പത്മഭൂഷണ്‍ നേടുന്ന ആദ്യ വൈദികന്‍- ഫാദര്‍ ഗബ്രിയേല്‍ സി.എം.ഐ.

എസ് എച്ച് കോളേജിലെ സുവോളജി വിഭാഗം കണ്ടെത്തിയ ചിലന്തിക്ക് അവര്‍ നല്‍കിയ പേര് ‘സ്റ്റെനിയലുറിലസ് ഗബ്രിയേലി’ എന്നായിരുന്നു. തേവര കോളേജിലെ സുവോളജി മ്യൂസിയത്തിന്റെ പേര് ‘ഫാദര്‍ ഗബ്രിയേല്‍ സുവോളജി മ്യൂസിയം’. കപ്പല്‍ തുളയ്ക്കുന്ന ഒരു കീടത്തെ കണ്ടെത്തിയപ്പോള്‍ അതിന് നല്‍കിയ പേര് ‘ബാങ്കിയ ഗബ്രിയേലി.”ഈ പേരിലെല്ലാം പൊതുവായി  നില്‍ക്കുന്ന ഗബ്രിയേല്‍ എന്ന പേര് പൂര്‍ണ്ണമാകുന്നത് ഫാദര്‍ ഗബ്രിയേല്‍ എന്നെഴുതുമ്പോഴാണ്. കൊച്ചി തേവര എസ്എച്ച് കോളജിന്റെ സുവോളജി വിഭാഗത്തിലെ ആദ്യമേധാവിയായിരുന്നു ഫാദര്‍ ഗബ്രിയേല്‍. ശതാഭിശേഷകത്തിന്റെ നിറവിലാണ് ഫാദര്‍ ഗബ്രിയേല്‍. ഇക്കഴിഞ്ഞ ഡിസംബര്‍ 11-ന് 103-ാം പിറന്നാള്‍ മധുരത്തില്‍ വിശ്രമജിവിതം നയിക്കുകയാണ് ഈ പുരോഹിതന്‍. അദ്ദേഹത്തിന്റെ 103-ാം പിറന്നാള്‍ ദിനത്തില്‍ സമ്മാനമായട്ടാണ് സുവോളജി വിഭാഗം ഇത്തരത്തില്‍ വേറിട്ടൊരു സമ്മാനം നല്‍കിയത്.

പിറന്നാള്‍ ദിനത്തിന് രണ്ട് ദിവസം മുമ്പ് ഫാദര്‍ ഗബ്രിയേലിനെ കാണാന്‍ ഒരു അപ്രതീക്ഷിത സന്ദര്‍ശകനെത്തി; ഗബ്രിയേലച്ചന്റെ വിദ്യാര്‍ത്ഥിയായിരുന്ന, മുന്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍. അച്ചന് പിറന്നാള്‍ ആശംസ നേര്‍ന്നതിനൊപ്പം അദ്ദേഹത്തില്‍ നിന്ന് മംഗള്‍യാന്‍ ദൗത്യത്തിന്റെ വിജയാശംസകളുമായാണ് കെ. രാധാകൃഷ്ണന്‍ മടങ്ങിപ്പോയത്. 1956-1975 കാലഘട്ടങ്ങളില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലാണ് അദ്ദേഹം പഠിച്ചത്. ആ സമയം ഗബ്രിയേലച്ചന്‍ അവിടത്തെ പ്രൊഫസറും പ്രിന്‍സിപ്പലുമായി സേവനമനുഷ്ഠിച്ചിരുന്നു.

ദൈവത്തോടും മനുഷ്യരോടും ഓരേപോലെ പ്രതിബന്ധതയുണ്ടായിരിക്കാനും അത് നിറവേറ്റാനും  സാധിച്ചു എന്നതാണ് ഈ പുരോഹിതനെ മഹത്വപ്പെടുത്തുന്ന പ്രധാന കാര്യം. അസംഭവ്യമെന്ന് മനുഷ്യര്‍ കരുതിയ പല കാര്യങ്ങളും ദൈവത്തിന്റെ കരുണയാല്‍ പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു. അധ്യാപകന്‍ എന്ന വാക്കിന് അര്‍ത്ഥ വ്യാപ്തി നല്‍കി അതിനെ സമൂഹത്തിലേക്ക് എത്തിച്ച വ്യക്തി കൂടി ആയിരുന്നു ഫാദര്‍ ഗബ്രിയേല്‍.

സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ദൈവം കണ്ടെത്തിയ ഉപകരണമാണ് ഫാദര്‍ ഗബ്രിയേല്‍. ഓരോ കാലത്തും അവിടുത്തെ കണ്ണുകള്‍ മനുഷ്യനന്മയ്ക്കായി ഭൂമിയില്‍ ഓരോരുത്തരെ നിയോഗിക്കുന്നു. അത്തരമൊരു ദൈവനിയോഗം ഭൂമിയില്‍ പൂര്‍ത്തിയായതിന്റെ തെളിവാണ് ഗബ്രിയേലച്ചന്‍. സമൂഹനന്മയെ സ്വപ്നം കാണുക മാത്രമല്ല, അത് യാഥാര്‍ത്ഥ്യത്തില്‍ വരുത്താന്‍ അക്ഷീണം പരിശ്രമിക്കുകയും ചെയ്തു അദ്ദേഹം. കോളെജും സ്‌കൂളും ആശുപത്രിയും അടക്കം അനേകം സ്ഥാപനങ്ങളാണ് ഈ വൈദികന്റെ നേതൃത്വത്തില്‍ തുടങ്ങിയിരിക്കുന്നത്. സര്‍ക്കാരിന്റെയോ മറ്റ് സ്വകാര്യവ്യക്തികളുടെയോ സഹായ സഹകരണങ്ങള്‍ ഇല്ലാതെ പൊതുജനങ്ങളെ സംഘടിപ്പിച്ച് ഇത്തരത്തില്‍ ഒരു സാമൂഹ്യമുന്നേറ്റം നടത്തുന്നത് ഒരുപക്ഷേ ആദ്യമായിട്ടായിരിക്കാം. പ്രതിബന്ധങ്ങളെ തരണം ചെയ്ത് ഏറ്റെടുത്തതെല്ലാം വിജയത്തിലെത്തിച്ച ചരിത്രമാണ് ഫാദര്‍ ഗബ്രിയേലിന്റേത്.

വിദ്യാഭ്യാസ വിദഗ്ദ്ധന്‍, അധ്യാപകന്‍, സംഘാടകന്‍, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഫാദര്‍ ഗബ്രിയേലിന് കഴിഞ്ഞിട്ടുണ്ട്. ഒരു വൈദികനായിരുന്നിട്ട് കൂടി അദ്ദേഹം മറ്റ് മേഖലകളില്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചു എന്നതാണ് പ്രത്യേകം പരാമര്‍ശിക്കേണ്ട വസ്തുത. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച വൈദികന്‍ കൂടിയാണ് ഫാദര്‍ ഗബ്രിയേല്‍. അങ്ങനെ പത്മഭൂഷണ്‍ നേടുന്ന ആദ്യത്തെ വൈദികനായി അദ്ദേഹം ചരിത്രത്തില്‍ ഇടം പിടിച്ചു.

ആയിരത്തി അഞ്ഞൂറിലധികം ജീവിവര്‍ഗ്ഗങ്ങള്‍കൊണ്ട് സമ്പന്നമാണ് എസ് എച്ച് കോളേജിലെ സുവോളജി മ്യൂസിയം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊണ്ടുവന്ന ആനയുടെ ഫോസില്‍ ഇന്നും ഈ മ്യൂസിയത്തില്‍ ഉണ്ട്. ഇരിങ്ങാലക്കുടയില്‍ മങ്ങാടിക്കുന്ന് ക്രൈസ്റ്റ് കോളേജ്, ചാലക്കുടി കാര്‍മ്മല്‍ സ്—കൂള്‍, വിലങ്ങന്‍കുന്ന് അമല കാന്‍സര്‍ ഗവേഷണ കേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ ഫാദര്‍ ഗബ്രിയേല്‍ എന്ന വൈദികന്റെ ശ്രമഫലമായി ഉദയം കൊണ്ടതാണ്. തേവര കോളജില്‍ ഏഴുവര്‍ഷം അധ്യാപകനായിരുന്ന ഫാദര്‍ ഗബ്രിയേല്‍ 41-ാമത്തെ വയസ്സില്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പലായി.

പ്രധാനമായും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളാണ് ഗബ്രിയേലച്ചന്‍  തന്റെ കര്‍മ്മമേഖലയായി തെരെഞ്ഞെടുത്തത്. വിദ്യാഭ്യാസം കൊണ്ട് മാത്രമേ സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കാന്‍ സാധിക്കൂ എന്ന് ഈ വൈദികന്‍ വിശ്വസിച്ചിരുന്നു. പത്മഭൂഷണ്‍ മാത്രമല്ല, ഓള്‍ കേരള കത്തോലിക്കാ  അവാര്‍ഡ്, ഷെയര്‍ ആന്റ് കെയര്‍ അവാര്‍ഡ് തുടങ്ങി അനവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിട്ടുള്ള വൈദികനാണ് ഫാദര്‍ ഗബ്രിയേല്‍; കൂടാതെ ബൈബിള്‍ നിഘണ്ടുവില്‍ പേരുള്ള ജീവിച്ചിരിക്കുന്ന ഏക വ്യക്തിയും. തൃശൂര്‍ അമലഭവനില്‍ വിശ്രമ ജീവിതത്തിലാണ് ഫാദര്‍ ഗബ്രിയേല്‍ ഇപ്പോള്‍. പ്രശാന്തവും പ്രഭാപൂരിതവുമായ അദ്ദേഹത്തിന്റെ ജീവിതം ഇന്നും എല്ലാവര്‍ക്കും പ്രചോദനാത്മകമാണ്.

സുമം തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.