ദൈവസന്നിധിയിൽ പ്രതികാരത്തിനായി നിലവിളിക്കുന്ന നാലു പാപങ്ങൾ

ദൈവസന്നിധിയിൽ പ്രതികാരത്തിനായി നിലവിളിക്കുന്ന നാലു പാപങ്ങളുടെ വിശുദ്ധ ഗ്രന്ഥ അടിസ്ഥാനം കണ്ടെത്തുകയാണ് ഈ ചെറിയ കുറിപ്പിന്റെ ലക്ഷ്യം.  ദൈവസന്നിധിയിൽ നീതിക്കായി നിലവിളിക്കുന്ന ഗൗരവമായ പാപങ്ങളായാണ്   വിശുദ്ധ ഗ്രന്ഥം അവയെ കാണുന്നതും വിവരിക്കുന്നതും.

1) കൊലപാതകം

സഹോദരൻ ആബേലിനെ കൊന്നതിനുശേഷം ദൈവം കായേനോടു പറഞ്ഞതിൽ അധിഷ്ഠിതമാണ് ഒന്നാമത്തെ പാപം

“എന്നാല്‍ കര്‍ത്താവു പറഞ്ഞു: നീയെന്താണു ചെയ്‌തത്‌? നിന്‍െറ സഹോദരന്‍െറ രക്‌തം മണ്ണില്‍നിന്ന്‌ എന്നെ വിളിച്ചു കരയുന്നു.”  (ഉല്‍പത്തി 4:10)

2)  സോദോമിലെ പാപം

പുരാതന നഗരമായ സോദോമിൽ നടന്ന പാപങ്ങളെ ദൈവം അപലപിച്ചതിനെ  അടിസ്ഥാനമാക്കിയാണ് രണ്ടാമത്തെ പാപത്തിന്റെ നിലവിളി.

കര്‍ത്താവു പറഞ്ഞു: സോദോമിനും ഗൊമോറായ്‌ക്കുമെതിരേയുള്ള മുറവിളി വളരെ വലുതാണ്‌. അവരുടെ പാപം ഗുരുതരവുമാണ്‌. അതിനാല്‍, അവരുടെ പ്രവൃത്തികള്‍ എന്‍െറ സന്നിധിയിലെത്തിയിട്ടുള്ള വിലാപങ്ങളെ സാധൂകരിക്കുന്നോ ഇല്ലയോ എന്നറിയാന്‍ ഞാന്‍ അവിടം വരെ പോകുകയാണ്‌. (ഉല്‍പത്തി 18:20-21)

എന്താണ് സോദോമിലെ പാപം? രണ്ടു സ്ഥലത്തു വിശുദ്ധ ഗ്രന്ഥം അതു വിവരിക്കുന്നുണ്ട്:

നിന്‍െറ സഹോദരിയായ സോദോമിന്‍െറ തെറ്റ്‌ ഇതായിരുന്നു: പ്രൗഢിയും ഭക്‌ഷ്യസമൃദ്‌ധിയും സമാധാനവും സ്വസ്‌ഥതയും ഉണ്ടായിട്ടും അവളും അവളുടെ പുത്രിമാരും നിര്‍ദ്‌ധനരെയും അഗതികളെയും തുണച്ചില്ല. അവര്‍ ഗര്‍വിഷ്‌ഠരായിരുന്നു. എന്‍െറ മുമ്പില്‍ അവര്‍ മ്ലേച്ഛതകള്‍ പ്രവര്‍ത്തിച്ചു. അതു കണ്ട്‌ ഞാന്‍ അവരെ നിര്‍മാര്‍ജനം ചെയ്‌തു. (എസെക്കിയേല്‍ 16:49 – 50 )

അതുപോലെ തന്നെ, സോദോമിനെയും ഗൊമോറായെയും അവയെ അനുകരിച്ചു ഭോഗാസക്‌തിയിലും വ്യഭിചാരത്തിലും മുഴുകിയ ചുറ്റുമുള്ള പട്ടണങ്ങളെയും നിത്യാഗ്‌നിയുടെ ശിക്‌ഷയ്‌ക്കു വിധേയമാക്കി അവിടുന്ന്‌ എല്ലാവര്‍ക്കും ദൃഷ്‌ടാന്തം നല്‍കിയിരിക്കുന്നു. (യുദാസ്‌ 1:7)

3) ദരിദ്രരെയും വിധവകളെയും അനാഥരെയും  അടിച്ചമർത്തുന്നത്.

മുന്നാമത്തെ പാപം ദരിദ്രരെയും വിധവകളെയും അനാഥരെയും അടിച്ചമർത്തുന്നതാണ്. പഴയ നിയമത്തിലെ രണ്ടു ഭാഗങ്ങളാണ്  ഇതിനുള്ള ആധാരം:

വിധവയെയോ, അനാഥനെയോ നിങ്ങള്‍ പീഡിപ്പിക്കരുത്‌. നിങ്ങള്‍ അവരെ ഉപദ്രവിക്കുകയും അവര്‍ എന്നെ വിളിച്ചുകരയുകയുംചെയ്‌താല്‍ നിശ്‌ചയമായും ഞാന്‍ അവരുടെ നിലവിളി കേള്‍ക്കും. (പുറപ്പാട്‌ 22:22-23)

കുറേക്കാലം കഴിഞ്ഞ്‌ ഈജിപ്‌തിലെ രാജാവു മരിച്ചു. അടിമകളായിക്കഴിഞ്ഞിരുന്ന ഇസ്രായേല്‍ മക്കള്‍ നെടുവീര്‍പ്പിട്ടു നിലവിളിച്ചു. അവരുടെ നിലവിളി ദൈവസന്നിധിയിലെത്തി. (പുറപ്പാട്‌ 2:23)

4) വേലക്കാരെ  അവരുടെ കൂലിയിൽ വഞ്ചിക്കുന്നത്

ഇതിനുള്ള ഉദാഹരണങ്ങൾ പഴയ നിയമത്തിലും പുതിയ നിയമത്തിലുമുണ്ട്. അവ ഓരോന്നു നമുക്കു കാണാം:

അഗതിയും ദരിദ്രനുമായ കൂലിക്കാരനെ, അവന്‍ നിന്‍െറ സഹോദരനോ നിന്‍െറ നാട്ടിലെ പട്ടണങ്ങളിലൊന്നില്‍ വസിക്കുന്ന പരദേശിയോ ആകട്ടെ, നീ പീഡിപ്പിക്കരുത്‌. അവന്‍െറ കൂലി അന്നന്നു സൂര്യനസ്‌തമിക്കുന്നതിനു മുന്‍പു കൊടുക്കണം. അവന്‍ ദരിദ്രനും അതിനായി കാത്തിരിക്കുന്നവനുമാണ്‌. അവന്‍ നിനക്കെതിരായി കര്‍ത്താവിനോടു നിലവിളിച്ചാല്‍ നീ കുറ്റക്കാരനായിത്തീരും (നിയമാവര്‍ത്തനം 24:14-15)

നിങ്ങളുടെ നിലങ്ങളില്‍നിന്നു വിളവു ശേഖരി  ച്ചവേലക്കാര്‍ക്കു കൊടുക്കാതെ പിടിച്ചുവ  ച്ചകൂലി ഇതാ, നിലവിളിക്കുന്നു. കൊയ്‌ത്തുകാരുടെ നിലവിളി സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ കര്‍ണപുടങ്ങളില്‍ എത്തിയിരിക്കുന്നു. (യാക്കോബ്‌ 5:4)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.