ഇടുക്കി രൂപത അസാധാരണ പ്രേഷിത മാസാചരണത്തിന് ഉജ്ജ്വല സമാപനം

ഇടുക്കി രൂപത അസാധാരണ പ്രേഷിത മാസാചരണത്തിന് വൈദിക – സന്യസ്ത – അല്മായ മഹാസംഗമത്തോടെ ഉജ്വല സമാപനം. മഹാസംഗമം വിശ്വാസ ചൈതന്യത്തിന്റെയും സീറോ മലബാർ സഭ മിഷൻ ദൗത്യ മഹാത്മ്യത്തിന്റെയും വലിയ പ്രഘോഷണമായിമാറി. ഇരുന്നൂറോളം വൈദികരും ആയിരത്തോളം സമർപ്പിതരും ഇടവക പ്രതിനിധികളും ഭക്തസംഘടന പ്രതിനിധികളും ഉൾപ്പെടെയുള്ളവർ സമ്മേളനത്തിൽ പങ്ക്‌ചേർന്നു. ആയിരക്കണക്കിന് ആളുകളെ സാക്ഷിനിർത്തി ഷംഷാബാദ് മെത്രാൻ മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനംചെയ്തു.

കുടുംബ ബന്ധങ്ങളുടെ അച്ചടക്കവും സമർപ്പിതരുടെ ജീവാർപ്പണവുമാണ് ക്രൈസ്തവ സഭകളുടെ അടിസ്ഥാനമെന്നു മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ അധ്യക്ഷതവഹിച്ചു. കത്തോലിക്കാസഭ ഭാരതത്തിനു നൽകിയ സംഭാവനകൾ തമസ്കരിക്കപ്പെടാതിരിക്കാൻ ജാഗ്രത കാട്ടണമെന്നു മാർ നെല്ലിക്കുന്നേൽ ആവശ്യപ്പെട്ടു. സംഗമത്തിനു തുടക്കംകുറിച്ചു രാവിലെ 7.30ന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ മാർ റാഫേൽ തട്ടിൽ കൃതജ്ഞതാബലി അർപ്പിച്ചു.