പറക്കും വിശുദ്ധൻ

ഏതൊരു വിശുദ്ധജീവിതത്തിന്റെയും കാതലായ ഘടകമാണ് ജീവിതപരിശുദ്ധി. ചിലപ്പോൾ ദൈവം വിശുദ്ധർക്ക് അതിമാനുഷിക കഴിവുകൾ നൽകുന്നു. ചില വിശുദ്ധർ രോഗികളെ സുഖപ്പെടുത്തുന്നു, അതിമാനുഷികമായി പീഡനങ്ങളെ അതിജീവിക്കുന്നു, മറ്റുചിലർ ഭാവി പ്രവചിക്കുന്നു, വേറെ ചിലർ കൊടിയ തപസ്സനുഷ്ഠിക്കുന്നു. 

വി. ജോസഫ് കുപ്പർത്തിനോ വിശുദ്ധരുടെ ഇടയിൽ അതുല്യമായ ഒരു ദാനത്താൽ അനുഗ്രഹീതനായിരുന്നു. അദേഹത്തിന് പറക്കാൻ കഴിയുമായിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭദശയിൽ, ഇറ്റലിയിലാണ് ജോസഫ് ജനിച്ചത്. അദ്ദേഹം ജനിക്കുന്നതിനുമുമ്പേ അദ്ദേഹത്തിന്റെ പിതാവ് മരണമടഞ്ഞു. കുടുംബം സാമ്പത്തിക പരാധീനതയിലായി. യേശുവിന്റെ ജനനംപോലെ ജോസഫിന്റെ ജനനവും ഒരു കാലിത്തൊഴുത്തിലായിരുന്നു. കുട്ടിക്കാലം മുതൽക്കേ ആത്മീയനിർവൃതിയും ദർശനങ്ങളും ജോസഫിന് ഉണ്ടാകുമായിരുന്നു. അദേഹത്തിന് മാനസികവും ബൗദ്ധികവുമായ വൈകല്യങ്ങൾ ഉണ്ടായിരുന്നുവെന്നത് വളരെ വ്യക്തമായിരുന്നു.

ആത്മീയകാര്യങ്ങളിൽ തല്പരനായിരുന്ന യുവാവായ ജോസഫ്, തന്റെ സ്വന്തം നാട്ടിലെ Conventual Franciscan ആശ്രമത്തിൽ അംഗമാകാൻ പരിശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് അടുത്ത നഗരത്തിലെ ഫ്രാൻസിസ്കൻ കപ്പുച്ചിൻ ആശ്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചു. ഒരു തുണസഹോദരനായി ജോസഫിനെ അവർ അവിടെ സ്വികരിച്ചു. ആ പരിശ്രമം അധിനാൾ നീണ്ടുനിന്നില്ല. തുടർച്ചയായി ഉണ്ടായ ആത്മീയനിർവൃതികൾ (religious ecstasies) ജോലിചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കി.

വീട്ടിൽ തിരിച്ചെത്തിയ ജോസഫ് Conventual Franciscan ആശ്രമത്തിലെ പ്രവേശനത്തിനായി വീണ്ടും സമീപിച്ചു. ജോസഫിന്റെ വർഷങ്ങൾനീണ്ട സന്യാസാരൂപിയും ലളിതജീവിതവും സന്യാസാശ്രമത്തിന്റെ വാതിൽ തുറപ്പിച്ചു. പഠനത്തിലെ വൈകല്യങ്ങൾ പൗരോഹിത്യപരിശീലനത്തിൽ പല ബുദ്ധിമുട്ടുകളുമുണ്ടാക്കിയെങ്കിലും പരീക്ഷാവേളകളിൽ അതിമാനുഷികമായ സഹായങ്ങളാൽ ചോദ്യങ്ങൾക്ക് ഉത്തരംനൽകാൻ ജോസഫിനായി. പിന്നീട് ജോസഫ് പുരോഹിതനായി അഭിഷിക്തനായി.

പിന്നീടാണ് പറക്കൽയജ്ഞം ആരംഭിക്കുന്നത്. പരിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടയിൽ ആത്മീയനിർവൃതിയിൽ ലയിച്ച് ജോസഫച്ചൻ അന്തരീക്ഷത്തിലൂടെ ചരിക്കുമായിരുന്നു. സ്വന്തം മുറിയിൽ യാമപ്രാർഥനകൾ ചൊല്ലുന്ന സമയവും അന്തരീക്ഷത്തിലൂടെ അദ്ദേഹം പറക്കുമായിരുന്നു. പൊതുപ്രദിക്ഷണ സമയങ്ങളിൽ ഈ പറക്കൽ തുടങ്ങിയതോടെ എല്ലാവരും ഇതേപ്പറ്റി അറിയാനിടയായി. മാർപാപ്പായുമായുള്ള ഓഡിയൻസിനിടെ ഒരിക്കൽ ജോസഫ് അന്തരീക്ഷത്തിലൂടെ പറന്നു. വളരെ പെട്ടന്നുതന്നെ ഈ പറക്കലിന് പ്രചുരപ്രചാരം ലഭിച്ചു. ഈ അത്ഭുതപറക്കൽ കാണാൻ ആളുകൾ ആശ്രമത്തിലേക്കൊഴുകി.

ജോസഫിന്റെ പറക്കൽ അധികാരികകളെ കൂടുതൽ പ്രശ്നങ്ങളിലാക്കി. അതിനുള്ള കാരണങ്ങൾ രണ്ടായിരുന്നു. ആശ്രമജീവിതത്തിന്റെ അച്ചടക്കത്തിനും ധ്യാന്യാത്മകതയ്ക്കും ഈ പറക്കൽമൂലം ഭംഗംവരുന്നു എന്നതായിരുന്നു ഒന്നാമത്തേതെങ്കിൽ, ദുർമന്ത്രവാദവുമായി ബന്ധപ്പെടുത്തി ഈ പറക്കലിനെ പലരും വ്യാഖ്യാനിച്ചു എന്നതായിരുന്നു രണ്ടാമത്തെ പ്രശ്നം. തൽഫലമായി സന്യാസാധികാരികൾ ജോസഫിനെ മറ്റുപല ആശ്രമങ്ങളിലേക്കും സ്ഥലംമാറ്റിയെങ്കിലും ജോസഫിന്റെ ഈ ദിവ്യപറക്കൽ അവസാനിപ്പിക്കാൻ സാധിച്ചില്ല.

വലിയ അധ്വാനങ്ങളുടെയും പീഡനങ്ങളുടെയും സംശയങ്ങളുടെയും അതൃപ്തികളുടെയും നടുവിലും ജോസഫച്ചൻ തന്റെ ക്രൈസ്തവവിശ്വാസവും ക്രിസ്തുവിനോടുള്ള ആത്മസമർപ്പണവും നിരന്തരം കാത്തുസൂക്ഷിച്ചു. അറുപതാം വയസ്സിൽ സ്വർഗീയഭവനത്തിലേക്ക് ജോസഫ് യാത്രയായി. നൂറുവർഷങ്ങൾക്കുശേഷം അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1962 -ൽ പുറത്തിറങ്ങിയ The Reluctant Saint എന്ന സിനിമ ജോസഫിന്റെ ജീവിതാവിഷ്കാരമാണ്.

വി. ജോസഫ് കുപ്പർത്തിനോ വൈമാനികരുടെയും വിമാനയാത്രക്കാരുടെയും ബഹിരാകാശയാത്രക്കാരുടെയും ബുദ്ധിപരമായി ഭിന്നശേഷിയുള്ളവരുടെയും പഠനവൈകല്യമുള്ള വിദ്യാർഥികളുടെയും മധ്യസ്ഥനാണ്.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.