

വീണ്ടും ഒരു ദുക്റാനാ തിരുനാള്‍ കൂടി. വിശ്വാസത്തിന്റെ പിതാവായ മാര്‍ തോമാശ്ലീഹായുടെ പൈതൃകവും മാതൃകയും പേറി, ക്രിസ്തീയതയും ക്രിസ്തീയ ആത്മീയതയും ആധ്യാത്മികതയും എല്ലാം വെല്ലുവിളിക്കപ്പെടുമ്പോഴും ഇന്നും ഈ വിശ്വാസത്തില്‍ അടിയുറച്ച് ജീവിക്കാന്‍ ചങ്കൂറ്റം കാട്ടുന്ന എല്ലാവര്ക്കും ആദ്യം തന്നെ ദുക്റാനാ തിരുനാള്‍ മംഗളങ്ങള്‍ നേരട്ടെ.
ഒരിക്കല്‍ സര്‍വ്വ വിദ്യകളും അഭ്യസിച്ച് രാജ്യഭരണത്തിനായി പുറപ്പെടാനൊരുങ്ങുന്ന രാജകുമാരന്മാരെ അടുത്തുവിളിച്ച് ഗുരു അവരോട് വനാന്തര്ഭാഗത്തുള്ള ഒരു പ്രത്യേക പഴത്തിന്റെ മേന്മയെക്കുറിച്ചും അതിന്റെ മധുരത്തെക്കുറിച്ചും വാചാലനായി. മറ്റൊരു ദിവസം ശിഷ്യരുടെ സാന്നിധ്യത്തില്‍ ഗുരു ആ പഴം ആസ്വദിച്ചു ഭക്ഷിക്കുകയും ചെയ്തു. ഗുരുവിന്റെ വാക്കുകളും പ്രവൃത്തിയും ആ പഴം രുചിക്കുവാനുള്ള അതിയായ ആഗ്രഹം അവരില്‍ ജനിപ്പിച്ചു. ഒരു ദിവസം ഗുരു അറിയാതെ വനാന്തര്‍ഭാഗത്ത് കടന്ന് അവര്‍ പഴം രുചിച്ചു. അസഹനീയ കയ്പും പുളിയും നിറഞ്ഞ പഴത്തെക്കുറിച്ച് തങ്ങളെ തെറ്റിദ്ധരിപ്പിച്ച ഗുരുവിന്റെ മുമ്പില്‍ പരാതിയുമായി അവര്‍ എത്തി. മന്ദഹാസത്തോടെ ഗുരു പറഞ്ഞു. ”കണ്ടതും കേട്ടതുമല്ല അനുഭവമാണ് സത്യം എന്നതാണ് ജീവിതത്തിലെ ഏറ്റവും ആവശ്യമായ അറിവ്.
ദുക്റാനാ തിരുനാള്‍ ആഘോഷിക്കുന്ന സഭാതനയര്‍ക്ക് തോമാശ്ലീഹായിലൂടെ യേശുനാഥന്‍ നല്കുന്ന സന്ദേശം വിശ്വാസത്തെ കണ്ടതും കേട്ടതിലും പരിമിതപ്പെടുത്താതെ അനുഭവത്തിനായി ആഗ്രഹിക്കുവിന്‍ എന്നതാണ്. സര്‍വ്വവും ഉപേക്ഷിച്ച്, ഗുരുവിനോടൊപ്പം മരിക്കാന്‍ പോലും സന്നദ്ധനായി കര്മ്മവീഥിയിലിറങ്ങിയ തോമാശ്ലീഹാ ഭയത്തിന്റെയും സംശയത്തിന്റെയും അസംതൃപ്തിയുടെയും മുറിക്കുള്ളില്‍ കതകടച്ചിരുന്നില്ല. മറ്റു ശിഷ്യന്മാര് കണ്ടതും കേട്ടതും പങ്കുവച്ചപ്പോള്‍ തോമാശ്ലീഹായിലെ ഗുരുസ്നേഹത്തിന്റെ കനല് കത്തിജ്വലിച്ച് അനുഭവത്തിനായി ആഗ്രഹിച്ചതും ദൈവം തോമായ്ക്കു മാത്രമായി കടന്നുവരുന്നതും ക്രിസ്തുശിഷ്യന് ഗുരു-ശിഷ്യബന്ധത്തിന്റെ ആഴം പഠിപ്പിച്ചു തരുന്നു. വിശ്വാസരാഹിത്യത്തിന്റെ അടച്ചിട്ട മുറിയില്‍ നിന്നും ഉത്ഥാനബോധ്യത്തോടെ ആത്മധൈര്യം ഉള്‍ക്കൊണ്ട് കര്മ്മവീഥിയിലിറങ്ങിയ തോമാശ്ലീഹായാകും കാണാതെ വിശ്വസിച്ച ആദ്യത്തെ ക്രിസ്തുശിഷ്യന്.
ആധുനിക താത്വികന്മാരും മാധ്യമങ്ങളും ക്രൈസ്തവസഭയുടെയും സഭാനേതൃത്വത്തെയും കാലഘട്ടത്തിന്റെ പടനിലത്ത് ചോദ്യങ്ങളുടെയും തിരുത്തലുകളുടെയും ശരശയ്യയില്‍ കിടത്തുമ്പോള്‍ ഈ ദുക്റാനാ തിരുനാള്‍ മൂന്ന് കാര്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അവ തോമാ മാര്‍ഗ്ഗം സ്വീകരിച്ച തോമാ മക്കളോട് തോമശ്ലീഹാ, തോമാ അനുഭവത്തിന്റെ ആവശ്യകതയെക്കുറിച്ച് നല്കുന്ന ഓര്‍മ്മപ്പെടുത്തലുകളാണ്.
ഓരോ ക്രിസ്തുശിഷ്യനും ഒരു കര്മ്മവീഥിയുണ്ട്. ക്രിസ്തുശിഷ്യന് ക്രിസ്തുവിശ്വാസത്തിന്റെ അടിത്തറ, കണ്ടതും കേട്ടതും മാത്രമാവരുത്. കണ്ടതും കേട്ടതും മാത്രം വിശ്വാസത്തിന്റെ അടിത്തറയാക്കുന്ന ക്രിസ്തുശിഷ്യന് അപ്രതീക്ഷിത തിരിച്ചടികള്‍ക്കും നഷ്ടസ്വപ്നങ്ങള്‍ക്കും മുമ്പില്‍ മനം മടുത്ത്, സ്വയം വിമര്‍ശനത്തിന്റെയും അസംതൃപ്തിയുടെയും നിരാശയുടെയും മുറിക്കുള്ളില്‍ കതകടച്ചിരിക്കും. ഇപ്രകാരം സ്വന്തം സുരക്ഷിതത്വത്തിലേയ്ക്ക് വലിയേണ്ടവരല്ല ക്രിസ്തുശിഷ്യന്. മറിച്ച്, മനുഷ്യരെ പിടിക്കുന്നവരാകാന്‍ വിളിച്ചു കൂടെകൂട്ടിയവന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഓര്മ്മവീഥിയില് മരണഭയമില്ലാതെ ഇറങ്ങേണ്ടവരാണ് നാം എന്ന് തോമാശ്ലീഹാ ഓര്‍മ്മപ്പെടുത്തുന്നു.
രണ്ടാമതായി, ക്രിസ്തുവിനെ പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവിക്കാന്‍ ആഗ്രഹിക്കുന്നവനാകണം ക്രിസ്തുശിഷ്യന് എന്ന് തോമാശ്ലീഹാ ഓര്‍മ്മപ്പെടുത്തുന്നു. സമൂഹത്തില്‍ വിശ്വാസനാളം തെളിക്കാന്‍ കണ്ടതും കേട്ടതും മാത്രമേ നമുക്കുള്ളുവെങ്കില് കാലത്തിന്റെ കാറ്റിനും കോളിനും മുമ്പില്‍ മണല്‍പ്പുറത്ത് പണിയപ്പെട്ട ഭവനതുല്യമായിരിക്കും നമ്മുടെ വിശ്വാസജീവിതം. അപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളുകളായും വിഷ്വല്‍ മീഡിയകളില്‍ ചര്‍ച്ചകളായും പത്രമാധ്യമങ്ങളില്‍ വാര്‍ത്തകളും ലേഖനങ്ങളുമായും ഇടവക കൂട്ടായ്മകളില്‍ പൊട്ടിത്തെറികളായും ക്രിസ്തുശിഷ്യന്റെ വിശ്വാസ സമര്‍പ്പണജീവിതം അപചയങ്ങള്‍ നേരിടും. ആഗ്രഹിക്കുന്നവന് അനുഭവമാകാന്‍ അനുദിനം ദിവ്യകാരുണ്യമായി തീരുന്ന ക്രിസ്തുവിനെ തോമാശ്ലീഹായുടെ ആഗ്രഹത്തോടെ സമീപിക്കാന്‍ നമുക്ക് കഴിയട്ടെ. കാരണം, കണ്ടതും കേട്ടതും അറിവാണ് പക്ഷേ, അനുഭവം ആഴപ്പെടലാണ്.
തോമാശ്ലീഹാ മൂന്നാമതായി ഓര്‍മ്മപ്പെടുത്തുന്നത് ക്രിസ്താനുഭവം ക്രിസ്തുശിഷ്യന്റെ വ്യക്തിപരമായ അവകാശമാണ് എന്നതാണ്. ക്രിസ്തുശിഷ്യന് മനസ്സിലും മജ്ജയിലും മാംസത്തിലും ക്രിസ്താനുഭവം നിറയണം. എങ്കില്‍ മാത്രമേ മാംസദാഹികള്ക്കും മസ്തിഷ്കഷാളകള്ക്കും മദ്ധ്യേ വിശ്വാസദീപം കരിന്തിരി കത്താതെ കാത്തുസൂക്ഷിക്കാന്‍ കഴിയൂ.
ഈ ദുക്റാനാ തിരുനാളില്‍ യഥാര്‍ത്ഥ തോമാമാര്‍ഗ്ഗം ഉള്‍ക്കൊണ്ട്, നമുക്കും കര്‍മ്മവീഥിയില്‍ ഇറങ്ങാനും അനുഭവത്തിനായി ആഗ്രഹിക്കാനും വ്യക്തിപരമായ അനുഭവം സ്വന്തമാക്കാനും സാധിക്കട്ടെ. കണ്ടതും കേട്ടതുമായ ഒരു അതിശയത്തെ അല്ല, അനുഭവിച്ച സത്യത്തെ പ്രഘോഷിക്കുവാനുള്ള അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കാം. ഒരിക്കല്‍ കൂടി തിരുനാളിന്റെ മംഗളങ്ങള്‍ നേരുന്നു.
ഫാ. ഗ്രേഷ്യസ് പുളിമൂട്ടില്‍