ഡോ. അബ്ദുൾ കലാമിനെ സ്വാധീനിച്ച വി. അൽഫോൻസാമ്മ

ജൂലൈ 27 – ഭാരതത്തിന്റെ ഹൃദയം കീഴടക്കിയ രാഷ്ട്രപതി ഡോ. എ. പി. ജെ അബ്ദുൾ കലാം നമ്മെ വിട്ടുപിരിഞ്ഞിട്ട് എട്ടു വർഷം പൂർത്തിയാകുന്നു. 2008 നവംബർ മാസം എട്ടാം തീയതി വി. അൽഫോൻസായുടെ വിശുദ്ധ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് ഭരണങ്ങാനത്തു വച്ചുനടത്തിയ പൊതുസമ്മേനത്തിൽ അദ്ദേഹം നടത്തിയ പ്രഭാഷണത്തിന്റെ സ്വതന്ത്ര പരിഭാഷ. 

“ഓ മനുഷ്യവംശമേ, എനിക്ക് നിങ്ങൾക്കായി ഒരു സന്തോഷം നിറഞ്ഞ വാർത്തയുണ്ട്.” വി. അൽഫോൻസാമ്മയുടെ വിശുദ്ധപദവി ആഘോഷിക്കുന്ന ഈ പൊതുപരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഞാൻ അത്യധികം സന്തോഷിക്കുന്നു.

ഭാരതത്തിനും, പ്രത്യേകിച്ച് കേരളത്തിനും അതുല്യമായ ഒരു അനുഭവമാണിത്. സി. അൽഫോൻസായുടെ ജീവിതത്തിലെ മഹത്തായ ഓർമ്മ കൊണ്ടാടുന കുലീലനമായ ഈ അനുഭവത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിരിക്കുന്ന നിങ്ങൾ ഓരോരുത്തരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. എന്നോടു തന്നെ ഞാൻ ചോദിക്കുകയായിരുന്നു, എന്ത് ആത്മീയജീവിതമാണ് സി. അൽഫോൻസയെ സ്വാധീനിച്ചത്. ഇവിടെ ബൈബിളിലെ മഹത്തായ ഒരു സംഭവം ഓർമ്മിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. യേശുക്രിസ്തു ക്രൂശിക്കപ്പെട്ടു, ഉത്ഥാനദിനത്തിൽ യേശു പറഞ്ഞു, “ഓ മനുഷ്യവംശമേ, എനിക്ക് നിങ്ങൾക്കായി ഒരു സന്തോഷം നിറഞ്ഞ വാർത്തയുണ്ട്.” ഇത് ക്ഷമയുടെയും സ്നേഹത്തിന്റെയും മഹോന്നതമായ സന്ദേശമാണ്. സി. അൽഫോൻസായിൽ ഇതുപോലുള്ള ഒരു ആത്മീയ ഉണർവ്വ് നമ്മൾ കാണുന്നു. സി. അൽഫോൻസാ അവളുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുകയും വിശുദ്ധയായി രൂപാന്തരപ്പെടുകയും ചെയ്ത ഭരണങ്ങാനത്തു വരാൻ സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു.

ഇന്നലെ തമിഴ്നാട്ടിലെ ഡിൻഡുകലിലെ ബേസ് കി ഇല്ലത്തു താമസിക്കുന്ന എന്റെ ഗുരുനാഥൻ റവ. ഫാ. ചിന്നാദൂരൈയെ ഞാൻ ഫോൺ വിളിച്ച് വി. അൽഫോൻസായുടെ അതുല്യജീവിതത്തെക്കുറിച്ചു ചോദിച്ചു. എന്റെ ഗുരുനാഥൻ വളരെ സന്തോഷപൂർവ്വം എന്നോടു പറഞ്ഞു: വി. അൽഫോൻസാ ഇന്ത്യയുടെ ആദ്യത്തെ വനിതാ വിശുദ്ധയാണ്. സി. അൽഫോൻസാ വിശുദ്ധയായത് എല്ലാ സഹനങ്ങളും ദൈവദാനമായി സ്വീകരിച്ചതുവഴിയാണ്. പാപത്തിനുള്ള പരിഹാരമായി സഹനത്തിനുള്ള മൂല്യവും ഹൃദയത്തിലുള്ള പരിവർത്തനവും അൽഫോൻസാമ്മയുടെ ജീവിതത്തിൽ ശക്തമായി തറപ്പിച്ചു പറയുന്നു. സി. അൽഫോൻസായെ വിശുദ്ധയായി പ്രഖ്യാപിച്ചുകൊണ്ട് ബനഡിക്ട് പതിനാറാമൻ പാപ്പ പറഞ്ഞു, ‘മറ്റുള്ളവരുടെ സഹനങ്ങൾ സുഖപ്പെടുത്താൻ അവൾ സ്വയം സഹനങ്ങൾ ഏറ്റെടുത്തു.’ പുണ്യം നിറഞ്ഞ ഈ ആത്മാവിനു കിട്ടിയ എത്രയോ മഹത്തായ സ്തുതിവാചകം.

1930 മെയ് മാസം പത്തൊമ്പതാം തീയതി മാർ ജെയിംസ് കാളാശ്ശേരിയുടെ ഭരണങ്ങാനത്തേക്കുള്ള ആദ്യ അജപാലന സന്ദർശനവസരത്തിൽ സി. അൽഫോൻസാ സഭാവസ്ത്രം സ്വീകരിച്ചു. ഇന്ന് നമ്മൾ ഭരണങ്ങാനത്ത് അഭിമാനപൂർവ്വം സി. അൽഫോൻസായുടെ വിശുദ്ധ പദവി ആഘോഷിക്കുന്നു. ഈ മഹത്തായ ഗ്രാമത്തിലെ ജനങ്ങൾ ഇപ്പോൾ വി. അൽഫോൻസാമ്മയുടെ മഹത്തായ ആത്മാവിന്റെ പ്രകാശം  പരത്തുന്നവരായിരിക്കുന്നു.

വി. അൽഫോൻസായുടെ ആത്മീയ ഡയറിയിൽ എഴുതിയ ഒരു ചിന്ത എന്നെ വളരെയധികം സ്വാധീനിച്ചു. അത് നിങ്ങളോടു പങ്കുവയ്ക്കുന്നതിൽ എനിക്ക്  സന്തോഷമുണ്ട്.

ഞാൻ എന്റെ പ്രവണതകൾക്കനുസരിച്ച് പ്രവർത്തിക്കാനോ, സംസാരിക്കാനോ ആഗ്രഹിക്കുന്നില്ല. ഞാൻ വീഴുന്ന ഓരോ സമയത്തും  ഞാൻ പ്രായശ്ചിത്തം ചെയ്യും. ആരെയും അവഗണിക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കും. ഞാൻ എപ്പോഴും മറ്റുള്ളവരോട് മധുരമായി സംസാരിക്കും. എന്റ കണ്ണുകളെ കണിശതയോടെ നിയന്ത്രിക്കും. എന്റെ ഏറ്റവും ചെറിയ തെറ്റുകൾക്കു പോലും ദൈവത്തോട് ഞാൻ മാപ്പു ചോദിക്കുകയും പ്രായശ്ചിത്തിലൂടെ പരിഹാരം ചെയ്യുകയും ചെയ്യും. എന്റെ സഹനങ്ങൾ എന്തുതന്നെ ആയാലും ഞാൻ ഒരിക്കലും പരാതിപ്പെടുകയോ, ഏത് അപമാനം എനിക്ക് എൽക്കേണ്ടിവന്നാലും ഈശോയുടെ തിരുഹൃദയത്തിൽ ഞാൻ അഭയം കണ്ടെത്തുകയും ചെയ്യും.”

മാനവരാശിക്ക് എത്രയോ ശക്തമായ സന്ദേശമാണ് വി. അൽഫോൻസാ നൽകിയിരിക്കുന്നത്. ഈ സ്വഭാവവിശേഷം നമ്മൾ പിന്തുടർന്നാൽ മാത്രം മതി, ലോകം എല്ലാവർക്കും സന്തോഷത്തോടെ താമസിക്കാൻ കഴിയുന്ന സ്ഥലമായിത്തീരും. വി. അൽഫോൻസായുടെ ജീവിതം ആഴത്തിൽ പഠിച്ചാൽ സഹനങ്ങൾ ദൈവദാനമായും അവൾ ലോകത്തെ പരിത്യജിച്ചിരുന്നതായും നമുക്ക് കാണാൻ കഴിയും. അവൾ ആഗ്രഹങ്ങളെ പരിത്യജിച്ചു, അവളുടെ സ്വന്തം താൽപര്യങ്ങളെ അവൾ ത്യജിച്ചു, മറ്റുള്ളവർ അവളെ ചെറുതാക്കിയപ്പോഴും കുത്തുവാക്ക് പറഞ്ഞപ്പോഴും ആ സഹനങ്ങളെല്ലാം ഒരു ചെറുപുഞ്ചിരിയോടെ അവൾ സ്വീകരിച്ചുു. ഒരിക്കലും മോശമായി പ്രതികരിക്കാതെ എല്ലായ്‌പ്പോഴും ക്രിയാത്മകമായി പ്രതികരിച്ച്, ശാന്തത നിലർത്തി അവൾ മറ്റുള്ളവരുടെ ഹൃദയം നേടി; അപ്പോഴും ഇപ്പോഴും വരാനുള്ള ഭാവിയിലും.

വിവാഹിതരായ ദമ്പതികൾ ഒരു മോതിരം ധരിക്കുന്നു. എന്നാൽ കന്യാസ്ത്രീകൾ മോതിരം ധരിക്കാറില്ല. എന്നാൽ ഈ കന്യാസ്ത്രീ ഒരു മോതിരം ധരിച്ചിരുന്നു അവൾ പറയുന്നതുപോലെ സഹനമായിരുന്നു അത്. അവൾ സഹിച്ചു; നിശബ്ദമായി അവൾ സഹിച്ചു. സഹനത്തിന്റെ ആഘോഷങ്ങളിൽ അണിയാൻ കഴിയുന്ന ഏറ്റവും നല്ല ആഭരണം നിശബ്ദതയാണെന്ന് അവൾ അറിഞ്ഞിരുന്നു.

ഞാൻ വി. അൽഫോൻസായുടെ മണ്ണിലായിരിക്കുമ്പോൾ, ഇവിടെ നടക്കുമ്പോൾ, ചുറ്റുപാടും കാണുമ്പോൾ എല്ലാ സഹനങ്ങളെയും പുഞ്ചിരിയോടെ സ്വീകരിച്ച വി. അൽഫോൻസായുടെ ഗാനം എന്റെ ചെവികളിൽ മുഴങ്ങുന്നു. ആ ഗാനം ഇപ്രകാരമാണ്: “എനിക്ക് എന്തു ദാനം ചെയ്യാൻ കഴിയും?” ദാനം ചെയ്യുന്നതിൽ ഞാൻ ക്രിസ്തുവിനെ കാണുന്നു.”

ഇവിടെ ദാനത്തെക്കുറിച്ചുള്ള ഒരു കവിത എന്റെ ഓർമ്മയിൽ വരുന്നു: “ദാനം ചെയ്യുന്നതിൽ പ്രസരിക്കുന്ന സന്ദേശം.”

ഓ എന്റെ സഹപൗരന്മാരേ, നൽകുന്നതിനാൽ നിങ്ങൾ ആത്മാവിലും ശരീരത്തിലും സന്തോഷം സ്വീകരിക്കുന്നു. നിങ്ങൾക്ക് നൽകാനായി എല്ലാമുണ്ട്. നിങ്ങൾക്ക് അറിവുണ്ടെങ്കിൽ അതു പങ്കുവയ്ക്കുക, നിങ്ങൾക്ക് വിഭവങ്ങൾ ഉണ്ടെങ്കിൽ അവ ആവശ്യക്കാരുമായി പങ്കുവയ്ക്കുക. സഹനങ്ങളുടെ വേദന മാറ്റാനും ദുഃഖഹൃദയങ്ങളെ സന്തോഷിപ്പിക്കാനും നിങ്ങളുടെ മനസും ഹൃദയവും ഉപയോഗിക്കുക. നൽകുന്നതിൽ നിങ്ങൾ സന്തോഷം സ്വീകരിക്കുന്നു. സർവ്വശക്തൻ നിങ്ങളുടെ എല്ലാ പ്രവർത്തികളെയും അനുഗ്രഹിക്കട്ടെ.”

55 വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച വി. അൽഫോൻസായുടെ നാമകരണ നടപടികൾ 2007 ജൂൺ ഒന്നാം തീയതി ബനഡിക്ട് പതിനാറാമൻ പാപ്പ അംഗികരിച്ചതിൽ നമ്മൾ സന്തോഷവാന്മാരാണ്. സി. അൽഫോൻസായുടെ മരണത്തിന് നാൽപതു വർഷങ്ങൾക്കു ശേഷം ജോൺ പോൾ രണ്ടാമൻ പാപ്പ അവളെ 1986-ൽ കോട്ടയത്ത്  വച്ചു വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2008 ഒക്ടോബർ 12-ന് അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു. നിശബ്ദസഹനത്തിലൂടെ ഉയരങ്ങിലെത്തിയവരെ ദൈവം മക്കളായി സ്നേഹിക്കുന്നു. കാരണം അവർ അവരെത്തനെ വലിയവരായി കണക്കാക്കുന്നില്ല, അഹങ്കാരം അവരെ ഭരിക്കുന്നില്ല. അവർ എളിയവരാണ്. ‘സി. അൽഫോൻസാ ഒരു കുട്ടിയെപ്പോലെ വിനീതയായി. അവളുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ദൈവഹിതമായി സ്വീകരിച്ചു. ദൈവം അവളെ അത്യയധികമായി സ്നേഹിച്ചു. “ഞാൻ നിന്നെ അനുഗ്രഹിക്കും, നീ എല്ലാവർക്കും ഒരു അനുഗ്രഹമായിത്തീരും.”

വി. അൽഫോൻസാ എല്ലാവർക്കും ഒരു അനുഗ്രഹമായി മാറിയിരിക്കുന്നു. വി. അൽഫോൻസായുടെ വിശുദ്ധിയുടെ പരിമളത്താൽ അവൾ എല്ലാവർക്കുമുള്ള ഒരു അനുഗ്രഹമാണ്. നിങ്ങൾ പണം ചെലവഴിച്ചതുകൊണ്ട് അത്ഭുതങ്ങൾ സംഭവിക്കില്ല. പണവും അധികാരവും ഉള്ളതുകൊണ്ടു മാത്രം ജനങ്ങൾക്ക് മാനസികവും ആത്മീയവുമായ ആശ്വാസം ലഭിക്കില്ല. അവൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ അവളുടെ വിശുദ്ധിയുടെ പരിമളത്തെക്കുറിച്ച് ജനങ്ങൾക്ക് അറിയാമായുന്നു. അതിനാൽ അവളടെ മരണശേഷം ഉടൻ തന്നെ അവളുടെ അനുഗ്രഹത്തിനായി വിശ്വാസികൾ ഓടിയെത്തി. ഇന്നും അത് തുടരുന്നു. ലോകാവസാനം വരെ അത് തുടരുകയും ചെയ്യും.

പരിശുദ്ധ ഖുറാനിലെ ഒരു വാചകം എന്റെ ഓർമ്മയിൽ വരുന്നു: “ഓ ദൈവമേ, നിന്നോടുള്ള സ്നേഹം എനിക്ക് നൽകണമേ. നിന്നെ സ്നേഹിക്കുന്നവരെ സ്നേഹിക്കാൻ എനിക്ക് അനുഗ്രഹം തരണമേ. നിന്റെ സ്നേഹം നേടുന്നതിനുള്ള പ്രവർത്തികൾ ചെയ്യാൻ എനിക്ക് കൃപ തരണമേ. എന്നെക്കാളും കുടുംബത്തേക്കാളും സമ്പത്തിനേക്കാളും നിന്നെ കൂടുതൽ സ്നേഹിക്കാൻ എനിക്ക് അനുഗ്രഹം തരണമേ.”

വി. അൽഫോൻസായുടെ ഗുണങ്ങൾ അനുകരിക്കാൻ നമുക്കെല്ലാവർക്കും ശപഥം ചെയ്യാം. കുലീനത്വമുള്ള മനുഷ്യവ്യക്തികളാകാൻ, കുടുംബത്തിലെ സ്വരചേർച്ചക്കു വേണ്ടി ജോലി ചെയ്യാൻ, ദേശത്തും ലോകത്തും സമാധാനവും ക്രമവും പുലരാൻ നമുക്കു പരിശ്രമിക്കാം.

‘ധർമ്മാനുസാരണം’ എന്ന സ്തുതിഗീതം നിങ്ങളോട്  പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. “ഹൃദയത്തിൽ നന്മയുണ്ടെങ്കിൽ സ്വഭാവത്തിൽ സൗന്ദര്യമുണ്ടാകും, സ്വഭാവത്തിൽ സൗന്ദര്യമുണ്ടായാൽ കുടുബത്തിൽ സ്വരചേർച്ച ഉണ്ടാകും, കുടുംബത്തിൽ സ്വരചേർച്ച ഉണ്ടായാൽ രാജ്യത്തു ക്രമമുണ്ടാകും, രാജ്യത്തും ക്രമമുണ്ടായാൽ ലോകത്തു സമാധാനമുണ്ടാകും.”

പ്രിയ കൂട്ടുകാരേ, വി. അൽഫോൻസായുടെ അത്മീയപ്രകാശം കേരളമെന്ന മഹത്തായ ദേശത്തു നിന്ന് നമ്മുടെ രാജ്യത്തിലേക്കും, നിരവധി രാജ്യങ്ങളിലേക്കും പ്രസരിക്കട്ടെ. വി. അൽഫോൻസായുടെ ഈ ഓർമ്മദിനത്തിൽ ലോകം മുഴുവനുമുള്ള ജനങ്ങൾക്കു ഐശ്വര്യവും സന്തോഷവും സമാധാനവും ലഭിക്കുന്നതിനായി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം. എല്ലാവർക്കും എന്റെ ആശംസകൾ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

സ്വതന്ത്ര പരിഭാഷ: ഫാ. ജയ്സൺ കുന്നേൽ MCBS

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.