ക്രിസ്തീയ ആത്മീയതതിൽ വളരാൻ അഷ്ടാംഗ മാർഗ്ഗങ്ങൾ

ദൈവത്തോടൊത്തുള്ള യാത്രയാണ് ആത്മീയ ജീവിതം. ഇതു എപ്പോഴും ചലനാത്മകമാണ് കാരണം പരിശുദ്ധാത്മാവാണ് ഈ യാത്രയിൽ നമ്മുടെ വഴികാട്ടി. ചില ആത്മീയ പതിവുകൾ നമ്മുടെ ശീലങ്ങളാകുമ്പോഴേ ജീവിതത്തിൽ സന്തോഷവും സമാധാനവും കൈവരുകയുള്ളു, അതിനു സഹായകരമായ എട്ടു മാർഗ്ഗങ്ങളാണ് ഈ കുറിപ്പിന്റെ ഇതിവൃത്തം.

1. ഓരോ ദിവസവും പ്രാർത്ഥനയോടും ദൈവവചനത്തോടും പരിശുദ്ധ അമ്മയോടൊപ്പവും ആരംഭിക്കുക

ലളിതമാണങ്കിലും പലപ്പോഴും മറന്നു പോകുന്ന യാഥാർത്ഥത്യമാണിത്. നമ്മുടെ ദിവസം ഈ ശീലത്തിൽ കേന്ദ്രീകൃതമാകണം. അതിനായി ജീവിതശൈലി രൂപപ്പെട്ടത്തണം. പ്രാർത്ഥനയോടെ ദിവസം തുടരാനായി  അലറാം ക്രമീകരിക്കുക. ഒരു മൂന്നു മിനിട്ട് ദൈവത്തോടു പ്രാർത്ഥിച്ചു കൊണ്ടുണരുക. ഓരോ ദിനത്തിലെയും ബോധപൂർവ്വമുള്ള ആദ്യ സംസാരം ദൈവത്തോടാകട്ടെ. ആദ്യ വായന ദൈവവചനമാകട്ടെ, തിരുവചനങ്ങളിൽ നിന്നു  ഒരു കൊച്ചു ഭാഗം വായിക്കുക. അനുദിന ബലിയർപ്പണ വേളയിലെ തിരുവചനഭാഗമായാൽ അത്ര നല്ലത്. ജപമാല പ്രാർത്ഥനയോടെ ദിവസം തുടങ്ങുന്നതു ജിവിതത്തിനു പുതുവെളിച്ചം തരും. പ്രഭാതത്തിൽ ഒരു ജപമാല മുഴുവൻ ചെല്ലാൻ സാധ്യമല്ലങ്കിൽ ഒരു രഹസ്യമോ അതിനും സമയമില്ലങ്കിൽ ഒരു നന്മ നിറഞ്ഞ മറിയമേ എങ്കിലും ചൊല്ലി ദിവസം ആരംഭിക്കുക. ഓർക്കുക: അമ്മയോടു പറയാതെ ദിനം തുടങ്ങല്ലേ!

“പ്രാർത്ഥന എന്നാൽ ദൈവവുമായുള്ള ഐക്യമല്ലാതെ മറ്റൊന്നുമല്ല. ഹൃദയം പരിശുദ്ധവും ദൈവവുമായി ഐക്യപ്പെട്ടതുമാണങ്കിൽ, അതു മാധ്യര്യമുള്ളതും ആശ്വസിപ്പിക്കപ്പെട്ടരുമായിരിക്കും. അതു അത്ഭുതകരമായ പ്രകാശത്താൽ മഹാപ്രഭപരത്തും.” –  വി. ജോൺ മരിയാ വിയാനി

2. പുഞ്ചിരിക്കുക, ദയയോടെ സംസാരിക്കുക, മാന്യമായി പെരുമാറുക 

ക്രൈസ്തവരായ നമ്മളെ, നമ്മുടെ സ്നേഹം കൊണ്ടും പെരുമാറ്റം കൊണ്ടും തിരിച്ചറിയാൻ കഴിയണം. പലപ്പോഴും ഇതു സംഭവിക്കാതെ പോകുന്നു. മറ്റു വ്യക്തികളെപ്പോലെ നമ്മളും പലപ്പോഴും പരുക്കന്മാരും, സാമൂഹിക ശല്യക്കാരുമാകുന്നു. നമ്മുടെ നഷ്ടപ്പെട്ട പ്രതാപം ക്രിസ്തീയ സ്നേഹത്തിലൂടെ, പുഞ്ചിരിയിലൂടെ, മാന്യമായ പെരുമാറ്റത്തിലൂടെ, മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ, അപരനെ ബഹുമാനിക്കുന്നതിലൂടെ, കുറ്റം പറച്ചിൽ അവസാനിപ്പിക്കുന്നതിലൂടെ നമുക്കു വീണ്ടെടുക്കാം.

“എപ്പോഴും പുഞ്ചിരി പരസ്പരം നമുക്കു കണ്ടുമുട്ടാം, പുഞ്ചിരി സ്നേഹത്തിന്റെ ആരംഭമാണ്.”  – വി. മദർ തേരേസാ

3. സോഷ്യൽ മീഡിയ കൂടി സുവിശേഷമാകുക.

നവ സമൂഹിക മാധ്യമങ്ങളിലൂടെ എണ്ണമറ്റ പോസ്റ്റുകൾ ഇടുകയും ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയുമ്പോൾ,  ദൈവത്തെ മഹത്വപ്പെടുത്തുവാനും മറക്കരുതേ, ഒരു കൂട്ടുകാരനോടെങ്കിലും ആത്മീയ കാര്യങ്ങളെപ്പറ്റി പങ്കു വയ്ക്കുക, സാധിക്കുമെങ്കിൽ ആത്മീയ അനുഭവങ്ങൾ കുറിക്കുക, ജന്മദിനത്തിന്റെ നോട്ടിഫിക്കേഷൻ വരുമ്പോൾ ആശംസത്തയക്കുന്നതിനോടൊപ്പം ദൈവമേ ആ വ്യക്തിയെ അനുഗ്രഹിക്കണമേ എന്നു മനസ്സിൽ ഉരുവിടുക.  ഒരു കുട്ടുകാരൻ / കുട്ടുകാരിക്കു വേണ്ടി ദിവസവും പ്രാർത്ഥിക്കുക. കുടുംബ പ്രാർത്ഥനാ സമയത്തു സോഷ്യൽ മീഡിയകൾക്കു അല്പം വിശ്രമം അനുവദിക്കുക !.

സൗഹൃദം സന്തോഷത്തിന്റെ വലിയ ഉറവിടമാണ് . സുഹൃത്തുക്കൾ ഇല്ലങ്കിൽ പല ഉദ്യമങ്ങളും  വിരസമായിത്തീരും.” –  വി. തോമസ് അക്വീനാസ്.

4. സ്നേഹം പ്രകടിപ്പിക്കുക

ഞാൻ സ്നേഹിക്കപ്പെടുന്നു എന്ന വാർത്ത കേട്ട്  ക്ഷീണിച്ചതായി   ആരും പറഞ്ഞു കേട്ടിട്ടില്ല. അതിനാൽ സ്നേഹം പ്രകടിപ്പിക്കാൻ മടി കാണിക്കരുത്, അതു മാതാപിതാക്കളോടായാലും സഹോദരങ്ങളാടായാലും മക്കളോടായാലും. ദിവസം ഒരാളോടെങ്കിലും നീ എത്രമാത്രം അവരെ സ്നേഹിക്കുന്നുവെന്ന് തുറന്നു പറയുന്ന ശീലം വളർത്തുക.

നമ്മൾ സംസാരിച്ചുകൊണ്ടാണ് സംസാരിക്കാൻ പഠിക്കുന്നത്, പഠിച്ചു കൊണ്ടാണ് പഠനത്തിൽ പുരോഗമിക്കുന്നത്, ഓടികൊണ്ടാണ് ഓടാൻ പഠിക്കുന്നത് അതുപോലെ തന്നെ സ്നേഹിച്ചുകൊണ്ടാണ് സ്നേഹിക്കാൻ പഠിക്കുന്നത്. മറ്റേതെങ്കിലും രീതിയിൽ സ്നേഹിക്കാൻ പറ്റുമെന്നു ആരെങ്കിലും കരുതുന്നെങ്കിൽ അവൻ തന്നെത്തന്നെ വഞ്ചിക്കുന്നു.” – വി. ഫ്രാൻസീസ് സാലസ്

5. ദൈവത്തെക്കുറിച്ച് സംസാരിക്കുക

ദൈവത്തെ നമ്മുടെ ദിവസത്തിന്റെ ഭാഗമാക്കുക, അതു നമ്മുടെ പ്രാർത്ഥനാ സമയങ്ങളിൽ മാത്രമായി ചുരുക്കരുത്. അവനെ നമ്മുടെ  സുഹൃത്തുക്കളുമായുള്ള, കുടുംബത്തിലുള്ള,  ജോലിസ്ഥലങ്ങളിലുള്ള സംഭാഷണങ്ങളിൽ കൊണ്ടുവരുക. നമ്മൾ സ്നേഹത്തെക്കുറിച്ച്, സിനിമകളെക്കുറിച്ച്, ഭക്ഷണത്തെക്കുറിച്ച്, വ്യക്തികളെക്കുറിച്ച് ധാരാളം സംസാരിക്കുന്നു… എന്നാൽ ദൈവത്തെക്കുറിച്ചു സംസാരിക്കാൻ നാം പലപ്പോഴും പരാജയപ്പെടുന്നു.

“നമ്മൾ  സത്യമായും യേശുവിനെ കണ്ടുമുട്ടി എന്നതിന്റെ വ്യക്തമായ അടയാളമാണ്  മറ്റുള്ളവരോടുള്ള സമ്പർക്കത്തിൽ നാം  കാണിക്കുന്ന സന്തോഷം.” ഫ്രാൻസീസ് പാപ്പ

6. കൊച്ചു കൊച്ചു  പരിത്യാഗങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക

അനുദിനമുള്ള ആത്മസമർപ്പണം ആത്മീയതിൽ വളരാൻ വളരെ സഹായകമാണ്. ഉദാഹരണത്തിന് യാത്ര ചെയ്യുമ്പോൾ പ്രായം ചെന്നവരെ വേണ്ട രീതിയിൽ പരിഗണിക്കുന്നത്, ചെറിയ ആത്മപരിത്യാഗങ്ങളിലൂടെ വിശുദ്ധിയുടെ നല്ല ശീലങ്ങൾ നട്ടുപിടിപ്പിക്കുക, അങ്ങനെ ലോകത്തിന്റെ സ്വാധീനങ്ങൾ അതിജീവിക്കുക.   എവിടെ പരിത്യാഗമുണ്ടാ അവിടെ ജീവന്റെ തുടിപ്പും അപര നന്മയുമുണ്ട്.

“എവിടെ സ്നേഹമുണ്ടോ അവിടെ  സ്വാർത്ഥതയ്ക്കു ഒരു സ്ഥലമില്ല – ഭയത്തിനുമൊരു ഇടമില്ല!  സ്നേഹം ആജ്ഞാപിക്കുമ്പോൾ പേടിക്കേണ്ടതില്ല. സ്നേഹം ത്യാഗം ആവശ്യപ്പെടുമ്പോൾ ഭയപ്പെടേണ്ടതില്ല.” – വി. ജോൺ പോൾ രണ്ടാമൻ പാപ്പ 

7. ദിവസവും ഒരു നന്മയെങ്കിലും ചെയ്യുക

എല്ലാ ദിവസവും ആരെയെങ്കിലും ശുശ്രൂഷിക്കാൻ വഴി കണ്ടെത്തുക. വലിയ ശുശ്രൂഷകൾ അല്ല ഉദ്ദേശിക്കുന്നത് മറിച്ച് ചെറിയ കാര്യങ്ങളിലുള്ള വിശ്വസ്തതയാണ്. അടുക്കളയിൽ അമ്മയേയോ ഭാര്യയേയോ സഹായിക്കുന്നതാവാം, തെരുവീഥിയിലൂടെ നടക്കുമ്പോൾ വഴിയിൽ കിടക്കുന്ന ഒരു പഴത്തൊലി എടുത്തുകളയുന്നതാവാം. മറ്റുള്ളവർക്കു നന്മ ചെയ്യാത്ത ദിവസം നമ്മുടെ ജീവിതത്തിലുണ്ടാകാതിരിക്കട്ടെ. നന്മ ചെയ്യാത്ത ദിവസം നഷ്ടപ്പെട്ട ദിവസമാണ്.

“നമ്മുടെ ദൈവം നമ്മുടെ  പ്രവർത്തിയുടെ വിലിപ്പമോ ബുദ്ധിമുട്ടോ നോക്കുന്നില്ല മറിച്ച് എത്രമാത്രം സ്നേഹത്തോടെ നാമതു ചെയ്തു എന്നു മാത്രമേ നോക്കു, അതിനാൽ നീ  എന്തിനു ഭയപ്പെടണം ? ” –  വി. കൊച്ചുത്രേസ്യാ

8. ദിവസത്തെ ആത്മപരിശോധന നടത്തുക

ഓരോ ദിവസത്തിന്റെയും അവസാനം ആ ദിവസത്തെ വിലയിരുത്താൻ എതാനും മിനിറ്റുകൾ മാറ്റി വയ്ക്കുക. ആത്മപരിശോധന ഇതിനു വളരെ സഹായകരമാണ്. ഞാൻ ഇന്നേ ദിനം ആരോടെങ്കിലും ക്ഷമിക്കേണ്ടതുണ്ടോ? ഞാൻ ഇന്നേദിനം   സമയം അലസമായി കളഞ്ഞട്ടുണ്ടാ? ആരെയെങ്കിലും വേദനിപ്പിച്ചട്ടുണ്ടോ? ദൈവം തന്ന അനുഗ്രഹങ്ങൾക്കു നന്ദി പറയുക. തെറ്റുകൾക്കു മാപ്പുചോദിക്കുക.  അടുത്ത ദിവസം കൂടുതൽ വിശുദ്ധിയോടെ  ജീവിച്ചു കൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുക.

“മനുഷ്യന്റെ മനസ്സാക്ഷി അവന്റെ ഏറ്റവും രഹസ്യമായ കേന്ദ്രമാണ്. അവന്റെ വിശുദ്ധാഗാരമാണ് . അവിടെ അവൻ ഒറ്റയ്ക്ക് ദൈവത്തോടൊപ്പമായിരിക്കുന്നു. ദൈവത്തിന്റെ ശബ്ദം അവന്റെ അഗാധതയിൽ മാറ്റൊലിക്കൊള്ളുകയും ചെയ്യുന്നു.” – രണ്ടാം വത്തിക്കാൻ കൗൺസിൽ “ഗാവൂദിയും ഏത്ത് സ്പെസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.