വെള്ളിത്തൂവലുമായി ഒരു സന്യാസിനി

”ഞാന്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ രണ്ട് ദമ്പതിമാര്‍ എന്നെ കാണാന്‍ വന്നു. പ്രഗ്നന്‍സി ടെസ്റ്റ് ചെയ്യാനായിരുന്നു അവരുടെ വരവ്. ടെസ്റ്റ് കഴിഞ്ഞപ്പോള്‍ ഫലം പോസിറ്റീവ്! എന്നാല്‍ പുതിയൊരു അതിഥി വീട്ടിലേക്ക് വരുന്നതിന്റെ സന്തോഷമൊന്നും ഞാന്‍ അവരുടെ മുഖത്ത് കണ്ടില്ല. മാത്രമല്ല, സാധാരണ ടെസ്റ്റ് കഴിഞ്ഞു മടങ്ങിപ്പോകുന്നവര്‍ ഗര്‍ഭകാലത്തേയ്ക്ക് ആവശ്യമായ മരുന്നുകളുമായാണ് മടങ്ങിപ്പോകാറുള്ളത്. ഇവരാകട്ടെ മരുന്നിന്റെ കാര്യം അന്വേഷിച്ചത് കൂടിയില്ല.
ഒരാഴ്ച കഴിഞ്ഞ് അവര്‍ വീണ്ടുമെത്തി. ആദ്യത്തെ ടെസ്റ്റ് പോസിറ്റീവായിരുന്നല്ലോ എന്ന ചോദ്യം ചോദിച്ചുകൊണ്ടുതന്നെ രണ്ടാമതും ടെസ്റ്റ് നത്തി. ഫലം നെഗറ്റീവ്! ഉദരത്തില്‍ ജന്മം കൊണ്ട ഒരു കുഞ്ഞുജീവനെ ഇല്ലാതാക്കിയിട്ടായിരുന്നു അവരുടെ വരവ്,” സങ്കടം കലര്‍ന്ന രോഷത്തോടെ സിസ്റ്റര്‍ ജിയാ എംഎസ്‌ജെ പങ്കുവയ്ക്കുന്ന ഒരു സംഭവമാണിത്. ‘അബോര്‍ഷന്‍’ എന്ന മഹാവിപത്തിനെ വിഷയമാക്കി പുറത്തിറങ്ങിയിരിക്കുന്ന ‘എന്റെ വെള്ളത്തൂവല്‍’ എന്ന സിനിമയുടെ തിരക്കഥാകൃത്താണ് സിസ്റ്റര്‍ ജിയ. ഒറ്റക്കുട്ടിയിലേക്ക് ഒതുങ്ങിപ്പോകുന്ന ആധുനിക കുടുംബവും സമര്‍പ്പിതരുടെ ത്യാഗോജ്ജ്വല ജീവിതവും ഈ സിനിമയില്‍ ദൃശ്യങ്ങളാകുന്നുണ്ട്.

”യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് മാധ്യമലോകം അവര്‍ക്ക് മുന്നിലൊരുക്കുന്ന ചതിക്കുഴിയുടെ ആഴം എനിക്കുമനസ്സിലായത്. ഇതേ മാധ്യമങ്ങളിലൂടെ കുട്ടികള്‍ക്കായി ഒരു പോസിറ്റിവ് കാര്യം ചെയ്യണമെന്നത് അന്നുതോന്നിയ ആഗ്രഹമാണ്. സത്യത്തില്‍ ആ ആഗ്രഹത്തിന്റെ സാഫല്യമാണ് ‘എന്റെ വെള്ളിത്തൂവല്‍’ എന്ന സിനിമ.” സിസ്റ്റര്‍ ജിയ കൂട്ടിച്ചേര്‍ക്കുന്നു.

പ്രചോദനം
സിനിമയെന്ന തന്റെ ഉദ്യമെക്കുറിച്ച് സിസ്റ്റര്‍ ജിയ ഇങ്ങനെ പറയുന്നു, ”ആഗ്രഹിക്കാത്ത സമയത്ത് അമ്മയുടെ ഉദരത്തില്‍ ഉരുവായിപ്പോയാല്‍ ആ നിഷ്‌കളങ്ക ജീവനുനേരെ കൊലക്കത്തി ഉയര്‍ത്തുന്നത് മറ്റേത് മതസ്ഥരെക്കാളും കത്തോലിക്കാ യുവദമ്പതികളാണെന്ന സത്യം ആര്‍ക്കും മറച്ചുവയ്ക്കാനാവില്ല. ഈ തിരിച്ചറിവില്‍ നിന്നുകൊണ്ട് ദൈവവിളിക്കായി കുടുംബങ്ങളെ ഒരുക്കാനും അബോര്‍ഷനെതിരെ സമൂഹമനസ്സാക്ഷിയെ ഉണര്‍ത്താനും മക്കള്‍ ദൈവദാനവും ഉദരഫലം സമ്മാനവുമെന്ന് ദമ്പതികളെ ഓര്‍മപ്പെടുത്തുവാനും ഒപ്പം ദൈവിക മൂല്യങ്ങള്‍ക്ക് വില കല്പിക്കുന്ന, സ്വര്‍ഗം നോക്കി യാത്രചെയ്യുന്ന ഒരു പുതു തലമുറയെ രൂപപ്പെടുത്തുവാനുമുള്ള ചെറിയൊരു പരിശ്രമമാണ് ഈ സിനിമ.”

സിനിമ എനിക്കറിയില്ല
”സിനിമാ മേഖലയില്‍ ഞാന്‍ ഒന്നും പഠിച്ചിട്ടില്ല. ചെറുപ്പം മുതല്‍ കഥകളെഴുതുമായിരുന്നു. കൈയില്‍ ക്യാമറ കിട്ടിയാല്‍ ഓടി നടന്ന് കുറേ ഫോട്ടോസ് എടുക്കുമായിരുന്നു. ഇതു രണ്ടുമാണ് എന്റെ സര്‍ട്ടിഫിക്കറ്റ്. 2 വര്‍ഷം മുമ്പ് ‘ഈശോയ്‌ക്കൊരു പൂക്കുട’ എന്ന പേരില്‍ 20 കഥകള്‍ അടങ്ങുന്ന ഒരു കഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവിതഗന്ധിയും ഹൃദയസ്പര്‍ശിയുമായിരുന്നു അതിലെ കഥകള്‍. ഈ പുസ്തകം വായിച്ച ഒരുപാട് പേരുടെ പ്രോത്സാഹനം സിനിമയ്ക്കും ഉണ്ടായിരുന്നു.” കഥയെഴുതിയിരുന്ന സമയത്ത് അവയെ മനസ്സില്‍ ദൃശ്യവത്ക്കരിക്കാന്‍ കഴിഞ്ഞിരുന്നു എന്നും സിസ്റ്റര്‍ ജിയ പറയുന്നു.

അണിയറയില്‍

1-webകൊച്ചിന്‍ നിയോ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം പൂര്‍ത്തിയാക്കിയ യുവജന പ്രസ്ഥാനത്തില്‍ സിസ്റ്റര്‍ ജിയയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന ജിതിന്‍ ഫ്രാന്‍സിസ് ഈ ഫിലിമിന്റെ സംവിധാനം ഏറ്റെടുക്കാന്‍ തയാറായി. കൂടാതെ ജിതിന്റെ സുഹൃത്തുക്കളായ, അഖില്‍ സേവ്യര്‍ (സംവിധായകന്‍, ഛായാഗ്രഹണം) ബി. ഉണ്ണികൃഷണന്‍ (ഛായാഗ്രഹണം) മൃതുല്‍ രാജ് (എഡിറ്റര്‍) എന്നിവരടങ്ങുന്ന ഒരു സംഘം യുവ സിനിമാപ്രവര്‍ത്തകര്‍ കൂടിയായപ്പോള്‍ അണിയറയിലെ ഒരുക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ആവേശവും ഉത്സാഹവുമായി. സിനിമയ്ക്കുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചത് സിസ്റ്റര്‍ ജിയ തന്നെയായിരുന്നു. വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി പത്രപ്രവര്‍ത്തകനും സിനിമാ സീരിയല്‍ മേഖലയില്‍ പരിചയ സമ്പന്നനുമായ ജയിംസ് ഇടപ്പള്ളിയും കൂടെച്ചേര്‍ന്നു.

ഈ ഫിലിമിലെ രണ്ട് ഗാനങ്ങളില്‍ ഒന്ന് സിസ്റ്റര്‍ നിവേദിത എം.എസ്.ജെ രചിച്ച് പ്രശസ്ത സംഗീത സംവിധായകനായ ബഹുമാനപ്പെട്ട അഗസ്റ്റ്യന്‍ പുത്തന്‍പുര (വി.സി) അച്ചന്‍ ഈണം പകര്‍ന്ന് സെലിന്‍ ജോസ് ആലപിച്ചിട്ടുള്ളതാണ്. മറ്റൊരു ഗാനം യുവസംഗീതജ്ഞനും ഗായകനുമായ ജയദേവന്‍ ഈണം പകര്‍ന്ന് വാണി ജയറാം ആലപിച്ചിട്ടുള്ളതാണ്. ‘ആ ഗാനത്തിന്റെ രചന നിര്‍വഹിക്കാനും ദൈവമെന്നെ ഒരു ഉപകരണമാക്കി’യെന്ന് സിസ്റ്റര്‍ വിനയത്തോടെ ഓര്‍ത്തെടുക്കുന്നു.

സരയൂ മോഹനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സിസ്റ്ററിനെ അവതരിപ്പിക്കുന്നത്. കൂടാതെ കലാഭവന്‍ ഹനീഫ, സുനില്‍ കുമാര്‍ തിരുവങ്ങാട്, അന്‍സില്‍ റഹ്മാന്‍, ജിജോ ജോയി, കണ്ണൂര്‍ ശ്രീലത, ശ്രീലക്ഷ്മി, സോണിയ, സയന്ന, ഭാനുമതി എന്നിവര്‍ക്കൊപ്പം മാസ്റ്റര്‍ സാം സിബി ഉള്‍പ്പെടെ മുപ്പതോളം കുട്ടികളും അഭിനേതാക്കളായി എത്തുന്നുണ്ട്. അവരും അവരുടെ മാതാപിതാക്കളും ദിവസേന പതിനഞ്ച് തവണ ‘എത്രയും ദയയുള്ള മാതാവേ’ എന്ന ജപം പ്രാര്‍ത്ഥിച്ചു.

l93a2950
സിസ്റ്റര്‍ ജിയാ എംഎസ്‌ജെ

സാമ്പത്തികം
ഒരു കൊമേഴ്‌സ്യല്‍ ഫിലിമല്ലാതിരുന്നതിനാല്‍ തന്നെ സിനിമയ്ക്കുവേണ്ടി ഒരു പ്രൊഡ്യൂസറെ കണ്ടെത്തുക എന്ന വലിയ വെല്ലുവിളിക്കു മുമ്പില്‍ ആദ്യമൊന്ന് പതറിയെന്ന് സിസ്റ്റര്‍ പറയുന്നു. ”എല്ലാവരും കൂടിയാലോചിച്ചപ്പോള്‍ ക്രൗഡ് ഫണ്ടിങ് എന്ന ആശയമുദിച്ചു. പണം ആരോട് ചോദിക്കും, ഈ വിഷയം എങ്ങനെ ആളുകളോട് അവതരിപ്പിക്കും എന്നുള്ള ടെന്‍ഷനൊക്കെ ആദ്യമുണ്ടായിരുന്നു. കണക്കുകൂട്ടലുകള്‍ ലക്ഷങ്ങളിലേക്ക് എത്തി നിന്നപ്പോള്‍, ഫണ്ട് പിരിക്കാന്‍ ഇറങ്ങാമെന്നേറ്റ പലരും പിന്‍വാങ്ങി. പിന്നീട് ഫണ്ട് കണ്ടെത്താനുള്ള എന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു.” ഏകദേശം ഇരുപത്തിയഞ്ചു ലക്ഷത്തോളം വന്ന നിര്‍മാണചെലവില്‍ എട്ടു ലക്ഷം സംഭാവനയായി ലഭിച്ചു. ബാക്കി തുക പലിശ കൂടാതെ അഞ്ചാറുപേര്‍ കടമായി നല്‍കിയെന്നും സിസ്റ്റര്‍ സന്തോഷത്തോടെ കൂട്ടിച്ചേര്‍ക്കുന്നു.

ദൈവകരങ്ങളുടെ സ്പര്‍ശം
”ഇരുപത് ദിവസത്തോളം നീണ്ടു നിന്ന ഷൂട്ടിങ്ങിനിടയിലും തുടര്‍ന്നുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്കിടയിലും ദൈവാനുഗ്രഹത്തിന്റെ വേറിട്ട വഴികളെ ഞാന്‍ തിരിച്ചറിഞ്ഞു. സഹനങ്ങളും സന്തോഷങ്ങളും അബദ്ധങ്ങളും പരാജയങ്ങളും പ്രോത്സാഹനങ്ങളുമടങ്ങുന്ന സമ്മിശ്രാനുഭവങ്ങള്‍ എല്ലാം ദൈവാനുഗ്രഹത്തിന്റെ വഴികള്‍ തന്നെയായിരുന്നു. പിറ്റേ ദിവസത്തെ വര്‍ക്കിനുവേണ്ട പണം കണ്ടെത്താന്‍ കഴിയാതെ ചില രാത്രികള്‍ കണ്ണീരിലും പ്രാര്‍ഥനയിലുമായി ഉറങ്ങാതെ കഴിച്ചുകൂട്ടിയിട്ടുണ്ട്. ലോക ചരിത്രത്തില്‍ ഇന്നുവരെയും ഒരു സന്യാസിനി ചെയ്യാന്‍ സാധ്യതയില്ലാത്ത ഈ സിനിമാ നിര്‍മാണം തമ്പുരാന്റെ വലിയൊരു പദ്ധതിയാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്നതുകൊണ്ട് ആവശ്യമായവ ആവശ്യമായ സമയത്ത് അവിടന്ന് നല്‍കുന്നത് വലിയ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.” ഈ സിനിമ ദൈവനിശ്ചയത്തിന്റെ പൂര്‍ത്തീകരണമാണ് എന്ന തിരിച്ചറിവുണ്ട് സിസ്റ്ററിന്റെ വാക്കുകളില്‍.

പിന്തുണയും പ്രോത്സാഹനവും
പ്രാര്‍ഥനയും പ്രോത്സാഹനവുമായി ഒരു സന്യാസ സമൂഹം മുഴുവന്‍ കൂടെ നിന്നത് സിസ്റ്റര്‍ ജിയയ്ക്ക് വലിയൊരു ആശ്വാസമായിരുന്നു, ശക്തിയായിരുന്നു. ”കോടികളിറക്കി നിര്‍മിച്ച സിനിമകള്‍ പോലും പുറം ലോകം കാണാതെ പോയിട്ടുണ്ട്, അച്ചന്മാര്‍ സിനിമയിറക്കി പൊളിഞ്ഞ് പോയിട്ടുണ്ട്, ഒരു സിസ്റ്റര്‍ സിനിമയിറക്കിയിട്ട് ആരു കാണാനാ, സിസ്റ്ററിന് അറിയാവുന്ന പ്രാര്‍ഥനയും ചൊല്ലിയിരുന്നാല്‍ പോരേ?” ഇങ്ങനെ പല കമന്റും പറഞ്ഞ് ഈ ഉദ്യമത്തില്‍ നിന്ന് എന്നെ പിന്‍തിരിപ്പിക്കാന്‍ നോക്കിയവരുണ്ട്.

നിരുത്സാഹപ്പെടുത്തിയവരും തന്റെ ജീവിതത്തില്‍ ദൈവാനുഗ്രഹത്തിന്റെ വഴി വെട്ടിത്തന്നവരാണെന്നാണ് സിസ്റ്ററിന്റെ ഭാഷ്യം. ”നിരുത്സാഹപ്പെടുത്തുമ്പോള്‍ കൂടുതല്‍ നന്നായി ചെയ്യണമെന്ന ആവേശമെന്നിലുണ്ടായി. സംഭാവന നല്‍കാമെന്ന് വാക്കു തന്ന ചിലയാളുകളെ പത്തും ഇരുപതും പ്രാവശ്യമൊക്കെ വിളിച്ചിട്ടും ഇന്നു തരാം നാളെത്തരാമെന്നല്ലാം പറഞ്ഞതല്ലാതെ പണം കിട്ടിയില്ല. ഒരു രൂപ പോലും തരാത്ത വന്‍ ജ്വല്ലറിയുടമയും ആയിരം രൂപ നല്‍കിയ പെട്ടിക്കടക്കാരനുമൊക്കെ വലിയ പാഠങ്ങളാണെന്നെ പഠിപ്പിച്ചത്. അന്നന്നത്തെ ആഹാരത്തിനും ചികില്‍സയ്ക്കും പഠനത്തിനുമെല്ലാം സാമ്പത്തിക ശേഷിയില്ലാത്ത ദുരിതമനുഭവിക്കുന്ന ആളുകളുടെ ഹൃദയനൊമ്പരങ്ങളെ കൂടുതല്‍ മനസ്സിലാക്കാന്‍ വലിയൊരവസരമായിരുന്നു ഇത്.” സിസ്റ്ററിന്റെ വാക്കുകള്‍.

എന്റെ സിനിമ
കുഞ്ഞുങ്ങളിലൂടെ കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള ഒരു സുവിശേഷ പ്രഘോഷണമെന്ന നിലയില്‍ ‘എന്റെ വെള്ളിത്തൂവല്‍’ എന്ന സിനിമ അനേകം കുഞ്ഞുഹൃദയങ്ങളെ സ്പര്‍ശിക്കുമെന്നത് തീര്‍ച്ചയാണ്. മാധ്യമലോകത്തിലൂടെ മലീമസമായിത്തീര്‍ന്ന കുഞ്ഞു മനസ്സുകളെ ഈശോയുടെ സ്നേഹത്തിലേക്കും സ്വര്‍ഗമെന്ന പ്രതീക്ഷയിലേക്കും വഴിതിരിച്ച് നടത്താന്‍ ഒരു പരിധിവരെയെങ്കിലും ഈ സിനിമയ്ക്ക് ആകുമെങ്കില്‍ അത് ഈശോ കത്തോലിക്കാ സഭയ്ക്ക് സമ്മാനമായി നല്‍കുന്ന ഒരു പൊന്‍തൂവലായിരിക്കും.

”ചിത്രമൊരുങ്ങികഴിഞ്ഞു. ഇനി ഈശോ ആഗ്രഹിക്കുന്നിടത്തൊക്കെ അത് എത്തിക്കുക എന്ന വലിയ ദൗത്യമാണ് മുന്നിലുള്ളത്. ഇതിനോടകം നാലഞ്ച് ബിഷപ്പുമാരോട് ഇതിനെക്കുറിച്ച് സംസാരിക്കാനായി അവസരം ലഭിച്ചു. ഫിലിമിന്റെ ഡി.വി.ഡി പ്രകാശനം അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. സാധിക്കുമെങ്കില്‍ കേരളത്തിനകത്തു മാത്രമാക്കാതെ കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് വെളിയിലുമുള്ള എല്ലാ രൂപതകളിലും ഇടവകകളിലും വെള്ളിത്തൂവലിന്റെ’ പ്രദര്‍ശനം നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്. ഇന്നോളം വഴി നടത്തിയ ദൈവം തുടര്‍ന്നും അത്ഭുതകരമായി മുന്നോട്ടു നയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്.” ഈ സിനിമ ഒരു വഴിവിളക്കാകട്ടെ എന്നാണ് സിസ്റ്റര്‍ ജിയയുടെ ആഗ്രഹവും പ്രാര്‍ത്ഥനയും.

സിസ്റ്റര്‍ ജിയ: 9496633604

സുമം തോമസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.