പെസഹായിലെ കാൽകഴുകലിനു കാലടി ഇടവകയിലെ കുടുംബങ്ങളിൽ ഹൃദ്യമായ ആവിഷ്‌കാരം

ജയ്മോന്‍ കുമരകം

പെസഹായ്ക്ക് തലേന്നേ, കാലടി ഇടവകയിലെ വീടുകളിൽ കാലു കഴുകൽ ആരംഭിച്ചു. കുടുബനാഥൻ കുടുബാംഗങ്ങളുടെയെല്ലാം പാദങ്ങൾ കഴുകി ചുംബിക്കുന്ന അത്യപൂർവ്വ സംഭവം! മറ്റു കുടുംബങ്ങൾക്കും ഇതു മാതൃകയാകട്ടെ. ശ്രീ. ജയ്മോൻ കുമരകം എഴുതുന്നു.

താലത്തിൽ വെള്ളമെടുത്ത് കുടുംബനാഥൻ വീട്ടിലുള്ളവരുടെ പാദങ്ങൾ കഴുകി ചുംബിച്ചു. ആ അനുഭവത്തിന് മുന്നിൽ കുടുംബിനിയുടെയും മക്കളുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.

പെസഹായുടെ വേറിട്ടൊരനുഭവം. ആദ്യ നൂറ്റാണ്ടിലെ അതേ അനുഭവത്തിലേക്ക് മടങ്ങുകയാണിന്ന് കാലടി സെന്റ് ജോര്‍ജ് ഇടവക.

പെസഹാസ്മൃതിയിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ കാല്‍കഴുകല്‍ ശുശ്രൂഷയില്ലാതെ ദേവാലയങ്ങളില്‍ ഈ പുണ്യദിനം കടന്നുപോകുമ്പോഴും, പരസ്പരം കാലുകള്‍ കഴുകാനുള്ള വചനത്തിലെ ആഹ്വാനത്തിന് കുടുംബങ്ങൾ നൽകിയ മറുപടിയായിരുന്നു ഇത്.

പള്ളിയില്‍ വിശ്വാസികളെ ഉള്‍പ്പെടുത്തി പെസഹാ തിരുക്കര്‍മങ്ങള്‍ സാധ്യമാകാത്ത സാഹചര്യത്തില്‍ സാധിക്കുന്ന എല്ലാ കുടുംബങ്ങളിലും കാലുകഴുകല്‍ നടത്തണമെന്നു വികാരി ഫാ. ജോണ്‍ പുതുവയാണ് ഓര്‍മിപ്പിച്ചത്. സോഷ്യല്‍ മീഡിയ വഴിയുള്ള വികാരിയച്ചന്റെ സന്ദേശത്തിനു വീടുകളില്‍ നിന്നു മികച്ച പ്രതികരണമാണു ലഭിച്ചത്. ഏതാനും കുടുംബങ്ങള്‍ പെസഹാത്തലേന്നു തന്നെ കുടുംബങ്ങളില്‍ പ്രാര്‍ഥനാചൈതന്യത്തോടെ കാല്‍കഴുകല്‍ നടത്തി. മറ്റുള്ള കുടുംബങ്ങളില്‍ ഇന്ന് അപ്പം മുറിക്കല്‍ ശുശ്രൂഷയോടെ പരസ്പരം കാലുകള്‍ കഴുകും.

കുടുംബനാഥന്‍ പങ്കാളിയുടെയും മക്കളുടെയും അവര്‍ പരസ്പരവും കാലുകള്‍ കഴുകി ചുംബിക്കുന്ന അനുഭവം ജീവിതത്തില്‍ മറക്കാനാവാത്തതാണെന്നു വിശ്വാസികള്‍ പറഞ്ഞു. വിനയത്തിന്റെയും എളിമയുടെയും സ്‌നേഹത്തിന്റെയും മാതൃക പഠിപ്പിക്കാന്‍ ക്രിസ്തു കാണിച്ചുതന്നെ മാതൃക, ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തില്‍ കുടുംബങ്ങളിലൂടെ അനുഭവേദ്യമാക്കുകയാണ് ഇടവകയില്‍ ചെയ്യുന്നതെന്നു ഫാ. ജോണ്‍ പുതുവ പറഞ്ഞു. പന്ത്രണ്ടു ശിഷ്യന്മാരുടെ കാലുകള്‍ കഴുകുന്നതിന്റെ അനുസ്മരണമായി ഇതിനെ കാണേണ്ടതില്ല. കുടുംബങ്ങളില്‍ ഒരുമിച്ചു വസിക്കുന്നവര്‍ പരസ്പരമുള്ള തങ്ങളുടെ സ്‌നേഹവും വിനയവും ശുശ്രൂഷാമനോഭാവവും ക്രിസ്തീയ ചൈതന്യത്തില്‍ വെളിപ്പെടുത്തുന്നതിനുള്ള അവസരമായാണ് ഇതിനെ മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീ. ജയ്മോൻ കുമരകം