തഡോക്സ് സഭ പരസ്യങ്ങളോടുള്ള ഇഷ്ടം കൂടി വന്നു. 1959 അമേരിക്കയിലേക്കു തിരിച്ചു വന്ന റോബർട്ട് ഫോർഡാം യൂണിവേഴ്സിറ്റിയിൽ റഷ്യൻ ഭാഷയിൽ ബിരുദം കരസ്ഥമാക്കി.കാനോനികമായി റഷ്യൻ കത്തോലിക്കാ സഭയിലേക്കു മാറിയ റോബർട്ട് 1963, ജൂൺ ഏഴിനു സെന്റ് അന്റോണിയോ ആബാതെയിൽ വച്ചു ബൈസൈന്റയിൻ റീത്തിൽ തിരുപ്പട്ടം സ്വീകരിച്ചു.
പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പൗരസ്ത്യ ആരാധനക്രമത്തിൽ പഠനം തുടർന്ന ഫാ. ടാഫ്റ്റിന്റെ ഒരു സുഹൃത്ത് ഗ്രീക്ക് ഓർത്തഡോക്സ് ഡീക്കനായിരുന്ന ബർത്തിലോമിയോ അർഹോണ്ടോനസ് (Bartholomew Arhondonis) ആയിരുന്നു ഇദ്ദേഹമാണ് പിന്നീടു കോൺസ്റ്റാന്റിനോപ്പിളിലെ ഐക്യുമെനിക്കൽ പാത്രിയർക്കീസായ ബർത്തിലൊമിയോ പ്രഥമൻ. 1975 മുതൽ 2011 വരെ റോമിലെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫാ: ടാഫ്റ്റു പഠിപ്പിച്ചു .
പൗരസ്ത്യ സഭാപാരമ്പര്യളെ സ്നേഹിക്കുകയും അവയെ വളർത്തുകയും ചെയ്ത മഹാനായ ഈ ഈശോ സഭാംഗത്തിന്റെ ആത്മശാന്തിക്കായി നമുക്കു പ്രാർത്ഥിക്കാം.